ഇന്ത്യക്കാരിയാണെന്നറിഞ്ഞപ്പോൾ വലിയ സന്തോഷമായി. മനുഷ്യരെ തമ്മിൽ ശത്രുക്കളാക്കുന്ന രാജ്യങ്ങൾ തമ്മിലുള്ള കുടിപ്പകയെപ്പറ്റിയായി പിന്നെ സംസാരം. പിറ്റേന്ന് തിരിച്ച് പോരുകയാണെന്ന് പറയുകയും കൈയിലെ ഭാരം കാണുകയും ചെയ്തപ്പോൾ ഇതൊക്കെ എടുത്ത് ബസിന് പോവേണ്ട. കാറുണ്ട് കൊണ്ടുവിടാം എന്നായി. 

'എനിക്ക് പാക്കിസ്ഥാനെന്നാൽ ഇന്ത്യയിൽ നിന്ന് പതിനായിരക്കണക്കിന് കിലോമീറ്ററകലെ പീറ്റർബറോയിൽ കണ്ടുമുട്ടിയ ആ മനുഷ്യർ കൂടിയാണ്, അത് കൊണ്ട് പാകിസ്ഥാൻ മാത്രമല്ല ഒരു രാജ്യവും എന്റെ ശത്രു രാജ്യമല്ല' എന്ന് ഫേസ്ബുക്കിലെഴുതിയിരിക്കുന്നത് സംഗീത ചേനംപുല്ലിയാണ്. കുറച്ച് ദിവസങ്ങളിലായി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു യുദ്ധം വേണ്ടാ എന്നും, യുദ്ധത്തിലൂടെ വേണം പ്രശ്നങ്ങള്‍ പരിഹരിക്കാനെന്നുമുള്ള വാഗ്വാദങ്ങള്‍ നടക്കുകയാണ്. അതിനോടനുബന്ധിച്ചാണ് സംഗീതയുടെ കുറിപ്പും.

കാനഡയില്‍ വെച്ച് കണ്ടുമുട്ടിയ പാകിസ്ഥാന്‍ സ്വദേശിയെ കുറിച്ചാണ് സംഗീത എഴുതിയിരിക്കുന്നത്. 'ഇന്ത്യക്കാരും പാക്കിസ്ഥാൻകാരും ശത്രുക്കളല്ല, പണ്ട് പിരിഞ്ഞ് പോയ സഹോദരങ്ങളാണ്. കാശ്മീർ പ്രശ്നം തീരാതിരിക്കേണ്ടത് രാഷ്ട്രീയക്കാരുടെ മാത്രം ആവശ്യമാണ്. ഞങ്ങളെ ഒരിക്കലും മറക്കരുത്' എന്ന് അദ്ദേഹം പറഞ്ഞതിനെ കുറിച്ചും സംഗീത എഴുതിയിരിക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്: #വിശ്വമാനവികത 
കാനഡയിലെ അവസാന ദിവസത്തിന് തലേന്നായിരുന്നു അത്. നാട്ടിലേക്ക് കൊണ്ടുവരാൻ ചോക്ലേറ്റും, ഉടുപ്പുകളും, അപ്പൂന് നുള്ളു നുറുങ്ങ് സാധനങ്ങളും വാങ്ങാൻ വാൾമാർട്ടിലേക്ക് പോയതായിരുന്നു. ആഗസ്റ്റ് 31, വേനൽ പതുക്കെ മങ്ങി മങ്ങി തണുപ്പ് തുടങ്ങുന്നേയുള്ളൂ. താമസിച്ചിരുന്ന വീട്ടിന്റെ പിൻവശത്ത് കൂടെ മുകളിലേക്ക് കുന്നുകയറുന്ന റോഡിലൂടെ പോയാൽ വാൾമാർട്ടിന് മുന്നിലേക്ക് പോകുന്ന മെയിൻ റോഡിലെത്താം. ഒന്നുകിൽ ആ എളുപ്പവഴി വഴി കയറി റോഡ് മുറിച്ചുകടന്ന് ബസ് കയറാം, അല്ലെങ്കിൽ രണ്ട് രണ്ടര കിലോമീറ്റർ നടന്നാൽ വാൾമാർട്ടെത്തും. 

എളുപ്പത്തിൽ നടന്നെത്താവുന്ന വഴിയെ ബസ് റൂട്ട് വിദൂരമാക്കും എന്നത് കൊണ്ടും, വസന്തത്തിലെ പൂക്കളും കായ്കൾ പഴുക്കാൻ തുടങ്ങുന്ന ആപ്പിൾ മരങ്ങളുമൊക്കെ കണ്ട് നടക്കാനിഷ്ടമായത് കൊണ്ടും അങ്ങോട്ട് നടന്നു പോയി. തിരിച്ച് വരുമ്പോൾ ഭാരമുണ്ടാവും എന്നത് കൊണ്ട് വാൾമാർട്ടിൽ നിന്ന് ബസ് കയറി പീറ്റർബറോ ബസ് സ്റ്റേഷനിൽ പോയി മറ്റൊരു ബസിൽ വീടിനടുത്ത് വന്നിറങ്ങാമല്ലോ എന്നും കരുതി. സാധനങ്ങൾ തിരഞ്ഞു കൊണ്ടിരിക്കുമ്പോൾ ഇന്ത്യൻ മുഖഛായയുള്ള ഒരു മധ്യവയസ്കനേയും ഭാര്യയേയും കണ്ടു. അവിടത്തെ പതിവിന് വിരുദ്ധമായി അവർ പർദ്ധ ധരിച്ചിരുന്നു. ഇന്ത്യൻ മുഖം കണ്ട് അദ്ദേഹം വന്ന് സംസാരിക്കാൻ തുടങ്ങി. പാകിസ്ഥാൻകാരാണ്. കുറച്ചു കാലമായിട്ടേയുള്ളു കാനഡയിൽ വന്നിട്ട്. പീറ്റർബറോയിൽ ആരെയോ കാണാൻ വന്നതാണ്. 

ഇന്ത്യക്കാരിയാണെന്നറിഞ്ഞപ്പോൾ വലിയ സന്തോഷമായി. മനുഷ്യരെ തമ്മിൽ ശത്രുക്കളാക്കുന്ന രാജ്യങ്ങൾ തമ്മിലുള്ള കുടിപ്പകയെപ്പറ്റിയായി പിന്നെ സംസാരം. പിറ്റേന്ന് തിരിച്ച് പോരുകയാണെന്ന് പറയുകയും കൈയിലെ ഭാരം കാണുകയും ചെയ്തപ്പോൾ ഇതൊക്കെ എടുത്ത് ബസിന് പോവേണ്ട. കാറുണ്ട് കൊണ്ടുവിടാം എന്നായി. മറ്റൊരു നാട്, അപരിചിതർ, ആദ്യം ഒന്ന് മടിച്ചെങ്കിലും അച്ഛനേക്കാൾ പ്രായമുള്ള അദ്ദേഹത്തിന്റെ കണ്ണിലെ കരുണ ആത്മവിശ്വാസം തന്നു. വീട്ടിനടുത്ത് ഇറക്കി രണ്ട് കൈയും കൂട്ടിപ്പിടിച്ച് പറഞ്ഞു, ഇന്ത്യക്കാരും പാക്കിസ്ഥാൻകാരും ശത്രുക്കളല്ല, പണ്ട് പിരിഞ്ഞ് പോയ സഹോദരങ്ങളാണ്. കാശ്മീർ പ്രശ്നം തീരാതിരിക്കേണ്ടത് രാഷ്ട്രീയക്കാരുടെ മാത്രം ആവശ്യമാണ്. ഞങ്ങളെ ഒരിക്കലും മറക്കരുത്. 

അൽപ്പം ഇമോഷണലായി വീട്ടിലെത്തി കഥകൾ പറഞ്ഞപ്പോൾ ആതിര ചോദിച്ചു, 'എന്ത് ധൈര്യത്തിലാ ചേച്ചി അവർക്കൊപ്പം പോന്നത്'. 'മനുഷ്യർ തമ്മിൽ അകാരണമായി ഉടലെടുക്കുന്ന ചില വിശ്വാസങ്ങളാൽ' എന്നവളോട് പറഞ്ഞില്ല. എനിക്ക് പാക്കിസ്ഥാനെന്നാൽ ഇന്ത്യയിൽ നിന്ന് പതിനായിരക്കണക്കിന് കിലോമീറ്ററകലെ പീറ്റർബറോയിൽ കണ്ടുമുട്ടിയ ആ മനുഷ്യർ കൂടിയാണ്, അത് കൊണ്ട് പാകിസ്ഥാൻ മാത്രമല്ല ഒരു രാജ്യവും എന്റെ ശത്രു രാജ്യമല്ല
.