തന്നെ കാരണം കൂടാതെ പിരിഞ്ഞു പോകാൻ പ്രേരിപ്പിച്ചു എന്നും തന്റെ വയസിന്റെ അടിസ്ഥാനത്തിൽ തന്നോട് വിവേചനം കാണിച്ചു എന്നുമായിരുന്നു മാർക്കിന്റെ പരാതി.
തല മൊട്ടയടിച്ചതിന്റെ പേരിൽ ആരെയെങ്കിലും ജോലിയിൽ നിന്നും പിരിച്ചു വിടുമോ? യുകെ -യിൽ 61 വയസ്സായ ഒരു സെയിൽസ് ഡയറക്ടറെ ഇതുപോലെ മൊട്ടത്തലയുടെ പേരും പറഞ്ഞ് സമ്മർദ്ദം ചെലുത്തി രാജിവെപ്പിച്ചു. എന്നാൽ, ഇപ്പോൾ അദ്ദേഹത്തിന് അനുകൂലമായി വിധി വന്നിരിക്കുകയാണ്. 50 -കളിലുള്ള മൊട്ടയടിച്ച പുരുഷന്മാരുടെ ഒരു ഗാംങ് തന്നെ ഇവിടെ ഉണ്ടായി വരികയാണ്, അത് വേണ്ട എന്ന് പറഞ്ഞുകൊണ്ടാണ് ബോസ് ഇദ്ദേഹത്തിൽ പിരിഞ്ഞു പോകാനായി സമ്മർദ്ദം ചെലുത്തിയത്.
എന്നാലിപ്പോൾ, വിവേചനത്തിനും അതുണ്ടാക്കിയ മാനസികപ്രശ്നത്തിനും നഷ്ടപരിഹാരമായി 70 ലക്ഷം രൂപ നൽകാനാണ് വിധി വന്നിരിക്കുന്നത്. ലീഡ്‌സ് ആസ്ഥാനമായുള്ള ടാംഗോ നെറ്റ്‌വർക്ക് എന്ന മൊബൈൽ ഫോൺ സ്ഥാപനത്തിൽ നിന്നുമാണ് മാർക്ക് ജോൺസെന്ന സെയിൽസ് ഡയറക്ടർക്ക് പിരിഞ്ഞു പോകേണ്ടി വന്നത്. തുടർന്ന് മാർക്ക് ഒരു ട്രിബ്യൂണലിനെ സമീപിച്ചു, കേസിൽ വിജയിച്ചു.
കമ്പനിയുടെ മാനേജർ ഫിലിപ് ഹെസ്കത്തിന്റെ തലയും മൊട്ടയടിച്ചതായിരുന്നു. തന്നെപ്പോലെ ഒരാൾ ഇനി കമ്പനിയിൽ വേണ്ട എന്നും, കൂടുതൽ ഊർജ്ജസ്വലരും യുവാക്കളുമായ ആളുകളെയാണ് വേണ്ടത് എന്നും, കമ്പനി വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നത് എന്നും പറഞ്ഞുകൊണ്ട് മാർക്കിനെ ഇയാൾ നിരന്തരം ജോലി രാജിവെപ്പിക്കാൻ ശ്രമിച്ചിരുന്നു.
എന്നാൽ, മുടിയുണ്ടായിരുന്നു എങ്കിലും തന്നെ രാജിവയ്പ്പിക്കാൻ ഇവർ ശ്രമിക്കുമായിരുന്നു എന്നാണ് മാർക്ക് പറയുന്നത്. മാത്രമല്ല, താൻ ആ കമ്പനിയിൽ ചേർന്ന് ഒരു വർഷമേ ആയുള്ളൂ, രണ്ട് വർഷമായാൽ കമ്പനി ആനുകൂല്യങ്ങൾ തരേണ്ടി വരും എന്നും മാർക്ക് പറയുന്നു. എങ്ങനെ എങ്കിലും കമ്പനിയിൽ നിന്നും തന്നെ പറഞ്ഞു വിടുക എന്നതായിരുന്നു മാനേജരുടെ ലക്ഷ്യം എന്നും മാർക്ക് പറഞ്ഞു. ഒടുവിൽ മാർക്ക് രാജിവെച്ച് പോവുകയും കമ്പനിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയും ആയിരുന്നു.
തന്നെ കാരണം കൂടാതെ പിരിഞ്ഞു പോകാൻ പ്രേരിപ്പിച്ചു എന്നും തന്റെ വയസിന്റെ അടിസ്ഥാനത്തിൽ തന്നോട് വിവേചനം കാണിച്ചു എന്നുമായിരുന്നു മാർക്കിന്റെ പരാതി. ഏതായാലും ട്രിബ്യൂണലിന്റെ വിധി മാർക്കിന് അനുകൂലമായിരുന്നു. അദ്ദേഹത്തിന് 70 ലക്ഷം രൂപ കൊടുക്കാനാണ് വിധിച്ചത്. അതേ സമയം ഹെസ്കത്ത് തങ്ങളുടെ കമ്പനിയിൽ ഇപ്പോൾ ജോലി ചെയ്യുന്നില്ല എന്നാണ് കമ്പനി പറയുന്നത്.
