സ്വകാര്യ കമ്പനിയിൽ 15 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള ജോലി ലഭിച്ചിട്ടും മകനെ അതിന് പോകാന്‍ അനുവദിക്കാതെ അച്ഛന്‍. സർക്കാർ ജോലിയാണ് ഏറ്റവും സുരക്ഷിതമെന്നും അതിനുവേണ്ടി ശ്രമനിക്കണമെന്നുമാണ് അച്ഛന്‍ പറയുന്നത്.
സ്വകാര്യ കമ്പനിയിൽ 15 ലക്ഷം രൂപ വാർഷിക പാക്കേജിലുള്ള ജോലി ലഭിച്ചിട്ടും, അത് വേണ്ടെന്നു വെച്ച് സർക്കാർ ജോലിക്ക് തയ്യാറെടുക്കാൻ മകനോട് ആവശ്യപ്പെട്ട അച്ഛനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. അങ്കിത് കേദിയ എന്ന യൂസർ എക്സിൽ (ട്വിറ്റർ) പങ്കുവെച്ച കുറിപ്പാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. തന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ സന്ദർശനം നടത്തിയപ്പോഴാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായതെന്ന് അങ്കിത് പറയുന്നു. ബന്ധുവിന്റെ മകന് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ 15 ലക്ഷം രൂപ പാക്കേജുള്ള ജോലി ലഭിച്ചിരുന്നു. എന്നാൽ, മകന്റെ ഈ നേട്ടത്തിൽ സന്തോഷിക്കുന്നതിന് പകരം, സർക്കാർ ജോലിക്ക് വേണ്ടി പഠനം തുടരാനാണ് പിതാവ് ആവശ്യപ്പെടുന്നത്.
സർക്കാർ ജോലിയാണ് ഒരേയൊരു 'യഥാർത്ഥ' ജോലി എന്നാണ് പിതാവിന്റെ പക്ഷം. അഡോബ്, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള കമ്പനികളിൽ അടുത്തിടെ നടന്ന പിരിച്ചുവിടലുകളെക്കുറിച്ചുള്ള വാർത്തകൾ കേട്ടതിനെ തുടർന്നാണ് പിതാവ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. സ്വകാര്യ മേഖലയിൽ ദീർഘകാല സുരക്ഷയില്ലെന്നും, എത്ര വലിയ ശമ്പളം ലഭിച്ചാലും സ്വകാര്യ ജോലി അസ്ഥിരമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.
ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. വിവിധ അഭിപ്രായങ്ങളാണ് ആളുകൾ പങ്കുവെക്കുന്നത്: അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഇന്നത്തെ കാലത്ത് സർക്കാർ ജോലികൾ നൽകുന്ന സുരക്ഷ മറ്റൊന്നിനും നൽകാനാവില്ലെന്ന് ഒരു വിഭാഗം വാദിക്കുന്നു. പിരിച്ചുവിടലുകളെക്കുറിച്ചുള്ള പിതാവിന്റെ ആശങ്ക സ്വാഭാവികമാണെന്ന് ഇവർ അഭിപ്രായപ്പെടുന്നു. അതേസമയം, മകന്റെ താൽപ്പര്യങ്ങൾ പരിഗണിക്കാതെ സ്വന്തം അഭിപ്രായം അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്ന് പലരും വിമർശിക്കുന്നു. കുട്ടികളുടെ മേൽ ഇത്തരത്തിൽ സമ്മർദ്ദം ചെലുത്തുന്നത് അവരുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്.
