Asianet News Malayalam

പ്രണയ നാടകം, വാടക വിവാഹം, അഭിനയിക്കാന്‍ സ്ത്രീകള്‍, കോടികളുടെ വിവാഹത്തട്ടിപ്പ്!

കേരളത്തില്‍, സ്ത്രീകളാണ് ഇരകളെങ്കില്‍, ഡേറ്റിംഗ് ഒരു വ്യവസായമാക്കി മാറ്റിയ ഉക്രൈനില്‍ ആണുങ്ങളാണ് ഇരകള്‍. അതും, വിദേശികളായ, കാശുകാരായ ആണുങ്ങള്‍. അത്തരമൊരു പുരുഷന്റെ കഥയാണ് ഇത്.

fake wedding drama in Ukraine
Author
Thiruvananthapuram, First Published Jun 22, 2021, 6:19 PM IST
  • Facebook
  • Twitter
  • Whatsapp

വിവാഹത്തിന്റെ പേരിലുള്ള കൊടുംക്രൂരതകളുടെ കഥയാണ് കേരളമിന്ന് ചര്‍ച്ച ചെയ്യുന്നത്. കൊല്ലത്തെ ശാസ്താംകോട്ടയ്ക്കടുത്ത്, ഭര്‍ത്താവിന്റെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ വിസ്മയയുടെ മരണമാണ് 'വിവാഹക്കച്ചവടങ്ങളുടെ' തനിനിറം പുറത്തുകൊണ്ടുവരാന്‍ കാരണമായത്. 

ഇതേ സമയത്ത്, ബ്രിട്ടനില്‍ മറ്റൊരു വിവാഹക്കച്ചവടമാണ് ചര്‍ച്ചയാവുന്നത്.  മുന്‍ സോവിയറ്റ് യൂനിയനില്‍ പെട്ട ഉക്രൈന്‍ കേന്ദ്രമായി നടക്കുന്ന വമ്പന്‍ വിവാഹ തട്ടിപ്പ്. സിനിമയെ വെല്ലുന്ന വിധത്തിലാണ്, വ്യാജ വിവാഹങ്ങള്‍ നടത്തി മില്യണ്‍ കണക്കിന് ഡോളറുകള്‍ തട്ടുന്നത്. ബിബിസി പുറത്തുകൊണ്ടുവന്ന ഉക്രൈന്‍ വിവാഹത്തട്ടിപ്പ് ആരെയും ഞെട്ടിക്കുന്നതാണ്.  

കേരളത്തില്‍, സ്ത്രീകളാണ് ഇരകളെങ്കില്‍, ഡേറ്റിംഗ് ഒരു വ്യവസായമാക്കി മാറ്റിയ ഉക്രൈനില്‍ ആണുങ്ങളാണ് ഇരകള്‍. അതും, വിദേശികളായ, കാശുകാരായ ആണുങ്ങള്‍. അത്തരമൊരു പുരുഷന്റെ കഥയാണ് ഇത്. ചാരിറ്റബിള്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ഒരു ബ്രിട്ടീഷുകാരന്റെ കഥയാണ്. അയാള്‍ ചെന്നുപെട്ട ചതിക്കുഴികളുടേത്. 

 


ഐറിനയും ജെയിംസും

 

ജെയിംസിന്റെ പ്രണയകഥ
നിലവിലുള്ള ജോലിയെ കൂടി ബാധിക്കാതിരിക്കാന്‍ ജെയിംസ് എന്ന പേരാണ് ബിബിസി അയാള്‍ക്ക് നല്‍കിയത്. അതിനാല്‍, നമുക്കും അയാളെ ജെയിംസ് എന്ന് വിളിക്കാം. 52 -കാരനായ ജെയിംസ് അവിവാഹിതനാണ്. സംഘര്‍ഷ ്രപദേശങ്ങളില്‍നിന്നും രക്ഷപ്പെടുന്ന കുട്ടികള്‍ക്ക് സഹായം നല്‍കുന്ന ഒരു പ്രൊജക്ടിന്റെ ഭാഗമായാണ് അയാള്‍ 2015-ല്‍  ഉക്രൈനില്‍ എത്തുന്നത്. റഷ്യന്‍ ഭാഷ അറിയാത്തതിനാല്‍, ജൂലിയ എന്നൊരു വിവര്‍ത്തകയുടെ സഹായത്തോടെയാണ് അയാള്‍ ഉക്രൈനിലെ ഒഡെസയില്‍ പ്രവര്‍ത്തിച്ചത്. 

അവിടെവെച്ച് ജൂലിയയാണ് ഐറിനെ അയാള്‍ക്ക് പരിചയപ്പെടുത്തുന്നത്. തന്നേക്കാള്‍ മുപ്പതു വയസ്സു പ്രായക്കുറവുള്ള സുന്ദരിയായ ഐറിനയുമായി ജെയിംസ് പെട്ടെന്നടുത്തു. ആറു മാസത്തിനകം അതു പ്രണയമായി. യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്കായി ഡേറ്റിംഗ് സൗകര്യങ്ങള്‍ ഒരുക്കുന്ന ദുരവസ്ഥയിലേക്ക് പതിച്ച ഉക്രൈനില്‍, അവിടത്തുകാരായ പെങ്കൊച്ചുങ്ങളെ പ്രേമിച്ചുനടക്കുന്ന യൂറോപ്യന്‍മാരില്‍ ഒരാളായി ജെയിംസും മാറി. 

 

ഐറിനയും ജൂലിയയും ജെയിംസുമൊത്തുള്ള ഒരു നിശാപാര്‍ട്ടിക്കിടെ

 

ചുംബിക്കാന്‍ പോലുമാവാത്ത പ്രണയം
എന്നാല്‍, പരസ്പരം ഭാഷ അറിയാത്തതിനാല്‍ വിവര്‍ത്തകയായ ജൂലിയയ്ക്ക് ദിവസം 150 ഡോളര്‍ (11000 രൂപ) നല്‍കിയായിരുന്നു അവരുടെ പ്രണയക്കറക്കങ്ങള്‍. സദാസമയവും ജൂലിയ കൂടെയുള്ളതിനാല്‍ ഒന്ന് ചുംബിക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് ജെയിംസ് ഓര്‍ക്കുന്നു. വിവാഹത്തിനു മുമ്പുള്ള സെക്‌സില്‍ താല്‍പ്പര്യമില്ലെന്ന് ഐറിന നേരത്തെ പറഞ്ഞതിനാല്‍, 'വലിയ സദാചാരക്കാരിയാവും' അവളെന്ന ധാരണയില്‍, ഒരുമിച്ചുള്ള താമസം എന്ന ആഗ്രഹം പോലും അയാള്‍ ഒഴിവാക്കി.  
കുറച്ചു ദിവസം ഉക്രൈനില്‍ താമസിച്ച ശേഷം ബ്രിട്ടനിലേക്ക് തിരിച്ചുപോവുന്നതായിരുന്നു അയാളുടെ ജോലിയുടെ സ്വഭാവം. ഒഡേസയില്‍ വരുമ്പോഴെല്ലാം ഐറിനയും കൂടെ വന്നു. വമ്പന്‍ ഹോട്ടലുകളില്‍ വിലകൂടിയ ഭക്ഷണങ്ങള്‍ക്കായി അയാള്‍ കൈയില്‍നിന്ന് കാശു ചെലവാക്കി. 

എട്ടാം മാസം, വിവാഹം കഴിക്കാന്‍ അവര്‍ തീരുമാനിച്ചു. എങ്ങനെയെങ്കിലും വിദേശത്തേക്ക് രക്ഷപ്പെടണം എന്നാണ് ആഗ്രഹമെന്നായിരുന്നു ഐറിന പറഞ്ഞുകൊണ്ടിരുന്നത്. അതിനെന്താ, വിവാഹശേഷം അവളെ ബ്രിട്ടനിലേക്ക് കൊണ്ടുപോവാമെന്ന്  ജെയിംസ് സമ്മതിച്ചു. എന്നാല്‍, അതൊട്ടും എളുപ്പമായിരുന്നില്ല. അടിമുടി അഴിമതിയില്‍ മൂടിയ ഉക്രൈനിലെ ഉദ്യോഗസ്ഥര്‍ നിയമങ്ങളും ചട്ടക്കൂടുകളും പറഞ്ഞ് സദാ തടസ്സം നിന്നു. ഒരു പതിറ്റാണ്ടെങ്കിലും കഴിയാതെ ബ്രിട്ടനിലേക്ക് കുടിയേറുന്നത് അസാധ്യമാണെന്ന് മനസ്സിലായപ്പോള്‍, ജെയിംസ് തീരുമാനം മാറ്റി. താന്‍ ബ്രിട്ടന്‍ ഉപേക്ഷിച്ച്, ഉക്രൈനിലേക്ക് താമസം മാറ്റാമെന്ന് അയാള്‍ സമ്മതിച്ചു.ആകെയുള്ള സമ്പാദ്യം ഉപയോഗിച്ച് ഉക്രൈനിലൊരു വീടു വാങ്ങിച്ച് ഐറിനയുമൊത്ത് താമസിക്കാമെന്നും അയാള്‍ സമ്മതിച്ചു. അങ്ങനെ വിവാഹക്കാര്യങ്ങള്‍ മുന്നോട്ടുപോയി. 

 

ഐറിനയും ക്രിസ്റ്റീനയും അയച്ച മെസേജുകള്‍

 

എല്ലാം ഉപേക്ഷിച്ച് ഉക്രൈനില്‍

ജെയിംസ് ജോലി ഉപേക്ഷിച്ചു. ബ്രിട്ടനിലെ വീടു വിറ്റു. ഒഡസയില്‍ നല്ലൊരു വീട് കണ്ടുപിടിച്ചു. ഇനി വീടു വാങ്ങാനും മറ്റുമായി കൈയിലുള്ള പണം ഉക്രൈനില്‍ എത്തിക്കണം. കള്ളപ്പണത്തിന്റെ ഹബായി മാറിയ ഉക്രൈനില്‍ പണം അയക്കുക എന്നത് എളുപ്പമായിരുന്നില്ല. വലിയ തുകകള്‍ നേരിട്ട് എത്തിക്കാനാവില്ല. പണമയക്കുന്നതിന് ബാങ്കുകള്‍ പരിധി വെച്ചതിനാല്‍, വളഞ്ഞ വഴികളിലൂടെ മാത്രമേ അവിടേക്ക് പണം എത്തിക്കാന്‍ കഴിയൂ. 

അതിനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴാണ് ട്വിസ്റ്റ്. വീടു വാങ്ങാനുള്ള തുക തന്റെ അക്കൗണ്ടിലേക്ക് അയക്കുന്നതിനു പകരം വിവാഹ നടത്തിപ്പിന് കരാര്‍ നല്‍കിയ സുഹൃത്ത് ക്രിസ്റ്റിനയുടെ കമ്പനിയുടെ അക്കൗണ്ടിലേക്ക് പണം അയക്കണമെന്ന് ഐറിന ആവശ്യപ്പെട്ടു. വ്യക്തികളുടെ അക്കൗണ്ടിലേക്ക് പണമിട്ടാല്‍ സംശയിക്കും എന്നതാണ് കാരണമായി പറഞ്ഞത്. അങ്ങനെ 200,000 ഡോളര്‍ (1.48 കോടി രൂപ) ക്രിസ്റ്റിനയുടെ അക്കൗണ്ടിലേക്ക് ജെയിംസ് അയച്ചു. പണം അവിടെ കിട്ടിയതോടെ കഥ പിന്നെയും മാറി. 

ഭര്‍ത്താവ് അയച്ചതാണെന്ന് കാണിച്ചാലേ ്രകിസ്റ്റനയ്ക്ക് പണം എടുക്കാനാവൂ എന്നും അതിനാല്‍, ജയിംസ് അടിയന്തിരമായി നിയമപരമായി ക്രിസ്റ്റീനയെ വിവാഹം ചെയ്യണമെന്നും ഐറിന ആവശ്യപ്പെട്ടു. പത്തു മിനിറ്റ് കൊണ്ട് വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്നും അടുത്ത ദിവസം തന്നെ വിവാഹ മോചനം നടത്തി തങ്ങള്‍ക്ക് വിവാഹം ചെയ്യാനാവുമെന്നും ഐറിന വിശദീകരിച്ചു. വീടു വാങ്ങണമെങ്കില്‍, ആ പണം കിട്ടണം,  മറ്റു മാര്‍ഗമില്ല എന്നും ഐറിന പറഞ്ഞു. 

കാമുകിയുടെ സുഹൃത്തുമായി വിവാഹം 

വിചിത്രമായ ഈ വാദം അംഗീകരിക്കാന്‍ ആദ്യം ജെയിംസ് തയ്യാറായില്ല. എന്നാല്‍, ഐറിന ഇതിന്റെ പേരില്‍ നിലവിളി തുടങ്ങിയതോടെ അയാള്‍ സമ്മതിച്ചു.  അങ്ങനെ, 2017 ജുലൈ 10-ന് ഐറിനയുടെ സാന്നിധ്യത്തില്‍ ഒഡേസയിലെ ഒരു രജിസ്ട്രാര്‍ ഓഫീസില്‍ അയാള്‍ ക്രിസ്റ്റീനയെ വിവാഹം ചെയ്തു. അതിനു പിന്നാലെ പണം ബാങ്കില്‍നിന്ന് പിന്‍വലിച്ചു. വീട് വാങ്ങി. അതിനു ജെയിംസ് അയച്ച രണ്ടു ലക്ഷം ഡോളറും വേണ്ടിവന്നെന്ന് ഐറിനയും ക്രിസ്റ്റിനയും അറിയിച്ചു. തീര്‍ന്നില്ല, ആ വീടിന്റെ ഉടമസ്ഥത അയാളുടെ പേരിലായിരുന്നില്ല. ക്രിസ്റ്റിനയുടെയും അയാളുടെയും ഒരുമിച്ചുള്ള ഉടമസ്ഥതയിലായിരുന്നു! രജിസ്‌ട്രേഷനുള്ള സാങ്കേതിക കാരണങ്ങളാണ് അതിനും പറഞ്ഞത്. 

ക്രിസ്റ്റിനയുമായുള്ള വിവാഹത്തിനു പിറ്റേന്ന് അയാളും ഐറിനയുമായുള്ള വിവാഹം നടന്നു. ഐറിനയെ വിവാഹം ചെയ്ത ശേഷം, ക്രിസ്റ്റിനയുമായുള്ള വിവാഹമോചന പേപ്പറുകള്‍ നല്‍കാനായിരുന്നു പ്ലാന്‍.  അങ്ങനെ, വമ്പന്‍ ഹോട്ടലില്‍വെച്ച് , ഐറിനയുടെ അറുപതു ബന്ധുക്കള്‍ പങ്കെടുക്കുന്ന ചടങ്ങ്. ഗംഭീരമായി തന്നെ വിവാഹം നടന്നു. അതിനുള്ള മുഴുവന്‍ ചിലവും മുടക്കിയത് ജെയിംസായിരുന്നു. 

 

ജെയിംസ് ഐറിനയുടെ കൈയിലണിയിച്ച വിവാഹ മോതിരം

 

ആദ്യരാത്രിയിലെ അത്യാഹിതം 

ആദ്യ രാത്രിക്കു മുമ്പേ, ജെയിംസ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയിലായി. ഐറിന്റെ മാതാവ് ഭക്ഷണത്തില്‍ വിഷം നല്‍കുകയായിരുന്നുവെന്ന് പിന്നീട് ജെയിംസ് കണ്ടെത്തി. അബോധാവസ്ഥയില്‍ ജെയിംസ് ആശുപത്രിയിലായെങ്കിലും, ഐറിന അയാളെ തിരിഞ്ഞുനോക്കിയില്ല. 

ബോധം തെളിഞ്ഞശേഷം അയാള്‍ അക്കാര്യം ചോദിച്ചപ്പോള്‍, താനും ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയിലാണെന്നായിരുന്നു മറുപടി. ജെയിംസ് ആശുപത്രി വിട്ടെങ്കിലും ഐറിനയെ കണ്ടില്ല. താന്‍ ആശുപത്രിയില്‍ തുടരുകയാണെന്ന് അവള്‍ അറിയിച്ചു. താനങ്ങോട്ട് വരാമെന്നു പറഞ്ഞപ്പോള്‍, നിയമപരമായി വിവാഹിതരല്ലാത്തതിനാല്‍, ജെയിംസിന് തന്റെ കൂടെ ആശുപത്രിയില്‍ നില്‍ക്കാനാവില്ലെന്നും അമ്മ തന്റെ കൂടെയുണ്ടെന്നും അവള്‍ പറഞ്ഞു. എന്നിട്ടും ചികില്‍സാ ചെലവിനെന്നു പറഞ്ഞ്, 12,000 ഡോളര്‍ (8.91 ലക്ഷം രൂപ) ജെയിംസില്‍നിന്നും ഐറിന കൈപ്പറ്റി.  

 

സ്വകാര്യ ഡിറ്റക്ടീവ് റോബര്‍ട്ട്

 

എല്ലാം തട്ടിപ്പ്!
അതോടെ, കഥയില്‍ വീണ്ടും ട്വിസ്റ്റ്. ജെയിംസിന്റെ ഉക്രേനിയക്കാരനായ സുഹൃത്ത് സംഭവത്തില്‍ ഇടപെട്ടു. ഇതെല്ലാം തട്ടിപ്പാണെന്ന് അയാള്‍ ജെയിംസിനെ ബോധിപ്പിച്ചു. ഡേറ്റിംഗ് ബിസിനസ് അരങ്ങുതകര്‍ക്കുന്ന ഒഡേസയില്‍ ഇത്തരം വിവാഹ തട്ടിപ്പുകള്‍ വളരെ വ്യാപകമാണെന്ന് അയാളുടെ സുഹൃത്ത് ധരിപ്പിച്ചു.  

എന്നാല്‍,ജെയിംസിന്റെ അനുഭവം എല്ലാ പരിധികളും കടന്നതായിരുന്നു. ജെയിംസ് വാങ്ങിച്ച വീടിന് കേവലം 63,000 ഡോളര്‍ (46 ലക്ഷം രൂപ) മാത്രമായിരുന്നു വിലയെന്ന് സുഹൃത്ത് കണ്ടെത്തി. ബാക്കി ഒന്നേകാല്‍ കോടിയിലേറെ രൂപ (140,000 ഡോളര്‍) ഐറിനയും ക്രിസ്റ്റിയും ചേര്‍ന്ന് തട്ടി. വിവാഹം നടത്തിപ്പിനെന്നും പറഞ്ഞ്, വമ്പന്‍ തുകയാണ് ക്രിസ്റ്റിനയുടെ കമ്പനി തട്ടിയത്. ജീവിതം കാലം കൊണ്ട് താനുണ്ടാക്കിയ സമ്പാദ്യത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഉക്രൈനില്‍ പൊടിഞ്ഞു പോയെന്നും അയാള്‍ക്ക് മനസ്സിലായി. 

ആ വിവാഹം അടിമുടി തട്ടിപ്പായിരുന്നു. ഐറിന വിവാഹിതയായിരുന്നു. ജെയിംസിനെ കണ്ടുമുട്ടുന്നതിനു മൂന്നു മാസം മുമ്പ് ആന്‍ഡ്രി സികോവ് എന്ന ഉക്രൈന്‍ പൗരനുമായുള്ള അവളുടെ വിവാഹം. ക്രിസ്റ്റിനയും വിവാഹിതയായിരുന്നു. ജെയിംസുമായുള്ള വിവാഹ പേപ്പറില്‍ ഒപ്പിടുന്നതിന് മൂന്ന് ആഴ്ച മുമ്പ് അവള്‍ ഭര്‍ത്താവ് ഡെന്നിസുമായി വിവാഹ മോചനം നടത്തിയിരുന്നു. ജെയിംസിന്റെ കാശു മുഴുവന്‍ കൈയില്‍ വന്നശേഷം ക്രിസ്റ്റിന വീണ്ടും അയാളെ വിവാഹം ചെയ്തു. 

വിവാഹ പാര്‍ട്ടിയിയലുണ്ടായിരുന്ന അറുപതു പേരും വ്യാജന്‍മാരായിരുന്നു. പണം കൊടുത്ത് കൊണ്ടുവന്നവരായിരുന്നു അവരെല്ലാവരും. ജെയിംസിന് വിഷം നല്‍കിയ ഐറിനയുടെ അമ്മ പോലും വ്യാജ കഥാപാത്രമായിരുന്നു. വിവര്‍ത്തകയായി ആദ്യം ജെയിംസിന്റെ കൂടെയുണ്ടായിരുന്ന ജൂലിയയുടെ അമ്മയാണ് ഐറിനയുടെ മാതാവായി അഭിനയിച്ചത്. ആ വിവാഹത്തിന് ആകെ ഒറിജിനലായി ഉണ്ടായിരുന്നത് ജെയിംസ് ആയിരുന്നു. 

അന്വേഷണങ്ങള്‍, പാളിച്ചകള്‍ 

വിഷാദത്തിന്റെ കുഴിയില്‍ വീണുവെങ്കിലും, അയാള്‍ നിയമപരമായ രീതിയില്‍ തന്റെ പണം തിരികെ കിട്ടാന്‍ ശ്രമം നടത്തി. പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, അടിമുടി അഴിമതിയില്‍ മുങ്ങിയ ഉക്രൈനിയന്‍ പൊലീസ് അയാളെ പരിഹസിക്കുക എന്നതല്ലാതെ ഒരു നടപടിയും എടുത്തില്ല. എത്രയോ വട്ടം പൊലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങിയിട്ടും തട്ടിപ്പു സംഘത്തിനെതിരെ കേസ് എടുക്കാനോ അന്വേഷണം നടത്താനോ അവര്‍ തയ്യാറായില്ല. നിരാശനായ ജെയിംസ് പിന്നീട്, മുന്‍ പൊലീസുകാരനായ റോബര്‍ട്ട് പാപിന്‍യന്‍ എന്നയാള്‍ നടത്തുന്ന സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയെ സമീപിച്ചു. പൊലീസിനു കൈക്കൂലി കൊടുത്തും ഭീഷണിയും ഗുണ്ടായിസവും ഉപയോഗിച്ചും കാര്യം സാധിക്കുന്നതായിരുന്നു റോബര്‍ട്ടിന്റെ രീതി. 3,000 ഡോളര്‍ (1.1 ലക്ഷം രൂപ) ആയിരുന്നു ഫീസ്. കാശ് വാങ്ങിച്ചുകൊടുത്താല്‍ അതിന്റെ 30 ശതമാനം നല്‍കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഐറിനയെയും ഭര്‍ത്താവിനെയും ക്രിസ്റ്റിനയെയും ഭര്‍ത്താവിനെയുമൊക്കെ ഡിറ്റക്ടീവുകള്‍ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്തു. 

പൊലീസിന് കൈക്കൂലി നല്‍കിയ റോബര്‍ട്ട് ക്രിസ്റ്റിനയെയും ഐറിനയെയും കസ്റ്റഡിയില്‍ എടുപ്പിച്ചുവെങ്കിലും കേസ് എടുക്കാന്‍ അവര്‍ തയ്യാറായില്ല. എങ്കിലും, ജെയിംസ് കോടതിയെ സമിപിക്കുകയും അതു വഴി ചെറിയ കാര്യങ്ങള്‍ നടക്കുകയും ചെയ്തു. ക്രിസ്റ്റിനയുമായുള്ള ജെയിംസിന്റെ വിവാഹം തട്ടിപ്പ് ആണെന്ന് കോടതി വിധിച്ചു. അതിനാല്‍, വീടിന്റെ മുകളിലുള്ള ക്രിസ്റ്റിനയുടെ അവകാശം കോടതി എടുത്തുകളഞ്ഞു. വീടിന്റെ അവകാശം ഇപ്പോള്‍ ജെയിംസിനാണ്. 

 


ജെയിംസിന്റെ പേരിലുള്ള വീട്

 

എല്ലാം നഷ്ടപ്പെട്ട ഒരാള്‍!

വീണ്ടും ബ്രിട്ടനിലേക്ക് മടങ്ങിപ്പോയ ജെയിംസ് മറ്റൊരു ചാരിറ്റി ഏജന്‍സിയില്‍ ജോലി നേടി. കയ്യിലുള്ള സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടുവെങ്കിലും, അയാള്‍ ഇപ്പോള്‍ ജോലിയെടുത്തു കഴിയുകയാണ്. ഉക്രൈനിലുള്ള ആ വീട് വില്‍ക്കുകയാണ് ഇപ്പോള്‍ അയാളുടെ ലക്ഷ്യം. കൊവിഡ് കാലം കഴിഞ്ഞാല്‍, അതിനു വില കിട്ടുമെന്നാണ് അയാള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, അതിനു നല്ല വില കിട്ടിയാലും ജെയിംസിനു നഷ്ടപ്പെട്ട തുകയുടെ ചെറിയ ഭാഗമേ അതാവൂ. 

തനിക്ക് നഷ്ടം മാത്രമാണ് സംഭവിച്ചതെങ്കിലും ഇക്കാര്യം പുറത്തറിയമെന്ന ആഗ്രഹത്താലാണ് ജെയിംസ് ബിബിയെ തേടി ചെന്നത്. വിവാഹ ഫോട്ടോകളടക്കം എല്ലാ തെളിവുകളും അയാള്‍ നല്‍കി. ആളുടെ വിവരങ്ങള്‍ പുറത്തുവന്നാല്‍, പുതിയ ജോലിയെ ബാധിക്കാനിടയുണ്ട് എന്നതിനാല്‍, തന്റെ പേരോ വിവരമോ വെളിപ്പെടുത്തരുതെന്ന് അയാള്‍ അഭ്യര്‍ത്ഥിച്ചു. അങ്ങനെയാണ് ഇക്കാര്യം പുറത്തുവന്നത്. 

എന്താണിപ്പോള്‍ പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ ജെയിംസ്  പറഞ്ഞത് ഒറ്റക്കാര്യമാണ്. 

''മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ...!

 

Courtesy: BBC

Follow Us:
Download App:
  • android
  • ios