Asianet News MalayalamAsianet News Malayalam

ലോകചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട ചിത്രം; താഴേക്ക് പതിച്ച ആ മനുഷ്യന്‍ ആരായിരുന്നു?

ആ ചിത്രം കാണണോ എന്ന് കാതറീനോട് ചോദിച്ചപ്പോള്‍ അവളുടെ മറുപടി വേണ്ടായെന്നായിരുന്നു. എന്‍റെ അമ്മയ്ക്കും ആ ചിത്രങ്ങള്‍ കാണണ്ട എന്നുകൂടി അവള്‍ പറഞ്ഞു. 

falling man in history
Author
USA, First Published Sep 15, 2019, 12:09 PM IST

ഫോട്ടോ ഓര്‍മ്മയില്ലേ? 2001 സപ്‍തംബര്‍ 11... അമേരിക്കയിലെ ആ ദുരന്തപൂര്‍ണമായ ദിവസത്തെ ഓര്‍മ്മപ്പെടുത്തുന്ന, അതിന്‍റെ എല്ലാ ഭയവും ദൈന്യതയും വിളിച്ചോതുന്ന ഫോട്ടോ. ഒരു അമ്പ് പോലെ താഴേക്ക് വീഴുന്ന മനുഷ്യന്‍. വേള്‍ഡ് ട്രേഡ് സെന്‍റര്‍ തകര്‍ച്ചയുടെ മുഖമായി മാറിയ ചിത്രം... അയാളുടെ വലതുകാല്‍ അല്‍പം വളഞ്ഞിരുന്നു, അദ്ദേഹത്തിന്‍റെ വെള്ള ഷര്‍ട്ട്/ജാക്കറ്റ്/ഫ്രോക്ക് കറുത്ത പാന്‍റിന്‍റെ പുറത്തൂടെ പറക്കുന്നതുപോലെ കാണാം. പ്രാണന്‍ വേര്‍പ്പെട്ടുപോകും മുമ്പ് നിരവധി മനുഷ്യരാണ് അന്ന് ആ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. ചിലര്‍ ഷര്‍ട്ടില്ലാതെ, ചിലര്‍ ഷര്‍ട്ട് ധരിച്ച്, ഭയപ്പെടുത്തുന്ന മുഖത്തോടെ, മരണത്തെ മുന്നില്‍ക്കണ്ട്... 

falling man in history

എന്നാല്‍, ഈ ചിത്രത്തിലെ മനുഷ്യന്‍ നേരെ ലംബമായിട്ടാണ് താഴേക്ക് പതിച്ചത്. കെട്ടിടത്തിന്‍റെ ഒത്തനടുക്ക് എന്ന് തോന്നിപ്പിക്കുന്നതുപോലെയൊരിടത്തുവെച്ചാണ് ആ ചിത്രം പതിഞ്ഞിരിക്കുന്നത്. ആത്മസംയമനമോ, ഇച്ഛാശക്തിയോ, വേര്‍പിരിയല്‍ കവിതയോ ഒക്കെ അതില്‍ നിന്നും വായിച്ചെടുക്കേണ്ടവര്‍ക്ക് വായിച്ചെടുക്കാമായിരുന്നു. അങ്ങനെയൊരു ചിത്രമായിരുന്നു അത്. ലോകത്തെ നടുക്കിയ ദുരന്തം നടന്ന ആ ദിവസം... 9/11... അന്ന്, 9.41 am -നാണ് ആ ചിത്രം പകര്‍ത്തപ്പെട്ടത്.

ചിത്രം പകര്‍ത്തിയത് റിച്ചാര്‍ഡ് ഡ്ര്യൂ

ചരിത്രത്തിന് അപരിചിതനല്ല റിച്ചാര്‍ഡ് ഡ്ര്യൂ എന്ന ഫോട്ടോഗ്രാഫര്‍. പരിചയസമ്പന്നനായ ആ ഫോട്ടോഗ്രാഫര്‍ക്ക് തന്നെ ചില രംഗങ്ങള്‍ പകര്‍ത്തുമ്പോള്‍ അറിയാമായിരുന്നു, ഇത് ചരിത്രത്തിലെവിടെയെങ്കിലും രേഖപ്പെടുത്താന്‍ പോവുകയാണ് എന്ന്.  റിച്ചാര്‍ഡിന് വെറും 21 വയസ്സുള്ളപ്പോഴാണ് കെന്നഡി കൊല്ലപ്പെടുന്നത്. അന്നവിടെ പ്രസ് ഫോട്ടോഗ്രാഫറെന്ന നിലയില്‍ റിച്ചാര്‍ഡും ഉണ്ടായിരുന്നു. കെന്നഡി തലയ്ക്ക് വെടിയേറ്റ് വീഴുമ്പോള്‍, തൊട്ടരികില്‍ത്തന്നെ റിച്ചാര്‍ഡുമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ജാക്കറ്റില്‍ കെന്നഡിയുടെ രക്തം തെറിച്ചിരുന്നു. സമീപത്തുണ്ടായിരുന്ന മേശമേലേക്ക് ചാടിക്കയറിയ റിച്ചാര്‍ഡ് അന്ന് അടയാന്‍ തുടങ്ങിയ കെന്നഡിയുടെ കണ്ണുകളെ ക്യാമറയിലേക്ക് പകര്‍ത്തി. ആ സമയത്ത് എഥല്‍ കെന്നഡി തന്‍റെ ഭര്‍ത്താവിനെ അടക്കം പിടിച്ചുകൊണ്ട്, ഫോട്ടോയെടുക്കരുതെന്ന് പത്രക്കാരോട് യാചിച്ചു... 

എന്നാല്‍, ആ അപേക്ഷ കൈക്കൊള്ളാതെ റിച്ചാര്‍ഡ് ആ ചിത്രം പകര്‍ത്തുക തന്നെ ചെയ്തു. അസോസിയേറ്റഡ് പ്രസ്സിന് വേണ്ടി ജോലി ചെയ്യുന്ന ഒരാളെന്ന നിലയില്‍, ഒരു മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ അയാള്‍ക്കത് പകര്‍ത്തുക തന്നെ ചെയ്യേണ്ടിയിരുന്നു. കാരണം, ഒരു ചരിത്രനിമിഷം ഒപ്പിയെടുക്കപ്പെടുക എപ്പോഴാണ് എന്ന് പറയുക സാധ്യമല്ല. മരിച്ചവരെന്നോ ജീവിച്ചവരെന്നോ ആ ക്യാമറയ്ക്ക് വ്യത്യാസമില്ല. അത് ചരിത്രത്തിന്‍റെ സാക്ഷികളാകാനുള്ള ചിത്രങ്ങള്‍ക്ക് ജന്മം നല്‍കിക്കൊണ്ടിരിക്കുകയാണ്. 

2001 സപ്‍തംബര്‍ 11

AP -യില്‍ നിന്ന് നല്‍കിയ അസൈന്‍മെന്‍റിന്‍റെ ഭാഗമായി  ഒരു മറ്റേണിറ്റി ഫാഷന്‍ ഷൂട്ടിലായിരുന്നു റിച്ചാര്‍ഡ്. ഗര്‍ഭിണികളായ സ്ത്രീകളായിരുന്നു മോഡലുകള്‍. ആ സമയത്താണ് CNN -ന്‍റെ ഒരു ക്യമാറാമാന്‍ അദ്ദേഹത്തോട് നോര്‍ത്ത് ടവറിലുണ്ടായ അപകടത്തെ കുറിച്ച് പറയുന്നത്. അങ്ങനെ ക്യാമറയും സാധനങ്ങളുമായി റിച്ചാര്‍ഡ് നേരെ അങ്ങോട്ട് പോകുന്നു. അപ്പോഴും കെട്ടിടം തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. അതു പകര്‍ത്താനായി ആ സമയത്ത് അവിടെ റിച്ചാര്‍ഡ് മാത്രമേ എത്തിയിരുന്നുള്ളൂ. കെട്ടിടത്തില്‍ നിന്നും ആളുകള്‍ എന്തുചെയ്യണമെന്നറിയാതെ താഴേക്ക് ചാടിക്കൊണ്ടിരുന്നു. തന്‍റെ 200mm ലെന്‍സുപയോഗിച്ച് റിച്ചാര്‍ഡ് അത് പകര്‍ത്തി. ഒരു പൊലീസുകാരനും എമര്‍ജന്‍സി ടെക്നീഷ്യനും അരികിലായിട്ടായിരുന്നു റിച്ചാര്‍ഡ് നിന്നിരുന്നത്. ഓരോ മനുഷ്യര്‍ വീഴുമ്പോഴും അവര്‍ നിലവിളിച്ചുകൊണ്ടിരുന്നു, 'അതാ ഒരാള്‍ കൂടി...' എന്ന്. അദ്ദേഹം താഴെവീഴുന്ന ഓരോ മനുഷ്യരെയും പകര്‍ത്തി. അവരുടെ അവസാനശ്വാസം നിലയ്ക്കുന്ന 'ആ നിമിഷം' വരെ ഒരുപക്ഷേ... ഒടുവില്‍, ഒരു കൂണ്‍ നിലംപൊത്തുന്നതുപോലെ നോര്‍ത്ത് ടവര്‍ താഴേക്കു പതിഞ്ഞു. 

തന്‍റെ ഡിജിറ്റല്‍ ക്യാമറയില്‍ നിന്നും ആ ചിത്രങ്ങള്‍ റിച്ചാര്‍ഡ് ലാപ്‍ടോപ്പിലേക്ക് മാറ്റി. അപ്പോഴാണ് പിന്നീട് ചരിത്രത്തില്‍ത്തന്നെ 'ഫാളിംഗ് മാന്‍' എന്ന് പേരുണ്ടായേക്കാവുന്ന ആ ചിത്രം അദ്ദേഹം ശ്രദ്ധിക്കുന്നത്. അതിലെന്തോ ഒരു പ്രത്യേകതയുള്ളതായി അദ്ദേഹത്തിന് തോന്നി. മറ്റൊരു ഫോട്ടോയിലേക്കും നോക്കാന്‍ അദ്ദേഹത്തിന് തോന്നിയില്ല. അത്ര കൃത്യമായിരുന്നു ആ ചിത്രം. ഒരു ഫ്രെയിമിലെന്ന പോലെ ആ മനുഷ്യന്‍... അതേ ഫാളിംഗ് മാന്‍... ആ ചിത്രം അദ്ദേഹം AP -യിലേക്ക് അയച്ചു. പിറ്റേന്ന് രാവിലെ ദ ന്യൂയോര്‍ക്ക് ടൈംസില്‍ (The New York Times) ഏഴാമത്തെ പേജില്‍ ആ ചിത്രം അച്ചടിച്ചുവന്നു. ഒപ്പം നൂറുകണക്കിന് മറ്റ് പത്രങ്ങളില്‍, മറ്റു രാജ്യങ്ങളില്‍, ലോകത്താകെ... പക്ഷേ, അപ്പോഴും ആ ഫാളിംഗ് മാന്‍ ആരാണ് എന്നത് തിരിച്ചറിയപ്പെടാതെ കിടന്നു.

അയാള്‍ ആരാണ്?

ആദ്യത്തെ വിമാനം നോര്‍ത്ത് ടവറിനെ ഇടിച്ച് കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ തീ പടരാന്‍ തുടങ്ങിയിരുന്നു. ടവര്‍ പൂര്‍ണമായും തകരുന്നതുവരെ മനുഷ്യര്‍ താഴേക്ക് ചാടിക്കൊണ്ടിരുന്നു. തകര്‍ന്ന ജനാലകളിലൂടെ, സ്വയം ജനാല തകര്‍ത്ത് ഒക്കെ മനുഷ്യര്‍ പുറത്തേക്ക് ചാടി. തീയില്‍ നിന്നും പുകയില്‍ നിന്നും രക്ഷപ്പെടാന്‍, മേല്‍ക്കൂര തകരുകയും നിലം അമരുകയും ചെയ്യുമ്പോള്‍, മരിക്കുന്നതിന് മുമ്പ് അവസാനമായി ഒരു ശ്വാസമെടുക്കാന്‍... ഇങ്ങനെ ആളുകള്‍ ചാടിക്കൊണ്ടേയിരുന്നു. വിവിധ കമ്പനികളിലെ ജോലിക്കാര്‍, അനേകം മനുഷ്യര്‍... താഴെനിന്ന് നിരവധി മനുഷ്യര്‍ അതുകണ്ടു നിലവിളിച്ചു. 'ഓ ദൈവമേ അവരുടെ ആത്മാവിനെ രക്ഷിക്കൂ... അവരതാ ചാടുന്നു, ഓ ദൈവമേ അവരുടെ ആത്മാവിനെ രക്ഷിക്കൂ...' ഒരു സ്ത്രീ നിലവിളിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത, കാണാനിട വരുത്തല്ലേ എന്ന് പ്രാര്‍ത്ഥിച്ചുപോകുന്ന ഭീതിദമായ രംഗം. കൂട്ട ആത്മഹത്യ (mass suicide) എന്നല്ലാതെ അതിനെ മറ്റൊരു പേര് വിളിക്കുക സാധ്യമല്ല. 

അതിലൊരാളായിരുന്നു ഫാളിംഗ് മാനും... രാജ്യത്തിനകത്തും പുറത്തുമിരുന്ന് നിരവധി പേരാണ് റിച്ചാര്‍ഡ് പകര്‍ത്തിയ ആ ചിത്രം കണ്ടത്. അതാരായിരുന്നൂ എന്നറിയാനുള്ള കൗതുകം അവരിലോരോരുത്തരിലും ഉണ്ടായി എന്നതും സ്വാഭാവികമാണ്. 

Toronto Globe and Mail എന്ന പത്രത്തിന്‍റെ എഡിറ്റര്‍ തങ്ങളുടെ റിപ്പോര്‍ട്ടറായ പീറ്റര്‍ ഷെനെയെ ഈ ദുരൂഹതയ്ക്ക് ഉത്തരം തേടാനായി നിയോഗിച്ചു. റിപ്പോര്‍ട്ടര്‍ അന്വേഷണം ആരംഭിച്ചു. ഇരുണ്ട തൊലിയുള്ള ഒരാളാകാം അത്, ലാറ്റിനോ ആകാനാണ് സാധ്യത ഷെനെയുടെ ആദ്യ നിഗമനം അതായിരുന്നു. ഫാളിംഗ് മാന്‍ തന്‍റെ കറുത്ത പാന്‍റിനൊപ്പം ധരിച്ചിരുന്ന വസ്ത്രം റെസ്റ്റോറന്‍റിലെ ജോലിക്കാര്‍ ധരിക്കുന്ന തരത്തിലുള്ള ജാക്കറ്റായിരിക്കാം. നോര്‍ത്ത് ടവറിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്‍റിന് തങ്ങളുടെ 79 ജോലിക്കാരെയാണ് അന്ന് നഷ്ടപ്പെട്ടത്. ഒപ്പം അവിടെയെത്തിയ 91 പേരെയും. ഫാളിംഗ് മാന്‍ ആ ജോലിക്കാരില്‍ ഒരാളാകാം. എട്ട് ദിവസങ്ങളായിരുന്നു ആ ദുരന്തം നടന്നിട്ട്. 

ഒരു വൈകുന്നേരം ഷെനെ ഡിന്നറിന് ശേഷം ആരായിരിക്കും ആ ഫാളിംഗ് മാന്‍ എന്ന് സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്‍ത് പിരിഞ്ഞ സമയം... നഗരത്തിലെമ്പാടും കാണാതായി എന്ന പേരില്‍ നിരവധി പേരുടെ ചിത്രങ്ങള്‍ പതിച്ചിരുന്നു. അതിലൊരു ചിത്രത്തില്‍ റിപ്പോര്‍ട്ടറിന്‍റെ കണ്ണുകള്‍ പതിഞ്ഞു. അതൊരു പേസ്ട്രി ഷെഫിന്‍റെ ചിത്രമായിരുന്നു. അയാള്‍ ഒരു വെള്ള ട്യൂണിക്കാണ് ധരിച്ചിരുന്നത്. കണ്ടാല്‍ ലാറ്റിനോയെ പോലെയുണ്ട്. അയാളുടെ പേര് നോര്‍ബെര്‍ട്ടോ ഹെര്‍ണാണ്ടസ് എന്നായിരുന്നു. ക്വീനിലാണ് അയാള്‍ താമസിച്ചിരുന്നത്. ഷെനെ, റിച്ചാര്‍ഡ് പകര്‍ത്തിയ ചിത്രം നോര്‍ബെര്‍ട്ടോയുടെ വീട്ടുകാരെ കാണിച്ചു. പ്രത്യേകിച്ച് നോബെര്‍ട്ടോയുടെ സഹോദരന്‍ ടിനോയേയും സഹോദരി മിലാഗ്രോസിനെയും. അവര്‍ പറഞ്ഞത്, 'അതേ അത് നോബെര്‍ട്ടോ' തന്നെ എന്നായിരുന്നു. മിലാഗ്രോസ് ആകട്ടെ ടെലവിഷനില്‍ ആ രംഗങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അതിലെ രംഗങ്ങളിലും അവള്‍ക്ക് തോന്നിയിരുന്നു അത് തന്‍റെ സഹോദരനാണെന്ന്. അത് നോബെര്‍ട്ടോ ആണെന്നുറപ്പിക്കാന്‍ ഷെനെയ്ക്ക് വേണ്ടിയിരുന്നത് നോബെര്‍ട്ടോയുടെ ഭാര്യയുടേയും മക്കളുടേയും അഭിപ്രായം കൂടി അറിയുകയായിരുന്നു. പക്ഷേ, അവര്‍ ഷെനിയോട് സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. പ്രത്യേകിച്ച് നോബെര്‍ട്ടോയുടെ ചില ശരീരഭാഗങ്ങള്‍ കിട്ടുകയും അത് ഡി എന്‍ എ പരിശോധനയിലൂടെ നോബെര്‍ട്ടോയുടേതാണ് എന്നുറപ്പിക്കുകയും ചെയ്തിരുന്നു. ഷെനെ സംസ്കാരചടങ്ങിലെത്തി. റിച്ചാര്‍ഡ് പകര്‍ത്തിയിരുന്ന ചിത്രം അയാള്‍ തന്‍റെ കയ്യില്‍ കരുതിയിരുന്നു. അത് നോബെര്‍ട്ടോയുടെ മൂത്ത മകള്‍ ജാക്വിലിന്‍ ഹെര്‍ണാണ്ടസിനെ കാണിച്ചു ഷെനെ. അവര്‍ ഒറ്റനോട്ടം നോക്കി. പിന്നീട് ദേഷ്യത്തോടെ ഷെനെയോട് അവിടെ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയാണുണ്ടായത്. 

അതുപോലെ തന്നെയാണ് വീഡിയോയും ഫോട്ടോയും കണ്ട ജനങ്ങളുടെ പ്രതികരണവും. മാന്യതയില്ലാത്ത കണ്ണില്‍ച്ചോരയില്ലാത്ത മാധ്യമപ്രവര്‍ത്തനമെന്ന് പലരും ആളുകള്‍ ചാടുന്ന ചിത്രങ്ങളോട് പ്രതികരിച്ചു. പലരും ആ രംഗം കാണാനാവാതെ കണ്ണുകളടച്ചു. തന്‍റെ വളരെ അടുത്തൊരാള്‍ അങ്ങനെ ചാടുന്നത് കാണേണ്ടി വരുന്ന ഒരു മനുഷ്യന്‍റെ അവസ്ഥ ആലോചിച്ചു നോക്കൂ. എന്നാല്‍, പിന്നീട് CNN അടക്കമുള്ള മാധ്യമങ്ങള്‍ ബ്ലര്‍ ചെയ്ത് തിരിച്ചറിയാനാവാത്ത വിധം മാത്രമേ ദൃശ്യങ്ങള്‍ കാണിക്കാവൂ എന്ന് നിര്‍ദ്ദേശം സ്റ്റാഫിന് നല്‍കി. 

ഏതായാലും ഷെനെ തന്‍റെ അന്വേഷണം നിര്‍ത്തിയില്ല. ആ ചിത്രത്തില്‍ നടത്തിയ നിരീക്ഷണത്തില്‍ അയാള്‍ക്കറിയാവന്ന കാര്യങ്ങള്‍ ഇത്രമാത്രമാണ്. അത് ലേശം ഇരുണ്ട നിറമുള്ള ആളാണ്. ഊശാന്താടിയുണ്ട്. അയാളൊരു റെസ്റ്റോറന്‍റ് ജോലിക്കാരനായിരുന്നിരിക്കാം. പക്ഷേ, നിരവധി പേര്‍ അതുപോലെ അന്നവിടെ ജീവന്‍ വെടിഞ്ഞിട്ടുണ്ട്. അതില്‍ ഇന്ത്യനും അറബും ഒക്കെയുണ്ടാകാം. യൂണിഫോം പോലെയുള്ള ഈ വസ്ത്രങ്ങളില്‍ നിന്നും ആളെ തിരിച്ചറിയുക എളുപ്പമല്ല. എന്നാല്‍, അയാള്‍ തന്‍റെ പുറംവസ്ത്രത്തിന് പുറമേ അകത്തൊരു ഓറഞ്ച് ഷര്‍ട്ട് ധരിച്ചിരുന്നു. ഒരുപക്ഷേ, ആരുടെയെങ്കിലും വീട്ടുകാര്‍ക്ക്, കാണാതായ നമ്മുടെ വേണ്ടപ്പെട്ടവര്‍ക്ക് ഒരു ഓറഞ്ച് ഷര്‍ട്ടുണ്ടായിരുന്നുവോയെന്ന് പറയാന്‍ സാധിച്ചേക്കും. അന്നുരാവിലെ ജോലിക്ക് പോകുമ്പോള്‍ അദ്ദേഹം ഒരു ഓറഞ്ച് ഷര്‍ട്ടാണോ ധരിച്ചത് എന്ന് പറയാന്‍ സാധിച്ചേക്കും.

falling man in history 

കാതറീന്‍ ഹെര്‍ണാണ്ടസ് ഒരിക്കല്‍ പോലും റിപ്പോര്‍ട്ടറായ ഷെനെ കൊണ്ടുവന്ന ചിത്രത്തിലേക്ക് നോക്കിയിരുന്നില്ല. അതുപോലെ തന്നെയായിരുന്നു അവളുടെ അമ്മ യൂലോഗ്യയും. ജാക്വിലിന്‍ മാത്രമാണ് ഷെനെ കൊണ്ടുവന്ന ചിത്രത്തിലേക്ക് നോക്കിയതും അത് തന്‍റെ അച്ഛനല്ല എന്ന് പറഞ്ഞതും. ഏതായാലും അത് നോബെര്‍ട്ടോ ആണെന്ന നിഗമനത്തിലായിരുന്നു ഷെനെ. അതേത്തുടര്‍ന്ന് ഷെനെ എഴുതിയ റിപ്പോര്‍ട്ട് വായിച്ച് പലരും അത് നോബെര്‍ട്ടോ ആണെന്ന് വിശ്വസിക്കുകയും ആ ദുരന്തത്തെ കുറിച്ച് കവിതകളെഴുതുകയും വരെ ചെയ്തു. ജനാല വഴി ചാടിയ ആ മനുഷ്യന്‍റെ കുടുംബത്തിന് നിരവധി പേര്‍ പണം വരെ വാഗ്ദാനം ചെയ്തു. എന്നാല്‍, കാതറീന്‍ ഒരിക്കല്‍പ്പോലും അത് തന്‍റെ അച്ഛനാണ് എന്ന് വിശ്വസിച്ചില്ല. അദ്ദേഹം അങ്ങനെ ചെയ്യില്ല. അദ്ദേഹം വീട്ടിലെത്താന്‍ ശ്രമിക്കുകയാണ് ചെയ്യുക എന്ന് അവള്‍ പറഞ്ഞു. 'ജനാലയിലൂടെ എടുത്ത് ചാടിയാല്‍ അതിനാകില്ല എന്ന് അദ്ദേഹത്തിനറിയാം. അദ്ദേഹമത് ചെയ്യില്ല' എന്നാണവള്‍ പറഞ്ഞത്. തന്‍റെ അമ്മയ്ക്ക് പതിനഞ്ചാമത്തെ വയസ്സ് മുതല്‍ അച്ഛനെ അറിയാം. അത് അച്ഛനല്ലാ എന്ന് അവരുറപ്പിച്ചു പറയുന്നു എന്നും കാതറീന്‍ പറഞ്ഞു. അതിനു കാരണമുണ്ടായിരുന്നു. അന്നു രാവിലെ വരെ നോബെര്‍ട്ടോയെ വസ്ത്രം ധരിപ്പിച്ച് പറഞ്ഞയച്ചത് യൂലോഗ്യ ആയിരുന്നു. ''എല്ലാ രാവിലേയും പോലെയായിരുന്നു അതും. എനിക്കോര്‍മ്മയുണ്ട്. അന്നദ്ദേഹം ധരിച്ചത് ഓള്‍ഡ് നേവി അണ്ടര്‍വെയറായിരുന്നു. ഗ്രീന്‍... നീല ജീന്‍സ് പാന്‍റായിരുന്നു. അദ്ദേഹം ഒരു Casio വാച്ച് ധരിച്ചിരുന്നു. അദ്ദേഹം ധരിച്ചിരുന്നത് ഓള്‍ഡ് നേവി ചെക്ക് ഷര്‍ട്ടായിരുന്നു. നീല...'' അവര്‍ പറഞ്ഞു. 

അവിടെച്ചെന്ന് അദ്ദേഹം വസ്ത്രം മാറിക്കാണും. അദ്ദേഹമൊരു പേസ്ട്രി ഷെഫാണ്. അതുകൊണ്ട് വെള്ള പാന്‍റാണ് അദ്ദേഹം ധരിച്ചിട്ടുണ്ടാവുക. അല്ലെങ്കില്‍ ഷെഫ് പാന്‍റായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പാന്‍റ്. വെള്ള ജാക്കറ്റ് ധരിച്ചുകാണും. അതിനടിയില്‍ ഒരു വെള്ള ടീഷര്‍ട്ടായിരിക്കും അദ്ദേഹം ധരിച്ചിരിക്കുക. കാതറീന്‍ പറയുന്നു. ഓറഞ്ച് ഷര്‍ട്ട് ധരിച്ചുകാണാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു യൂലോഗ്യയുടെ മറുപടി. അതിനുകാരണവും അവര്‍ വ്യക്തമാക്കി. അദ്ദേഹത്തിന് ഓറഞ്ച് ഷര്‍ട്ടില്ലായിരുന്നു. 

ആ ചിത്രം കാണണോ എന്ന് കാതറീനോട് ചോദിച്ചപ്പോള്‍ അവളുടെ മറുപടി വേണ്ടായെന്നായിരുന്നു. എന്‍റെ അമ്മയ്ക്കും ആ ചിത്രങ്ങള്‍ കാണണ്ട എന്നുകൂടി അവള്‍ പറഞ്ഞു. എന്നാല്‍, ഷെനെ മടങ്ങുന്നതിന് മുമ്പ് കാതറീനെത്തി പറഞ്ഞു. ഒന്ന് ഫോട്ടോഗ്രാഫ് കാണിക്കൂ, അമ്മ വരുന്നതിന് മുമ്പ് എന്ന്. എന്നാല്‍, കാതറീന്‍ ആ ചിത്രം നോക്കുമ്പോള്‍ തന്നെ അവളുടെ തോളിന് മുകളിലൂടെ യൂലോഗ്യയും ആ ചിത്രം കണ്ടിരുന്നു. 'അതെന്‍റെ ഭര്‍ത്താവല്ല.' അവര്‍ ഉറപ്പിച്ചു പറഞ്ഞു. 'നിങ്ങള്‍ക്കറിയുമോ എനിക്ക് മാത്രമേ നോബെര്‍ട്ടോയെ അറിയൂ' എന്ന് കൂടി അവര്‍ പറഞ്ഞു. ഒരിക്കല്‍ കൂടി ആ ചിത്രം വാങ്ങി നോക്കിയ ശേഷം തല ഇരുവശത്തേക്കും ചലിപ്പിച്ച് അവര്‍ പറഞ്ഞു, 'ഇതൊരു ഇരുണ്ട മനുഷ്യനാണ്. അദ്ദേഹമല്ലാ.'

ജോനാതന്‍ ബ്രൈലി

പിന്നെയും നിരവധി ഫോണ്‍കോളുകള്‍ വിവിധ പത്രത്തിന്‍റെ ഓഫീസുകളിലെത്തി. അത് തന്‍റെ മകനാണോ, സഹോദരനാണോ എന്നുള്ള നിരവധി സംശയങ്ങളും. അതില്‍ ഇന്ത്യക്കാരനായ സീന്‍ സിങ്, വൈല്‍ഡര്‍ ഗോമസ് തുടങ്ങി പലരേയും സംശയിക്കപ്പെട്ടു. 

ബ്രൈലിയുടെ സഹപ്രവര്‍ത്തകരാണ് ആ ചിത്രം കണ്ടപ്പോള്‍ അത് ബ്രൈലിയാണോ എന്ന് സംശയം പ്രകടിപ്പിച്ചത്. കുറച്ച് ഇരുണ്ട നിറമുള്ള ഒരു മനുഷ്യനായിരുന്നു ബ്രൈലി. 43 വയസ്സുകാരന്‍. മാത്രവുമല്ല, ഊശാന്താടിയുണ്ട്. അതുപോലെയുള്ള ഹെയര്‍ സ്റ്റൈലാണ്. അദ്ദേഹത്തിന്‍റെ ഭാര്യയുടെ പേര് ഹിലാരി എന്നാണ്. ബ്രൈലിയുടെ പിതാവ് വൈദികനാണ്. സപ്തംബര്‍ 11 -ന് ശേഷം അദ്ദേഹം കുടുംബക്കാരെ ഒക്കെ വിളിച്ചുചേര്‍ത്തു. അദ്ദേഹത്തിന്‍റെ മകനെവിടെയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. അല്ല, ആജ്ഞാപിക്കുകയായിരുന്നു. 'ഞാന്‍ ചോദിക്കുന്നു എന്‍റെ മകനെവിടെ അവനെ കാണിച്ചുതരണം' എന്ന്. ഏതായാലും പിറ്റേന്ന് എഫ്ബിഐയില്‍ നിന്നും ഒരു ഫോണ്‍കോള്‍ അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹത്തിന്‍റെ മകന്‍റെ മൃതദേഹം കണ്ടെത്തി എന്നായിരുന്നു അതില്‍ പറഞ്ഞത്. വൈദികന്‍റെ ഇളയ മകന്‍ തിമോത്തിയാണ് സഹോദരന്‍റെ മൃതദേഹം തിരിച്ചറിഞ്ഞത്. ഷൂവും, വസ്ത്രവും തിമോത്തി തിരിച്ചറിഞ്ഞു. അതിലൊരു ഷൂ അദ്ദേഹം വീട്ടിലേക്ക് കൊണ്ടുപോവുകയും ഓര്‍മ്മയ്ക്കായി സൂക്ഷിച്ചുവെക്കുകയും ചെയ്തു.

തിമോത്തിക്ക് ഫാളിംഗ് മാനെ കുറിച്ച് എല്ലാമറിയാമായിരുന്നു. കാരണം, അദ്ദേഹം ഒരു പൊലീസുകാരനായിരുന്നു. സപ്തംബര്‍ 11 -ലെ ദുരന്തത്തിനു ശേഷം അദ്ദേഹം സപ്തംബര്‍ 12 -ന്‍റെ ന്യൂസ്പേപ്പറില്‍ ആ ചിത്രങ്ങള്‍ കണ്ടിരുന്നു. ദേഷ്യത്തോടെയാണ് തിമോത്തി ആ ചിത്രങ്ങള്‍ നോക്കിയത്. പിന്നീടൊരിക്കല്‍ക്കൂടി അതിലേക്ക് നോക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. പക്ഷേ, അദ്ദേഹം അത് കളഞ്ഞില്ല. പകരം, തന്‍റെ ലോക്കറിന്‍റെ അടിയില്‍ അത് വെച്ചു. ആ ഷൂ സൂക്ഷിച്ചുവച്ചതുപോലെ. 

ബ്രൈലിയുടെ സഹോദരി ഗ്വെൻഡോളിനും ഫാളിംഗ് മാനെ കുറിച്ച് അറിയാമായിരുന്നു. ആ ചിത്രം പ്രസിദ്ധീകരിച്ചുവന്ന അന്നുതന്നെ അവരത് കണ്ടിരുന്നു. ജോനാതന് ആസ്ത്മയുടെ പ്രശ്നമുള്ളതിനെ കുറിച്ച് അവള്‍ക്കറിയാമായിരുന്നു. പുകയും തീയും അവന് നേരിടാനാകില്ലെന്നും ശ്വാസമെടുക്കാനായി അവനെന്തും ചെയ്തേക്കാം എന്നും. 

ജോനാതന്‍ ജോലിക്ക് പോകുമ്പോഴെല്ലാം ധരിക്കുന്നത് ബ്ലാക്ക് പാന്‍റും വെള്ള ഷര്‍ട്ടുമായിരിക്കും അതിന്‍റെ കൂടെ കറുത്ത ഷൂവും ധരിക്കും. ഇതെല്ലാം തിമോത്തിക്കും ഗ്വെന്‍ഡോളിനും അറിയാമായിരുന്നു. തിമോത്തിക്ക് വേറൊരു കാര്യം കൂടി അറിയാമായിരുന്നു. മിക്കവാറും ദിവസങ്ങളില്‍ തന്‍റെ സഹോദരന്‍ ഒരു ഓറഞ്ച് ടീ ഷര്‍ട്ട് കൂടി ധരിക്കാറുണ്ട്. എവിടെപ്പോകുമ്പോഴും ഓറഞ്ച് ടീഷര്‍ട്ട് ധരിക്കുന്നതിന്‍റെ പേരില്‍ തിമോത്തി അവനെ കളിയാക്കാറ് പോലുമുണ്ടായിരുന്നു. എപ്പോഴാണ് ഒന്നാ ഓറഞ്ച് ടീഷര്‍ട്ട് നിങ്ങളൊഴിവാക്കുക എന്നും ചോദിച്ച്. രാവിലെ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ചുംബിച്ച ശേഷമാണ് ജോനാതന്‍ സപ്തംബര്‍ 11- ന് ജോലിക്ക് പോയത്. പക്ഷേ, ഏത് വസ്ത്രമാണ് അന്നദ്ദേഹം ധരിച്ചതെന്ന് അവള്‍ ഉറക്കത്തിലായതിനാല്‍ ശ്രദ്ധിച്ചിരുന്നില്ല. ഫാളിംഗ് മാന്‍ ബ്രൈലിയാണോ? ചിലപ്പോള്‍ ആയിരിക്കാം... ജീവിക്കാമെന്ന പ്രതീക്ഷയിലോ, എല്ലാ പ്രതീക്ഷയും നശിച്ചിട്ടോ ആകാം അദ്ദേഹം താഴേക്ക് ചാടിയത്. എന്തെങ്കിലും ഒരദ്ഭുതം സംഭവിക്കുമെന്ന് ഒരുപക്ഷേ അദ്ദേഹം പ്രതീക്ഷിച്ചിരുന്നിരിക്കാം. തന്‍റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമെത്തണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാകം. 

നമുക്കാകെ അറിയാവുന്നത് 2001 സപ്തംബര്‍ 11 -ന് രാവിലെ 9.41 കഴിഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ താഴേക്ക് ചാടിയ ഒരു മനുഷ്യനെ റിച്ചാര്‍ഡ് ഡ്ര്യൂ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തുകയായിരുന്നു എന്നുമാത്രമാണ്. ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായി ആ ചിത്രം മാറി. ഫാളിംഗ് മാന്‍ ആരാണ് എന്ന് നമുക്ക് തീര്‍ച്ചയില്ലെങ്കിലും അത് ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട മനുഷ്യനാണ്... ആ ചിത്രം അദ്ദേഹത്തിന്‍റെ വേര്‍പിരിയലിന്‍റേതാണ്. ചരിത്രത്തിലെ തന്നെ വലിയ ദുരന്തങ്ങളിലൊന്നിന്‍റെ അടയാളപ്പെടുത്തലാണ് അത്. 

Follow Us:
Download App:
  • android
  • ios