ഇത് 'മീ ടൂ' കാലമാണ്. ജീവിതത്തിന്‍റെ സമസ്ത ഇടങ്ങളില്‍ നിന്നും അനുഭവിച്ച ചൂഷണങ്ങളെ കുറിച്ച്, ചൂഷണം ചെയ്തവനെ കുറിച്ച് പെണ്‍കുട്ടികള്‍ തുറന്നെഴുതുന്ന കാലം. ഇത് വെറുമൊരു മൂവ്മെന്‍റല്ല, മറിച്ച് സ്ത്രീകളെ അനുദിനം ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കുള്ള താക്കീത് കൂടിയാണ്. ആ കാലത്താണ് ഒരു അച്ഛന്‍ തന്‍റെ മകളനുഭവിച്ച ലൈംഗിക ചൂഷണത്തെ കുറിച്ച് തുറന്നെഴുതിയിരിക്കുന്നത്. എന്റെ സുഹൃത്തുക്കളായ നിങ്ങൾ പത്രക്കാരും, കവികളും, ആക്ടിവിസ്റ്റുകളും, ഫെമിനിസ്റ്റുകളും, ഏറ്റവും പ്രധാനമായി ഈ സമൂഹത്തിലെ ഓരോ സ്ത്രീകളും ഇത് വായിക്കുക എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. 'ഹ്യുമന്‍സ് ഓഫ് പാട്രിയാര്‍ക്കി' ഫേസ്ബുക്ക് പേജ് അനുഭവം ഷെയര്‍ ചെയ്തിട്ടുണ്ട്. 

കൂടെ പെണ്‍കുട്ടി എഴുതിയ അനുഭവവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.  'ജീവിതത്തിൽ പിന്നീടൊരിക്കലും, ഇപ്പോൾ ഈ വെളിപ്പെടുത്തലിൽ പോലും,  ഞാനോർക്കാൻ ആഗ്രഹിക്കാത്ത രീതിയിൽ എന്നെ അയാൾ  ലൈംഗികമായി ഉപദ്രവിച്ചു കഴിഞ്ഞ് ബാത്ത് റൂമിലെ വാഷ് ബേസിനു മുന്നിൽ നിന്ന് ഓക്കാനിക്കുന്ന രംഗമാണ് അടുത്ത് വരുന്നത്. രണ്ടു മാസം കഴിഞ്ഞ് അയാളെ പറഞ്ഞുവിടും വരെ ഉപദ്രവം തുടർന്നു അയാൾ.' എന്ന് അവളെഴുതുന്നു. 

'അഞ്ചു വർഷം കഴിഞ്ഞിട്ടും ആ ഓർമ്മകൾ എന്നെ ഇന്നും വേട്ടയാടുന്നു. ഈ അഞ്ചു വർഷക്കാലം കൊണ്ട് എന്നെപ്പോലെ നിരവധി പെൺകുട്ടികൾ പിന്നെയും അയാളുടെ ചെയ്തികൾക്ക് ഇരയായിട്ടുണ്ടാവും. അവരുടെ  ദുർവിധിയ്ക്ക് ഞാനും ഉത്തരവാദിയാണ് എന്നെനിക്കു തോന്നുന്നു. അതുകൊണ്ടാണ് ഇപ്പോഴെങ്കിലും ഇതൊക്കെ തുറന്നു പറയണം എന്നെനിക്ക് തോന്നിയത്' എന്നും പെണ്‍കുട്ടി എഴുതുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്: 

ഇത് എന്റെ മകളാണ്, ഷാംഭവി നാഗർ. ഇങ്ങനെ ഒരു കുറിപ്പെഴുതാൻ അവൾ കാണിച്ച ധൈര്യം അസാമാന്യമാണ്. അതിന് വേറെ  ഒരാമുഖത്തിന്റെയും ആവശ്യമില്ല. എന്റെ സുഹൃത്തുക്കളായ നിങ്ങൾ പത്രക്കാരും, കവികളും, ആക്ടിവിസ്റ്റുകളും, ഫെമിനിസ്റ്റുകളും, ഏറ്റവും പ്രധാനമായി ഈ സമൂഹത്തിലെ ഓരോ സ്ത്രീകളും ഇത് വായിക്കുക.. 

മോളേ.. ഷാംഭവീ.. എനിക്ക് നിന്നെയോർത്ത് അഭിമാനം തോന്നുന്നുണ്ട്. ഈ പോരാട്ടത്തിൽ ഓരോ നിമിഷവും നിന്റെ കൂടെത്തന്നെയുണ്ടാവും ഈ അച്ഛനും. ഞാൻ നിന്നെ അത്രകണ്ട് സ്നേഹിക്കുന്നുണ്ട്. അവൾക്ക് പിന്തുണയറിയിച്ചുകൊണ്ട് കൂടെയുള്ള ആയിരക്കണക്കായ അവളുടെ സുഹൃത്തുക്കളോടും എന്റെ നന്ദി ഞാൻ അറിയിക്കുന്നു. 

ആ കുറിപ്പിലേക്ക്:  

ഓർമ്മ വെച്ച നാൾ മുതൽ എന്നെ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്, മുതിർന്നവരെ ബഹുമാനിക്കണം എന്നാണ്. " മുതിർന്നവർ" എന്ന ഒരൊറ്റ പേരിൽ ഒറ്റയടിക്ക് ഏറെ ബഹുമാനിക്കപ്പെടുന്നയാൾ എന്ന സ്ഥാനം കിട്ടും ആർക്കും.. അർഹതയുണ്ടെങ്കിലും ഇല്ലെങ്കിലും. നമ്മുടെ രക്ഷിതാക്കൾ പലതും നമ്മളെ പറഞ്ഞു പഠിപ്പിക്കും, അപരിചിതരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങരുത്, ആൺകുട്ടികളുമായി കൂട്ടുകൂടുമ്പോൾ സൂക്ഷിക്കണം എന്നൊക്കെ. മുതിർന്നയാൾ എന്ന് ഞാൻ ബഹുമാനം നൽകിയിരുന്ന,  ട്യൂഷൻ പഠിപ്പിക്കാൻ എന്റെ രക്ഷിതാക്കൾ  എന്നെ വിശ്വസിച്ചേല്പിച്ചിരുന്ന ഒരാളാണ് എന്റെ ബാല്യം എന്നിൽ നിന്നും അപഹരിച്ചത്.

കണക്കിൽ എന്നും ഞാൻ പിന്നിലായിരുന്നു. നല്ല മാർക്ക് കിട്ടണമെങ്കിൽ ട്യൂഷൻ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥവന്നു. അങ്ങനെയാണ് അയാൾ എന്റെ വീട്ടിലെത്തുന്നത്. വെളുത്ത മുഴുക്കയ്യൻ ഷർട്ടും ഫോർമൽ പാന്റ്സും ധരിച്ച് വലിച്ചൊരു ചിരിയും പതുങ്ങിയുള്ള നടത്തവുമായി അയാൾ വന്നുകേറി ഒരു ദിവസം. അന്നത്തെ ആ പന്ത്രണ്ടുകാരിയെ അയാൾ പലവിധേന സ്വാധീനിക്കാൻ ശ്രമിച്ചു. "ഗ്രൂമിങ്ങ്" എന്നൊരു വാക്ക് നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ..? ആ വാക്കിന്റെ നിർവചനം എന്താണോ, കൃത്യമായും അതുതന്നെയാണ് അന്ന് നടന്നത്. 

അമ്പത് വയസ്സെങ്കിലും പ്രായമുണ്ടായിരുന്നിരിക്കും അയാൾക്കന്ന്.  മുതിർന്നയാൾ ആയിരുന്നു എന്നതുകൊണ്ട് തന്നെ എന്റെ രക്ഷിതാക്കൾക്ക് സ്വാഭാവികമായും അയാളെ വിശ്വാസമായിരുന്നു.  ജീവിതത്തിൽ പിന്നീടൊരിക്കലും, ഇപ്പോൾ ഈ വെളിപ്പെടുത്തലിൽ പോലും,  ഞാനോർക്കാൻ ആഗ്രഹിക്കാത്ത രീതിയിൽ എന്നെ അയാൾ  ലൈംഗികമായി ഉപദ്രവിച്ചു കഴിഞ്ഞ് ബാത്ത് റൂമിലെ വാഷ് ബേസിനു മുന്നിൽ നിന്ന് ഓക്കാനിക്കുന്ന രംഗമാണ് അടുത്ത് വരുന്നത്. രണ്ടു മാസം കഴിഞ്ഞ് അയാളെ പറഞ്ഞുവിടും വരെ ഉപദ്രവം തുടർന്നു അയാൾ.

ആ രണ്ടു മാസത്തെ എന്റെ അനുഭവകഥ വളരെ കുഴഞ്ഞു മറിഞ്ഞ ഒന്നാണ്. അതിൽ ചോരയിൽ മുക്കി എഴുതിയ കത്തുകളുണ്ട്. ബൈബിളിൻമേൽ തൊട്ട് ചെയ്യിപ്പിച്ച സത്യങ്ങളുണ്ട്. സത്യങ്ങൾ ആരോടെങ്കിലും വെളിപ്പെടുത്തിയാൽ ആത്മാഹുതി ചെയ്തു കളയുമെന്ന ഭീഷണികളുണ്ട്. ആ ദ്രോഹിയുടെ പേര് സുനിൽ ദുവ എന്നാണ്. എന്റെ ഉള്ളിലുണ്ടായിരുന്ന കുട്ടിത്തത്തെ, അയാളുടെ  വൃത്തികെട്ട ഓരോ തൊടലും, എന്റെ ദേഹത്തേക്കുള്ള ഓരോ ചൂഴ്ന്നുനോട്ടവും  എന്നിൽ നിന്നും അപഹരിച്ചു.  എനിക്കിപ്പോൾ എന്റെ പ്രായത്തിലുള്ള ഒരു ആൺകുട്ടിയെ ചുംബിക്കുന്നതിനെപ്പറ്റി ഓർക്കാൻ പോലുമാവുന്നില്ല. എന്നിൽ അനുരക്തനാവുന്ന ഓരോ യുവാവിലും ഞാൻ കാണുന്നത് അയാളുടെ നശിച്ച മുഖമാണ്. ഇത് ഒരു കവിതയെഴുതാനും മാത്രം സുന്ദരമായ ഒരു ഓർമയല്ല. 

അഞ്ചു വർഷം കഴിഞ്ഞിട്ടും ആ ഓർമ്മകൾ എന്നെ ഇന്നും വേട്ടയാടുന്നു. ഈ അഞ്ചു വർഷക്കാലം കൊണ്ട് എന്നെപ്പോലെ നിരവധി പെൺകുട്ടികൾ പിന്നെയും അയാളുടെ ചെയ്തികൾക്ക് ഇരയായിട്ടുണ്ടാവും. അവരുടെ  ദുർവിധിയ്ക്ക് ഞാനും ഉത്തരവാദിയാണ് എന്നെനിക്കു തോന്നുന്നു. അതുകൊണ്ടാണ് ഇപ്പോഴെങ്കിലും ഇതൊക്കെ തുറന്നു പറയണം എന്നെനിക്ക് തോന്നിയത്. 

ഇതൊക്കെ, ഞാൻ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി നടത്തുന്ന പബ്ലിസിറ്റി സ്റ്റണ്ടാണ് എന്ന് തോന്നുന്നവർക്ക്, എന്നെ ആ നിമിഷം തന്നെ അൺഫോളോ ചെയ്യുകയോ, ബ്ലോക്ക് ചെയ്യുകയോ ചെയ്യാവുന്നതാണ്.  അയാൾ ഇന്നും അശോക് നഗറിലും ജോർജ് ടൗണിലും ട്യൂഷൻ ക്‌ളാസുകൾ എടുക്കുന്നുണ്ട്. മറ്റു പല ലൈംഗിക കുറ്റവാളികളെയും പോലെ അയാളും വളരെ സ്വാഭാവികമായ ഒരു ജീവിതം നയിച്ചുകൊണ്ട് ഈ സമൂഹത്തിലുണ്ട്. ഒന്നും വെളിപ്പെടുത്താതെ ഞാൻ നിശബ്ദമായി കഴിച്ചുകൂട്ടിയ ഈ അഞ്ചുവർഷവും, എനിക്ക് വിശ്വാസമില്ലാത്ത എല്ലാ ദൈവങ്ങളെയും വിളിച്ചു ഞാൻ കരഞ്ഞിട്ടുണ്ട്, അയാളെ ഒന്ന് ശിക്ഷിക്കുവാൻ. ഇനിയും മിണ്ടാതിരിക്കാൻ എനിക്കാവില്ല. ഈ ചങ്ങലകൾ ഒന്നഴിച്ചു തരൂ സ്നേഹിതരെ.. ഇത്രയും കാലം ഞാനടക്കിവെച്ച, ഓരോ നിമിഷവും എന്റെ ഉള്ളിൽ കിടന്നു തിളയ്ക്കുന്ന ജ്വാലാമുഖി ഞാൻ നിങ്ങളെക്കാണിക്കാം..!