സപ്തംബര്‍ 24 -നാണ് അത് സംഭവിച്ചത്. ഒമ്പത് വയസുള്ള അവന്‍റെയും മൂന്ന് വയസ്സുള്ള അനിയന്‍റെയും കണ്‍മുന്നില്‍ വച്ച് അവരുടെ അമ്മയെ അച്ഛന്‍ ഉപദ്രവിച്ചു. കഴുത്ത് പിടിച്ചു ഞെരിച്ചു. പിന്നെ, ഒരു പുതപ്പെടുത്ത് അവര്‍ക്കു മേലെയിട്ട് മക്കളെയും കൊണ്ട് അയാള്‍ പറവൂരിലുള്ള തന്‍റെ വീട്ടിലേക്ക് പോയി. അപ്പോഴും ആ മക്കളോട് പറഞ്ഞതിങ്ങനെയാണ്, 'ഉമ്മ ഉറങ്ങുകയാണ്...' പുത്തന്‍ചിറയിലെ പിണ്ടാണിയില്‍ അച്ഛന്‍ അമ്മയെ കൊലപ്പെടുത്തിയപ്പോള്‍ ആ മക്കള്‍ക്ക് നഷ്ടപ്പെട്ടത് അമ്മയേയും അച്ഛനേയുമാണ്. 

അതിനിടയിലാണ് അവന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനുള്ള ഫോണ്‍ പൊലീസിന്‍റെ കയ്യിലാണ് എന്ന് അവന്‍ സങ്കടം പറയുന്നത്. ആ സങ്കടം കേട്ടുനില്‍ക്കാന്‍ മാള സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയായ ഷാലിക്കായില്ല. അങ്ങനെ, സ്റ്റേഷന്‍ ചാര്‍ജ്ജുള്ള പൊലീസുദ്യോഗസ്ഥനോട് കാര്യം പറയുകയും അവന് പുതിയൊരു ഫോണ്‍ എത്തിച്ചു നല്‍കുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞദിവസം അവന് പഠിക്കാനുള്ള ഫോണുമായി പൊലീസുകാര്‍ അവന്‍റെയടുത്തെത്തിയപ്പോള്‍ ആ ഒമ്പതു വയസ്സുകാരന്‍റെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞു. കണ്ടുനിന്നവരുടെയും കണ്ണ് നിറഞ്ഞുവെന്ന് പൊലീസ് ഉദ്യോഗസ്ഥയായ എം.ജി ഷാലി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

മാതാവിന്‍റെ മരണവിവരം നേരത്തെ അവനറിഞ്ഞിരുന്നില്ല. ഉമ്മ വീട്ടിലുറങ്ങുന്നുവെന്ന് പറഞ്ഞാണ് അവനെയും അനിയനെയും അച്ഛന്‍ കൊണ്ടുവന്നത്. ശേഷം അയാള്‍ എങ്ങോട്ടോ പോയി. മാതാവിന്‍റെ നേര്‍ക്കുണ്ടായ ക്രൂരതയത്രയും അവന്‍ കണ്ടതാണ്. പക്ഷേ, സംഭവിച്ചതെന്താണ് എന്ന് കൃത്യമായി അവനറിഞ്ഞിരുന്നില്ല. ഒടുവില്‍, മാതാവിന്‍റെ മൃതദേഹം അവസാനമായി കാണിക്കാന്‍ പൊലീസ് കൊണ്ടുപോയപ്പോഴാണ് അവനാ സത്യം തിരിച്ചറിഞ്ഞത്. ഉമ്മ മരിച്ചു. പിറ്റേന്ന്, കുറച്ച് കളിപ്പാട്ടവും ഒക്കെയായി ഷാലിയും രണ്ട് കൗണ്‍സിലര്‍മാരും അവന്‍റെ വീട്ടില്‍ച്ചെന്നു. ഷാലി സ്വയം പരിചയപ്പെടുത്തിയത് സ്കൂളിലെ എച്ച്.എം ആണ് എന്നായിരുന്നു. അവരുമായി അവന്‍ സംസാരിച്ചു. പിന്നീട്, അവന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് പറഞ്ഞത്, 'എന്‍റുമ്മയെ എങ്ങനെയാണോ ഉപ്പ ചെയ്തത് അതുപോലെ ഉപ്പയേയും ചെയ്യണം' എന്നായിരുന്നു. തന്‍റെ ഉമ്മ ശ്വാസത്തിനുവേണ്ടി പിടഞ്ഞതുപോലെ ഉപ്പയും പിടയണമെന്നും. പിന്നീടവന് കൗണ്‍സില്‍ നല്‍കുകയും അവനെ സൈക്കോളജിസ്റ്റിനെ കാണിക്കുകയും ചെയ്തു. മുറിവേറ്റ അവന്‍റെ പിഞ്ചുമനസിനെ പഴയരീതിയിലാക്കുക എന്നതായിരുന്നു പ്രധാനം. 

ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോകുന്ന വഴിയാണ് വണ്ടിയില്‍വെച്ച് അവന്‍ 'തന്‍റെ പഠിക്കണ ഫോണ്‍ സാറിന്‍റെ കയ്യിലാണ്' എന്ന് പറയുന്നത്. തൊണ്ടിമുതലായിരുന്നു ഫോണ്‍. അതിനാല്‍ത്തന്നെ അപ്പോള്‍ അത് തിരിച്ചുകൊടുക്കാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. പിന്നീട് എസ്എച്ച്ഒ സജിന്‍ ശശിയുടെ സുഹൃത്തായ ഡോക്ടര്‍ കെ.പി വര്‍ഗീസ് അവന് നല്‍കാനായി ഒരു ഫോണ്‍ നല്‍കുകയായിരുന്നു. ഫോണ്‍ കിട്ടിയപ്പോള്‍ അവന് ഏറെ സന്തോഷമായി. 

ഇപ്പോഴും അവനെന്നും വിളിക്കാറുണ്ട് എന്ന് ഷാലി പറയുന്നു. ഇപ്പോഴും അവന്‍ അവരെ വിളിക്കുന്നത് എച്ച്എമ്മേ എന്നാണ്. സാമ്പത്തികമായി വളരെ മോശം അവസ്ഥയില്‍ നില്‍ക്കുന്ന കുടുംബമാണ് അവന്‍റെ ഉമ്മയുടേത്. അവിടെ ഉമ്മയുടെ പ്രായമായ അച്ഛന്‍റേയും അമ്മയുടേയും അടുത്താണ് അവനും മൂന്നുവയസ്സുകാരന്‍ അനിയനുമുള്ളത്. അവന്‍റെ മാനസികാരോഗ്യം സംരക്ഷിക്കാനുള്ളതെല്ലാം തങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് ഷാലി പറയുന്നു. എങ്കിലും, സാമ്പത്തികമായും മറ്റും അവരുടെ അവസ്ഥ മോശമാണ്. അത് പരിഹരിക്കാന്‍ ചൈല്‍ഡ്‍ലൈനിന് എന്തെങ്കിലും ചെയ്യാനാവുമോ എന്ന് പരിശോധിച്ചു വരികയാണിപ്പോള്‍ പൊലീസ്. അമ്മയെ കൊന്ന അച്ഛനെ എത്രയും പെട്ടെന്ന് പിടികൂടിയ പൊലീസിനോട് ആ ഒന്പത് വയസ്സുകാരന് ബഹുമാനമാണ്. വളര്‍ന്നുവരുമ്പോള്‍ തനിക്കും പൊലീസില്‍ ചേരണം എന്നാണ് അവന്‍റെ ആഗ്രഹവും.

(ചിത്രം പ്രതീകാത്മകം)