200 ലിറ്റർ വിനാഗിരിയിൽ നിന്ന് ഏകദേശം 2000 രൂപയുടെ ലാഭം ശുക്ല ഉണ്ടാക്കുന്നു. വിനാഗിരിയുടെ വിജയത്തിന് ശേഷം അദ്ദേഹത്തിന്റെ കമ്പനി വ്യത്യസ്ത അച്ചാറുകളും ഉണ്ടാക്കുന്നു.
ഇന്ന് തൊഴിൽ തേടി യുവാക്കൾ വലിയ വലിയ നഗരങ്ങളിലേയ്ക്ക് കുടിയേറുമ്പോൾ, ഒരു വൃദ്ധകർഷകൻ തന്റെ ഗ്രാമത്തിൽ കച്ചവടം ചെയ്ത് കോടികൾ സമ്പാദിക്കുകയാണ്. അത് മാത്രവുമല്ല, തന്റെ ഗ്രാമത്തിലെ അനേകായിരങ്ങൾക്ക് അദ്ദേഹം തൊഴിലും വാഗ്ദാനം ചെയ്യുന്നു. ഉത്തർപ്രദേശിലെ കേശവപൂരിലെ ഒരു ചെറിയ ഗ്രാമത്തിലാണ് സഭാപതി ശുക്ല(Sabhapati Shukla) താമസിക്കുന്നത്. തുടക്കത്തിൽ കൃഷിയിൽ നിന്ന് കാര്യമായ ലാഭമൊന്നും നേടാനാകാതെ ദുരിതത്തിലായ അദ്ദേഹം ഇന്ന് ആ കൃഷിയിൽ നിന്ന് തന്നെ ലക്ഷങ്ങൾ സമ്പാദിക്കുന്നു, അതിന് കാരണം അദ്ദേഹം വരുത്തിയ വളരെ ചെറിയ ഒരു മാറ്റമാണ്.
2001 -ലാണ് ശുക്ല തന്റെ കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ് ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിക്കുന്നത്. തനിക്ക് ലഭിച്ച ഓഹരിയിൽ ഒരു ചെറിയ കുടിൽ കെട്ടി അദ്ദേഹം ജീവിതം ആരംഭിച്ചു. ജോലിതേടി നഗരങ്ങളിലേക്ക് കുടിയേറുന്നത് അദ്ദേഹത്തിന് ചിന്തിക്കാൻ പോലും സാധിച്ചില്ല. പകരം, തന്റെ ഗ്രാമത്തിൽ താമസിച്ച് കാര്യമായ എന്തെങ്കിലും ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ ഗ്രാമീണ ബാങ്കിൽ നിന്ന് വായ്പയെടുത്ത് ശുക്ല സ്വന്തം ഭൂമിയിൽ കരിമ്പിൻ കൃഷി തുടങ്ങി. രണ്ടുവർഷത്തോളം അത് നല്ല രീതിയിൽ പോയി. എന്നാൽ, 2003 -ന് ശേഷം കരിമ്പിൻ കൃഷി കനത്ത നഷ്ടത്തിലായി. അങ്ങേയറ്റം നിരാശനായ അദ്ദേഹം ഒരു രാത്രി, തന്റെ കരിമ്പിൻ തോട്ടം തീയിട്ട് നശിപ്പിക്കാൻ വരെ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ഈ വിഷമാവസ്ഥ കണ്ട് ഭാര്യക്ക് ദയവ് തോന്നി. അവർ ഒരു പുതിയ ആശയം ഭർത്താവിന് മുന്നിൽ അവതരിപ്പിച്ചു. കരിമ്പ് കത്തിക്കാൻ വരട്ടെ, അതിന് പകരം അതിന്റെ നീരിൽ നിന്ന് വിനാഗിരി തയ്യാറാക്കി ഗ്രാമവാസികൾക്കിടയിൽ നമുക്കൊന്ന് വിതരണം ചെയ്തു നോക്കാമെന്ന് ഭാര്യ അദ്ദേഹത്തോട് പറഞ്ഞു.
ഒരു അവസാന ശ്രമമെന്ന നിലയിൽ അദ്ദേഹം കരിമ്പിൽ നിന്ന് വിനാഗിരിയുണ്ടാക്കി ആളുകൾക്ക് വിതരണം ചെയ്തു. ഗ്രാമവാസികൾക്ക് വിനാഗിരിയുടെ രുചി വളരെ ഇഷ്ടപ്പെട്ടു. കൂടുതൽ വേണമെന്ന ആവശ്യവുമായി അവർ ശുക്ലയുടെ അടുത്തെത്തി. കരിമ്പ് നീരിൽ നിന്ന് വിനാഗിരി ഉണ്ടാക്കുന്നത് വലിയൊരു ബിസിനസ്സ് സാധ്യതയാണെന്ന് അദ്ദേഹം മനസ്സിലാക്കി. ഇത് ഒരു വിപ്ലവം കൊണ്ടുവന്നു. തുടർന്ന് രാവെന്നോ പകലെന്നോയില്ലാതെ അദ്ദേഹം അധ്വാനിച്ച് വലിയ തോതിൽ വിനാഗിരി ഉണ്ടാക്കാൻ തുടങ്ങി.
തന്റെ പരിചയക്കാരിൽ ഒരാൾക്ക് ഒരു ലിറ്റർ വിനാഗിരി വിറ്റ് ശുക്ല ആരംഭിച്ച ബിസിനസ്സ് പെട്ടെന്ന് തന്നെ വളർന്നു. തുടർന്ന്, അടുത്തുള്ള ചെറിയ കടകളിൽ അദ്ദേഹം വിനാഗിരി വിതരണം ചെയ്യാൻ തുടങ്ങി. ഉൽപ്പന്നത്തിന്റെ ഉയർന്ന നിലവാരം അതിന്റെ വിജയത്തിന് കാരണമായി. ഉൽപ്പന്നത്തിന്റെ ഡിമാൻഡ് വർധിച്ചതോടെ ബിസിനസ് വിപുലീകരിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഇന്ന്, ഉത്തർപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, പഞ്ചാബ്, ബംഗാൾ, ഡൽഹി തുടങ്ങി രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലേയ്ക്കും ദശലക്ഷക്കണക്കിന് ലിറ്റർ വിനാഗിരി അദ്ദേഹം വിതരണം ചെയ്യുന്നു. കോടിക്കണക്കിന് രൂപയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ബിസിനസിന്റെ വാർഷിക വിറ്റുവരവ്.
200 ലിറ്റർ വിനാഗിരിയിൽ നിന്ന് ഏകദേശം 2000 രൂപയുടെ ലാഭം ശുക്ല ഉണ്ടാക്കുന്നു. വിനാഗിരിയുടെ വിജയത്തിന് ശേഷം അദ്ദേഹത്തിന്റെ കമ്പനി വ്യത്യസ്ത അച്ചാറുകളും ഉണ്ടാക്കുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ഗ്രാമത്തിലെ യുവജനങ്ങൾക്ക് ജോലി തേടി അന്യദേശത്ത് അലയേണ്ട. ഗ്രാമത്തിലെ എല്ലാ തൊഴിൽരഹിതരായ യുവാക്കൾക്കും അദ്ദേഹം തൊഴിൽ നൽകുന്നു. അങ്ങനെ ഒരുകാലത്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ടിരുന്ന ഗ്രാമീണർ ഇന്ന് മാന്യമായ ജീവിതം നയിക്കുന്നു.
കൂടാതെ ഫാക്‌ടറിക്ക് പിന്നിലെ തന്റെ ഭൂമിയിൽ അദ്ദേഹം ഒരു ഡയറി ഫാമും ആരംഭിച്ചിരിക്കുന്നു. സമീപഭാവിയിൽ ഹൈവേയിൽ ഒരു റെസ്റ്റോറന്റ് തുറക്കാനും അദ്ദേഹം പദ്ധതിയിടുന്നു. നമ്മുടെ ജീവിതം മികച്ചതാക്കാൻ നല്ലൊരു അവസരത്തിനായി കാത്തിരിക്കുന്നതിന് പകരം, നമുക്ക് ചുറ്റുമുള്ള അവസരങ്ങളെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്ന് ശുക്ല ഓർമിപ്പിക്കുന്നു.
