തുർക്കിയിലെ 'നാലുകാലിൽ നടക്കുന്ന' കുടുംബം, കാരണമെന്ത് എന്നത് ഉത്തരം കിട്ടാത്ത ചോദ്യം, കൂടാതെ ഒറ്റപ്പെടുത്തലും
ആധുനിക മനുഷ്യരിലൊന്നും തന്നെ ഇത്തരം ഒരു അവസ്ഥ നേരത്തെ ഉണ്ടായിട്ടില്ല. ഈ ആറ് പേരിൽ ഒരുകുട്ടി നേരത്തെ മരിച്ചു.

മനുഷ്യർ രണ്ട് കാലുകളിലാണ് നടക്കുന്നത്. എന്നാൽ, തുർക്കിയിൽ നിന്നുമുള്ള ഉലാസ് കുടുംബത്തിലെ ചില അംഗങ്ങൾ രണ്ട് കൈകളും കൂടി ഉപയോഗിച്ചാണ് നടക്കുന്നത്. അതിനാൽ തന്നെ 'നാലുകാലിൽ നടക്കുന്ന കുടുംബം' എന്നാണ് ഇവർ അറിയപ്പെടുന്നത്.
ലോകത്തിലുള്ള സകല ഗവേഷകരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു ഇവരുടെ അവസ്ഥ. ഇത് എന്തുകൊണ്ട് എന്നതിന് ഇതുവരെ ഒരുത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു സയൻസ് പേപ്പറിലൂടെയാണ് കുടുംബം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് 2006 -ൽ ബിബിസിയിൽ "The Family That Walks on All Fours" എന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങി.
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ ഇവല്യൂഷണറി സൈക്കോളജിസ്റ്റ് ആയ പ്രൊഫ. നിക്കോളാസ് ഹംഫ്രിയുടെ അഭിപ്രായത്തിൽ, ഈ കുടുംബത്തിലെ 18 കുട്ടികളിൽ ആറ് പേരും ഇതുപോലെ നടക്കുന്ന അവസ്ഥയോടെയാണ് ജനിച്ചത്. എന്തുകൊണ്ട് ഈ ആളുകളിൽ ഇങ്ങനെ സംഭവിച്ചു എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് ഹംഫ്രി അഭിപ്രായപ്പെടുന്നു. മനുഷ്യരെ മറ്റ് ജന്തുജാലങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്ന ഒരു കാര്യം അവർ രണ്ട് കാലിൽ നടക്കുന്നു എന്നതാണ് എന്നും ഹംഫ്രി പറഞ്ഞു.
ആധുനിക മനുഷ്യരിലൊന്നും തന്നെ ഇത്തരം ഒരു അവസ്ഥ നേരത്തെ ഉണ്ടായിട്ടില്ല. ഈ ആറ് പേരിൽ ഒരുകുട്ടി നേരത്തെ മരിച്ചു. ഇവരുടെ അവസ്ഥ മനസിലാക്കുന്നതിന് വേണ്ടി നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട് എങ്കിലും ഒന്നും തന്നെ ഈ അവസ്ഥയ്ക്ക് എന്താണ് കാരണം എന്നതിന് വ്യക്തമായ ഒരുത്തരം തരാൻ പര്യാപ്തമായിരുന്നില്ല.
അതേസമയം, മറ്റ് ഗ്രാമവാസികളിൽ നിന്നും ആളുകളിൽ നിന്നും തികച്ചും ഒറ്റപ്പെടലും പരിഹാസവും ഇവർക്ക് അനുഭവിക്കേണ്ടി വന്നതായി നിരവധി മാധ്യമങ്ങളിൽ വന്ന വാർത്തകൾ പറയുന്നു.