സെന്ററിലെ ഐസൊലേഷൻ വാർഡിൽ കയോട്ടി സുഖം പ്രാപിച്ചു വരികയാണ്. റോഡ് ഐലൻഡിലെ വൈൽഡ് ലൈഫ് ക്ലിനിക്കിൽ നിന്നുള്ള ഒരു കുഞ്ഞ് കയോട്ടി കൂടി ബാർൺസ്റ്റബിൾ സെന്ററിൽ എത്തിയിട്ടുണ്ട്. ഉടനെ തന്നെ രണ്ട് കയോട്ടികളെയും പരിചയപ്പെടുത്തും. വാക്സിനെടുത്ത ശേഷം രണ്ടിനെയും ഒരുമിച്ച് വളർത്താനാണ് സെന്റർ തീരുമാനിച്ചിരിക്കുന്നത്. 

മസാച്യുസെറ്റ്സി(Massachusetts)ലെ ഒരു കുടുംബം വഴിയിൽ കണ്ട, അവശനായ ഒരു 'നായക്കുട്ടി'ക്ക് പുതുജീവിതം നൽകാം എന്നും കരുതിയാണ് അതിനെയും കൊണ്ട് വീട്ടിൽ വന്നത്. എന്നാൽ, സംഭവിച്ചത് മറ്റൊന്നാണ്. വളരെ മോശം അവസ്ഥയിൽ റോഡരികിൽ നിന്നും കിട്ടിയ അതൊരു നായക്കുട്ടിയായിരുന്നില്ല മറിച്ച് ഒരു കയോട്ടി (coyote) ആയിരുന്നു. 

മറ്റ് കയോട്ടികളിൽ നിന്നും അതിന്റെ കുടുംബത്തിൽ നിന്നും എങ്ങനെയോ ഒറ്റപ്പെട്ടുപോയതാണ് ഈ കയോട്ടിക്കുഞ്ഞ് എന്നാണ് കരുതുന്നത്. അത് റോഡരികിൽ അവശനായി അലഞ്ഞുതിരിയുന്നതാണ് കണ്ടത് എന്ന് ബാർൺസ്റ്റബിളിലെ കേപ് വൈൽഡ് ലൈഫ് സെന്റർ പറയുന്നു. ഏതോ ഒരു നായക്കുട്ടി അറിയാതെ അവിടെ പെട്ടുപോയതാണ് എന്ന് കരുതിയാണ് പ്രദേശത്തുള്ള ഒരു കുടുംബം അതിനെ എടുത്ത് വീട്ടിൽ കൊണ്ടുപോകുന്നത്. എന്നാൽ, പിന്നീട് സംശയം തോന്നിയപ്പോൾ വിദ​ഗ്‍ദ്ധരുടെ അഭിപ്രായം തേടി അങ്ങനെയാണ് അത് കയോട്ടി ആണ് എന്ന് തിരിച്ചറിയുന്നത്. 

"പബ്ലിക് ഹെൽത്ത് മാസ് ഡിപ്പാർട്ട്‌മെന്റിന്റെ സഹായത്തോടെ, പേവിഷബാധയ്ക്ക് സാധ്യതയില്ലെന്ന് ഉറപ്പിച്ചു. കൂടാതെ അതിനെ പരിചരണത്തിനായി വിടുകയും മാസ് വൈൽഡ് ലൈഫിൽ പുനരധിവസിപ്പിക്കാൻ അനുമതി നൽകുകയും ചെയ്തു" എന്നും സെന്റർ കൂട്ടിച്ചേർത്തു. സെന്ററിലെ ഐസൊലേഷൻ വാർഡിൽ കയോട്ടി സുഖം പ്രാപിച്ചു വരികയാണ്. റോഡ് ഐലൻഡിലെ വൈൽഡ് ലൈഫ് ക്ലിനിക്കിൽ നിന്നുള്ള ഒരു കുഞ്ഞ് കയോട്ടി കൂടി ബാർൺസ്റ്റബിൾ സെന്ററിൽ എത്തിയിട്ടുണ്ട്. ഉടനെ തന്നെ രണ്ട് കയോട്ടികളെയും പരിചയപ്പെടുത്തും. വാക്സിനെടുത്ത ശേഷം രണ്ടിനെയും ഒരുമിച്ച് വളർത്താനാണ് സെന്റർ തീരുമാനിച്ചിരിക്കുന്നത്. 

എന്തായാലും, പട്ടിക്കുട്ടിയാണ് എന്ന് കരുതി കയോട്ടിയെ എടുത്തതും കയോട്ടി ആണ് എന്ന് തിരിച്ചറിഞ്ഞയുടനെ തന്നെ അധികൃതരെ വിവരമറിയിച്ചതുമെല്ലാം സെന്റർ സന്തോഷത്തോടെയാണ് നോക്കിക്കാണുന്നത്. എന്നാൽ, ഇങ്ങനെയുള്ള മൃ​ഗങ്ങൾ രോഹവാഹകരാകാം എന്നും മറ്റ് റിസ്കുകൾ ഉണ്ടാകാം എന്നും അതിനാൽ അതുപോലെയുള്ളവയെ കാണുമ്പോൾ ബന്ധപ്പെട്ടവരാരും വരാതെ അവയുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം എന്നും അധികൃതർ പറയുന്നു.