ഹൈഹീല്‍ഡ് വിവാദം പാര്‍ലമെന്‍റിലും സാമൂഹികമാധ്യമങ്ങളിലും ചൂടുപിടിക്കുകയാണ്. സ്ത്രീകളോട് ലിംഗവിവേചനം കാണിക്കുന്നുവെന്നാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാണിക്കുന്നത്. 

വനിതാ സൈനികര്‍ ഹൈഹീല്‍സിൽ പരേഡ് നടത്തുന്ന ചിത്രങ്ങള്‍ പ്രചരിച്ചതോടെ ഉക്രെയിനിലെ അധികാരികള്‍ വലിയ വിവാദത്തില്‍ പെട്ടിരിക്കുകയാണ്. ഔദ്യോഗികമായിത്തന്നെയാണ് ഈ പരേഡിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്. 

സോവിയറ്റ് യൂണിയന്റെ വിഘടനത്തെത്തുടർന്നുള്ള, 30 വർഷത്തെ സ്വാതന്ത്ര്യത്തോടനുബന്ധിച്ച് അടുത്ത മാസം സൈനിക പരേഡ് നടത്താൻ ഉക്രെയിന്‍ തയ്യാറെടുക്കുകയാണ്. പ്രതിരോധ മന്ത്രാലയം തന്നെയാണ് ഇതോടനുബന്ധിച്ച് നടക്കുന്ന പരേഡ് പരിശീലനത്തില്‍ ഹൈഹീല്‍ഡ് ചെരിപ്പുമിട്ട് പ്രത്യക്ഷപ്പെട്ട വനിതാ സൈനികരുടെ ചിത്രം പങ്കുവച്ചത്. 

'ഇന്ന്, ആദ്യമായിട്ടാണ് ഹൈഹീല്‍ഡ് ഷൂസില്‍ പരിശീലനം നടക്കുന്നത്. ആര്‍മി ബൂട്ടില്‍ പരേഡ് നടത്തുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണിത്. എങ്കിലും ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്' എന്നാണ് കേഡറ്റിലൊരാളായ ഇവാന മെഡ്‌വിഡ് പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. 

എന്നാൽ, ചിത്രങ്ങൾ പ്രചരിച്ചതോടെ ഇത് വലിയ ചർച്ചകൾക്കും വിവാ​ദങ്ങൾക്കും വഴിവച്ചു. 'അങ്ങേയറ്റം വിഡ്ഢിത്തം നിറഞ്ഞതും ഹാനികരവുമായ ഇങ്ങനെ ഒരു ആശയം സങ്കൽപ്പിക്കാൻ തന്നെ പ്രയാസമാണ്' എന്നാണ് ഇതിന്‍റെ ആരോഗ്യപരമായ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി ഗോലോസ് പാർട്ടി അംഗം ഇന്ന സോവ്സുൻ പറഞ്ഞത്. 'ഉക്രെയിനിലെ പുരുഷ സൈനികരെ പോലെ തന്നെ സ്ത്രീ സൈനികരും ജീവന്‍ അപകടത്തിലാക്കും വിധമാണ് ജോലി ചെയ്യുന്നത്. അവര്‍ ഇങ്ങനെയൊരു പരിഹാസം അര്‍ഹിക്കുന്നില്ല' എന്നും അവര്‍ പറയുന്നു. 

റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളുമായി രാജ്യത്തിന്‍റെ വ്യാവസായിക കിഴക്കൻ മേഖലയില്‍ പോരാട്ടം നടക്കുകയാണ്. 2014 മുതലുള്ള സംഘട്ടനത്തില്‍ 13,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 'സ്ത്രീകളെ അപമാനിച്ചതിന് അധികൃതർ പരസ്യമായി മാപ്പ് പറയണം, സംഭവത്തിൽ അന്വേഷണം നടത്തണം' എന്ന് നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ ഒലീന കോണ്ട്രാത്യുക് പറഞ്ഞു. നിലവിലെ പോരാട്ടത്തിൽ 13,500 -ത്തിലധികം സ്ത്രീകൾ പങ്കെടുത്തതായും കോണ്ട്രാത്യുക് പറഞ്ഞു. 31,000 -ത്തിലധികം സ്ത്രീകൾ ഇപ്പോൾ ഉക്രേനിയൻ സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. അതിൽ 4,000 -ത്തിലധികം ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു. 

ഹൈഹീല്‍ഡ് വിവാദം പാര്‍ലമെന്‍റിലും സാമൂഹികമാധ്യമങ്ങളിലും ചൂടുപിടിക്കുകയാണ്. സ്ത്രീകളോട് ലിംഗവിവേചനം കാണിക്കുന്നുവെന്നാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാണിക്കുന്നത്. 'ഈ പരേഡ് യഥാർത്ഥത്തില്‍ അപമാനമാണ്” കമന്റേറ്റർ വിറ്റാലി പോർട്ട്നിക്കോവ് ഫേസ്ബുക്കിൽ പറഞ്ഞു. ചില ഉക്രേനിയൻ ഉദ്യോഗസ്ഥർ ഇപ്പോഴും മധ്യകാലഘട്ടത്തിലേത് പോലെയാണ് ചിന്തിക്കുന്നത്' എന്നും പോർട്ട്നിക്കോവ് പറഞ്ഞു. 

മറ്റൊരു കമാന്‍റേറ്ററായ മരിയ ഷപ്രനോവ പറഞ്ഞത് ഇത് പ്രതിരോധമന്ത്രാലയത്തിന്‍റെ സ്ത്രീവിരുദ്ധതേയും സ്ത്രീ-പുരുഷ വിവേചനത്തെയുമാണ് കാണിക്കുന്നത് എന്നാണ്. എന്നാൽ, പ്രതിരോധമന്ത്രാലയം ഇതിനെ കുറിച്ച് കൂടുതലെന്തെങ്കിലും പ്രതികരിച്ചതായി അറിവില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona