Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രിപോലും അഭിനന്ദിച്ച ആ കര്‍ഷകന് കൊവിഡ് പൊസിറ്റീവ്; ആരാണ് കാമേഗൗഡ

തന്‍റെ ഗ്രാമത്തിലും ചുറ്റുമായി അദ്ദേഹം കുത്തിയത് 16 കുളങ്ങളാണ്. എല്ലാക്കാലവും വരള്‍ച്ചയെ നേരിട്ടുകൊണ്ടിരുന്ന ആ  ഗ്രാമത്തില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഈ കുളങ്ങള്‍ കാരണം ജലക്ഷാമമില്ല. 

farmer kamegowda tests covid positive
Author
Mandya, First Published Jul 23, 2020, 3:36 PM IST

പ്രധാനമന്ത്രി പോലും അഭിനന്ദിച്ച കര്‍ണാടകയിലെ കര്‍ഷകന്‍ കാമേഗൗഡയ്ക്ക് കൊവിഡ് പൊസിറ്റീവ്. തന്‍റെ ഗ്രാമത്തിലെ വളര്‍ച്ചയ്ക്ക് അറുതി വരുത്തുന്ന തരത്തില്‍ 16 കുളങ്ങള്‍ കുത്തിയതിന് കുറച്ച് നാളുകള്‍ക്ക് മുമ്പ് പ്രധാനമന്ത്രി അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ബുധനാഴ്‍ചയാണ് കാമേഗൗഡയ്ക്ക് കൊവിഡ് പൊസിറ്റീവ് ആണെന്ന് മകന്‍ കൃഷ്‍ണ വെളിപ്പെടുത്തിയത്. 

85 വയസ്സായ പിതാവ് ആസ്ത്മ രോഗിയാണെന്നും ശ്വാസം കഴിക്കാനുണ്ടായ ബുദ്ധിമുട്ടിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തുകയും തുടര്‍ന്ന് പൊസിറ്റീവാണെന്ന് തിരിച്ചറിയുകയുമായിരുന്നുവെന്നാണ് കൃഷ്‍ണ പറഞ്ഞത്. മാണ്ഡ്യയില്‍ നിന്നും 27 കിലോമീറ്റര്‍ മാറിയാണ് അദ്ദേഹത്തിന്‍റെ ഗ്രാമം. 

തിങ്കളാഴ്‍ച രാത്രി ജില്ലാ അധികൃതര്‍ ഒരു ആംബുലന്‍സ് അയക്കുകയും അച്ഛനെ ജില്ലാ ആശുപത്രിയില്‍ അഡ്‍മിറ്റ് ചെയ്യുകയും ചെയ്‍തു. രോഗികള്‍ക്ക് പ്രത്യേകിച്ച് പ്രായമായവര്‍ക്ക് നിര്‍ബന്ധമായും കൊവിഡ് പരിശോധന വേണമെന്നതിനാല്‍ നടത്തിയ പരിശോധനയിലാണ് കാമേഗൗഡയ്ക്കും പൊസിറ്റീവാണെന്ന് തിരിച്ചറിഞ്ഞതെന്നും മകന്‍ പറഞ്ഞു. രണ്ട് ആണ്‍മക്കളും അവരുടെ ഭാര്യമാരുമടങ്ങുന്ന കുടുംബാംഗങ്ങളും കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. അവര്‍ ഹോം ക്വാറന്‍റൈനിലാണ്. 

ആരാണ് കാമേഗൗഡ? 

കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഒരു ഗ്രാമത്തിലെ കര്‍ഷകനാണ് കാമേഗൗഡ. തന്‍റെ ഗ്രാമത്തിലും ചുറ്റുമായി അദ്ദേഹം കുത്തിയത് 16 കുളങ്ങളാണ്. എല്ലാക്കാലവും വരള്‍ച്ചയെ നേരിട്ടുകൊണ്ടിരുന്ന ആ  ഗ്രാമത്തില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഈ കുളങ്ങള്‍ കാരണം ജലക്ഷാമമില്ല. സമീപകാലത്തായി ഈ പ്രവൃത്തിയുടെ പേരില്‍ കാമേഗൗഡയെ പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തിലൂടെ പ്രശംസിച്ചിരുന്നു. 'ആരെയും ആശ്ചര്യപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് സാധാരണക്കാരനായ ആ കര്‍ഷകന്‍ കാഴ്‍ച വച്ചതെന്നായിരുന്നു' പ്രധാനമന്ത്രിയുടെ പരാമര്‍ശം. 

എന്നാല്‍, കാമേഗൗഡയ്ക്ക് പെട്ടെന്ന് കിട്ടിയ താരപരിവേഷത്തിലൊന്നും വലിയ കൗതുകമൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം അപ്പോഴും ആളുകളില്‍ നിന്നും തിരക്കില്‍ നിന്നുമെല്ലാം ഒഴിഞ്ഞ് കുളം കുഴിക്കുന്നത് തുടരുകയായിരുന്നു. ഏകദേശം 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദാസനദൊഡ്ഡി എന്ന ഗ്രാമം ജലദൗര്‍ല്ലബ്യത്താല്‍ വലഞ്ഞത്. അവിടെ കുളങ്ങളോ തടാകങ്ങളോ ഇല്ലായിരുന്നു. 

farmer kamegowda tests covid positive

എന്നാല്‍, കാമേഗൗഡ കുളം കുത്തിത്തുടങ്ങാന്‍ കാരണം ഇതൊന്നുമായിരുന്നില്ല. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും കുടിക്കാന്‍ വെള്ളത്തിനായാണ് കാമേഗൗഡ കുളം കുത്തിത്തുടങ്ങിയത്. ഒരിക്കല്‍, കുന്നിന്‍ചരിവുകളില്‍ വിശ്രമിക്കുമ്പോഴാണ് അവിടെയെത്തുന്ന മൃഗങ്ങള്‍ക്കോ പക്ഷികള്‍ക്കോ വെള്ളം കുടിക്കാനൊരിടമില്ലെന്ന് അദ്ദേഹത്തിന് മനസിലായത്. കൊടുംചൂടില്‍ വെള്ളം കിട്ടാതെ അവ എത്രമാത്രം കഷ്‍ടപ്പെടുന്നുവെന്നും അദ്ദേഹത്തിന് മനസിലായി. അങ്ങനെയാണ് ആദ്യമായി അവയ്ക്കുവേണ്ടി അദ്ദേഹം ഒരു കുളം കുത്തിത്തുടങ്ങിയത്. അതിരാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ കാമേഡൗഡ തിരികെയെത്തുന്നത് രാത്രി വൈകിയാവും. ഓരോ കുളം കുത്തിത്തീരുമ്പോഴും അദ്ദേഹം പുതിയതൊന്ന് കുത്തിത്തുടങ്ങും. കയ്യിലെ കാശെല്ലാം കുളം കുത്താനുള്ള ഉപകരണങ്ങള്‍ വാങ്ങാനായി അദ്ദേഹം ഉപയോഗിച്ചു. ചിലപ്പോള്‍ സ്വന്തം ആടുകളെ വിറ്റു, പല ജോലികളും ചെയ്‍തു, എല്ലാം കുളം കുത്താനുള്ള കാശ് കണ്ടെത്തുന്നതിനായിരുന്നു. 

പലപ്പോഴും ജനങ്ങള്‍ പോലും അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഈ വ്യത്യസ്‍തമായ പ്രവര്‍ത്തനങ്ങള്‍ കണ്ട് സ്വന്തം ബന്ധുക്കള്‍പോലും അയാളെ പരിഹസിച്ച് ചിരിച്ചു. സര്‍ക്കാര്‍ വക ഭൂമിയിലാണ് കുളം കുത്തുന്നതെന്നും അതൊന്നും നടക്കില്ലെന്നും പറഞ്ഞ് വേറെ കുറേപ്പേര്‍ തടസം നിന്നു. പക്ഷേ, അവിടം കൊണ്ടൊന്നും കാമേഗൗഡ നിര്‍ത്തിയില്ല. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ആവശ്യത്തിന് വെള്ളവും തണലുമെല്ലാം കിട്ടുന്നതുവരെ അദ്ദേഹം തന്‍റെ പണി തുടര്‍ന്നു. വെറും കുളം കുത്തുക മാത്രമല്ല അദ്ദേഹം ചെയ്‍തുപോന്നത്. ഞാവലിന്‍റേതടക്കമുള്ള മരങ്ങളും പലപല ചെടികളുമെല്ലാം അതിനുചുറ്റും നട്ടുപിടിപ്പിക്കുകയും ചെയ്‍തു. അത് പയ്യെപ്പയ്യെ ആ ഗ്രാമത്തെ പച്ചപ്പുള്ളതാക്കിത്തീര്‍ത്തു. കന്നുകാലികള്‍ വെള്ളം തേടി കുളക്കരയിലെത്തി. സമീപത്തെ മരങ്ങളില്‍ പക്ഷികള്‍ വന്നിരുന്നു തുടങ്ങി. 

ആദ്യമാദ്യമെല്ലാം അദ്ദേഹം തനിച്ചായിരുന്നു ഈ ജോലികളെല്ലാം ചെയ്‍തിരുന്നത്. എന്നാല്‍, അദ്ദേഹത്തിന് വയസായപ്പോള്‍ കൂടെ ചില തൊഴിലാളികളെക്കൂടി കൂട്ടി. അദ്ദേഹം കുഴിച്ച കുളങ്ങളെല്ലാം പരസ്‍പരം ബന്ധിപ്പിച്ചു നില്‍ക്കുന്നതാണ്. പലപ്പോഴും അയാള്‍ നിര്‍മ്മിച്ച കുളങ്ങള്‍ക്കരികിലെ പാറകളില്‍ പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം വിളിച്ചോതുന്ന ചില ഉദ്ധരണികളും അദ്ദേഹം എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഒരിക്കല്‍പോലും സ്‍കൂളില്‍ പോയിട്ടില്ലാത്ത ആളാണ് അദ്ദേഹം. 

ആ കുളങ്ങളെയെല്ലാം സ്വന്തം മക്കളെപ്പോലെയാണ് കാമേഗൗഡ കണ്ടിരുന്നത്. പേരക്കുട്ടികളുടെ പേരുപോലും പലതിനും നല്‍കി. ഓരോ ദിവസവും ഗ്രാമത്തിലാകെ സഞ്ചരിച്ച് ആ കുളങ്ങളെല്ലാം കാണാനും അദ്ദേഹം മറക്കാറില്ല. അദ്ദേഹത്തിന്‍റെ രണ്ടേക്കര്‍ സ്ഥലത്തുള്ള വീടുപോലും പാതി പണിതിട്ടിരിക്കുകയാണ്. കാരണം വേറൊന്നുമല്ല സമ്പാദ്യം മുഴുവനും ചെലവഴിക്കുന്നത് കുളം നിര്‍മ്മിക്കാനാണ്. 2017 -ല്‍ Basavashri Award -ന്‍റെ ഭാഗമായി അഞ്ച് ലക്ഷം രൂപ കിട്ടിയതും അദ്ദേഹം ചെലവഴിച്ചത് കുളത്തിനുവേണ്ടിയാണ്. 

2018 -ല്‍ അദ്ദേഹത്തെ രാജ്യോത്സവ പുരസ്‍കാരം നേടി. പുരസ്‍കാരദാന ചടങ്ങില്‍ എന്നാല്‍, കാമേഗൗഡ ആകെ ആവശ്യപ്പെട്ടത് സൗജന്യമായി എവിടെയും ബസ് യാത്ര അനുവദിക്കണം എന്ന് മാത്രമായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് അത് യാഥാര്‍ത്ഥ്യമാവുകയും ചെയ്‍തു. കെഎസ്‍ആര്‍ടിസി ബസില്‍ അദ്ദേഹത്തിന് സൗജന്യയാത്ര നടത്താം. അതുവഴി കുളങ്ങളുടെ അടുത്തേക്ക് അദ്ദേഹത്തിന് യാത്ര ചെയ്യാം. ഇന്ന് അദ്ദേഹം നിര്‍മ്മിച്ച കുളങ്ങളിലെല്ലാം വെള്ളമുണ്ട്. കടുത്ത വേനലില്‍ പോലും അവ അത്ര എളുപ്പമൊന്നും വറ്റില്ല. അതുപോലെതന്നെ കാമേഗൗഡ നട്ട ചെടികളും മരങ്ങളുമെല്ലാം അവിടെ പച്ചപ്പും തീര്‍ക്കുന്നു. ഒരിക്കല്‍ പരിഹസിച്ചിരുന്നവരെല്ലാം ഇന്നദ്ദേഹത്തെ നന്ദിയോടെ കാണുന്നു. 

എത്രയും പെട്ടെന്ന് അദ്ദേഹം കൊവിഡില്‍ നിന്നും മുക്തനാവുമെന്ന് പ്രതീക്ഷിക്കാം. 

Follow Us:
Download App:
  • android
  • ios