ഫെബ്രുവരി 21 -നാണ് കൊച്ചിയിലെ ചെരിപ്പ് ഗോഡൗണില്‍ വന്‍തീപിടിത്തമുണ്ടായത്. അഞ്ച് മണിക്കൂറുകൊണ്ടാണ് തീയണച്ചത്. പകല്‍ പതിനൊന്നരയോടെയാണ് തീ പിടിച്ചത്. അണയ്ക്കാന്‍ കഴിഞ്ഞത് വൈകുന്നേരം നാലരയോടെയും. നിരവധി അഗ്നിശമനാസേനാംഗങ്ങളാണ് തീയണക്കാനായി സ്ഥലത്തെത്തിയത്. അതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ ചീഫ് ഫോട്ടോഗ്രാഫര്‍ ശ്രീജിത്ത് ആര്‍.കെ. 'വാഴ്ത്തപ്പെടാതെ പോകുന്ന ധീരന്മാർ' എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

ശ്രീജിത്ത് പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളില്‍ മാലിന്യങ്ങളുടെ ഇടയിലിരുന്ന് ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന അഗ്നിശമനസേനാംഗങ്ങളെ കാണാം. 

ഫേസ്ബുക്ക് പോസ്റ്റ്: വാഴ്ത്തപ്പെടാതെ പോകുന്ന ധീരന്മാർ; കഴിഞ്ഞ ഒരാഴ്ചയായി, കൊച്ചിയിലെ അഗ്നിശമന സേനാംഗങ്ങളൊക്കെയും അവരുടെ 'സൂപ്പർ ഹീറോ' അവതാരത്തിലായിരുന്നു. കൊച്ചി എന്ന നഗരത്തെ തീപടർന്നുപിടിച്ച് ഒരൊറ്റ അഗ്നിഗോളമായി മാറി പൊട്ടിത്തെറിക്കാതെ കാത്തത് അവരായിരുന്നു. കുട്ടിക്കാലം മുതൽക്കേ നമ്മളൊക്കെ കേട്ടുവളരുന്ന ഫയർ ഫൈറ്റർമാരുടെ ഒരു അമാനുഷിക ഒരു പരിവേഷമില്ലേ, ' കയ്യിൽ കിട്ടിയതെന്തും വെച്ച് ആളിപ്പടരുന്ന തീനാളങ്ങളുമായി മല്ലിട്ട് നമ്മളെയൊക്കെ സുരക്ഷിതരാക്കുന്ന രക്ഷകരൂപം', അക്ഷരാർത്ഥത്തിൽ അതുതന്നെയായിരുന്നു അവർ കഴിഞ്ഞ ഒരാഴ്ചക്കാലമായി കൊച്ചിയിൽ. 

സാഹസികത നിറഞ്ഞ  ജോലിയുടെ തിളക്കത്തിനൊക്കെ പിന്നിൽ, ഒട്ടും ഗ്ലാമറില്ലാത്ത പല യാഥാർഥ്യങ്ങളുമുണ്ട് അഗ്നിശമന സേനാംഗങ്ങളുടെ ദൈനം ദിന ജീവിതത്തിൽ. അതിൽ ജോലിക്കിടെ പറ്റുന്ന പരിക്കുകളുണ്ട്, പിടിപെടുന്ന മാറാ വ്യാധികളുണ്ട്, മല പോലെ കൂടിക്കിടക്കുന്ന മാലിന്യങ്ങൾക്കിടയിൽ മൂക്കുപൊത്തിയിരുന്ന് അകത്താക്കേണ്ടിവന്ന അത്താഴങ്ങളുണ്ട്.. വെയിലെന്നോ മഴയെന്നോ നോക്കാതെ നേരം വൈകും വരെയുള്ള കഠിനാദ്ധ്വാനമൊക്കെക്കഴിയുമ്പോളും, പേരിനൊരു നന്ദി പോലും   പറയാൻ ആരുമുണ്ടാവില്ല ആവശ്യത്തിന് ജീവനക്കാർ പോലുമില്ലാതെ ഉഴലുകയാണ് നമ്മുടെ അഗ്നിശമന സേന. കത്തിപ്പടരുന്ന ഓരോ തീയും ഒന്നിനു  പിറകെ ഒന്നായി അണച്ചുകൊണ്ട് അവർ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. തീയും അണഞ്ഞ് ബാക്കിവരുന്ന പുകയും കെട്ടുകഴിഞ്ഞു മാത്രം ഒന്ന് വിശ്രമിക്കാൻ ഭാഗ്യം കിട്ടുന്നവരാണവർ.


 

ചിത്രത്തിന് കടപ്പാട്: ശ്രീജിത്ത് ആര്‍.കെ ഫേസ്ബുക്ക് പോസ്റ്റ്