Asianet News MalayalamAsianet News Malayalam

മകനെ ശിക്ഷിക്കാൻ മുഖത്ത് തേനൊഴിച്ച് തേനീച്ചകളെ ആകർഷിച്ച് പിതാവ്, കൊടുംക്രൂരത

എന്നാൽ, അതുകൊണ്ടും ദേഷ്യം അടങ്ങാതെ അയാൾ മകനെ വീടിന്റെ മേൽക്കൂരയിൽ കൊണ്ട് പോയി ഇരുത്തി. അവിടെ വച്ച് ശരീരത്തിലുടനീളം കൊതുകുകളും തേനീച്ചകളും അവനെ കടിച്ചു.

father covered son's face with honey to punish
Author
Egypt, First Published Jun 3, 2021, 12:51 PM IST

കുറ്റം ചെയ്യുന്ന മക്കളെ ശിക്ഷിക്കാത്ത മാതാപിതാക്കൾ ഉണ്ടാകില്ല. തെറ്റ് ചെയ്യുന്ന മക്കളോട് മാതാപിതാക്കൾ സ്ഥിരം പറയുന്ന ഒരു വാചകമാണ്, 'ഞാൻ ഒക്കെ വാങ്ങിയ തല്ലിന്റെ കണക്ക് നോക്കുമ്പോൾ, ഇതൊന്നും ഒന്നുമല്ല.' എന്നാൽ കുട്ടികളെ ഉപദ്രവിക്കുക, മർദ്ദിക്കുക എന്നിവയെല്ലാം കുറ്റങ്ങൾ കൂടിയാണ്. കുട്ടികളുടെ മനസിന് മുറിവേൽക്കും വിധം ആഴത്തിൽ അവരെ ശിക്ഷിക്കാതിരിക്കുക എന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്. 

അതേസമയം, മക്കളെ അതിരുവിട്ട് ശിക്ഷിക്കുന്ന മാതാപിതാക്കളും ഇന്നത്തെ കാലത്തുണ്ട്. ശിക്ഷ എന്ന പരിധി വിട്ട് പീഡനം എന്ന നിലയിലേയ്ക്ക് അത്തരം ശിക്ഷണനടപടികൾ ചെന്നെത്താറുമുണ്ട്. മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും സ്വാധീനത്തിലോ, അതുമല്ലെങ്കിൽ മാനസിക ബലഹീനതകളുടെ പുറത്തോ ഒക്കെ കാട്ടിക്കൂട്ടുന്ന അത്തരം ക്രൂരതകൾ പലപ്പോഴും അതിരുകടക്കാം. ഈ അടുത്തകാലത്ത് ഈജിപ്തിൽ ഒരച്ഛൻ മകനെ ക്രൂരമായി ശിക്ഷിച്ചത് വലിയ വാർത്തയാവുകയാണ്.    

father covered son's face with honey to punish 

മോഷണക്കുറ്റത്തിന്റെ പേരിലാണ് അച്ഛൻ മകനെ ശിക്ഷിച്ചതെങ്കിലും, അത് പരിധി വിടുകയും ഒടുവിൽ അയാളെ അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്. സ്‌കൂൾ വിദ്യാർത്ഥിയായ മകനെ തടിക്കഷണത്തിൽ കെട്ടിയിട്ട് തേനീച്ചകളെ ആകർഷിക്കാനായി മുഖത്ത് തേൻ ഒഴിച്ചു കൊടുത്ത ക്രൂരനായ അച്ഛനാണ് അയാൾ. മകൻ മോഷ്ടിച്ചെന്ന് അയൽക്കാരൻ ആരോപിച്ചതിനെ തുടർന്നാണ് വെറും ഏഴ് വയസ്സ് മാത്രമുള്ള ആ ആൺകുട്ടിയോട് ഈ ക്രൂരത കാണിച്ചത്. തേനീച്ചക്കൂട്ടം പൊതിയുന്ന കുട്ടിയുടെ മുഖത്തിന്റെ ഒരു ചിത്രമാണ് ഇപ്പോൾ പുറത്ത് വരുന്നത്. കൈകൾ പുറകിൽ കെട്ടി, ഒന്ന് അനങ്ങാൻ പോലും കഴിയാത്ത വിധം തേനീച്ചകളുടെ ആക്രമണം ഏറ്റുവാങ്ങി നിസ്സഹായനായി കിടക്കുന്ന കുട്ടിയെ അതിൽ കാണാം.    

എന്നാൽ, അതുകൊണ്ടും ദേഷ്യം അടങ്ങാതെ അയാൾ മകനെ വീടിന്റെ മേൽക്കൂരയിൽ കൊണ്ട് പോയി ഇരുത്തി. അവിടെ വച്ച് ശരീരത്തിലുടനീളം കൊതുകുകളും തേനീച്ചകളും അവനെ കടിച്ചു. കുട്ടിയെ എത്രനേരം മേൽക്കൂരയിൽ ഇരുത്തിയെന്ന് വ്യക്തമല്ല. മകനെ ശിക്ഷിക്കുന്നത് കണ്ട് നെഞ്ചുപൊട്ടിയ അമ്മ ഒരു ചൈൽഡ് റെസ്ക്യൂ ഗ്രൂപ്പിനെ സമീപിച്ച് സഹായം തേടുകയായിരുന്നു. സംഭവത്തെ തുടർന്ന് 34 -കാരനായ ആ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് അമ്മ എടുത്ത മകന്റെ ചിത്രം ഇപ്പോൾ പിതാവിനെതിരെയുള്ള ഒരു തെളിവായി പൊലീസ് സ്വീകരിച്ചിരിക്കയാണ്.  

father covered son's face with honey to punish  

സംഭവസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർ കുട്ടിയെ ദാരുണമായ അവസ്ഥയിലാണ് കണ്ടെത്തിയത്. ഉടനെ തന്നെ അവർ അവനെ ആശുപത്രിയിൽ എത്തിക്കുകയും എത്രത്തോളം പരിക്കേറ്റിട്ടുണ്ട് എന്ന് രേഖപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ റിപ്പോർട്ടുകൾ ഒന്നും ലഭ്യമല്ല. സഹായത്തിനായി അമ്മ കലിയുബിയയിൽ നിന്നുള്ള പ്രോസിക്യൂട്ടർമാരെ ബന്ധപ്പെടുകയും, സംഭവത്തെ കുറിച്ച് അവർ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അമ്മയും മകനും ഇപ്പോൾ മറ്റൊരു ഗ്രാമത്തിലാണ് താമസിക്കുന്നത്. ഭർത്താവ് അവരെ ആവർത്തിച്ച് മർദ്ദിക്കുമായിരുന്നു എന്നും കുട്ടിയെ നിരന്തരം പീഡിപ്പിക്കുമായിരുന്നു എന്നും ആ സ്ത്രീ അവകാശപ്പെട്ടു. പലപ്പോഴും അമ്മയ്ക്കും മകനും ആഹാരവും, വെള്ളവും അയാൾ നിഷേധിച്ചു. പ്രതിയെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. എങ്കിലും ഇതുവരെ ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. അന്വേഷണം ഇപ്പോഴും തുടരുകയാണ്.

(ആദ്യരണ്ടും പ്രതീകാത്മകചിത്രം)

Follow Us:
Download App:
  • android
  • ios