നിരവധി ആളുകൾക്ക് അവരുടെ കുടുബാംഗങ്ങളോടും, സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കാൻ ഈ മഹാമാരി സമയത്ത് അവസരമുണ്ടാകുന്നു. മിക്കവർക്കും അതൊരു ആശ്വാസമാകുമ്പോൾ ഒരാൾ വീട്ടുകാരുമായി സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടാതെ സ്വയം പൊലീസിന് കീഴടങ്ങി. വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം ജീവിക്കുന്നതിലും ഭേദം ജയിലാണ് എന്നയാൾ തീരുമാനിച്ചു. അല്പം “സമാധാനവും സ്വസ്ഥതയും” ആഗ്രഹിച്ചാണ് അയാൾ സ്വയം ഉദ്യോഗസ്ഥർക്ക് മുൻപ് കീഴടങ്ങിയതെന്നാണത്രെ പറഞ്ഞത്.  

സുസെക്സ് പൊലീസിലെ ഇൻസ്പെക്ടർ ഡാരൻ ടെയ്‌ലരാണ് ട്വിറ്ററിൽ വിചിത്രമായ ഈ സംഭവം പോസ്റ്റുചെയ്തത്. പൊലീസ് തെരഞ്ഞുകൊണ്ടിരിക്കുന്ന പ്രതിയായിരുന്നു അയാൾ. ജയിൽവാസം പേടിച്ച് മുങ്ങി നടക്കുകയായിരുന്നു ആ പ്രതി. ഒടുവിൽ ഫെബ്രുവരി 17 ഉച്ചതിരിഞ്ഞ് അ‍ഞ്ച് മണിക്ക് ബർഗെസ് ഹിൽ പോലീസ് സ്റ്റേഷനിൽ ഇയാൾ സ്വയം വന്ന് കീഴടങ്ങുകയായിരുന്നു. തന്റെ കൂടെ താമസിക്കുന്നവരിൽ നിന്ന് തനിക്ക് ഒരു സ്വസ്ഥതയും സമാധാനവും കിട്ടുന്നില്ലെന്നും അതുകൊണ്ടാണ് കീഴടങ്ങുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. കൂടെ താമസിക്കുന്നവരുമായി ഒരുമിച്ച് ജീവിക്കുന്നതിനേക്കാൾ, ജയിൽ ഒറ്റയ്ക്ക് കഴിയാനാണ് അയാൾ ആഗ്രഹിക്കുന്നതെന്നും പൊലീസ് പറഞ്ഞു.  

ഡാരന്റെ പോസ്റ്റിന് രസകരമായ പ്രതികരണങ്ങളാണ് വരുന്നത്. അതിലൊരാൾ ലോക്ക്ഡൗൺ സമയത്തെ ജീവിതത്തിലെ ദുരിതങ്ങൾ പങ്കുവച്ചു. നീണ്ടുനിൽക്കുന്ന ശൈത്യകാലമാണെന്നും, രാത്രിയിൽ ജോലി ഷിഫ്റ്റുകളാണെന്നും, പകലുകൾ കുട്ടികളെ പഠിപ്പിച്ചും, മറ്റ് കാര്യങ്ങൾക്ക് വേണ്ടിയാണ് ചിലവഴിക്കുന്നതെന്നും അയാൾ പറഞ്ഞു. ലോക്ക്ഡൗണിനേക്കാൾ ലോക്കപ്പിന് മുൻഗണന നൽകിയ വ്യക്തിയോട് സഹതാപമുണ്ടെന്നും അയാൾ തമാശയായി പറഞ്ഞു. ഈ പ്രതിയെ വീട്ടിൽ തന്നെ പൂട്ടിയിടാമായിരുന്നുവെന്നും, അതാണ് അയാൾക്ക് കൊടുക്കാൻ കഴിയുന്ന യഥാർത്ഥ ശിക്ഷ എന്നും മറ്റൊരാൾ പറഞ്ഞു.  

(ചിത്രം പ്രതീകാത്മകം)