അച്ഛന് സമ്മാനമായി നല്‍കിയത് മാക്ബുക്ക്. എന്നാൽ ലാപ്ടോപ്പിനേക്കാൾ അതിന്റെ പെട്ടി സൂക്ഷിക്കുന്നതിലായിരുന്നു അച്ഛന് താല്പര്യം. അച്ഛന്‍റെ പ്രതികരണത്തെ കുറിച്ച് മകന്‍റെ പോസ്റ്റ് വൈറല്‍. 

അച്ഛനും അമ്മയുമായുള്ള കുഞ്ഞുകുഞ്ഞു തമാശകളും വീട്ടിലെ രസകരമായ മുഹൂർത്തങ്ങളുമെല്ലാം ആളുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. കാണുന്നവരുടെ മുഖത്ത് ഒരു ചിരി വിടർത്തും ഈ വീഡിയോ എന്ന കാര്യത്തിൽ സംശയമില്ല. ഗൂഗിളിന്റെ മുൻ മാനേജിംഗ് ഡയറക്ടർ തന്റെ അച്ഛനെ കുറിച്ച് പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഏതൊരു ഇന്ത്യൻ കുടുംബത്തിനും ഇത് പെട്ടെന്ന് കണക്ട് ചെയ്യാൻ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പർമീന്ദർ സിംഗ് എന്ന യൂസറാണ് എക്സിൽ (ട്വിറ്റർ) ഈ രസകരമായ അനുഭവം പങ്കുവെച്ചത്. തന്റെ പിതാവിന് അദ്ദേഹം ഒരു പുതിയ മാക്ബുക്ക് (MacBook) സമ്മാനമായി നൽകി. എന്നാൽ, ആ ലാപ്ടോപ്പ് അൺബോക്സ് ചെയ്തപ്പോൾ പിതാവിന്റെ ശ്രദ്ധ പോയത് പുത്തൻ ലാപ്ടോപ്പിലേക്കായിരുന്നില്ല. പകരം, അതിന്റെ പെട്ടി കയ്യിലെടുത്ത അദ്ദേഹം ആരും അത് വലിച്ചെറിയരുത് എന്ന് കർശന നിർദ്ദേശം നൽകുകയായിരുന്നുവത്രെ.

Scroll to load tweet…

പുതിയ സാധനങ്ങൾ വാങ്ങുമ്പോൾ അത് പൊതിഞ്ഞുവരുന്ന ബോക്സുകൾ ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവെക്കുന്ന ഇന്ത്യൻ വീടുകളിലെ സാധാരണമായ കാഴ്ചയെ ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവവും. ലാപ്ടോപ്പിനേക്കാൾ ആ ബോക്സ് പിതാവിനെ ആകർഷിച്ചു എന്ന കാര്യത്തിൽ സംശയമില്ല. എന്തായാലും, പെട്ടെന്നാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. 'മാതാപിതാക്കൾക്ക് ഒന്നും വലിച്ചെറിയാൻ കഴിയില്ല, അതൊരു പ്രത്യേക തരം ഇഷ്ടമാണ്' എന്നാണ് ഒരാൾ പറഞ്ഞത്. 'ഇന്ത്യൻ വീടുകളിൽ ഒരു നല്ല പെട്ടി കിട്ടുക എന്നത് വലിയൊരു നിധി കിട്ടുന്നത് പോലെയാണ്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഞാനും ഇങ്ങനെ തന്നെയാണ് ചെയ്യാറുള്ളത്' എന്നായിരുന്നു മറ്റൊരാൾക്ക് പറയാനുണ്ടായിരുന്നത്. 'നമ്മുടെ അച്ഛന്മാർ എപ്പോഴും മാസ്സാണ്' എന്നായിരുന്നു മറ്റ് ചിലർക്ക് പറയാനുണ്ടായിരുന്നത്.