നമ്മള്‍ മരിച്ചു കിടക്കുമ്പോള്‍ ചിലരെല്ലാം കരയും, ചിലര്‍ അതുവരെ പ്രകടിപ്പിച്ചില്ലാത്ത സ്നേഹം പ്രകടിപ്പിക്കും, അതുവരെ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ പറയും... എന്നാല്‍, മരിച്ച മനുഷ്യന്‍ മാത്രം ഇതൊന്നും കാണുകയോ അറിയുകയോ ഇല്ല... ജീവിച്ചിരിക്കുമ്പോള്‍ നാമെല്ലാം ഒരിക്കലെങ്കിലും ചിന്തിച്ചു കാണും നമ്മള്‍ മരിച്ചു കിടക്കുമ്പോള്‍ ചുറ്റുമുള്ളവരെങ്ങനെയാണ് പെരുമാറുന്നുണ്ടാവുക എന്ന്... പക്ഷെ, അത് ചിന്തിക്കാന്‍ മാത്രമേ കഴിയൂ. എന്നാല്‍, സ്വന്തം ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനും ചുറ്റും നടക്കുന്നതൊക്കെ അറിയാനും അവസരമുണ്ടായാലോ?

ജീവിച്ചിരിക്കെ തന്നെ സ്വന്തം ശവസംസ്കാര ചടങ്ങുകള്‍ സംഘടിപ്പിക്കുന്ന സംസ്കാരം ലോകത്ത് പലയിടങ്ങളിലുമുണ്ടായി വരുന്നുണ്ട്. വ്യാജമായി ഒരു ശവസംസ്കാര ചടങ്ങ് സംഘടിപ്പിക്കുക. അത് പ്രിയപ്പെട്ടവരോട് യാത്ര പറയാന്‍, അവരുടെ സ്നേഹം കൂടുതല്‍ പ്രകടമായി അറിയാന്‍ ഒക്കെ ഒരു സാധ്യത നല്‍കും. കേള്‍ക്കുമ്പോള്‍ കൗതുകമെന്ന് തോന്നുമെങ്കിലും മരിക്കും മുമ്പ് സ്വന്തം ശവസംസ്കാര ചടങ്ങ് സംഘടിപ്പിക്കുന്ന പതിവുകള്‍ ബ്രിട്ടനിലൊക്കെ സജീവമാവുകയാണ്.

സൗത്ത് കൊറിയയിലും ജപ്പാനിലുമെല്ലാം നേരത്തെ തന്നെ ഇവ നടന്നുവരുന്നുണ്ട്. ജീവിച്ചിരിക്കെ തന്നെ മരണത്തെ കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നത് മാനസികാരോഗ്യത്തിന് നല്ലതാണെന്നാണ് 2009 -ലെ ഒരു പഠനം പറയുന്നത്. ഒരാഴ്ച അടുപ്പിച്ച് എല്ലാ ദിവസവും അഞ്ച് മിനിറ്റ് മരണത്തെ കുറിച്ച് ചിന്തിക്കുന്നത് പൊസിറ്റീവായ മാറ്റങ്ങളുണ്ടാക്കുമെന്നും വിഷാദത്തെ ശമിപ്പിക്കുമെന്നു കൂടി ആ പഠനത്തില്‍ പറയുന്നുണ്ട്. 

ഈ പുതിയ വ്യാജ ശവസംസ്കാര ചടങ്ങ് സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി പഴയ മട്ടില്‍ തുടര്‍ന്നുവരുന്ന ശവസംസ്കാര ചടങ്ങുകള്‍ക്ക് പകരം പുതിയ രീതികളും പലരും പരീക്ഷിക്കുന്നുണ്ട്. ചില ഫ്യൂണറല്‍ പാര്‍ലറുകള്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ശവപ്പെട്ടി ഇതിന്‍റെ ഭാഗമായി നല്‍കുന്നു. പഴയകാലം മുതലേ മരണവുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും ആചാരങ്ങളും നിലനില്‍ക്കുന്നുണ്ട്. വിധവകളുടെ വസ്ത്രം വെള്ള/കറുപ്പ് ആകുന്നതും മറ്റും ഇതിന്‍റെ ഭാഗമാണ്. അതുപോലെ ആഭരണങ്ങളേയും ജീവിതരീതിയേയുമെല്ലാം ചുറ്റിപ്പറ്റി പലവിധ വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, അതും ഇന്ന് മാറിവരുന്നുണ്ട്.

യോര്‍ക്കിലെ സെന്‍റ് ലിയോനാര്‍ഡ്സ് ഹോസ്പൈസിലെ സ്പിരിച്ച്വല്‍ കെയര്‍ ലീഡായ ഡേവിഡ് വില്ല്യംസണ്‍ പറയുന്നത്, മരിക്കാറായ രോഗികള്‍ക്കായി ജീവിച്ചിരിക്കെ തന്നെ ശവസംസ്കാര ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്നാണ്. അതിനുള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്. 'കഴിഞ്ഞ 30 വര്‍ഷങ്ങളിലായി ഞാന്‍ ശവസംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. മരിച്ച മനുഷ്യരോട് അയാളുടെ സുഹൃത്തുക്കളും ബന്ധുക്കളും പ്രകടിപ്പിക്കുന്ന സ്നേഹവും ആദരവും കാണുമ്പോള്‍ ഞാന്‍ അന്തം വിടാറുണ്ട്. ഞാനവരോട് ചോദിക്കും ഇതൊക്കെ ജീവിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ അവരോട് പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്യാറുണ്ടോ എന്ന്. ഇല്ലാ എന്നായിരിക്കും മിക്കപ്പോഴും മറുപടി. അപ്പോള്‍ ഞാന്‍ അദ്ഭുതപ്പെടും ഇതൊക്കെ പ്രകടിപ്പിക്കാന്‍ മാത്രം ഒരു വഴി അവര്‍ ജീവിച്ചിരിക്കുമ്പോള്‍ ഇല്ലേ...' എന്ന്. 

28 വയസ്സുള്ള ജോര്‍ജ്ജിയ മാര്‍ട്ടിന്‍ സന്നദ്ധപ്രവര്‍ത്തനമെന്ന നിലയില്‍ ജീവിച്ചിരിക്കുന്നവരുടെ ശവസംസ്കാരചടങ്ങുകള്‍ സംഘടിപ്പിച്ചു നല്‍കുന്ന ആളാണ്. സ്വന്തം മുത്തച്ഛന്‍റെ ശവസംസ്കാരചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് ഇങ്ങനെ ഒരു കാര്യം ചെയ്യുന്നതെന്ന് ജോര്‍ജ്ജിയ പറയുന്നു. അദ്ദേഹം സ്നേഹിക്കുന്നവരെല്ലാം അദ്ദേഹത്തെ കാണാനെത്തി. ജീവിച്ചിരിക്കുമ്പോള്‍ അവരെയെല്ലാം കാണാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്തുകൊണ്ട് അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ഇങ്ങനെയൊരു കൂടിച്ചേരലുണ്ടായില്ല എന്ന് ചിന്തിച്ചുവെന്നും ജോര്‍ജ്ജിയ പറയുന്നു. 

ഒരു വര്‍ഷത്തിനുള്ളില്‍ ജീവിച്ചിരിക്കുന്ന ആറ് പേരുടെ ശവസംസ്കാര ചടങ്ങുകളാണ് ജോര്‍ജ്ജിയയും സംഘവും സംഘടിപ്പിച്ചത്. ഓരോന്നും വ്യത്യസ്തമായിരുന്നു. ജീവനോടെയിരിക്കുമ്പോള്‍ ഇങ്ങനെ ശവസംസ്കാര ചടങ്ങ് സംഘടിപ്പിക്കുന്നത് മരണമെന്ന സത്യത്തെ അംഗീകരിക്കാന്‍ വീട്ടുകാരെ പ്രാപ്തരാക്കും എന്നും ജോര്‍ജ്ജിയ പറയുന്നു. നിങ്ങള്‍ മരിച്ചു കഴിയുമ്പോള്‍ പ്രിയപ്പെട്ടവരും അല്ലാത്തവരുമൊക്കെയായി കുറേപ്പേര്‍ വരും. അവര്‍ സ്നേഹം പ്രകടിപ്പിക്കും വേദന പ്രകടിപ്പിക്കും. പക്ഷെ, ഇതുവല്ലതും നിങ്ങള്‍ക്ക് കാണാനാകുമോ? ഇതെല്ലാം കാണാനും അറിയാനും തിരികെ നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പറയാനും കിട്ടുന്ന അവസരം കൂടിയാണ് ജീവിച്ചിരിക്കെയുള്ള ഈ ചടങ്ങ് എന്നുകൂടി ജോര്‍ജ്ജിയ പറയുന്നു. 

2016 -ലാണ് ടോം ഹോണിവെല്‍ തന്‍റെ മുത്തച്ഛന്‍ ജീവിച്ചിരിക്കെ തന്നെ അദ്ദേഹത്തിന്‍റെ ശവസംസ്കാര ചടങ്ങ് നടത്തിയത്. ഒരുമാസം കൂടിയെ ഞാനിനി ജീവിച്ചിരിക്കൂവെന്ന് തോന്നുന്നു. സുഹൃത്തുക്കളെയൊക്കെ കാണാന്‍ തോന്നുന്നു എന്നു പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എണ്‍പതോളം ആളുകളാണ് അന്ന് അവിടെ എത്തിച്ചേര്‍ന്നത്. 'വളരെ കരുത്തുള്ള ഒരാള്‍ക്കേ ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിക്കാനാകൂ. കാരണം, എന്താണ് ആഘോഷിക്കുന്നത് എന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. നിങ്ങള്‍ മരിച്ചുപോകുമെന്ന ബോധ്യവുമുണ്ട്' -ടോം പറയുന്നു. 

മരിക്കാറായ ഒരാളെ സംബന്ധിച്ച് സുഹൃത്തുക്കളേയും ബന്ധുക്കളേയും അവസാനമായി കാണാനുള്ള അവസരം കൂടിയായേക്കാം ഇത്. 'അത് വളരെ വൈകാരികത നിറഞ്ഞ ഒരു ദിവസമായിരുന്നു. അത് സാങ്കല്‍പികമാണ്. ജീവിച്ചിരിക്കെ മരണം ആഘോഷിക്കുകയാണ്. മരണത്തെ കുറിച്ച് കൂടുതല്‍ ഓര്‍മ വരും. പക്ഷെ, മുത്തച്ഛന്‍റെ ആഗ്രഹമായിരുന്നു അത്. അദ്ദേഹം അത് ആസ്വദിക്കുക കൂടി ചെയ്തു. അതൊരു മനോഹരമായ ഓര്‍മ്മയാണ്...' -എന്നും ടോം പറയുന്നു.  

ഡെത്ത് ഓവര്‍ ഡിന്നര്‍ (Death Over Dinner)എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍റെ സ്ഥാപകനാണ് മൈക്കല്‍ ഹെബ്ബ്. ഡിന്നറിനൊപ്പം മരണം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നതൊക്കെയാണ് ഇവര്‍ ചെയ്യുന്നത്. ഏതായാലും ഹെബ്ബിന്‍റെ നാല്‍പതാമത്തെ പിറന്നാളിന് അദ്ദേഹത്തിന് തന്‍റെ കൂട്ടുകാരെയെല്ലാം കാണണമെന്ന് തോന്നി. അങ്ങനെ അമ്പത് സുഹൃത്തുക്കള്‍ക്ക് മെയിലയക്കുകയും ചെയ്തു. അതില്‍ നാല്‍പതുപേര്‍ എവിടെയെത്തുമെന്ന് ഉറപ്പും നല്‍കി. അതില്‍ കുറച്ചുപേര്‍ ചേര്‍ന്ന് അതൊരു ശവസംസ്കാര ചടങ്ങ് ആക്കാനും പ്ലാന്‍ ചെയ്തു. 'മിസ്റ്റര്‍ ഡെത്ത്' എന്ന് ഹെബ്ബിന് പേരും നല്‍കി. 

തമാശയ്ക്ക് തുടങ്ങിയതാണെങ്കിലും സംഗതി കുറച്ച് കഴിഞ്ഞപ്പോള്‍ സീരിയസ്സായി. ഹെബ്ബ് വെള്ളവസ്ത്രം ധരിച്ചു. ശവപ്പെട്ടിയില്‍ മൂന്നുമണിക്കൂര്‍ കിടന്നു. ഒരു മെഴുകുതിരിയുടെ വെട്ടം മാത്രമുള്ള മുറിയില്‍ അദ്ദേഹം തനിച്ചാക്കപ്പെട്ടു. ഇത് വ്യാജ ശവസംസ്കാര ചടങ്ങാണെന്ന് പൂര്‍ണ ബോധ്യമുണ്ടായിട്ടും അദ്ദേഹത്തിന്‍റെ ഒരു സുഹൃത്ത് കരയുക കൂടി ചെയ്തു. ഹെബ്ബിന്‍റെ 15 വയസ്സുള്ള മകളാണ് ആ ചടങ്ങ് അവസാനിപ്പിച്ചത്. 'ഞാന്‍ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നിങ്ങളൊരിക്കലും മനസിലാക്കില്ലേ എന്നെനിക്ക് ഭയമുണ്ട്' എന്ന് പറഞ്ഞുകൊണ്ട് അവള്‍ തന്‍റെ കയ്യെടുത്ത് ഹെബ്ബിന്‍റെ ശരീരത്തില്‍ വെച്ചു... ഈ വികാരപരമായ രംഗം കണ്ട് കൂടിയിരുന്നവരെല്ലാം കരഞ്ഞുപോയി. 

'പലപ്പോഴും മനുഷ്യരുമായി ബന്ധപ്പെടാന്‍ ബുദ്ധിമുട്ടിയിരുന്ന ആളാണ് ഞാന്‍. പലപ്പോഴും ഏകാന്തതയായിരുന്നു കൂട്ടിന്. പക്ഷെ, ജീവനോടെ ശവപ്പെട്ടിയില്‍ കിടന്ന ആ സമയം ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറി'യെന്ന് ഹെബ്ബ് പറയുന്നു. ഇതൊരു രണ്ടാം അവസരമാണ് തന്‍റെ ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍, പുതിയൊരു ജീവിതം തുടങ്ങാന്‍ എന്നാണ് അദ്ദേഹത്തിന് തോന്നിയത്. കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ സംഭവിച്ച ചില തെറ്റുകളെല്ലാം തിരുത്താനും. 

പക്ഷെ, ഇത്തരം വ്യാജശവസംസ്കാര ചടങ്ങുകള്‍ക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. പക്ഷെ, അപ്പോഴും ഇതിനെ വളരെ പൊസിറ്റീവായി കാണുന്നവരുമുണ്ട്. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ പാലിയേറ്റീവ് കെയറില്‍ ക്ലാസുകളെടുക്കുന്ന ലോറ ഗ്രീന്‍ പറയുന്നത് തനിക്ക് ഇങ്ങനെയൊരു വ്യാജ ശവസംസ്കാരചടങ്ങുണ്ടായാല്‍ താനതിനെ 'സെൻഡ് ഓഫ് പാര്‍ട്ടി' എന്നാകും വിളിക്കുക എന്നാണ്. ഇത് ആളുകള്‍ മരണമടക്കമുള്ള കാര്യങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ കാരണമായിത്തീരുമെന്നും ലോറ പറയുന്നു. എന്നാല്‍, ജോര്‍ജ്ജിയ പറയുന്നത് ചിലര്‍ക്കെല്ലാം ഇത്തരം ചടങ്ങുകള്‍ വേദനയാണെന്ന് തന്നെയാണ്. 

'നിങ്ങള്‍ പാര്‍ട്ടി ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ മരിക്കുമ്പോഴും പാര്‍ട്ടിയാകാം.  ഓരോരുത്തരും മരിക്കേണ്ടത് അവര്‍ ഇഷ്ടപ്പെട്ട് ജീവിക്കുന്ന ജീവിതം പോലെ തന്നെയാണ്' എന്നാണ് ലോറയുടെ അഭിപ്രായം. ഏതായാലും പുതിയ പുതിയ സംസ്കാരം ഉടലെടുക്കുന്നത് ഇങ്ങനെയാണ്. അവരവുടെ മരണസമയത്ത് ചുറ്റും സംഭവിക്കുന്നതെന്തെന്ന് കാണാനുള്ള അവസരമുണ്ടാകുന്നതും ചിലര്‍ക്കെങ്കിലും ഇഷ്ടമായിരിക്കാം.