ഇരുപതു വർഷമായി മുംബൈ പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന അധോലോകസംഘാംഗമായിരുന്നു ഇജാസ് ലക്ഡാവാല. 27 കേസുകളാണ് ദാവൂദ് ഇബ്രാഹിം എന്ന അധോലോകനായകന്റെ കുപ്രസിദ്ധമായ ഡി കമ്പനിയിലെ അമ്പതുകാരനായ ഈ ഷാർപ്പ് ഷൂട്ടറിന്റെ പേരിൽ ഉണ്ടായിരുന്നത്. എൺപതോളം പേരാണ് ഇജാസിനെതിരെ ഇന്നുവരെ പരാതിപ്പെടാൻ ധൈര്യം കാണിച്ചിട്ടുണ്ടായിരുന്നത്. മുംബൈ പൊലീസിന്റെ ആന്റി എക്സ്ടോർഷൻ സെൽ (AEC)  അഥവാ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നവരെ നിയന്ത്രിക്കുന്നതിനുള്ള സ്‌പെഷ്യൽ സെല്ലാണ് വളരെ തന്ത്രപരമായ ഓപ്പറേഷനിലൂടെ ഇജാസിനെ കുടുക്കിയത്. 

പഴുതടച്ച ഓപ്പറേഷൻ 

ആന്റി എക്സ്ടോർഷൻ സെൽ ലക്ഡാവാലയുടെ പിന്നാലെ കൂടിയിട്ട് വർഷം പലതു പിന്നിട്ടിരുന്നു. ഇജാസിന്റെ കസിൻ സമീർ ബിൽഡർക്കെതിരെ നടന്ന ഒരു പഴയ ടെലിഫോൺ ഭീഷണിക്കേസിൽ ഈയിടെ അറസ്റ്റിലായിരുന്നു. സമീറിൽ നിന്ന് കിട്ടിയ വിവരങ്ങൾ ഇജാസിലേക്ക് പോലീസിനെ കൂടുതൽ അടുപ്പിച്ചു. കഴിഞ്ഞ ഏപ്രിലിൽ  സമീറിന്റെ സഹോദരൻ അകീലും നാലഞ്ച് എക്സ്ടോർഷൻ കേസുകളിൽ അറസ്റ്റിലായി. ഈ അറസ്റ്റ് വരെ നയിച്ചത് ഇജാസ് ലക്ഡാവാലയ്ക്ക് ഒരു കുഞ്ഞുണ്ടെന്നും അവളുടെ പേര് സോണിയ എന്നാണെന്നും, അവൾ ഒരു ഷാഹിദ് ഷെയ്ക്കിനെ വിവാഹം കഴിച്ച്, ഷിഫാ ഷെയ്ക്ക് എന്ന് പേരുമാറ്റി സ്വൈര്യമായി ജീവിക്കുകയാണെന്നും പൊലീസിന് മനസ്സിലായി. സോണിയയെ ഒന്ന് അറസ്റ്റു ചെയ്തശേഷം, ജാമ്യത്തിൽ വിട്ട് രഹസ്യമായി അവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു പൊലീസ്. ഒടുവിൽ അവർക്ക് ഒരു രഹസ്യ വിവരം കിട്ടി. സോണിയ  വ്യാജപാസ്പോർട്ടിൽ നേപ്പാളിലേക്ക് കടക്കാൻ പോവുന്നു. 

ആ ടിപ്പ് വെച്ച് പൊലീസ് ഡിസംബർ 28 -ന് സോണിയയെ അറസ്റ്റുചെയ്യുന്നു. സോണിയയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഇജാസ് വരും ദിവസങ്ങളിൽ പട്ന സന്ദർശിക്കാൻ പദ്ധതിയിടുന്നുണ്ട് എന്നുള്ള വളരെ വിലപ്പെട്ട വിവരം പൊലീസിന് കിട്ടുന്നത്. തങ്ങൾ ആ അധോലോക സംഘാംഗത്തിന്റെ, തങ്ങൾ ഏറെക്കാലമായി തേടിനടന്ന ആ കൊടും ക്രിമിനലിന്റെ വളരെ അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു എന്ന് മുംബൈ പൊലീസിന് ബോധ്യമായി. അതോടെ അവർ തുടർന്നുള്ള നീക്കം ഏറെ കരുതലോടെയാക്കി. അവർ ബീഹാർ പൊലീസിന്റെ സഹായത്തോടെ, ജഖൻപൂർ ബസ്റ്റോപ്പിൽ ഇജാസിനുവേണ്ടി വലവിരിച്ചു. അങ്ങനെ ആ ബുധനാഴ്ച ദിവസം ഒന്നുമറിയാതെ ഇജാസ് പൊലീസ് വിരിച്ച വലയിലേക്ക് നടന്നുകയറി. അവർ അയാളെ അറസ്റ്റുചെയ്തു. രാത്രി പത്തരയോടെ അറസ്റ്റ് രേഖപ്പെടുത്തപ്പെട്ടു. 


 
AEC ആദ്യം മുതൽക്കുതന്നെ ഇജാസിന്റെ ഫോൺ നമ്പർ നിരീക്ഷണത്തിൽ വെച്ചുകൊണ്ട് അയാളുടെ ലൊക്കേഷൻ പിന്തുടരാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ, അയാളുടെ ലൊക്കേഷൻ ദിവസത്തിൽ നാലഞ്ചുവട്ടം മാറിക്കൊണ്ടിരുന്നു. അറസ്റ്റുചെയ്ത ശേഷമാണ് പൊലീസിന് ഇജാസ് തന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരുന്ന ലൊക്കേഷൻ ചെയ്ഞ്ചർ സോഫ്റ്റ്‌വെയറിനെപ്പറ്റി വിവരം കിട്ടുന്നത്. ആ സോഫ്റ്റ് വെയർ ആണ് ഫോൺ നമ്പർ ട്രേസ് ചെയ്തിട്ടും പൊലീസിൽ നിന്നും അയാളെ രക്ഷിച്ച് നിർത്തിയിരുന്നത്. 

ഇജാസിന്റെ കേരളാ ബന്ധം 

ഇജാസ് ലക്ഡാവാലക്ക് ഒരു കേരളാ ബന്ധമുണ്ട്. അത്, ഒരു കൊലപാതകത്തിന്റെ പേരിലാണ്. 1991 -ൽ നടന്ന ഒരു കൊല. മുംബൈ കേന്ദ്രീകരിച്ച് ബിസിനസ് നടത്തിയിരുന്ന, തിരുവനന്തപുരം വർക്കല സ്വദേശിയായിരുന്ന തഖിയുദ്ധീൻ വാഹിദ് എന്ന മലയാളി, ഒരു സുപ്രഭാതത്തിൽ തന്റെ ബിസിനസ് ഒന്ന് വിപുലപ്പെടുത്താൻ തീരുമാനിച്ചു. അയാൾ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ കൊമേർഷ്യൽ പ്രൈവറ്റ് പാസഞ്ചർ എയർലൈൻസ് സർവീസ് തുടങ്ങി. എന്നാൽ, അത് അയാൾക്ക് നിരവധി ശത്രുക്കളെയും സമ്മാനിച്ചു. നിരന്തരം ഭീഷണി സന്ദേശങ്ങൾ വാഹിദിനും ഭാര്യക്കും ഒക്കെ വരാൻ തുടങ്ങി.

വാഹിദ് തന്റെ സ്ഥാപനം തുടങ്ങിയിട്ട് മൂന്നു വർഷം തികയുന്നകാലം. 1995 നവംബർ 13  -ന് വാഹിദ് വെടിയേറ്റു മരിക്കുന്നതിന്റെ തലേന്നും വന്നു ഭാര്യക്ക് ഒരു ഭീഷണിക്കോൾ, "ഭർത്താവിനോട് എയർലൈൻസ് ബിസിനസ് നിർത്താൻ പറഞ്ഞോ.." എന്നായിരുന്നു. അവർ ഭർത്താവിനോട് കാര്യം പറഞ്ഞപ്പോൾ, വാഹിദ് എന്നും വരുന്ന കോൾ എന്നപോലെ അതും അവഗണിച്ചു. 

എന്നാൽ, അടുത്ത ദിവസം,  ഒരു ചുവന്ന മാരുതി ഓമ്നി വാൻ തഖിയുദ്ദീൻ വാഹിദിന്റെ കറുത്ത ബെൻസിനു കുറുകെ നിർത്തി. അതിലുണ്ടായിരുന്നവർ വാഹിദിന് നേരെ തുരുതുരാ വെടിയുതിർത്തു തുടങ്ങി. മുപ്പത് വെടിയുണ്ടകളാണ് അന്ന് വാഹിദിന്റെ ശരീരത്തിൽ അവർ നിക്ഷേപിച്ചത്. വാഹിദ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ആ കേസിൽ പ്രതിചേർക്കപ്പെട്ടത് അഞ്ചുപേരാണ്, രോഹിത് ശർമ്മ, ജോസഫ് ജോൺ ഡിസൂസ, സുനിൽ മൽഗാവ്ങ്കർ, ബണ്ടി പാണ്ഡെ, പിന്നെ ഇജാസ് ലക്ഡാവാലയും. ഇതിൽ ജോൺ ഡിസൂസ, പിന്നീട് എൻകൗണ്ടർ സ്‌പെഷലിസ്റ്റ് പ്രദീപ് ശർമയുടെ തോക്കിനിരയായി. ബണ്ടി പാണ്ഡെ ഇന്നും തിഹാർ ജയിലിലുണ്ട്, സുനിൽ മൽഗാവ്ങ്കറെ  തെളിവില്ലാത്തതിന്റെ പേരിൽ കോടതി വെറുതെ വിട്ടു. രോഹിത് ശർമ്മയെ ദാവൂദിന്റെ ആളുകൾ 2000 -ൽ വെടിവെച്ചു കൊന്നുകളഞ്ഞു. ആദ്യം പ്രതിപ്പട്ടികയിൽ പേരില്ലാതിരുന്ന ബണ്ടി പാണ്ഡേയും ഇജാസ് ലക്ഡാവാലയും പിന്നീട് പ്രതിചേർക്കപ്പെടുകയായിരുന്നു. ഛോട്ടാ രാജന്റെ നിർദേശപ്രകാരമായിരുന്നു ആ വധം. വാഹിദിനെ തന്റെ ശത്രുവായ ദാവൂദ് ഇബ്രാഹിമുമായുള്ള അടുപ്പത്തിന്റെ പേരിലാണ് ഛോട്ടാ രാജൻ ഇല്ലാതാക്കാൻ തീരുമാനിച്ചത്. 

ബിസിനസ് കുടുംബത്തിൽ ജനനം 

മുംബൈയിലെ പിധോണിയിലെ ഒരു ബിസിനസ് കുടുംബത്തിലായിരുന്നു ഇജാസിനെ ജനനം. ആദ്യം മാഹിമിലേക്കും, പിന്നീട് ജോഗേശ്വരിയിലേക്കും കുടുംബം മാറിത്താമസിച്ചിരുന്നു. ബാന്ദ്രാ സെന്റ് സ്റ്റാനിസ്ലാവോസ് സ്‌കൂളിലെ അതിസമർത്ഥനായ വിദ്യാർത്ഥിയായിരുന്ന ഇജാസ് ജോഗേശ്വരിയിൽ താമസിക്കുന്ന കാലത്താണ്, അനീസ് ഇബ്രാഹിം എന്ന ദാവൂദിന്റെ അടുത്ത അനുയായിയിലേക്കും, അയാളുടെ അനുചരന്മാരിലേക്കും അടുക്കുന്നത്. അന്ന് ബോളിവുഡിൽ നിന്ന് വേണ്ട വിവരങ്ങൾ ചോർത്താനാണ് അവർ ഇജാസിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തിയത്. അനീസിന് വേണ്ടി ജോലിയെടുത്തിരുന്ന കാലത്തുതന്നെ ഇജാസ് ഛോട്ടാ രാജനുമായി ബന്ധം സ്ഥാപിക്കുന്നു. 1993 -ലെ മുംബൈ ബോംബുസ്ഫോടനങ്ങൾക്ക് ശേഷം രാജനും, ദാവൂദും വഴിപിരിഞ്ഞപ്പോൾ ഇജാസ് രാജന്റെ കൂടെ തുടർന്നു.  

ഇജാസ് ആദ്യമായി  അറസ്റ്റു ചെയ്യപ്പെടുന്നത് ക്രിക്കറ്റുകളിക്കിടയിൽ നടന്ന തർക്കത്തിനൊടുവിൽ ഹരേൻ മെഹ്ത എന്നൊരാളെ കൊന്നതിന്റെ പേരിലാണ്. ആ കേസിൽ പക്ഷേ 1995  ഇജാസ് കുറ്റവിമുക്തനാക്കപ്പെടുന്നു. എന്നാൽ, ആ കേസിൽ മുംബൈ ആർതർ റോഡ് ജയിലിൽ കിടക്കുമ്പോൾ ഇജാസ് മറ്റൊരു വൻതോക്കിനെ പരിചയപ്പെടുന്നു. പേര്, സുനിൽ മൽഗാവ്ങ്കർ. മത്യാ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മഡ്ഗാവ്ങ്കർ, ആളൊരു പുലിയായിരുന്നു, ഛോട്ടാ രാജന്റെ ഷാർപ്പ് ഷൂട്ടർ. ഛോട്ടാ ശകീലിന്റെ അടുത്ത അനുയായിയായ ഒരാളുടെ സഹോദരൻ, ഫരീദ് രജ്ജി എന്ന തന്റെ എതിരാളിയുടെ വധത്തിനുള്ള 'ക്വട്ടേഷൻ' പ്ലാനിങ്ങിൽ മൽഗാവ്ങ്കർ, ലക്ഡാവാലയെയും ഒപ്പം കൂട്ടി. മുഹമ്മദ് അലി റോഡിൽ വെച്ച് ആ സംഘം അത് നടപ്പിലാക്കിയതോടെ  മുംബൈ പൊലീസ് കൂടിളക്കി അന്വേഷണം തുടങ്ങി, ഇജാസ് പിടിയിലായി. പിടിയിലാവാൻ കാരണമോ, ക്വട്ടേഷൻ നടപ്പിലാക്കുന്നതിനിടെ ഇജാസിന്റെ കണങ്കാലിൽ ഏറ്റ മുറിവും. ആ മുറിവുകാരണം, പൊലീസ് പിടികൂടാൻ വന്നപ്പോൾ പഴയപോലെ ഓടി രക്ഷപ്പെടാൻ ഇജാസിന് സാധിച്ചില്ല. അന്ന് അറസ്റ്റിലായ ഇജാസ് നാസിക് ജയിലിലാണ് അടയ്ക്കപ്പെട്ടത്. നാസിക് ജയിലിൽ കിടന്ന രണ്ടുവർഷം അയാൾ എന്നെന്നേക്കുമായി പൊലീസിൽ നിന്ന് രക്ഷപ്പെടാനുള്ള പ്ലാനിങ്ങിലായിരുന്നു. അതിന്റെ ഭാഗമായി അകത്തുകിടന്നുകൊണ്ടുതന്നെ ഇജാസ് തനിക്ക് മനീഷ് ശ്യാം അദ്വാനി എന്ന പേരിൽ ഒരു വ്യാജപാസ്പോർട്ട് സംഘടിപ്പിച്ചെടുത്തു. 

1998 -ൽ മെഡിക്കൽ ചെക്കപ്പിനുവേണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പൊലീസിനെ വെട്ടിച്ച് ഇജാസ് ലക്ഡാവാല ഓടി രക്ഷപ്പെട്ടു. അന്ന് തുടങ്ങിയ ഓട്ടമാണ്, പിന്നെ മുംബൈ പൊലീസിന് ആശാനെ പിടി കിട്ടുന്നത് ഇത്തവണയാണ്.

ലക്ഡാവാല ഗാങ്ങിന്റെ ജനനം 

അന്ന് പൊലീസ് ജീപ്പിൽ നിന്നിറങ്ങിയോടിയ ഇജാസിന്റെ ഓട്ടം തൽക്കാലത്തേക്കെങ്കിലും ഒന്ന് നിന്നത് മലേഷ്യയിൽ എത്തിയപ്പോഴാണ്. അവിടെ, അയാൾ ഛോട്ടാ രാജനുവേണ്ടി അയാളുടെ എക്സ്ടോർഷൻ ബിസിനസിന്റെ നിയന്ത്രണം ഏറ്റെടുത്തു. 2000-ൽ ഛോട്ടാ ഷക്കീലിന്റെ നിർദേശപ്രകാരം, മുന്നാ ജിങ്‌ടാ ഛോട്ടാ രാജനെ ആക്രമിച്ചു. അന്ന് ആ ആക്രമണത്തെ അതിജീവിച്ച ഛോട്ടാ രാജന് പക്ഷേ പിന്നീട് ബാങ്കോക്കിൽ പിടിച്ചു നില്ക്കാൻ സാധിച്ചില്ല. അങ്ങനെ വന്നപ്പോൾ, ബാങ്കോക്കിൽ ചെന്ന് ഛോട്ടാ രാജന്റെ കാര്യങ്ങളുടെ ചുക്കാൻ പിടിച്ചത് ഇജാസ്  ലക്ഡാവാല ആയിരുന്നു. എന്നാൽ, വൈകാതെ ഛോട്ടാ ഷക്കീലിന്റെ ആളുകൾ ഇജാസിനെയും ആക്രമിച്ചു. 

ഉടുമ്പിന്റെ ജന്മമായിരുന്നു ഇജാസ് ലക്ഡാവാലയുടേത്.  അന്നത്തെ ആക്രമണത്തിൽ ആറു വെടിയുണ്ടകൾ ദേഹത്ത് തുളച്ചു കയറിയിട്ടും ആൾ ചത്തില്ല. ഒരുവിധം സുഖപ്പെട്ടപ്പോൾ, ഇജാസ് നേരെ കാനഡയ്ക്ക് വിട്ടു. അവിടെനിന്നായി പിന്നീടുള്ള ആക്ഷൻ. പക്ഷേ, അത് ഛോട്ടാ രാജൻ ഗാങ്ങിന്റെ ശക്തി ക്ഷയിച്ചുതുടങ്ങിയ കാലമായിരുന്നു. ഭരത് നേപ്പാളി, രവി പൂജാരി, സന്തോഷ് ഷെട്ടി എന്നിങ്ങനെ രാജൻ വളർത്തി വലുതാക്കിയവർ ഒന്നൊന്നായി തിരിഞ്ഞുകൊത്തി വേറെ ഗാംഗുണ്ടാക്കി സ്വതന്ത്രമായി പ്രവർത്തിച്ചു തുടങ്ങി. 

2005 -ൽ ലക്ഡാവാല തന്റെ ഗാങ്ങിന്റെ ഹെഡ് ക്വാർട്ടേഴ്‌സ് ഘാനയിലേക്ക് പറിച്ചു നട്ടു. സഹോദരനെ പ്രോക്സിയാക്കി മുംബൈയിൽ പ്രതിഷ്ഠിച്ച് അയാൾ ഘാനയിൽ നിന്ന് എല്ലാം നിയന്ത്രിച്ചു. മുംബൈ പൊലീസിന്റെ കയ്യിൽ നിന്ന് വഴുതി വഴുതി നീങ്ങി. ഘാനയിൽ കുറച്ചു കാലം ചെലവിട്ട ശേഷം, ലക്ഡാവാല ആദ്യം അമേരിക്കയിലും, പിന്നെ ഇംഗ്ലണ്ടിലും കുറേക്കാലം താമസിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നാട്ടിലേക്ക് വന്നുപോകാനുള്ള സൗകര്യാർത്ഥം നേപ്പാളിലെ കാഠ്മണ്ഡുവിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. അവിടെ അക്ഷയ് പ്രീതം ദാസ് ഭാട്ടിയ എന്ന പേരും സ്വീകരിച്ച് അവിടത്തെ ആൾത്തിരക്കുള്ള ഒരു ടൗണിൽ വലിയൊരു തുണിക്കടയും നടത്തി എട്ടുവർഷം അയാൾ ആരുമറിയാതെ കഴിഞ്ഞു. നേപ്പാളികൾക്ക് അയാൾ ഭായിജാൻ ആയിരുന്നു. അയാൾ ഒരു അധോലോകനായകനാണെന്ന് അവിടാരും അറിഞ്ഞതേയില്ല. ഇപ്പോൾ, ഇന്ത്യയിൽ വെച്ച് അവിചാരിതമായി പൊലീസ് വിരിച്ച വലയിൽ വന്നു വീഴും വരെ...!