സപ്തംബര്‍ എട്ടിന് ഫിറോസ് ഗാന്ധിയുടെ അമ്പത്തൊമ്പതാം ചരമവാർഷികമായിരുന്നു. ചരിത്രം തന്നെ വിസ്മരിച്ച ഒരു 'ഗാന്ധി'യാണ് ഫിറോസ് ഗാന്ധി. ആ പേര് പരാമർശിക്കപ്പെടുമ്പോൾ വിശേഷിച്ച് കാരണമൊന്നുമില്ലാതെ തന്നെ അദ്ദേഹത്തെ ജനങ്ങൾ ഗാന്ധി കുടുംബവുമായി ബന്ധിപ്പിക്കും. ഒരു വിവാഹബന്ധത്തിന്റെ പേരിൽ നെഹ്‌റു കുടുംബവുമായും. അദ്ദേഹം, ജവഹർ ലാൽ നെഹ്‌റു എന്ന ഇന്ത്യകണ്ട ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്മാരിൽ ഒരാളുടെ മരുമകനാണ്. ഇന്ദിരാ ഗാന്ധി എന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഭർത്താവാണ്. രാജീവ്, സഞ്ജയ് എന്നീ ഇന്ദിരാപുത്രന്മാരുടെ അച്ഛനാണ്.  ഒക്കെ ശരിയാണ്. അദ്ദേഹത്തിന്റെ ശ്വശുരൻ ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയായിരുന്നു. ഭാര്യ ഇന്ത്യയിൽ അടിയന്തരാവസ്‌ഥ അടിച്ചേൽപ്പിച്ചു എന്ന കളങ്കം പേറുമ്പോഴും, രാഷ്ട്രം കണ്ട ഏറ്റവും ശക്തരായ പ്രധാനമന്ത്രിമാരിൽ ഒരാളാണ്. മകൻ രാജീവ് ഗാന്ധിയും ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചയാളാണ്. എന്നാൽ ഈ ബാന്ധവങ്ങൾക്ക് അപ്പുറം, അദ്ദേഹത്തെ ഇന്ത്യാചരിത്രം എന്നെങ്കിലും പ്രതിപക്ഷത്തെ ഒരു പ്രബലശബ്ദമായി, ഒരു രാഷ്ട്രീയ നേതാവായെങ്കിലും കണ്ടിട്ടുണ്ടോ ഇന്നോളമെന്ന ചോദ്യം പ്രസക്തമാണ്.

സ്വാതന്ത്ര്യസമരത്തിലേക്കുള്ള എടുത്തുചാട്ടം 

1912 സെപ്റ്റംബർ 12 -ന് മുംബൈ ഫോർട്ടിലെ ഒരു പാഴ്സി കുടുംബത്തിൽ, ജഹാംഗീർ ഗാന്ധിയുടെയും, രത്തിമായിയുടെയും മകനായാണ് ഫിറോസ് ഗാന്ധി ജനിക്കുന്നത്. വിദ്യാമന്ദിർ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം എവിങ്ങ് ക്രിസ്ത്യൻ കോളേജിൽ ബിരുദപഠനത്തിനിടെയാണ് ഫിറോസ് ഗാന്ധി ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുന്നത്. അതും, നെഹ്‍റുവിന്റെ പത്നി കമലാ നെഹ്‌റു മുഖാന്തിരം. 


'ഫിറോസ് ഗാന്ധി, ലണ്ടനിൽ ഒരു സെൽഫി' 

സംഭവം നടക്കുന്നത് 1930 -ലാണ്. അക്കൊല്ലമാണ് മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യസമരപ്പോരാട്ടങ്ങളുമായി ഐക്യപ്പെട്ടുകൊണ്ട് കമലാ നെഹ്‌റു 'വാനരസേന' രൂപീകരിക്കുന്നത്. പഠിച്ചുകൊണ്ടിരുന്ന കോളേജിന് പുറത്ത് നടന്ന ഒരു പ്രകടനത്തിനിടെ കുഴഞ്ഞു വീണ കമലാ നെഹ്‌റുവിനെ പരിചരിക്കാൻ പ്രകടനം കണ്ടുനിന്ന ഫിറോസ് ഗാന്ധി മുന്നോട്ടുവരികയായിരുന്നു. അതുകണ്ട് ആകെ പ്രചോദിതമായ ഫിറോസ്, അടുത്തദിവസം പഠിത്തം ഉപേക്ഷിച്ച് വാനരസേനയിൽ അംഗത്വമെടുക്കുന്നു. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടുന്ന ഫിറോസ് തന്റെ പേരിന്റെ സ്പെല്ലിങ്ങ് മഹാത്മാ ഗാന്ധിയുടേതിന് സമാനമായി മാറ്റുന്നു. ലാൽ ബഹാദൂർ ശാസ്ത്രിയോടൊപ്പം പത്തൊമ്പതു മാസത്തേക്ക് ഫൈസാബാദ് ജയിലിൽ അടയ്ക്കപ്പെടുന്നു. 

ജയിൽ മോചിതനായ ശേഷം അദ്ദേഹം ജവഹർലാൽ നെഹ്‌റുവിന്റെ അടുത്ത അനുയായിയായി മാറുന്നു. ആയിടെയാണ് അദ്ദേഹം ഇന്ദിരയെ പരിചയപ്പെടുന്നത്. അന്ന് ഇന്ദിര തീരെ ചെറുപ്പം. 1933 -ലാണ് അദ്ദേഹം ആദ്യമായി ഇന്ദിരയോട് പ്രണയാഭ്യർത്ഥന നടത്തുന്നത്. അന്ന് പതിനാറു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഇന്ദിരയും, അമ്മ കമലയും അതിനെ നിർദാക്ഷിണ്യം നിരസിക്കുന്നു. 1936 -ൽ കമലാ നെഹ്‌റു മരിച്ച ശേഷം ഇംഗ്ലണ്ടിൽ വെച്ചാണ് ഫിറോസും ഇന്ദിരയും കൂടുതൽ അടുക്കുന്നതും തമ്മിൽ അനുരക്തരാകുന്നതും. 1942 -ൽ ഹിന്ദു മാര്യേജ് ആക്റ്റ് പ്രകാരം ഇരുവരും വിവാഹിതരായി.


'ഫിറോസും ഇന്ദിരയും തമ്മിലുള്ള വിവാഹം '

ജവഹർലാൽ നെഹ്‌റു ഈ വിവാഹത്തിന് പാടെ  എതിരായിരുന്നു. ഈ തീരുമാനത്തിൽ നിന്നും മകളെ പിന്തിരിപ്പിക്കാൻ വേണ്ടി നെഹ്‌റു മഹാത്മാഗാന്ധിയെ സമീപിച്ചു. തുടർന്ന് വിവാഹം കഴിഞ്ഞ് ആറുമാസം തികയും മുമ്പ്, ക്വിറ്റ് ഇന്ത്യാ സമരകാലത്ത് നവദമ്പതികൾ അറസ്റ്റിലാകുന്നു. ഫിറോസ് ഗാന്ധിയെ നൈനി സെൻട്രൽ ജയിലിൽ ഒരു വർഷത്തേക്ക് അകത്തിടുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം അഞ്ചു വർഷക്കാലം സുഖദാമ്പത്യമായിരുന്നു. അക്കാലത്താണ് ഇവർക്ക് രണ്ടുവർഷത്തെ ഇടവേളയിൽ രണ്ട് ആൺകുഞ്ഞുങ്ങൾ ജനിക്കുന്നത്. രാജീവും സഞ്ജയും.

 
'ഫിറോസ് ഗാന്ധി,  രാജീവ് ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും ഒപ്പം '

സ്വാതന്ത്ര്യാനന്തരം ജവാഹർലാൽ നെഹ്‌റു പ്രധാനമന്ത്രിപദത്തിലെത്തുന്നു. ഫിറോസ് ഗാന്ധി നാഷണൽ ഹെറാൾഡ് പത്രത്തിന്റെ മാനേജിങ് ഡയറക്ടറായി നിയമിക്കപ്പെടുന്നു. നെഹ്‌റു നേരിട്ട് സ്ഥാപിച്ച പത്രമായിരുന്നു നാഷണൽ ഹെറാൾഡ്. 1950-52 വർഷത്തിൽ ഫിറോസ് ഗാന്ധി ആദ്യത്തെ പ്രൊവിൻഷ്യൽ പാർലൻമെന്റിൽ അംഗമാകുന്നു. 1952 -ൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ അദ്ദേഹം റായ്ബറേലിയിൽ നിന്നും നിഷ്പ്രയാസം ജയിച്ചുകേറി.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അഴിമതിക്കേസ് കുത്തിപ്പൊക്കുന്നത് ഫിറോസ് ഗാന്ധിയാണ്. 1955 -ൽ അദ്ദേഹം, റാം കിഷൻ ഡാൽമിയ എന്ന ബാങ്കിങ്ങ് ഇൻഷുറൻസ് മേഖലകളിലെ പ്രമുഖൻ, ബെനറ്റ് കോൾമാൻ കമ്പനിയെ ഏറ്റെടുക്കാൻ നടത്തിയ ഇടപാടുകളിലെ അഴിമതിയെപ്പറ്റി ഫിറോസ് ഗാന്ധി പുറത്തുകൊണ്ടുവന്നതാണ് ഒരുപക്ഷേ, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സ്‌കാം. ഇന്ത്യയിലെ പല ദേശസാൽക്കരണദൗത്യങ്ങളുടെയും അമരത്ത് ഫിറോസ് ഗാന്ധിയായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ  അഥവാ LIC ആവും. ടാറ്റ എൻജിനീയറിങ്ങ് ആൻഡ് ലോക്കോമോട്ടിവ് കമ്പനി(TELCO)-യെ ദേശസാൽക്കരിക്കാൻ ഫിറോസ് ഗാന്ധിയ്ക്ക് പ്ലാനുണ്ടായിരുന്നു. അത് ടാറ്റയടക്കമുള്ള പാഴ്സികൾക്കിടയിൽ നിന്നുണ്ടായ പ്രക്ഷോഭത്തെത്തുടർന്നാണ് വേണ്ടെന്നു വെക്കുന്നത്.

പാർലമെന്റിൽ അക്ഷരാർത്ഥത്തിൽ ഒരു വിമത ശബ്ദമായിരുന്നു ഫിറോസ് ഗാന്ധി. നെഹ്‌റു ഭരിച്ചിരുന്നപ്പോൾ പോലും, ഫിറോസ് ഗാന്ധി പാർലമെന്റിലെ അനൗദ്യോഗികപ്രതിപക്ഷ നേതൃശബ്ദമായിരുന്നു. പാർലമെന്റിൽ നിരവധി വിഷയങ്ങളിൽ തീപ്പൊരി പ്രസംഗങ്ങൾ നടത്തിയ വ്യക്തിയാണ് അദ്ദേഹം. 1959 -ലാണ്  കേരളത്തിൽ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കേരള മന്ത്രിസഭ ഇന്ദിരാഗാന്ധി പിരിച്ചുവിടുന്നത്. കേരളത്തിൽ പ്രസിഡന്റുഭരണം ഏർപ്പെടുത്തുന്നത്.  അതുമായി ബന്ധപ്പെട്ട് ഫിറോസ് ഗാന്ധിയും ഇന്ദിരയും തമ്മിൽ കടുത്ത വാദപ്രതിവാദങ്ങൾ നടന്നിരുന്നു.

അക്കാലത്ത് പാർലമെന്ററി കാര്യങ്ങൾ റിപ്പോർട്ടുചെയ്തിരുന്ന ഇന്ദർ മൽഹോത്ര ബിബിസിയോട് പറഞ്ഞത്. 1959 -ൽ ഇന്ദിര ഭരണഘടനാ വിരുദ്ധമായ രീതിയിൽ കേരളത്തിലെ മന്ത്രിസഭയെ താഴെയിറക്കിയപ്പോൾ, അത് ദില്ലിയിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള പോരായി മാറിയിരുന്നു എന്നാണ്. ആ തീരുമാനം പുറത്തുവിട്ട അന്ന് രാത്രി ഇന്ദിരയെ നേരിൽ ചെന്നുകണ്ട ഫിറോസ് ഗാന്ധി പറഞ്ഞത്, ഇനി മേലാൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് താൻ കാലുകുത്തില്ല എന്നായിരുന്നു. അത് അദ്ദേഹം അക്ഷരം പ്രതി പാലിച്ചു. അതിനുശേഷം ഫിറോസ് ഗാന്ധി ഒരേയൊരു വട്ടം മാത്രമാണ് തീൻ മൂർത്തി ഭവനിലേക്ക് വന്നത്. അത് അദ്ദേഹത്തിന്റെ മരണശേഷം, മൃതദേഹം അവിടെ പൊതുദർശനത്തിനു വെച്ച ശേഷം മാത്രമാണ്.

'ഫിറോസ് ദ ഫൊർഗോട്ടൺ ഗാന്ധി' എന്ന ജീവചരിത്ര പുസ്തകത്തിൽ ബെർട്ടിൽ  ഫാൾക്ക് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്, "1955 -ൽ ഇന്ദിര ആദ്യമായി ഇന്ദിരാ ഗാന്ധി ആദ്യമായി കോൺഗ്രസിന്റെ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി അംഗമായ അതേ വർഷമാണ് ഫിറോസ് ഗാന്ധി ആദ്യമായി കോൺഗ്രസ് പാർട്ടിക്കുള്ളിൽ അഴിമതി ആരോപണവുമായി രംഗത്തുവരുന്നത്. ഫിറോസിന്റെ ആ ഒരു നടപടി അവർക്കിടയിലെ ബന്ധത്തിൽ ഉലച്ചിലുണ്ടാക്കി. കോൺഗ്രസിൽ ഒരു കലാപകാരിയുടെ ഇമേജായി പതുക്കെ ഫിറോസിന്..." ഫാൾക്ക് പറയുന്നത്, ഇന്ദിരയിലെ സ്വേച്ഛാധിപത്യപ്രവണതയെ ഫിറോസ് ഗാന്ധി തിരിച്ചറിഞ്ഞതാണ് അവർക്കിടയിൽ അകൽച്ചയുണ്ടാക്കിയത് എന്നായിരുന്നു. അതിനിടയിലായിരുന്നു കേരളത്തിലെ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയെ പിരിച്ചുവിടാനുള്ള ഇന്ദിരയുടെ തീരുമാനം വരുന്നത്.


'നെഹ്‌റു, ഇന്ദിര, ഫിറോസ് - പ്രാതലിനിടെ '

ഇന്ദിരാഗാന്ധി കോൺഗ്രസിന്റെ പ്രസിഡന്റായിരുന്ന കാലത്ത് ഫിറോസ് ഗാന്ധിയും കോൺഗ്രസ് ഗവണ്മെന്റിന്റെ ഒരു അവിഭാജ്യ ഘടകമായിരുന്നു. അക്കാലത്ത്, ഒരു പ്രാതലിനിടെ, ജവഹർലാൽ നെഹ്‌റുവും, ഇന്ദിരയും കേൾക്കെതന്നെ ഫിറോസ് തന്റെ അഭിപ്രായം പാസ്സാക്കി, "നീ ചെയ്യുന്നത് ഒട്ടും ശരിയല്ല ഇന്ദിരാ, നീ സ്വന്തം ജനങ്ങളെയാണ് ഈ ഭീഷണിപ്പെടുത്തുന്നത്. സത്യത്തിൽ നീ ഒരു ഫാസിസ്റ്റാണ്. ഫാസിസ്റ്റ്." ഒരുപക്ഷേ, ഇന്ദിരയെ ആദ്യമായി ഫാസിസ്റ്റ് എന്ന് വിളിച്ചത് സ്വന്തം ഭർത്താവായ ഫിറോസ്  തന്നെയായിരിക്കും. ആ വിളി ഇന്ദിരയെ ചൊടിപ്പിച്ചു. അവർ പ്രാതൽ മേശ വിട്ട്, കുപിതയായി ഇറങ്ങിപ്പോയി. എന്തിന് നെഹ്‌റു ഗവണ്മെന്റിനെപ്പോലും ഫിറോസ് അന്ന് വെറുതെ വിട്ടിരുന്നില്ല. അന്നത്തെ ധനമന്ത്രിയായിരുന്ന ടിടി കൃഷ്ണമാചാരിയുടെ രാജിക്ക് കാരണമായ മുന്ദ്ര കൂട്ടക്കൊലയെച്ചൊല്ലി അദ്ദേഹം ഏറെ  കോലാഹലങ്ങളുണ്ടാക്കി.

1958 -ൽ ഒരു ഹൃദയാഘാതത്തോടെ ഫിറോസ് ഗാന്ധി കിടപ്പിലാകുന്നു. ആ സമയത്ത് ഭൂട്ടാനിലെ ഒരു ഔദ്യോഗിക സന്ദർശനത്തിലായിരുന്ന ഇന്ദിര സന്ദർശനം വെട്ടിച്ചുരുക്കി തിരിച്ച് ഫിറോസിനെ പരിചരിക്കാൻ വേണ്ടി കശ്മീരിലെത്തി. 1960 സെപ്റ്റംബർ 8 -ന് ദില്ലിയിലെ വില്ലിങ്ടൻ ആശുപത്രിയിൽ വെച്ച്, രണ്ടാമതൊരു ഹൃദയാഘാതത്തെത്തുടർന്ന് ഫിറോസ് ഗാന്ധി മരണപ്പെട്ടു. അലഹബാദിലെ പാഴ്സി ശ്‌മശാനത്തിൽ ചരിത്രത്തിൽ വിസ്മരിക്കപ്പെട്ടുപോയ ആ 'ഗാന്ധി' ഇന്നും അന്ത്യവിശ്രമം കൊള്ളുന്നു.