തനിക്ക് ഈ ജീവജാലങ്ങള്‍ക്ക് വേണ്ടി ഇത്രയൊക്കെയേ ചെയ്യാനാവൂ. തന്‍റെ കുടുംബത്തിലെ ആളുകള്‍ മറ്റ് ജീവജാലങ്ങളെ സംരക്ഷിക്കാന്‍ ആഹോരാത്രം ശ്രമിക്കുന്നത് കണ്ടാണ് താന്‍ വളര്‍ന്നത്. 

രാജസ്ഥാനിലെ ബുദ്ധ്നഗർ നിവാസിയാണ് അനിൽ ഷൌ എന്ന മുപ്പത്തിയൊന്നുകാരന്‍. ഒരു ബുധനാഴ്ച ഉച്ചയ്ക്കാണ് അവന് അമ്മയുടെ പരിഭ്രാന്തിയോടെയുള്ളൊരു വിളി വരുന്നത്. അടുത്തുള്ള സ്വന്തം ഫാമില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അമ്മ. ഫാമിനു ചുറ്റും നടക്കുകയായിരുന്ന ഒരു ചിങ്കാരമാനിനെ ഒരുകൂട്ടം തെരുവ് നായ്ക്കള്‍ അക്രമിക്കുകയായിരുന്നു. അനിലിന്‍റെ അമ്മ വേഗം നായ്ക്കളെ ഓടിച്ചു. പക്ഷേ, ചിങ്കാരയുടെ പിൻകാലുകളിൽ കടിച്ചതിനാൽ അതിന് അനങ്ങാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ അവരുടെ ഗ്രാമത്തിലെ അറിയപ്പെടുന്ന വന്യജീവി സംരക്ഷണ പ്രവർത്തകനായ ഫാർസ റാം ബിഷോയിയെ അവര്‍ ഫോണ്‍ വിളിച്ചു. 

ബുദ്ധ് നഗറില്‍ ജനിച്ചു വളര്‍ന്ന ഇരുപത്തിയഞ്ചുകാരനായ ഫര്‍സ റാം ബിഷ്നോയിക്ക് സംസാരിക്കാനോ, കേള്‍ക്കാന്‍ സാധിക്കുകയോ ചെയ്യില്ല. എന്നാല്‍, സമീപത്തുള്ള എല്ലാ മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദമാണവന്‍. അവയ്ക്ക് ഭക്ഷണവും അഭയവും നല്‍കുക മാത്രമല്ല പരിക്കേറ്റവയെ പരിചരിക്കുകയും വേണമെങ്കില്‍ ഡോക്ടറുടെ അടുത്ത് കൊണ്ടുപോവുകയും ചെയ്യുന്നു അവൻ. 

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ രമേഷ് പാണ്ഡേ കഴിഞ്ഞ ദിവസം ഫര്‍സയുടെ ഒരു വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കുകയുണ്ടായി. അതോടെ നിരവധി പേരാണ് ഫര്‍സയെ കുറിച്ച് അറിഞ്ഞതും അവനെ പ്രശംസിച്ചു കൊണ്ട് മുന്നോട്ട് വന്നതും. വീഡിയോയില്‍ പരിക്കേറ്റ ഒരു ചിങ്കാരമാനിനെയും തോളില്‍ വച്ചുകൊണ്ട് ഫര്‍സ ഓടുന്നതാണ് കാണുന്നത്. 

പരിക്കേറ്റ ചിങ്കാരമാനിനെ കണ്ടപ്പോള്‍ അനില്‍ ഫര്‍സയെ വീഡിയോകോള്‍ വിളിക്കുകയും അതിന് എന്താണ് പറ്റിയത് എന്ന് കാണിച്ചുകൊടുക്കുകയും ചെയ്തു. ലൊക്കേഷന്‍ അയച്ച് കൊടുത്ത് പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഫര്‍സ സ്ഥലത്തെത്തി. സാധാരണയായി ഫോറസ്റ്റ് ഓഫീസറെ വിളിക്കുകയും അടുത്ത നഗരത്തിലെ വെറ്ററിനറി ക്ലിനിക്കില്‍ പരിക്കേറ്റ മൃഗത്തെ എത്തിക്കുകയുമാണ് ചെയ്യാറ്. എന്നാല്‍, ഇതൊരു പാടത്തിന്‍റെ നടുവിലായത് കൊണ്ട് വാഹനം അവിടേക്ക് വരില്ല അങ്ങനെയാണ് ചിങ്കാരമാനിനെയും ചുമന്നുകൊണ്ട് അവന്‍ ഓടിയത്. 

തനിക്ക് ഈ ജീവജാലങ്ങള്‍ക്ക് വേണ്ടി ഇത്രയൊക്കെയേ ചെയ്യാനാവൂ. തന്‍റെ കുടുംബത്തിലെ ആളുകള്‍ മറ്റ് ജീവജാലങ്ങളെ സംരക്ഷിക്കാന്‍ ആഹോരാത്രം ശ്രമിക്കുന്നത് കണ്ടാണ് താന്‍ വളര്‍ന്നത്. അതാണ് തനിക്ക് പ്രചോദനമായത് എന്നും ഫര്‍സ റാം ദ ബെറ്റര്‍ ഇന്ത്യയോട് പറഞ്ഞു. 

Scroll to load tweet…

രമേശ് പാണ്ഡേ ഷെയര്‍ ചെയ്ത വീഡിയോ ആയിരത്തോളം പേര്‍ റീഷെയര്‍ ചെയ്തു. ബിഷ്നോയി സമുദായത്തിലുള്ളവര്‍ക്ക് തങ്ങളുടെ മൃഗങ്ങളെ സംരക്ഷിക്കുന്നതിലുള്ള ആത്മാര്‍ത്ഥത ലോകമറിഞ്ഞതിലും സമുദായത്തിലെ യുവാക്കളും ആ പാത പിന്തുടരുന്നല്ലോ എന്നതിലും വളരെയധികം സന്തോഷമായി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona