ലോകത്തിലെ ഏറ്റവും അപകടകരമായ റോഡുകളാണ് ഇവിടുത്തേത് എന്നും അത് എല്ലാ വർഷവും 150,000 -ത്തിലധികം പേരുടെ ജീവൻ അപഹരിക്കുന്നുണ്ട് എന്നും യുവാവ് കുറിച്ചിരിക്കുന്നു.

കാനഡയിൽ രണ്ടരവർഷക്കാലം താമസിച്ച ശേഷം ഇന്ത്യയിലേക്ക് വന്ന ഒരു യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ പറയുന്നത് ഇന്ത്യയിലെ ട്രാഫിക്കിനെ കുറിച്ചാണ്. ആളുകൾ ഡ്രൈവ് ചെയ്യുന്ന രീതിയെ കുറിച്ചാണ് പോസ്റ്റിൽ പ്രധാനമായും പറയുന്നത്. യുവാവ് പറയുന്നത്, വേഗപരിധി പാലിക്കുക, ട്രാഫിക് സി​ഗ്നലുകൾ ​ഗൗരവമായി എടുക്കുക, ലൈനിൽ തുടരുക തുടങ്ങിയ കർശനമായ ഗതാഗത നിയമങ്ങളെല്ലാം താൻ സ്വാഭാവികമായും പാലിക്കുന്നുണ്ടെന്നാണ്.

എന്നാൽ, കാനഡയിൽ ഇതെല്ലാം ശരിയായ കാര്യങ്ങളാണെങ്കിൽ ഇന്ത്യയിൽ അത് അങ്ങനെ അല്ല എന്നാണ് യുവാവിന്റെ പരാതി. ഇന്ത്യയിൽ ഡ്രൈവ് ചെയ്യുക എന്നത് ജീവൻ വച്ചുള്ള കളിയാണ് എന്നാണ് യുവാവിന്റെ അഭിപ്രായം. അമ്മയുമായി ഡ്രൈവ് ചെയ്ത് പോയപ്പോഴുണ്ടായ ഒരു അനുഭവം കൂടി യുവാവ് ഷെയർ ചെയ്യുന്നുണ്ട്. ഹെൽമെറ്റ് ഇല്ലാതെ ഇയർഫോണും വച്ച് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഒരാൾ പെട്ടെന്ന് ഇടതുവശത്തുകൂടി കയറി വന്നതിനെ കുറിച്ചാണ് യുവാവ് പറയുന്നത്. താൻ നേരെയാണ് വാഹനമോടിച്ചിരുന്നത്, ഇൻഡിക്കേറ്റർ ഓണാക്കിയിരുന്നില്ല. യുവാവ് പെട്ടെന്ന് കയറിവന്ന് തന്നെ ചീത്ത വിളിക്കുകയായിരുന്നു എന്നും പോസ്റ്റിൽ പറയുന്നു.

അപ്പോഴാണ് എനിക്കൊരു കാര്യം മനസിലായത് ഇന്ത്യയിൽ ഡ്രൈവ് ചെയ്യുകയെന്നാൽ നിയമം പാലിക്കലല്ല, എങ്ങനെയെങ്കിലും അതിജീവിച്ചുപോകലാണ് എന്നും യുവാവ് കുറിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും അപകടകരമായ റോഡുകളാണ് ഇവിടുത്തേത് എന്നും അത് എല്ലാ വർഷവും 150,000 -ത്തിലധികം പേരുടെ ജീവൻ അപഹരിക്കുന്നുണ്ട് എന്നും യുവാവ് കുറിച്ചിരിക്കുന്നു. എല്ലാവരും റോഡ് അവരുടെ സ്വന്തമാണ് എന്നതുപോലെയാണ് വാഹനമോടിക്കുന്നത് എന്നും യുവാവ് ആരോപിച്ചു.

ഒപ്പം ഇന്ത്യയിലെ റോഡുകളിൽ അപകടകരമായി മാറുന്ന പല കാര്യങ്ങളെ കുറിച്ചും യുവാവിന്റെ പോസ്റ്റിൽ പറയുന്നുണ്ട്. അലഞ്ഞുതിരിയുന്ന കന്നുകാലികളും കുഴികളും എല്ലാം അതിൽ പെടുന്നു. യുവാവിന്റെ പോസ്റ്റിനെ അനുകൂലിച്ച് നിരവധിപ്പേർ കമന്റുകൾ നൽകിയിട്ടുണ്ട്.