നമ്മള്‍ ഫ്രിഡ്‍ജും ടി.വിയും വാഷിങ് മെഷീനും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിക്കൂട്ടുന്നതുപോലെ ഇനി മുതല്‍ പശു, എരുമ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ വാങ്ങാനും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. ക്ഷീര കര്‍ഷകര്‍ക്കായി ആവിഷ്‌കരിച്ച ഈ പദ്ധതി പ്രകാരം ഹരിയാനയിലെ 101 കര്‍ഷകര്‍ക്കാണ് ആദ്യമായി 'പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്' വിതരണം ചെയ്തിരിക്കുന്നത്. 2021 മാര്‍ച്ച് ആകുമ്പോഴേക്കും പത്ത് ലക്ഷം കര്‍ഷകര്‍ക്ക് പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യണമെന്നതാണ് സര്‍ക്കാരിന്റെ തീരുമാനം.

എന്താണ് പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്?

പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പ്രകാരം ബാങ്കില്‍ നിന്നും ഒരു എരുമയ്ക്ക് 60,249 രൂപയും പശുവിനായി 40,783 രൂപയും നല്‍കും. അതുപോലെ ആടിനും ആട്ടിന്‍കുട്ടിക്കുമായി 4063 രൂപ വീതം നല്‍കും. പന്നി വളര്‍ത്തുന്നവര്‍ക്ക് 16,337 രൂപ നല്‍കും. ബ്രോയിലര്‍ കോഴിക്ക് 161 രൂപയും ലഭിക്കുന്നതാണ്.

പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതുവഴി ക്ഷീര കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ഉണ്ടാക്കുകയെന്നതാണ് ഹരിയാനയില്‍ സര്‍ക്കാര്‍  ലക്ഷ്യമാക്കുന്നത്. ഈ കാര്‍ഡ് ഉപയോഗിച്ച് കര്‍ഷകര്‍ക്ക് ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, ഫ്രിഡ്‍ജ് തുടങ്ങിയ ഗൃഹോപകരണങ്ങളും വാങ്ങിക്കാം.

സംസ്ഥാനത്ത് അഗ്രി ബിസിനസ് വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹരിയാനയില്‍ ഇത്തരമൊരു പദ്ധതിക്ക് തുടക്കംകുറിച്ചതെന്ന് കൃഷിമന്ത്രി ജയ് പ്രകാശ് ദലാല്‍ പറഞ്ഞു. അനിമല്‍ ഹസ്ബന്‍ഡറി ഡെവലപ്‌മെന്റ് ബോര്‍ഡുമായി സഹകരിച്ചാണ് കര്‍ഷകര്‍ക്ക് പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണം ചെയ്തത്. ഇതോടൊപ്പം പണ്ഡിറ്റ് ദീന്‍ദയാല്‍ ആനിമല്‍ ഇന്‍ഷുറന്‍സ് സ്‌കീമിന്റെ ഔപചാരികമായ ഉദ്ഘാടനവും നിര്‍വഹിച്ചു. കൃഷിയിലൂടെയും മൃഗസംരക്ഷണമേഖല വഴിയും സംസ്ഥാനത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഹരിയാനയിലെ ഭിവാനി ജില്ലയിലെ കര്‍ഷകര്‍ക്കാണ് പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കിയത്.

യുവാക്കള്‍ക്ക് ഹോര്‍ട്ടികള്‍ച്ചര്‍ രംഗത്തും മൃഗസംരക്ഷണമേഖലയിലും തൊഴില്‍ കണ്ടെത്താനുള്ള നൈപുണ്യ വികസനത്തിനുള്ള പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ പരിശീലനം ലഭിച്ച യുവാക്കള്‍ക്ക്  വികസിത രാജ്യങ്ങളില്‍ നല്ല തൊഴിലവസരം ഉറപ്പാക്കാം. കൃഷിയും മൃഗസംരക്ഷണവും വികസിതരാജ്യങ്ങളില്‍ ആധുനികവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഹരിയാനയിലെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്ന് മന്ത്രി് പറഞ്ഞു. ഈ ലക്ഷ്യത്തോടെ കര്‍ഷകര്‍ക്കും മൃഗസംരക്ഷണമേഖലയുമായി ബന്ധപ്പെട്ടവര്‍ക്കും നിരവധി പദ്ധതികളും പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷീര കര്‍ഷകര്‍ക്കായുള്ള മറ്റു പദ്ധതികള്‍

പ്രളയത്തില്‍പ്പെട്ട് കഷ്ടതയനുഭവിക്കുന്ന ക്ഷീര കര്‍ഷകര്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് ക്ഷീര നവോത്ഥാനം. ഒരു പശു യൂണിറ്റിന് 41,000 രൂപ വീതമാണ് 66 കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നത്. ഒരു പശുവും കിടാവുമുള്ള യൂണിറ്റിന് 3.6 ലക്ഷവും മൂന്ന് പശുക്കളും രണ്ട് കിടാങ്ങളുമുള്ള യൂണിറ്റുകള്‍ക്കായി 10.2 ലക്ഷവുമാണ് ആകെ അനുവദിച്ചത്. കാലിത്തൊഴുത്തുകളുടെ നിര്‍മാണങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി 20.4 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

പശുക്കളുടെ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തിയാണ് 'രാഷ്ട്രീയ ഗോകുല്‍ മിഷന്‍' എന്ന പദ്ധതി സര്‍ക്കാര്‍ തീരുമാനിച്ചത്. മറ്റൊരു പദ്ധതിയാണ് 'രാഷ്ട്രീയ കാമധേനു ആയോഗ്'. ഇതിനായി 500 കോടി രൂപയാണ് കഴിഞ്ഞ ഇടക്കാല ബജറ്റില്‍ വകയിരുത്തിയത്. ഇപ്പോള്‍ രാജ്യത്തെ ക്ഷീര കര്‍ഷകര്‍ക്ക് പുതിയ ഊര്‍ജം നല്‍കാനാണ് ഇങ്ങനെയൊരു പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണം ചെയ്തിരിക്കുന്നത്.

കന്നുകാലികളുടെ എണ്ണം കൂട്ടാനും തദ്ദേശീയ ഇനത്തില്‍പ്പെട്ട പശുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മായം കലര്‍ന്ന പാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നത് തടയാന്‍ മീനാക്ഷിപുരത്തും ആര്യങ്കാവിലും ചെക്ക്പോസ്റ്റും ലാബും ആരംഭിച്ചെങ്കിലും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ കലര്‍ന്ന പാല്‍ ഇന്നും നമ്മുടെ കൈകളിലെത്തുന്നുണ്ട്.