ലണ്ടന്‍: ട്രാന്‍സ് ജെന്‍ഡര്‍ തടവുകാരുമായി ബന്ധപ്പെട്ട വലിയ നിയമതര്‍ക്കത്തിന് വേദിയാവുകയാണ് ഇപ്പോള്‍ ബ്രിട്ടന്‍. അവിടത്തെ തടവറയില്‍ ഒരു തടവുകാരി ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവത്തിലാണ് പുതിയ ചര്‍ച്ച. വനിതാ ജയില്‍ വാര്‍ഡില്‍ സഹതടവുകാരിയായ ട്രാന്‍സ് വുമണ്‍ തന്നെ ബലാല്‍സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതി. വനിതാ സെല്ലുകളില്‍ ട്രാന്‍സ് ജെന്‍ഡറുകളെ പ്രവശിപ്പിക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് തടവുകാരി നല്‍കിയ പരാതിയാണ് ഗൗരവമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. പുരുഷന്‍മാരുടെ സെല്ലില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ട സംഭവങ്ങള്‍ നേരത്തെയും ചര്‍ച്ചയായിരുന്നു. ഇതിനെ തുടര്‍ന്ന് ജയിലുകളില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് പ്രത്യേക വിഭാഗം ആരംഭിക്കുന്ന കാര്യം പരിശോധിക്കാന്‍ സമിതിയെ നിയമിച്ചിരിക്കുകയാണ്. 

ബ്രിട്ടനിലെ സറേയിലുള്ള എച്ച് എം പി ഡൗണ്‍വ്യൂ ജയിലിലെ വനിതാ സെല്ലിലാണ് പരാതിക്ക് ഇടയായ ലൈംഗിക പീഡനം നടന്നത്. ലൈംഗിക പീഡന കേസുകളില്‍ പ്രതിയായ ട്രാന്‍സ് വുമണാണ് കേസിലെ പ്രതി. ഇവരെ വനിതാ സെല്ലിലായിരുന്നു അടച്ചത്. ഈ സെല്ലിലെ തടവുകാരിയെ ഇവര്‍ ബലാല്‍സംഗം ചെയ്തതായാണ് പരാതി. കാഴ്ചയ്ക്ക് സ്ത്രീ ആണെങ്കിലും ഈ ട്രാന്‍സ് വുമണ്‍ ശസ്ത്രക്രിയയിലൂടെ ലിംഗ മാറ്റം നടത്തിയതായി തടവുകാരിയുടെ പരാതിയില്‍ പറയുന്നു. പരാതിക്കു ശേഷവും ഇവരെ വനിതാ സെല്ലില്‍ തന്നെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 

ട്രാന്‍സ് ജെന്‍ഡറുകളെ ഏത് തടവറകളില്‍ പാര്‍പ്പിക്കണമെന്ന വിഷയം നേരത്തെയും ഉയര്‍ന്നുവന്നിരുന്നു. നിലവിലെ ജയില്‍ നിയമപ്രകാരം ട്രാന്‍സ് സ്ത്രീകളെ വനിതാ ജയിലിലാണ് താമസിപ്പിക്കുന്നത്. ഈ നിയമം പുന:പരിശോധിക്കണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ തുല്യതാ നിയമം ലംഘിച്ചതായാണ് പുതിയ സംഭവത്തില്‍ പരാതിക്കാരിയുടെ ആരോപണം. 

എല്ലാ ട്രാന്‍സ് സ്ത്രീകളെയും വനിതാ സെല്ലില്‍ നിന്നും പുറത്താക്കണം എന്നതല്ല തങ്ങളുടെ ആവശ്യമെന്നും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാന്‍സ് സ്ത്രീകളുടെ കാര്യത്തില്‍ നയപരമായ തീരുമാനം ഉണ്ടാവണം എന്നാണ് കോടതിയോട് ആവശ്യപ്പട്ടതെന്നും പരാതിക്കാരിയുടെ അഭിഭാഷകയായ ടാരാ മല്‍കെയര്‍ പറഞ്ഞു. ഈ സംഭവം ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും ജയില്‍ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വേണമെന്നും പ്രിസണ്‍ ഡയരക്ടര്‍ കെയിറ്റ് കോള്‍മാന്‍ പറഞ്ഞു.