Asianet News MalayalamAsianet News Malayalam

സുഷമ സ്വരാജ് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം...!

മറ്റു വിദേശമന്ത്രിമാർക്കൊപ്പം ഫോട്ടോയ്ക്ക് പോസുചെയ്തപ്പോൾ പലരുടെയും തോളൊപ്പം പോലും സുഷമ എത്തിയിരുന്നില്ല. എന്നാൽ ആരോടും എവിടെയും തല ഉയർത്തിപ്പിടിച്ചു തന്നെ അവർ സംസാരിച്ചു. ഭാരതത്തിന്റെ യശസ്സ് എന്നും ഉയർത്തിപ്പിടിച്ചു.

First Death Anniversary of Sushma Swaraj, the great leader
Author
Delhi, First Published Aug 6, 2020, 6:24 PM IST

ഇന്ന് മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന ബിജെപി ദേശീയ നേതാവുമായിരുന്ന സുഷമാ സ്വരാജിന്റെ ഒന്നാം ചരമ വാർഷികമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് വൃക്കരോഗം മൂർച്ഛിച്ച് അവർ ഇഹലോകവാസം വെടിഞ്ഞത്. പുരുഷന്മാർ നിറഞ്ഞാടുന്ന രാഷ്ട്രീയഗോദയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സുഷമാ സ്വരാജിന്റെ ജീവിതം എന്തുകൊണ്ടും പ്രചോദനകരമാണ്. ഒന്നാം ചരമവാർഷിക ദിനത്തിൽ അവരുടെ സംഭവബഹുലമായ രാഷ്ട്രീയജീവിത ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കാം. 

കൊല്ലവർഷം 1996. പൊതുതെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾ കൊടുമ്പിരികൊണ്ടു നടക്കുന്നകാലം. ദക്ഷിണദില്ലിയും കവലപ്രസംഗങ്ങളാൽ മുഖരിതമാണ്. തെരുവിലെ ഇടുങ്ങിയ ഒരു ഗലിയുടെ മൂല  വളച്ചുകെട്ടി സ്റ്റേജ് ആക്കിയിരിക്കുകയാണ്. ബിജെപിയുടെ പ്രചാരണവേദിയാണത്. ഉച്ചഭാഷിണിയിൽ നിന്നും പുറപ്പെട്ടിരുന്ന തീക്ഷ്ണസ്വരം ഒരു സ്ത്രീയുടേതായിരുന്നു. അതെ, അത് സുഷമാ സ്വരാജിന്റെ പ്രസംഗമായിരുന്നു. സുഷമ പറഞ്ഞ ഓരോ വാക്യത്തെയും ജനം കരഘോഷങ്ങളാൽ എതിരേറ്റു കൊണ്ടിരുന്നു. ജനങ്ങളുടെ കയ്യടികളാണോ സുഷമയുടെ പ്രസംഗമാണോ കൂടുതൽ ഉച്ചത്തിൽ കേട്ടിരുന്നത് എന്ന സംശയം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.


First Death Anniversary of Sushma Swaraj, the great leader

 

സാമാന്യം ഉയരമുണ്ടായിരുന്നു പോഡിയത്തിന്. അതിനുപിന്നിലും, സുഷമയുടെ തല അത്യാവശ്യം ഉയരത്തിൽ തന്നെയായിരുന്നു. അവരും മൈക്കും തമ്മിൽ 45 ഡിഗ്രിയെങ്കിലും വ്യത്യാസം കാണും. 4' 11" ഉയരമുള്ള ഒരു സ്ത്രീ, ഒരു സ്റ്റാൻഡേർഡ് സൈസ് പോഡിയത്തിനു പിന്നിൽ നിന്നാൽ അവരെ കാണാൻ പോലും സാധിച്ചെന്നുവരില്ല നേരെ. സുഷമാ സ്വരാജിനെ നടാടെ ഈ വേദിയിൽ വെച്ചുകാണുന്നവർ പലരും അവരെ അസാമാന്യമായ ഉയരമുള്ള ഒരു സ്ത്രീ എന്ന് തെറ്റിദ്ധരിച്ചുപോയേനെ. ആ പോഡിയത്തിനു പിന്നിൽ രണ്ടടി ഉയരത്തിൽ ഒരു സ്റ്റൂൾ എടുത്തിട്ട് അതിന്മേൽ നിന്നായിരുന്നു സുഷമയുടെ പ്രസംഗം. 
 
ഉയരക്കുറവിനെപ്പറ്റി നല്ല ബോധ്യമുണ്ടായിരുന്നതിനാൽ സുഷമ പോകുന്നിടത്തെല്ലാം ഈ സ്റ്റൂളും കാറിൽ അവരെ അനുഗമിക്കുമായിരുന്നു. പ്രസംഗങ്ങളിൽ സുഷമ വേദിയിലെത്തുന്നതിന് മുമ്പുതന്നെ പോഡിയത്തിനു പിന്നിൽ ഇത് സെറ്റ് ചെയ്യപ്പെടും. ഇങ്ങനെയൊരു പ്രവൃത്തിക്ക് കാരണം സുഷമാ സ്വരാജിന്റെ ഉയരക്കുറവായിരുന്നു. ഉയരത്തിന്റെ സാധാരണ പ്രതീക്ഷകളെക്കാളൊക്കെ വളരെക്കുറവ്. എന്നാൽ ഇതിനെയൊക്കെ തന്റെ പ്രഭാഷണ ചാതുരി കൊണ്ടും പ്രവർത്തനനൈപുണ്യം കൊണ്ടും മറികടക്കാനും, ജനമനസ്സുകളിൽ വലിയൊരു നേതാവിന്റെ സ്ഥാനം ആർജിക്കാനും സുഷമയ്‌ക്കായി. പാർലമെന്ററി രാഷ്ട്രീയത്തിലെ തിരമാലകളെ മുറിച്ചുനീന്തി മറുകരപറ്റാൻ അവർ നന്നേ ചെറുപ്പത്തിൽ തന്നെ ശീലിച്ചിരുന്നു. 

 

First Death Anniversary of Sushma Swaraj, the great leader

 

മനുഷ്യന് പിറന്നുവീഴുമ്പോഴോ, മുട്ടിലിഴഞ്ഞു തുടങ്ങുമ്പോഴോ ഒടുവിൽ നടന്നു നടന്ന് വളരുമ്പോഴോ ഒന്നും സ്വയം തെരഞ്ഞെടുക്കാൻ പറ്റാത്ത ഒന്നുണ്ട്. അവനവന്റെ ഉയരം.സ്വന്തം സൗന്ദര്യവും നമ്മുടെ തിരഞ്ഞെടുപ്പല്ല. നമ്മുടെ ഉയരം നമുക്ക് തെരഞ്ഞെടുക്കാനാവില്ല എന്നേ പറഞ്ഞുള്ളൂ കേട്ടോ. ഒരാളുടെ വലിപ്പം തീർച്ചയായും അയാൾ ജീവിതത്തിൽ പറയുന്നതിനെയും, പ്രവർത്തിക്കുന്നതിനെയും മാത്രം ആശ്രയിച്ചിരിക്കുന്ന ഒന്നാണ്. ഒരാൾക്ക് ഇത്തിരി ഭംഗി കുറഞ്ഞിരുന്നാലും അയാളുടെ വ്യക്തിത്വത്തിന്റെ തേജസ്സുകൊണ്ട്, വിശ്വസുന്ദരിയോട് ചേർന്നുനിന്നാലും, അയാൾ തന്നെ ശ്രദ്ധിക്കപ്പെട്ടെന്നിരിക്കാം. ഈ ഒരു രഹസ്യം സുഷമാസ്വരാജിന് എത്രയോ നേരത്തേ തന്നെ വെളിപ്പെട്ടു കിട്ടിയ ഒന്നായിരുന്നു. അതുകൊണ്ടാവും, സമപ്രായക്കാരായ ഉത്തരേന്ത്യൻ യുവതികൾ വിവാഹവും കഴിച്ച് വീടും നോക്കിയിരുന്നപ്പോൾ, സുഷമ മുഷ്ടിചുരുട്ടി ഉച്ചത്തിലുച്ചത്തിൽ മുദ്രാവാക്യങ്ങളും മുഴക്കി ദില്ലിയിലെ ചുട്ടുപഴുത്ത നിരത്തുകളിലൂടെ മാർച്ച് നടത്തിയത്. മറ്റുപെൺകുട്ടികൾ വീട്ടിൽ അച്ഛനമ്മമാരുടെ ഉപദേശങ്ങളും കേട്ടിരിക്കുന്ന പ്രായത്തിൽ അവർ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയായി മാറിയത്.

 

 First Death Anniversary of Sushma Swaraj, the great leader


അവിടെനിന്നും അവർ രാഷ്ട്രീയത്തിന്റെ രണഭൂമിയിലൂടെ ഏറെ ദൂരം സഞ്ചരിച്ചു. ഒടുവിൽ 2014-ലെ ഒന്നാം എൻഡിഎ സർക്കാരിൽ ഇന്ത്യയിലെ ആദ്യത്തെ ഫുൾ ടൈം വനിതാ വിദേശകാര്യമന്ത്രിയായി ചുമതലയേറ്റു. ഒരു സമ്മേളനത്തിൽ ലോകരാഷ്ട്രങ്ങളുടെയെല്ലാം വിദേശമന്ത്രിമാർക്കൊപ്പം ഫോട്ടോയ്ക്ക് പോസുചെയ്തപ്പോൾ പലരുടെയും തോളൊപ്പം പോലും സുഷമ എത്തിയിരുന്നില്ല. എന്നാൽ അവരുടെ തോളിൽ കയ്യിട്ട് എന്നും ഈ ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളുമുണ്ടായിരുന്നു. ഇന്ത്യയിലെ സ്ത്രീകളിൽ പലർക്കും ഒറ്റയ്ക്ക് സ്വന്തം പഞ്ചായത്തുവിട്ടു പുറത്തുപോകാനുള്ള ക്ഷമതയില്ലാത്തിടത്ത്, ഇന്ത്യയുടെ വിദേശകാര്യത്തിന്റെ സകല ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് നിറവേറ്റി സുഷമ.

അടൽ ബിഹാരി വാജ്‌പേയിക്കു ശേഷം ആരെങ്കിലും തന്റെ പ്രഭാഷണചാതുരിയുടെ പേരിൽ ബിജെപിയിൽ അറിയപ്പെട്ടിട്ടുണ്ടെങ്കിൽ അത് സുഷമാ സ്വരാജ് ആയിരുന്നു. വല്ലാതെ സ്റ്റൈലിഷ് ആയി സംസാരിച്ചിരുന്നു സുഷമ. ഹിന്ദി ഭാഷയിൽ അസാമാന്യമായ വൈഭവം സിദ്ധിച്ചിരുന്ന അവർക്ക് സന്ദർഭോചിതമായി ഉർദു കവിതാശകലങ്ങളും ഉദ്ധരിച്ചുകൊണ്ട് സവിസ്തരം കാര്യങ്ങൾ അവതരിപ്പിക്കാൻ സാധിച്ചിരുന്നു. അവർ മൈക്കിന് മുന്നിൽ വന്നുകൊണ്ട് അംഗങ്ങളെ അഭിസംബോധന ചെയ്തപ്പോഴൊക്കെ, ഇന്ത്യൻ പാർലമെന്റ് ഒരേ മനസ്സോടെ അവർക്കു പറയാനുള്ളതിന് കാതോർത്തു. 

 

First Death Anniversary of Sushma Swaraj, the great leader

 

 നമ്മുടെ നിത്യജീവിതത്തെ സ്വാധീനിക്കാൻ സമൂഹമാധ്യമങ്ങൾക്ക് കഴിയുമെന്നത് നമ്മളെ ഏറ്റവും നന്നായി പഠിപ്പിച്ചത് സുഷമാ സ്വരാജ് ആണ്.  മാസങ്ങളോളം ലോകത്തിന്റെ വിദൂരസ്ഥമായ ഏതെങ്കിലും കോണിൽ കുടുങ്ങിക്കിടന്നിരുന്ന പല ഇന്ത്യക്കാരും സുഷമാസ്വരാജിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരൊറ്റ ട്വീറ്റിന്റെ ബലത്തിൽ തിരികെ സുരക്ഷിതരായി നാട്ടിലെത്തി. നാലടി പതിനൊന്നിഞ്ചുകാരിയായ സുഷമാസ്വരാജിന്റെ അസാമാന്യമായ വലിപ്പത്തിനുമുന്നിൽ ഈ ലോകത്തിനുമുഴുവൻ തലകുമ്പിടേണ്ടി വന്നു. ആരോടും എവിടെയും തല ഉയർത്തിപ്പിടിച്ചു തന്നെ അവർ സംസാരിച്ചു. ഭാരതത്തിന്റെ യശസ്സ് എന്നും ഉയർത്തിപ്പിടിച്ചു. 

സുഷമാ സ്വരാജിന്റെ അഭാവത്തിന് ഇന്നേക്ക് ഒരുവയസ്സ് തികയുന്നു. 

Follow Us:
Download App:
  • android
  • ios