വീഡിയോയിൽ ഇവർ പറയുന്നത് കഴിഞ്ഞ ജനുവരിയിൽ കൊവിഡ് 19 ബാധിച്ചു മരിച്ച എഡിത്ത് ക്രൂവിസ് എന്ന 74 -കാരിയുടേതാണ് ചിതാഭസ്മം എന്നാണ്.

ഹാലോവിൻ ആഘോഷങ്ങൾക്കായി ഓർഡർ ചെയ്തപ്പോൾ കിട്ടിയ ശവമഞ്ചത്തിനുള്ളിൽ നിന്നും മരിച്ചുപോയ സ്ത്രീയുടെ ചിതാഭസ്മം ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെത്തി. മേരിലാൻഡിലെ ഒരു കുടുംബമാണ് ഹാലോവീനാഘോഷങ്ങൾക്കായി ശവമഞ്ചം ഓർഡർ ചെയ്തത്. വീട്ടിലെത്തിയ ശവമഞ്ചം തുറന്നു നോക്കിയപ്പോൾ വീട്ടുകാർ ഞെട്ടി. അതിനുള്ളിൽ മുമ്പ് എങ്ങോ മരിച്ചുപോയ ഒരു സ്ത്രീയുടെ ചിതാഭസ്മം പോലെ തോന്നിപ്പിക്കുന്ന ചാരവും മരണ സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ളവ കണ്ടെത്തി.

ഫേസ്ബുക്കിലെ മാർക്കറ്റ് പ്ലേസിൽ നിന്നുമാണ് ഇവർ ശവമഞ്ചം ഓർഡർ ചെയ്തത്. ഏതായാലും മരണപ്പെട്ട സ്ത്രീയുടെ ബന്ധുക്കൾക്ക് ചിതാഭസ്മവും ശവമഞ്ചത്തിനുള്ളിൽ നിന്നും കണ്ടെത്തിയ മറ്റ് വസ്തുക്കളും തിരിച്ചു നൽകാൻ തയ്യാറാണ് എന്ന് പറഞ്ഞുകൊണ്ട് ടിക് ടോക്കിൽ ഒരു വീഡിയോ ഇവർ പോസ്റ്റ് ചെയ്തു. വീഡിയോയിൽ ഇവർ പറയുന്നത് കഴിഞ്ഞ ജനുവരിയിൽ കൊവിഡ് 19 ബാധിച്ചു മരിച്ച എഡിത്ത് ക്രൂവിസ് എന്ന 74 -കാരിയുടേതാണ് ചിതാഭസ്മം എന്നാണ്. ക്രൂവിന്റെ ഫോട്ടോ, അവളുടെ സോഷ്യൽ സെക്യൂരിറ്റി നമ്പർ ഉള്ള അവളുടെ മരണ സർട്ടിഫിക്കറ്റ്, അവൾ ധരിച്ചിരുന്ന ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ബ്രേസ്‌ലെറ്റ് എന്നിവ ഉൾപ്പെടുന്ന മറ്റ് സാധനങ്ങൾ പെട്ടിയുടെ കാർഡ്ബോർഡിന് അടിയിൽ ടേപ്പ് ചെയ്ത നിലയിലാണ് കണ്ടെത്തിയതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ടിക്ക് ടോക്ക് വീഡിയോ ശ്രദ്ധയിൽപ്പെട്ട മരിച്ച സ്ത്രീയുടെ ചെറുമകൾ ശവമഞ്ചം വാടകയ്ക്ക് എടുത്ത കുടുംബത്തെ ബന്ധപ്പെടുകയും അവരുടെ പ്രിയപ്പെട്ട മുത്തശ്ശിയുടെ സാധനങ്ങൾ തിരികെ വാങ്ങുകയും ചെയ്തു. കേടുപാടുകൾ ഒന്നും കൂടാതെ അവ തങ്ങൾക്ക് തിരികെ നൽകിയ കുടുംബത്തോട് അവർ നന്ദി പറയുകയും ചെയ്തു. ഫ്രീമാൻ ഫ്യൂണറൽ സർവീസസ് വഴിയാണ് ക്രൂവിന്റെ ശവസംസ്കാര ചടങ്ങുകൾക്കായി ശവമഞ്ചം വാടകയ്‌ക്കെടുത്തതെന്നും കുടുംബം പറഞ്ഞു.