മക്കളായ അൻഷു, റീതു, സുമൻ എന്നിവരാണ് ഈ വർഷം സംസ്ഥാനത്തെ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചത്. സഹാറന്റെ മറ്റ് രണ്ട് പെൺമക്കളായ റോമയും മഞ്ജുവും ദീർഘകാലമായി സിവിൽ സർവീസിന്റെ ഭാഗമാണ്.
രാജസ്ഥാനിലെ ഹനുമാൻഗർഹിൽ നിന്നുള്ള സഹദേവ് സഹാറൻ എന്ന കർഷകൻ എട്ടാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും വിദ്യാഭ്യാസമില്ല. ജീവിതത്തിൽ പലപ്പോഴും അതിന്റെ പേരിൽ തലകുനിച്ച് നിൽക്കേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. എന്നാൽ ഇനി ഇല്ല. അദ്ദേഹത്തിന്റെ അഞ്ചു പെൺമക്കളും ഇപ്പോൾ രാജസ്ഥാൻ സിവിൽ സർവീസിലാണ്. ഇന്ന് അദ്ദേഹം മാത്രമല്ല, രാജസ്ഥാൻ മുഴുവനും ആ കുടുംബത്തെ ഓർത്ത് അഭിമാനിക്കുന്നു. രാജസ്ഥാനിലെ ഉൾപ്രദേശങ്ങളിൽ സ്ത്രീകളെ പഠിപ്പിക്കുന്നത് പോലും അപൂർവ്വമാണ്. പലപ്പോഴും പെണ്മക്കളെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിപ്പിക്കുന്ന പ്രവണതയാണ് അവിടെയുള്ളത്. എന്നാൽ അത്തരമൊരു സമൂഹത്തിൽ അഞ്ച് പെൺകുട്ടികൾ സംസ്ഥാനത്തെ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ചേരുന്നത് തീർത്തും വിസ്മയകരമായ ഒരു കാര്യമാണ്. മക്കളെക്കുറിച്ചോർക്കുമ്പോൾ ഇന്ന് അദ്ദേഹത്തിന് അഭിമാനം മാത്രമാണ്, ആ അച്ഛനെ കുറിച്ചേർത്ത് നാടിനും.
മക്കളായ അൻഷു, റീതു, സുമൻ എന്നിവരാണ് ഈ വർഷം സംസ്ഥാനത്തെ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചത്. സഹാറന്റെ മറ്റ് രണ്ട് പെൺമക്കളായ റോമയും മഞ്ജുവും ദീർഘകാലമായി സിവിൽ സർവീസിന്റെ ഭാഗമാണ്. രണ്ടായിരത്തിലധികം മത്സരാർത്ഥികൾ പരീക്ഷ എഴുതിയതിൽ അൻഷുവിന് 31-ാം റാങ്കും റീതുവിന് 96 -ഉം സുമന് 98-ാം റാങ്കും ലഭിച്ചു. കൃഷി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ആ കർഷകൻ കുടുംബത്തെ പോറ്റിയിരുന്നത്. എന്നിരുന്നാലും എല്ലാ അച്ഛൻമാരെ പോലെ അദ്ദേഹത്തിനും തന്റെ മക്കളെ ഒരു മികച്ച സ്കൂളിൽ ചേർത്ത് പഠിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ സാധിച്ചില്ല, മക്കൾ കൂടുതലും വീട്ടിലിരുന്നായിരുന്നു പഠിച്ചിരുന്നത്.
അവർ ഓപ്പൺ സ്കൂളിൽ നിന്നാണ് പത്താം ക്ലാസ്സ് പാസ്സാകുന്നത്. പിന്നീട് പ്രൈവറ്റായി ബിരുദവും പിഎച്ച്ഡിയും എടുത്തു. മൂത്ത മകളായ റോമ 2010 -ലാണ് സിവിൽ സർവീസ് പരീക്ഷ പാസായത്. കുടുംബത്തിലെ ആദ്യത്തെ ഓഫീസറായി അവർ ഇപ്പോൾ ഒരു ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറാണ്. ഇളയ സഹോദരി മഞ്ജു സഹകരണ വകുപ്പിൽ പ്രവർത്തിക്കുന്നു. 2017 ലാണ് മഞ്ജു പരീക്ഷ പാസ്സായത്. നിരവധി പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നിട്ടും, അതിനെ മറികടന്ന് അവർ വിജയിച്ചതിൽ അഭിമാനമുണ്ടെന്ന് അവരുടെ അമ്മാവനായ മോഹൻലാൽ സഹാറൻ പറഞ്ഞു. ഗ്രാമത്തെ സംബന്ധിച്ചിടത്തോളം ആ സഹോദരിമാർ വഴികാട്ടികൾ മാത്രമല്ല, സ്വപ്നം കാണാൻ ഭയക്കുന്ന ഗ്രാമത്തിലെ പെൺകുട്ടികൾക്ക് പ്രചോദനം കൂടിയാണ്. അദ്ദേഹത്തിന്റെ ഇളയ മകനും എൻഐടി ഹാമിർപൂരിൽ നിന്ന് ബിരുദം നേടിയ ശേഷം ഇപ്പോൾ സിവിൽ സർവീസിനായി ഒരുങ്ങുകയാണ്.
