2019 -ൽ അമേരിക്കയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി മയൂഷി ഭഗത്തിനെക്കുറിച്ച് എഫ്ബിഐയുടെ പുതിയ പോസ്റ്റ് ചർച്ചയാകുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും കേസിൽ പുരോഗതിയില്ലാത്തതിനെതിരെ സോഷ്യൽ മീഡിയയിൽ വന്‍ വിമർശനമാണ് ഉയരുന്നത്.

അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബി‍ഐ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. 2019 -ൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി മയൂഷി ഭഗത്തിനെക്കുറിച്ചാണ് പോസ്റ്റ്. കേസിൽ പുതിയ പുരോഗതികളൊന്നുമില്ലാതെ ഈ സന്ദർഭത്തിൽ, എന്തിനായിരിക്കും ഇങ്ങനെ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുന്നത് എന്നത് ആശയക്കുഴപ്പത്തിന് വഴിവച്ചിരിക്കുകയാണ്. മയൂഷിയെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 10,000 ഡോളർ വരെ എഫ്ബി‍ഐ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

'മയൂഷി ഭഗത്തിനെ കണ്ടെത്താൻ സഹായിക്കുന്ന തരത്തിലുള്ള വിവരങ്ങൾ നൽകുന്നവർക്കും, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്കും 10,000 ഡോളർ വരെ പാരിതോഷികം നൽകും. 2019 ഏപ്രിൽ 29 -ന് വൈകുന്നേരം ന്യൂജേഴ്‌സിയിലെ ജേഴ്‌സി സിറ്റിയിലുള്ള അപ്പാർട്ട്‌മെന്റിലാണ് അവളെ അവസാനമായി കണ്ടത്' എന്നാണ് എഫ്‍ബിഐ പറഞ്ഞിരിക്കുന്നത്.

2019 ഏപ്രിൽ 29 -ന് വൈകുന്നേരം ന്യൂജേഴ്‌സിയിലെ ജേഴ്‌സി സിറ്റിയിൽ വച്ചാണ് മയൂഷിയെ കാണാതായത്. പൈജാമയും കറുത്ത ടി-ഷർട്ടുമായിരുന്നു അവസാനമായി കാണുമ്പോൾ അവൾ ധരിച്ചിരുന്ന വേഷം. ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാർത്ഥിനിയായിരുന്ന മയൂഷി, F1 സ്റ്റുഡന്റ് വിസയിലാണ് അമേരിക്കയിൽ എത്തിയത്. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകൾ സംസാരിക്കും എന്നിവയാണ് മയൂഷിയെ കുറിച്ച് പങ്കുവച്ചിരിക്കുന്ന വിവരങ്ങൾ‌.

Scroll to load tweet…

സോഷ്യൽ മീഡിയയിൽ വിമർശനം

മയൂഷിയെ കാണാതായി ഏകദേശം ഏഴ് വർഷം കഴിഞ്ഞിട്ടും പുതിയ ഒരു വിവരം പോലും കണ്ടെത്താനാവാതെ ഇങ്ങനെ ഒരു പോസ്റ്റിട്ടതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. പുതിയ വിവരങ്ങളൊന്നുമില്ലാതെ പഴയ കാര്യങ്ങൾ തന്നെ വീണ്ടും പോസ്റ്റ് ചെയ്തതിനെ ആളുകൾ ചോദ്യം ചെയ്യുന്നതും കാണാം. 'അവളെ കാണാതായിട്ട് ഏഴ് വർഷമായി, എന്നിട്ടാണോ ഇപ്പോൾ ഇത് പോസ്റ്റ് ചെയ്യുന്നത്? നിങ്ങൾക്ക് അവളെ കണ്ടെത്താൻ താല്പര്യമില്ലേ' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. '2019 മുതൽ കാണാതായ ഒരാളെ കണ്ടെത്താൻ പോലും കഴിയാത്ത രാജ്യം, വൻശക്തിയാണ് പോലും' എന്നും ആളുകൾ കമന്റ് നൽകുന്നു. അതേസമയം, എന്നെങ്കിലും ഒരിക്കൽ മയൂഷി സുരക്ഷിതയായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സുഹൃത്തുക്കളും.