Asianet News MalayalamAsianet News Malayalam

ഒരു ഇലക്ട്രിക്ക് സ്വിച്ചിന്റെ ചലനം മതിയായിരുന്നു, പടർന്ന് പിടിച്ച് കത്തിയമരാൻ; ശ്രദ്ധേയമായി കുറിപ്പ്

കയറിച്ചെല്ലുന്ന ഹാളിനോട് ചേർന്നാണ് കിച്ചൻ. അൽപ്പം മാറിയാണ് കുട്ടികൾ ഇരിക്കുന്ന റൂം. 'ദൈവമേ, എന്താണിത്, സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായി അന്തരീക്ഷം മുഴുവൻ നിറഞ്ഞു നിൽക്കുന്നു. ഇവരിതൊന്നും അറിഞ്ഞില്ലേ.. ഡാ, നിങ്ങളവിടെ എന്തെടുക്കാടാ, ഇത് കണ്ടില്ലേ'' എന്റെ ശബ്ദം എങ്ങിനെയായിരുന്നു എന്ന് എനിക്ക് പോലും അറിയില്ല.

facebook post by danish riyas
Author
Thiruvananthapuram, First Published Apr 28, 2019, 12:12 PM IST

അവധിക്കാലമാണ്.. വീട്ടിലെ മുതിര്‍ന്നവര്‍ക്ക് പുറത്തെവിടെയെങ്കിലും പോകണമെങ്കില്‍ ചിലപ്പോള്‍ വീട്ടില്‍ കുട്ടികള്‍ തനിച്ചായിരിക്കാം. കുട്ടികളെ തനിച്ചാക്കി പുറത്തുപോകേണ്ട സാഹചര്യം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. പക്ഷെ, അവരോട് വീട്ടിലെ കുഞ്ഞ് കുഞ്ഞ് ജോലികള്‍ ഏല്‍പ്പിച്ചിട്ടാണ് പോകുന്നതെങ്കില്‍ ഒന്നു ശ്രദ്ധിക്കണം എന്ന് പറയുകയാണ് ഡാനിഷ് റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 

സുഹൃത്തിന്‍റെ വീട്ടില്‍ ചെന്നപ്പോഴുണ്ടായ അനുഭവമാണ് ഡാനിഷ് എഴുതിയിരിക്കുന്നത്. ചെല്ലുമ്പോള്‍ സുഹൃത്തിന്‍റെ കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുക്കളയില്‍ നിന്നും ഗ്യാസിന്‍റെ രൂക്ഷമായ ഗന്ധം വരുന്നത് അറിഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത്. വീട് മൊത്തം ഗ്യാസ് നിറഞ്ഞിരുന്നു. ഒടുവില്‍ വാതിലുകളും ജനലുകളുമെല്ലാം തുറന്നിടുകയായിരുന്നുവെന്നാണ് ഡാനിഷ് എഴുതിയിരിക്കുന്നത്. 

കൃത്യസമയത്ത് ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് വലിയൊരു അപകടം ഒഴിവാക്കാനായത്.. 'കുട്ടികളോട് വീട്ടിലെ കുഞ്ഞു കുഞ്ഞു ജോലികൾ, അവർക്കനുസരിച്ചത് ചെയ്യാൻ പറയുന്നതിലോ അവരെ ശീലിപ്പിക്കുന്നതിലോ തെറ്റൊന്നുമില്ല. പക്ഷേ, ഒരിക്കലും കിച്ചൻ/സ്റ്റോർ റൂം പോലുള്ള സ്ഥലങ്ങൾ ക്ളീൻ ചെയ്യാനോ അവിടെയുള്ള വസ്തുക്കൾ എന്തെങ്കിലും മാറ്റാനോ ആയിട്ട് പറയരുത്. ആധുനിക അടുക്കളകളിൽ ഇപ്പോൾ മോഡേൺ സംവിധാനങ്ങളാണെങ്കിലും ഓരോ അടുക്കളയും ഓരോ ചെറിയ ആയുധപ്പുരകളും കൂടിയാണ്' എന്നും ഫേസ്ബുക്ക് കുറിപ്പ് വ്യക്തമാക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:
സുഹൃത്തിന്‍റെ ഫ്ലാറ്റിൽ നിന്നും ഒരു സാധനം എടുക്കേണ്ട ആവശ്യത്തിന് അദ്ദേഹത്തെ വിളിച്ചു. 'ഞാൻ അവിടെയില്ല നീ പോയി എടുത്തോ, പിള്ളേര് അവിടെ കാണു'മെന്നും പറഞ്ഞതനുസരിച്ച് ഞാൻ കാക്കനാട് സുഹൃത്തിന്റെ ഫ്ലാറ്റിലെത്തി, ലിഫ്റ്റിനകത്ത് കയറി ഫ്ലോർ നമ്പർ 5 പ്രെസ് ചെയ്തു.

അപ്പാർട്ട്മെന്‍റിന്‍റെ വാതിലിന് മുന്നിലെത്തി ബെല്ലടിച്ചു. അകത്ത് നിന്നും ഉറക്കെ മക്കളിൽ ഒരാൾ ചോദിച്ചു: 'ഡാനിഷങ്കിളാണോ?'
'അതേ...'
'തുറന്നോ കുറ്റിയിട്ടിട്ടില്ല, ഉപ്പച്ചി വിളിച്ചിരുന്നു, അങ്കിള് വരുമെന്ന് പറഞ്ഞു..' വാതിൽ തുറന്ന് അകത്ത് കയറിയ ഞാൻ ഒരുനിമിഷം അതിരൂക്ഷമായ ഗ്യാസിന്‍റെ മണമടിച്ച് അന്ധാളിപ്പോടെ വായും മൂക്കും പൊത്തിയത് ഒരുമിച്ചായിരുന്നു.

കയറിച്ചെല്ലുന്ന ഹാളിനോട് ചേർന്നാണ് കിച്ചൻ. അൽപ്പം മാറിയാണ് കുട്ടികൾ ഇരിക്കുന്ന റൂം. 'ദൈവമേ, എന്താണിത്, സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായി അന്തരീക്ഷം മുഴുവൻ നിറഞ്ഞു നിൽക്കുന്നു. ഇവരിതൊന്നും അറിഞ്ഞില്ലേ.. ഡാ, നിങ്ങളവിടെ എന്തെടുക്കാടാ, ഇത് കണ്ടില്ലേ'' എന്റെ ശബ്ദം എങ്ങിനെയായിരുന്നു എന്ന് എനിക്ക് പോലും അറിയില്ല.

'എന്താ ഡാനിഷങ്കിളേ, ഞങ്ങൾ ഗെയിം കളിക്കുവാ' സൗണ്ടിന്റെ മാറ്റം കേട്ടിട്ട് തന്നെയാവണം, ഡെസ്ക് ടോപ്പിന് മുന്നിൽ നിന്നും എഴുന്നേറ്റ രണ്ടു പേരും കൂടെ ഒരുമിച്ചാണ് ഹാളിലേക്ക് ഓടി വന്നത്. ഒന്നും നോക്കാതെ ആദ്യം അവരെയും കൂട്ടി ഇറങ്ങി ഓടാനാണ് തോന്നിയത്. പക്ഷേ, അതല്ലല്ലോ യുക്തി. രണ്ടു പേരെയും നിമിഷങ്ങളുടെ ഗൗരവം ഒരുവിധം ബോധ്യപ്പെടുത്തി. ആദ്യം, ഞാൻ കയറിയ മെയിൻ ഡോർ മുഴുവനായി തുറന്നിട്ടു. അവരെ വെളിയിലേക്ക് മാറ്റി, എന്റെ മൊബൈലും വാച്ചും അടക്കം കയ്യിലുള്ളതെല്ലാം അഴിച്ച് അവർക്ക് കൈമാറി. ഇടനാഴിയിലെ അങ്ങേ അറ്റത്തേക്ക് മാറി നിൽക്കാൻ പറഞ്ഞു.

ഇടയ്ക്കിടെ വരുന്നത് കൊണ്ട് വീട് എനിക്ക് സുപരിചിതമാണ്. ഹാളിലെ കർട്ടൻ വകഞ്ഞു മാറ്റി സകല വിൻഡോ ഡോറുകളും തുറന്നിട്ടു. അവർ ഇരുന്ന റൂമിന്റെ ഡോർ അടച്ചു. പതുക്കെ അടുക്കളയിലേക്ക് കയറി. ഓർക്കുമ്പോൾ ഇപ്പോഴും ആ ഭീകര ഗന്ധം മൂക്കിൽ നിന്നും പോയിട്ടില്ല. ആദ്യം സ്റ്റോവ് ഓഫ് ചെയ്തു. പകുതി സമാധാനം ആയി. എങ്കിലും ഭയം വിട്ടില്ല, ഇനി എങ്ങാനും സിലിണ്ടർ ലീക്കാണെങ്കിലോ. ഈ സമയമൊക്കെ എങ്ങനെ കടന്ന് പോയിയെന്ന് എനിക്കറിയില്ല. ഒരു ഇലക്ട്രിക്ക് സ്വിച്ചിന്റെ ചലനം മതി, പടർന്ന് പിടിച്ച് കത്തിയമരാൻ. രണ്ടും കൽപ്പിച്ച് മൂക്ക് പൊത്തി സിലിണ്ടറിനടുത്തേക്ക് നീങ്ങി. എങ്ങനെയൊക്കെയോ തപ്പിപ്പിടിച്ച് നോബ് താഴേക്ക് തിരിച്ചു ക്ളോസ് ചെയ്തു.

പുറത്തേയ്ക്ക് ഓടി.. അല്ല പറക്കുകയായിരുന്നു. പുറത്ത് അന്തം വിട്ട് നിന്ന മക്കളോട് പറഞ്ഞു. 'ഈ സമയത്തെങ്കിലും ഞാനിവിടെ എത്തിയതും ഇത് ഇങ്ങനെ അവസാനിച്ചതും ഭാഗ്യം മാത്രമാണ്. മേലിൽ, വീട്ടിലാളില്ലെങ്കിൽ വളരെ ശ്രദ്ധിക്കണ'മെന്ന് പറഞ്ഞു.

ഒരുപാട് നേരം പുറത്ത് തന്നെ നിന്നു, അന്തരീക്ഷം പഴയത് പോലെ ആകുന്നത് വരെ. അവരോട് കിച്ചണിൽ എങ്ങാനും കയറിയിരുന്നോ' എന്ന് ചോദിച്ചപ്പോഴാണ് പറയുന്നത്. ഉമ്മച്ചി പോകുമ്പം പറഞ്ഞു: 'സ്റ്റോവ് ഒന്ന് ക്ളീൻ ചെയ്യാൻ, ഇനി അപ്പോഴെങ്ങാനും..' വിഷമത്തോടെ തലതാഴ്ത്തി പിള്ളേര്.

കുട്ടികളോട് വീട്ടിലെ കുഞ്ഞു കുഞ്ഞു ജോലികൾ, അവർക്കനുസരിച്ചത് ചെയ്യാൻ പറയുന്നതിലോ അവരെ ശീലിപ്പിക്കുന്നതിലോ തെറ്റൊന്നുമില്ല. പക്ഷേ, ഒരിക്കലും കിച്ചൻ/സ്റ്റോർ റൂം പോലുള്ള സ്ഥലങ്ങൾ ക്ളീൻ ചെയ്യാനോ അവിടെയുള്ള വസ്തുക്കൾ എന്തെങ്കിലും മാറ്റാനോ ആയിട്ട് പറയരുത്. ആധുനിക അടുക്കളകളിൽ ഇപ്പോൾ മോഡേൺ സംവിധാനങ്ങളാണെങ്കിലും ഓരോ അടുക്കളയും ഓരോ ചെറിയ ആയുധപ്പുരകളും കൂടിയാണ്. മിക്സിയും, സ്‌റ്റോവും, സിലിണ്ടറും, ഫ്രിഡ്ജും, വാഷിങ് മെഷീനും, ഓവനും തുടങ്ങി ശ്രദ്ധിച്ചില്ലെങ്കിൽ കറിക്കരിയുന്ന കത്തി വരെ കുട്ടികൾക്ക് അപായമാണ്. സൂക്ഷിക്കുക - വീട്ടിൽ എല്ലായിടവും കുഞ്ഞുങ്ങൾ പാറി നടക്കട്ടെ, അടുക്കളയൊഴിച്ച്.

Follow Us:
Download App:
  • android
  • ios