Asianet News MalayalamAsianet News Malayalam

നാൾക്കുനാൾ വർധിക്കുന്ന പൊതുകടം, ഇങ്ങനെ പോയാൽ കേരളത്തിലെ സാധാരണക്കാരെങ്ങനെ ജീവിക്കും?

സാമ്പത്തിക  ശാസ്ത്രത്തിൽ 'കമ്മിറ്റഡ് എക്സ്പെൻഡിച്ച‌‌ർ' അഥവാ 'പ്രതിജ്ഞാബദ്ധമായ ചെലവ്' എന്നൊരു അവസ്ഥയുണ്ട്. അതായത് ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ കാര്യങ്ങൾ മാറ്റി വയ്ക്കാനാവില്ല. ഈ ചെലവ് കൂടിയാൽ അത് ബാധിക്കുക മൂലധന ചെലവുകളെയാണ്. 

financial crisis kerala s biju writes
Author
Thiruvananthapuram, First Published Oct 11, 2021, 3:57 PM IST

കേരളത്തിനെ താങ്ങിനിർത്തുന്നത് കൃഷിയോ, വ്യവസായമോ അല്ല. കച്ചവടം, വാണിജ്യം, വിനോദസഞ്ചാരം, ആശയവിനിമയം തുടങ്ങിയ സേവന മേഖലകളാണ്. 2019-20 -ൽ കൃഷി ഒമ്പത് ശതമാനവും, ഉത്പാദന മേഖല 28 ശതമാനവും മാത്രം സംഭാവന ചെയ്തപ്പോൾ 63 ശതമാനമാണ് സേവനമേഖല സമ്പദ് വ്യവസ്ഥക്ക് നൽകിയത്. എന്നാൽ, കൊവിഡ് ഏറ്റവും അധികം ബാധിച്ചതും സേവന മേഖലയേയാണ്.

financial crisis kerala s biju writes

മുനിഞ്ഞ് കത്തുന്ന മണ്ണെണ്ണ വിളക്ക് ആ മുഖത്തെ വികാരങ്ങൾ പ്രകാശിപ്പിക്കുന്നതിനെക്കാൾ പരിമിതപ്പെടുത്തുകയായിരുന്നു ചെയ്തിരുന്നത്. പാട്ടി എത്ര ശകാരിച്ചാലും താത്തയുടെ ഭാവം എപ്പോഴും സ്ഥായിയായിരുന്നു. മെലിഞ്ഞുണങ്ങിയ ആ മനുഷ്യന് എപ്പോഴുമുണ്ടായിരുന്നത് ആർദ്രമോ ദൈന്യമോ എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയായിരുന്നു. ചവച്ചരക്കാൻ ഇത്തിരി ബുദ്ധിമുട്ടുള്ള അലവാങ്കിനും, ഊതിക്കുടിക്കാൻ പ്രയാസപ്പെടുന്ന എരിവുള്ള ചുക്ക് കാപ്പിക്കും ഒരാളെ അങ്ങോട്ട് ആകർഷിക്കാൻ കഴിയുമായിരുന്നില്ല. 

തിരുവനന്തപുരത്തെ ഇടഗ്രാമത്തിനും കരമന ആണ്ടിയിറക്കത്തിനുമിടയിലുള്ള ചെറിയൊരു പ്രദേശത്തെ പലഹാരമാണ് അലവാങ്ക് എന്ന വാദം വെറുതെ പറയുന്നതായിരിക്കും. അതിന്റെ യുക്തിവാദങ്ങൾക്ക് വിട. അതെന്തായാലും ആണ്ടിയിറക്കത്തെ റോഡുവക്കിലെ ഏറ്റവും വെളിച്ചം കുറ‌ഞ്ഞ, ഏറ്റവും കരിപുരണ്ട ആ ചായ്പിലേക്ക് ‌ഞങ്ങൾ സന്ധ്യ മയങ്ങിയാൽ അറിയാതെ ചെന്നെത്തപ്പെടുമായിരുന്നു. കച്ചവടവും സംസാരവുമെല്ലാം പാട്ടിയായിരുന്നു. എണ്ണത്തിൽ കുറവാണെങ്കിലും സവിഷേശ ആകർഷണമൊന്നുമില്ലെങ്കിലും പാട്ടി ചേല മാറിമാറിയാണ് ഉടുത്തിരുന്നത്. ഭാവം പോലെ താത്തക്ക് എന്നും ഒരേ വേഷം. കൈയില്ലാത്ത വെള്ള മുഷിഞ്ഞ ബനിയനും, നീല വരയൻ പേശയും.  

പാട്ടിയുടെ സ്നേഹശാസനകൾ കേട്ട് സ്വതവേയുള്ള ദൈന്യഭാവത്തിൽ മുഖത്തിൽ  ഭാവഭേദമൊന്നും വരുത്താതെ അലവാങ്കും, മുളക് ബജിയും മാറിമാറി വറുത്ത് കോരിക്കൊണ്ടിരുന്നു താത്ത. തീരത്തണയുന്ന യാത്രികനെപ്പോലെ ഞങ്ങൾക്ക് ആ മാടക്കട ആശ്വാസത്തുരുത്തായിരുന്നു. ഒരു ദിവസത്തെ ഓട്ടം കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കത്തിന് മുമ്പ് വിളിച്ചുചൊല്ലാതെ ഭാരമിറക്കി വയ്ക്കാനുള്ള അത്താണിയായിരുന്നു ആ വൃദ്ധദമ്പതികളുടെ സാമീപ്യം. ആ സാമീപ്യം കൊതിച്ചായിരുന്നു ഞങ്ങളെ പോലെ പലരും അവിടെ പോയിരുന്നത്. പെണ്ണുങ്ങളാരും സാധാരണ അവിടെ കാപ്പി കുടിക്കാൻ കാണുമായിരുന്നില്ല.

കേരളം വിവക്ഷിക്കപ്പെടുന്നത് ഒരു 'ക്ഷേമ സംസ്ഥാനം' അഥവാ 'വെൽഫെയർ സ്റ്റേറ്റാ'യാണ്. നമ്മളെല്ലാവരും അക്കാര്യത്തിൽ അഭിമാനം കൊള്ളാറുമുണ്ട്. നമ്മുടെ പല സംസ്ഥാനങ്ങളിലും ക്ഷേമ പെൻഷനുകൾ നൂറോ ഇരുന്നൂറോ അതിന്റെ ചെറു ഗുണിതങ്ങളോ മാത്രമാണ്. തെലങ്കാനയിൽ പണിയെടുക്കുന്ന വേളയിൽ സർക്കാ‌ർ പോളി ക്ലിനിക്കിൽ  ചികിത്സയ്ക്ക് കൊണ്ടുവരുന്ന വൃദ്ധരെ അവിടെയുപക്ഷേിച്ച് മുങ്ങുന്ന ബന്ധുക്കളെക്കുറിച്ച് അതിന്റെ ചുമതലയുള്ള സുഹൃത്ത് പറയാറുണ്ട്. വാർദ്ധക്യം നമ്മൾക്കെന്ന പോലെ നമ്മുടെ ബന്ധുക്കൾക്കും ഭാരമാണ്. ഇതിൽ അപവാദം ചുരുക്കമാണ്. അതിനാലായിരിക്കണം പണ്ടൊക്കെ ആ ദിശയിലേക്ക്  കടക്കുന്ന  വനിതകളടക്കമുള്ള ചില ശ്രേഷ്ഠ വ്യക്തിത്വങ്ങൾ പണ്ടൊക്കെ കാശിയിലേക്ക് വാനപ്രസ്ഥം ചെയ്തിരുന്നത്. 

ഇന്നിപ്പോൾ നമ്മുടെ കേരളത്തിൽ നിന്ന് എത്രപേർ ജീവൽ മുക്തിക്കായി കാശിക്ക് പോകുന്നതെന്നറിയില്ല. എന്നാൽ, നടതള്ളൽ ഇപ്പോഴും നടക്കുന്നു. ജീവിതം മുഴുവൻ മക്കൾക്കു വോണ്ടി അദ്ധ്വാനിച്ചു, കൊച്ചുമക്കളെയും വളർത്തി അവസാനം ഒന്നിനും ആകാതെ വരുമ്പോൾ, ഏതെങ്കിലും അമ്പലത്തിന്റെയോ പള്ളിയുടെയോ നടയിൽ തള്ളപ്പെടുന്നവർ ഇപ്പോഴും പ്രബുദ്ധ കേരളത്തിലുണ്ട്. ഗുരൂവായൂരും മറ്റും ഭിക്ഷ ചോദിക്കാൻ പോലും കഴിയാതെ നിസംഗമായ നോട്ടങ്ങളാൽ നമ്മെ കുഴക്കുന്നവ‌ർ അപൂർവമല്ലലോ? മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ ക്ഷേമ പെൻഷനുകൾ മൂന്നക്കം കടന്നവയാണ്. താരതമ്യേന മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനവുമുണ്ട്. വിദ്യാഭ്യാസത്തിനും, പൊലീസിനും തൊട്ടുപിന്നിൽ ഏറ്റവുമധികം ജീവനക്കാരും ബജറ്റ് വിഹിതവും ആരോഗ്യ മേഖലക്കാണ്. 

financial crisis kerala s biju writes

financial crisis kerala s biju writes

പദ്മനാഭന്റെ പത്ത് ചക്രം വാങ്ങുക എന്നതായിരുന്നു തിരുവിതാംകൂറുകാരുടെ, പ്രത്യേകിച്ച് തിരുവനന്തപുരത്തുകാരുടെ ഒരു കാലത്തെ ആഗ്രഹം. സർക്കാർ ഉദ്യോഗത്തോടുള്ള ഭ്രമം രക്തത്തിൽ അലിഞ്ഞിരിക്കുന്നു ഇന്ന് ശരാശരി മലയാളിക്ക്. വലിയ വ്യവസായമൊന്നുമില്ലാത്ത നമ്മുടെ നാട്ടിൽ അൽപ്പം വിദ്യാഭ്യാസം നേടുന്നവരൊക്കെ ആദ്യം ലക്ഷ്യമിടുന്നത് സർക്കാറുദ്യോഗമാണ്. അതിനാൽ തന്നെയാണ് പിഎസ്‍സി കോച്ചിങ്ങ് സെന്ററുകൾ തഴച്ചു വളർന്നതും. സർക്കാർ ഉദ്യോഗം തരുന്ന സ്ഥിരതയും, നല്ല ശമ്പളവും ആജീവനാന്ത ആനുകൂല്യങ്ങളും സർവോപരി ആയാസരഹിതമായ പണിയുമാണ് കാരണങ്ങൾ. കാര്യക്ഷമമായി പണിയെടുക്കുന്നവരും ഒപ്പിച്ചു പണിയെടുക്കുന്നവരും ഉണ്ട്. സർക്കാർ ഉദ്യോഗത്തിന്റെ തണലിൽ വളർന്ന എനിക്ക് അത് നൽകിയ സുരക്ഷ നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. ഒരു ശരാശരി കർഷക കുടുംബത്തിൽ നിന്ന് വന്ന അച്ഛന് നല്ല വിദ്യാഭ്യാസവും, സർക്കാർ ജോലിയും കിട്ടിയത് ആ വലിയ കുടുംബത്തിനും, ശിഷ്ട തലമുറകൾക്കും അത്താണിയായത് കണ്ടറിഞ്ഞിട്ട് തന്നെയാണ് ഇത് പറയുന്നത്. 

ഇവിടെയാണ് അലവാങ്ക് താത്തയുടെയും പാട്ടിയുടെയും ദൈന്യാവസ്ഥ കൂടുതൽ സങ്കീർണ്ണമാകുന്നത്. എന്റെ അച്ഛൻ 55 -ാം വയസിൽ പെൻഷനാകുമ്പോഴും വലിയ അല്ലലില്ലായിരുന്നു. തെറ്റില്ലാത്ത പെൻഷനുള്ളതിനാൽ അദ്ദേഹത്തിന് മറ്റൊരു തൊഴിൽ തേടേണ്ട ആവശ്യം വന്നിരുന്നില്ല. മാത്രമല്ല ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നത് നൽകിയ ബന്ധങ്ങളുടെ പിൻബലവും കരുത്തായിരുന്നു. എന്നാൽ, വാർദ്ധ്യകത്തിലേക്ക് നന്നായി അടുത്തിട്ടും കരമനയിലെ താത്തക്കും പാട്ടിക്കും നിത്യാദ്ധ്വാനം അനിവാര്യമായിരുന്നു. അവരുടെ മറ്റ് കുടുംബവിശേഷങ്ങൾ എനിക്ക് അന്യമാണ്. മക്കളുണ്ടായിരുന്നുവോ എന്ന് പോലും നഗരത്തിലെ തിരക്കിൽ ഞങ്ങൾ അറിഞ്ഞിരുന്നില്ല.  

സാമ്പത്തിക  ശാസ്ത്രത്തിൽ 'കമ്മിറ്റഡ് എക്സ്പെൻഡിച്ച‌‌ർ' അഥവാ 'പ്രതിജ്ഞാബദ്ധമായ ചെലവ്' എന്നൊരു അവസ്ഥയുണ്ട്. അതായത് ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ കാര്യങ്ങൾ മാറ്റി വയ്ക്കാനാവില്ല. ഈ ചെലവ് കൂടിയാൽ അത് ബാധിക്കുക മൂലധന ചെലവുകളെയാണ്. അതായത് റോഡ്, പാലം, ആശുപത്രി പണിയുക  തുടങ്ങിയ വികസന ചെലവുകളെയാണ്. കഴിഞ്ഞ വർഷത്തെ ( 2020-21) രാജ്യമൊട്ടാകെയുള്ള  കാര്യം പരിശോധിച്ചാൽ സംസ്ഥാനങ്ങളിൽ ശരാശരി 50:50 എന്നതാണ് മൂലധന ചെലവും, പ്രതിജ്ഞാബദ്ധ ചെലവും. 

എന്നാൽ, കേരളത്തിൽ ശമ്പള, പെൻഷൻ, പലിശ ചെലവ് 73% എന്ന ഞെട്ടിപ്പിക്കുന്ന തോതിലേക്ക് ഉയർന്നിരിക്കുന്നു. അതിൽ 30% ശമ്പളത്തിനും, 21% പെൻഷനും, 22% പലിശക്കുമാണ് നൽകിയത്. അതായത് നാടിന്റെ വികസനത്തിന് വെറും 27% മാത്രം. ഇതിൽ തന്നെ പലതരം ചോർച്ചകൾക്ക് ശേഷം എന്ത് പണമായിരിക്കും താഴെയെത്തുക എന്നത് ഊഹിക്കാവുന്നതേയുള്ളു. ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ചിട്ടുള്ള നടപ്പുവ‌ർഷത്തെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ശമ്പള, പെൻഷൻ, പരിശ ചെലവ് 65% ആണ്. അത് കാര്യമായി ഉയരുകയല്ലാതെ കുറയാൻ സാധ്യതയില്ല.

financial crisis kerala s biju writes

എന്തുകൊണ്ടാണ് കേരളത്തിൽ ശമ്പള പെൻഷൻ, പരിശ ചെലവ് ഇങ്ങനെ കൂടാൻ കാരണം. അവിടെയാണ് സർക്കാർ ജോലിയുടെ മായികത. ഒരോ വർഷവും ശരാശരി 25,000 പേരാണ് കേരളത്തിൽ പുതുതായി സർക്കാർ ജീവനക്കാരാകുന്നത്. 2019 -ലെ കണക്ക് പ്രകാരം 122 വകുപ്പുകളിലായി 5,15,639 സർക്കാർ ജീവനക്കാരാണുള്ളത്. ഇതിൽ പൊതുമേഖലയും, താത്കാലികക്കാരുമൊന്നും പെടുന്നില്ല. 2,35,963 സർവീസ് പെൻഷൻകാരും, 93,514 കുടുംബ പെൻഷൻകാരുമുണ്ട്. എം.എൽ.എ തൊട്ട് സ്വാതന്ത്ര്യ സേനാനികൾ വരെ അടങ്ങുന്ന ഇതര വിഭാഗത്തിലായി 1.09,058 പേരും സർക്കാർ പെൻഷൻ വാങ്ങുന്നതായി 2018 -ലെ സിഎജി റിപ്പോട്ട് പറയുന്നു. ആകെ 4,38,535 പെൻഷൻകാർ. ജീവനക്കാരും പെൻഷൻകാരുമായി 10 ലക്ഷത്തോളം വരും. 

ചുരുക്കത്തിൽ മൂന്നേകാൽ കോടി ജനസംഖ്യയുള്ള കേരളത്തിലെ റവന്യൂ വരവിലെ 73 ശതമാനവും  പോകുന്നത് 10 ലക്ഷത്തോളം വരുന്നവർക്കായി. മിച്ചമെടുത്തുവേണം നാട്ടിലെ മൂന്ന് കോടിയിലേറെ പേരുടെ കാര്യം നോക്കാൻ.

നമ്മുടെ പൊതുമേഖലയുടെ പിടിപ്പുകേടിന് ഇരയായ കാസർകോട്ടെ എൻഡോസൾഫാൻ ബാധിതരടക്കമുള്ള പട്ടിണിപ്പാവങ്ങളും, നിത്യരോഗികളുമായ കുട്ടികളടക്കമുള്ളവരുടെ ക്ഷേമം പിന്നെയെങ്ങനെ നടത്താൻ? തീരെ പ്രയാസം അനുഭവിക്കുന്ന അവർ നിവർന്നിരിക്കാൻ പോലും കെൽപ്പില്ലാതെ തങ്ങളുടെ കുഞ്ഞുങ്ങളെയും കെണ്ട് ഈ കൊറോണക്കാലത്ത് തെക്കേയറ്റത്തെ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് പടിക്കെലെത്തിയിരിക്കുന്നു. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും സർക്കാർ അവർക്ക് നൽകാമെന്നേറ്റ സഹായം കൃത്യമായി നൽകുന്നില്ല.        

കേരളം ഇതിലും വലിയ തോതിലുള്ള നീക്കിയിരിപ്പാണ് ശമ്പള, പെൻഷൻ, പലിശക്കായി നൽകിയിരുന്നത്. 1990-91 കാലത്ത് ആകെ റവന്യൂ വരവായ 2403 കോടിയിൽ നിന്ന് 1976 കോടിയും, അതായത് 82.23 ശതമാനവും ഈയിനത്തിലാണ് ചെലവഴിച്ചത്. കഴിഞ്ഞ 30 കൊല്ലത്തിൽ ഇത് ശരാശരി 60 ശതമാനത്തോളമായി കുറച്ചുകൊണ്ടു വരികയായിരുന്നു. 

എന്നാൽ, അടുത്തകാലത്തായി സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ കാര്യമായി വർദ്ധനയുണ്ടായതും, കൊറോണയുണ്ടാക്കിയ സാമ്പത്തിക ഞെരുക്കവുമാണ് കാര്യങ്ങൾ ഇത്രമേൽ വഷളാക്കിയത്. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ കഴിഞ്ഞ വ‌ർഷങ്ങളിൽ ഇരട്ടിയിലേറെ വർദ്ധനവാണ് ഉണ്ടായത്. ജീവനക്കാരുടെ പ്രതിമാസ ശരാശരി ശമ്പളം 2011-12 -ൽ 25,458 -ത്തിൽ നിന്ന് 2018-19 -ൽ 49,657 ആയി ഉയർന്നുവെന്ന്   തിരുവനന്തപുരത്തെ വികസന പഠന കേന്ദ്രം (CDS) സയറക്ടർ സുനിൽ മാണിയുടെ നേതൃത്വത്തിൽ നടത്തിയ പഠനം പറയുന്നു. 

നടപ്പ് സാമ്പത്തികവർഷത്തെ കണക്ക് പ്രകാരം 73,845 കോടി രൂപയാണ് ശമ്പള, പെൻഷൻ പലിശയിനത്തിൽ ചെലവഴിക്കേണ്ടത്. കഴിഞ്ഞ സർക്കാ‌ർ ഭരണത്തുടർച്ച കൂടി ലക്ഷ്യമിട്ട് സർക്കാ‌ർ ജീവനക്കാരുടെ ശമ്പളം 2019 മുതൽ മുൻകാല പ്രാബല്യത്തോടെ വർദ്ധിപ്പിച്ചതാണ് ഇത്രയും ബാധ്യത ഉണ്ടാക്കിയത്. ജീവനക്കാരുടെ പ്രതിമാസ കുറഞ്ഞ ശമ്പളം 16,000 -ത്തിൽ നിന്ന്  23,100 ആയാണ് വർദ്ധിപ്പിച്ചത്. കുറഞ്ഞ പെൻഷൻ 8,500 -ൽ നിന്ന് 11,500 ആയും ഉയർത്തി. 

കൊവിഡ് പ്രതിസന്ധി മൂലവും, അല്ലാതെയും റവന്യൂ നികുതി വരവിലുണ്ടായ കനത്ത ഇടിവുമാണ്  കാര്യങ്ങൾ വഷളാക്കിയത്. കേരളത്തിന്റെ മുന്തിയ വരുമാനവും ഉത്പാദന മേഖലയിൽ നിന്നല്ല സേവനമേഖലയിൽ നിന്നാണ്, പ്രത്യേകിച്ച് വിനോദ സഞ്ചാര മേഖലയിൽ നിന്നാണ് വന്നുകൊണ്ടിരുന്നത്. അതെല്ലാം കൊവിഡ് കാരണം നിലച്ചു. കേന്ദ്രം ജിഎസ്ടി‍ ഇനത്തിൽ നൽകുന്ന വിഹിതത്തിലും കാര്യമായി കുറവു വന്നു. അഞ്ച് വർഷമായി കേന്ദ്രം നൽകുന്ന ജിഎസ്ടി‍ പ്രത്യേക സഹായവും വരുന്ന മാർച്ചോടെ നിലയ്ക്കുമ്പോൾ കാര്യങ്ങൾ വീണ്ടും വഷളാകും. അപ്പോൾ പിന്നെ നിത്യനിദാന ചെലവുകൾ നടത്താൻ കൂടുതൽ കടമെടുക്കലേ മാർഗമുള്ളൂ.  

നമ്മുടെ പൊതുകടമാകട്ടെ നാൾക്കുനാൾ വർദ്ധിക്കുന്നു. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദന കണക്കായ GDP -യുടെ 36 ശതമാനവും കടമാണ്. നമ്മൾ കടമെടുത്തു കൊണ്ടേയിരിക്കുന്നു. ഇക്കഴിഞ്ഞ സപ്തംബർ ആദ്യവും നാം 3500 കോടി കടമെടുത്തു. ഈ വർഷം സപ്‍തംബർ പകുതി വരെ കടമെടുത്തത് 15,000 കോടിയാണ്. റിസർവ് ബാങ്കിന്റെ സഹായത്തോടെ പൊതുവിപണയിൽ നിന്ന് ഏഴ് ശതമാനത്തിലധികമാണ് പലിശ. 

കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നടത്തിയ കിഫ്ബി പദ്ധതികൾക്കായി വൻതോതിലാണ് വായ്പയെടുത്തത്. അതുപോലെ മുൻ ഉമ്മൻ ചാണ്ടി സർക്കാർ മെട്രോക്കും മറ്റുമായി എടുത്തതും. ഇതിന്റെയൊക്കെ തിരിച്ചടവ് കാര്യമായി തുടങ്ങിയിട്ടില്ല. ഈ സർക്കാറാകട്ടെ സിൽവർ‍ലൈൻ തീവണ്ടി പാതയ്ക്കായും വൻ വായ്പയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതികളൊന്നും സമീപകാലത്തൊന്നും ലാഭകരമാകുമെന്ന് അതിന്റെ നടത്തിപ്പുകാർ പോലും അവകാശപ്പെടുന്നില്ല. അപ്പോൾ എങ്ങനെ തിരിച്ചടക്കും? നമ്മുടെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുക തന്നെ. 

കാര്യങ്ങൾ പോകുന്ന ദിശ നമ്മുടെ നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതി നടത്തിപ്പ് വ്യക്തമാക്കുന്നുണ്ട്. കൊവിഡ് എന്ന മഹാമാരിയേയും അതിന്റെ പ്രത്യാഘാതത്തേയും നേരിടാൻ കേരളം 20,000 കോടിയുടെ പ്രത്യേക പാക്കേജ് ആണ് പ്രഖ്യാപിച്ചത്. ആരോഗ്യസംരക്ഷണം, ജീവൽ ഉപാധി സഹായം, പലിശ സബ്സിഡി എന്നീ കാര്യങ്ങൾക്കായാണ് ഇത് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ എത്രകണ്ട് നടപ്പാകും എന്ന് കാലം തെളിയിക്കട്ടെ. എന്നാൽ, ഇക്കാര്യത്തിനും, ശമ്പള ചെലവിനുമൊക്കെ വേണ്ടി വരുന്ന അധികതുക നഷ്ടപ്പെടുത്തുന്നത് ഗ്രാമീണ മേഖലയിലെ വികസന കാര്യങ്ങളെയാണ്. 

കഴിഞ്ഞ ബജറ്റിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് തോമസ് ഐസക്ക് പ്രഖ്യാപിച്ച ഗ്രാന്റ് ഇൻ എയ്ഡിനെക്കാൾ 30% കുറവാണ് കെ.എൻ ബാലഗോപാലിന്റെ പുതുക്കിയ ബജറ്റിലുള്ളത്. ബജറ്റിൽ 9,758 കോടിയുണ്ടായിരുന്ന തദ്ദേശസ്ഥാപനങ്ങളിലെ സഹായം പുതുക്കിയ എസ്റ്റിമേറ്റിൽ  6,847 കോടിയായി കുറ‌ഞ്ഞു. നാട്ടിലെ ഏറ്റവും പ്രാഥമികമായ വികസന പ്രവർത്തനങ്ങളെയാകും ഇത് ബാധിക്കുക. മാലിന്യ നിർമ്മാർജനമടക്കമുള്ള കാര്യങ്ങൾക്ക് പിന്തുണയില്ലാതെ, അശാസ്ത്രീയമായി കത്തിച്ചും കുഴിച്ചുമുടിയും ഒന്നും ചെയ്യാതെ കൂട്ടിയിട്ടും ഗുരുതരമായ വിപത്തുകളാണ് നമ്മുടെ നാട്ടിൻപുറങ്ങളിലും തലസ്ഥാനത്തുൾപ്പടെ നഗരങ്ങളിലും നാം ക്ഷണിച്ചു വരുത്തുന്നത്. ഇത് സമ്പന്നരെക്കാൾ കാര്യമായി ബാധിക്കുക സമൂഹത്തിലെ പാവപ്പെട്ടവരെയാണ്. 

എന്റെ വീടിന്റെ പരിസരങ്ങളിലെ പാവപ്പെട്ടവരുടെ കഷ്ടപ്പാടുകൾ വർദ്ധിക്കുന്നത് എനിക്ക് നന്നായി അറിയാനാകും. അയൽപക്കത്തെ മോഹനന് ബേക്കറിപ്പണി കഴിഞ്ഞ് രാത്രി ഒമ്പത് മണിക്ക് തിരികെ വീട്ടിലെത്താൻ ബസില്ല. പഠിത്തം മുടക്കി, മകൻ ചെന്ന് സൈക്കിളിൽ കൂട്ടി കൊണ്ട് വരികയാണ്. രാത്രി വൈകിയും പൊതുഗതാഗതം ഉണ്ടായിരുന്ന തലസ്ഥാനത്ത് ഇപ്പോൾ മണി എട്ടായാൽ ബസുകൾ ഷെഡ്ഡിൽ കയറുകയാണ്. എണ്ണയടിക്കാൻ പോലും കെ.എസ്.ആർ.ടി.സിക്ക് കാശില്ല, പിന്നല്ലേ ശമ്പളം കൊടുക്കാൻ. 

അയൽപ്പക്കത്തെ കലയുടെ വീട്ടിൽ വീണ്ടും അടുപ്പ് പുകയുകയാണ്. ഈ വർഷം തന്നെ പാചകവാതക വില 200 രൂപയോളം വർദ്ധിച്ചതും കേന്ദ്ര സർക്കാർ പൂർണമായും സബ്സിഡി പിൻവലിച്ചതും മൂലം കലയെ പോലെ പലരും ഗ്യാസ് ഉപയോഗിച്ചുള്ള പാചകം ഉപേക്ഷിച്ചിരിക്കുകയാണ്. സ്ത്രീകളുടെ ആരോഗ്യത്തെ ഏറ്റവും ബാധിക്കുന്നത് അടുപ്പിൽ നിന്നുള്ള വിഷവാതകമാണ്. ഇതിനകം മാലിന്യത്തോതിൽ മുമ്പിൽ നിൽക്കുന്ന നമ്മുടെ നഗരങ്ങൾ ഒന്നുകൂടി വഷളാവുകയാണ്. അടുത്തൊന്നും കേരളത്തിൽ തെരഞ്ഞെടുപ്പില്ലാത്തതിനാൽ നമ്മുടെ കാര്യം പൊകഞ്ഞു കൊണ്ടേയിരിക്കും. 

കേരളത്തിനെ താങ്ങിനിർത്തുന്നത് കൃഷിയോ, വ്യവസായമോ അല്ല. കച്ചവടം, വാണിജ്യം, വിനോദസഞ്ചാരം, ആശയവിനിമയം തുടങ്ങിയ സേവന മേഖലകളാണ്. 2019-20 -ൽ കൃഷി ഒമ്പത് ശതമാനവും, ഉത്പാദന മേഖല 28 ശതമാനവും മാത്രം സംഭാവന ചെയ്തപ്പോൾ 63 ശതമാനമാണ് സേവനമേഖല സമ്പദ് വ്യവസ്ഥക്ക് നൽകിയത്. എന്നാൽ, കൊവിഡ് ഏറ്റവും അധികം ബാധിച്ചതും സേവന മേഖലയേയാണ്. ചെലവ് കാര്യമായി കൂടുമ്പോഴും (ഏതാണ്ട് 16%)  വരവ് നല്ല തോതിൽ കുറയുന്നു. കേന്ദ്രമാകട്ടെ സംസ്ഥാനങ്ങൾക്കുള്ള നികുതിപങ്ക് വയ്ക്കൽ ഏതാണ്ട് 30 ശതമാനം വരെ കുറച്ചിരിക്കുന്നു. അവിടെയും നികുതി വല്ലതും വന്നിട്ട് വേണ്ടേ പങ്ക് വയ്ക്കാൻ. 

കൂനിൻമേൽ കുരുവെന്ന പോലെ മറ്റൊരു പ്രശ്നവും വരുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി കേന്ദ്രത്തിൽ നിന്ന് കിട്ടിക്കൊണ്ടിരുന്ന ജി.എസ്.ടി നഷ്ടപരിഹാര തുക അടുത്ത വർഷം മാർച്ചോടെ നിലയ്ക്കും. സംസ്ഥാനങ്ങൾക്ക് ചുരുങ്ങിയത് 14% ജിഎസ്ടി‍ നികുതി വർദ്ധനവ് ഉണ്ടായില്ലെങ്കിൽ സെസ് പിരിച്ച് നൽകിയിരുന്ന സഹായമാണ് ഇത്. 2019-20 -ൽ 5,575 കോടിയാണ് കേരളത്തിന് ഈയിനത്തിൽ വരവ് കണക്കാക്കിയിരുന്നത്. ഇതിൽ 33% വർദ്ധനവ്, അതായത് 7,429 കോടി കിട്ടുമെന്ന് ഇത്തവണ ധനമന്ത്രി ബാലഗോപാൽ ബജറ്റിൽ മനക്കോട്ട കെട്ടിയിട്ടുണ്ട്. എന്നാൽ, ജി.എസ്.ടി സെസ് ഉദ്ദേശിച്ച രീതിയിൽ കിട്ടിയില്ലെന്നു കാട്ടി കേന്ദ്രം സഹായം വെട്ടിക്കുറച്ച് പകരം വായ്പയായാണ് കഴിഞ്ഞ വർഷത്തെ വിഹിതം നൽകുന്നത്. അതായത് അതും തിരിച്ചടക്കണം. ചുരുക്കി പറഞ്ഞാൽ കേരളത്തിന്റെ വായ്പ കുതിക്കുകയാണ്. 

നാലുലക്ഷം കോടിക്കു മുകളിലാണ് കേരളത്തിന്റെ പൊതുകടം.100 രൂപ വരുമാനം ലഭിച്ചാൽ 18.35 രൂപ സംസ്ഥാനത്തിന്റെ കടബാധ്യതയുടെ പലിശയായി അടയ്ക്കേണ്ട അവസ്ഥ. ഭീമമായ പലിശയും തിരിച്ചടവും കഴിഞ്ഞാൽ പിന്നെ എങ്ങനെ കാര്യങ്ങൾ നടത്തും? സംസ്ഥാനത്ത് നികുതിചോർച്ച രൂക്ഷമാണ്. പൊതുജന സമ്പർക്കമുള്ള പല വകുപ്പുകളിലും അനാസ്ഥയും അഴിമതിയും മൂലം നികുതി ചോർച്ച വ്യാപകമാണ്. ആവശ്യത്തിന് സേവനവും കിട്ടുന്നില്ല. ഇതിൽ ഉദ്യോഗസ്ഥരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഭരണം നിർവഹിക്കുന്ന രാഷ്ടീയ നേതൃത്വം സന്മാർഗികളായെ പറ്റൂ. എമ്പ്രാൻ അൽപ്പം കട്ടു ഭുജിച്ചാൽ അമ്പലവാസികൾ ഒക്കെ കക്കും. ഭരണ മികവും പുലർത്തണം. 

കോളേജ് വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞ് ജോലിക്ക് കയറിയപ്പോൾ    

അലവാങ്കും ചുക്ക്  കാപ്പിയും വിറ്റിരുന്ന കരമനയിലെ ചായ്പ് കടയിലേക്കുള്ള പോക്ക് ചുരുങ്ങി. ഒരിടവേളക്ക് ശേഷം പോയപ്പോൾ പാട്ടി മാത്രം. താത്ത പോയിരുന്നു. എന്നിട്ടും ആ വൃദ്ധസ്ത്രീ ഒറ്റയ്ക്ക് അദ്ധ്വാനിച്ചിരുന്നു. ഒരു പൊതുമേഖലാ  ജീവനക്കാരനായ എന്റെ അച്ഛൻ അപ്പോഴേക്കും വിശ്രമ ജീവിതത്തിലേക്ക് കടന്നിരുന്നു. മക്കളെ ശാരീരികമായി ആശ്രയിച്ചിരുന്നുവെങ്കിലും തന്റെ ആവശ്യങ്ങൾക്കും, മറ്റുള്ളവരെ സഹായിക്കാനുമുള്ള വക പെൻഷനായി കിട്ടുന്നതിന്റെ അന്തസ്സിലായിരുന്നു അച്ഛൻ. 

ഇതിനിടയിലെപ്പഴോ പാട്ടിയും പോയി. അമ്മയ്ക്ക് പുറമേ കഴിഞ്ഞ വർഷം അച്ഛനും പോയി. വർഷം ഒന്ന് കഴിഞ്ഞപ്പോൾ അച്ഛന്റെ സ്ഥാപനത്തിൽ നിന്ന് അറിയിപ്പ് വന്നു. സർക്കാർ വർദ്ധിപ്പിച്ച പെൻഷൻ കുടിശ്ശിക വന്ന് വാങ്ങാൻ. തെറ്റില്ലാത്ത തുകയുണ്ടത്രേ. റവന്യൂ നടപടി ക്രമങ്ങളുടെ സങ്കീർണത കാരണം അനന്തരവകാശ സർട്ടിഫിക്കറ്റ് വൈകുന്നതിനാൽ അടുത്തൂൺ കുടിശിഖ കൈപറ്റാനിരിക്കുന്നതേയുള്ളു. അച്ഛന്റെ സർക്കാർ ഉദ്യോഗം കൊണ്ട് സമൂഹത്തിലെ വരേണ്യ വർ​ഗക്കാരായിരുന്നു ഞങ്ങൾ. ആ കാലം കഴിയുന്നു.

Follow Us:
Download App:
  • android
  • ios