Asianet News MalayalamAsianet News Malayalam

സ്രാവിന്റെ ഉടലും പന്നിയുടെ മുഖവുമുള്ള മത്സ്യം, അത്ഭുതപ്പെട്ട് നാവികർ, ഒടുവിൽ കണ്ടെത്തി...

കടലിനടിയിൽ ജീവിക്കുന്നതായിട്ട് പോലും നിലവിൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയില്‍ ഇവയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

fish with body of shark and face of a pig
Author
Elba, First Published Sep 12, 2021, 2:12 PM IST

പ്രകൃതി നമ്മെ എപ്പോഴും എന്തെങ്കിലുമൊക്കെ അത്ഭുതം കാട്ടി വിസ്മയിപ്പിക്കാറുണ്ട് അല്ലേ? ഒരു ഇറ്റാലിയന്‍ ദ്വീപില്‍ അടുത്തിടെയുണ്ടായ ഒരു സംഭവവും അത്തരത്തില്‍ ഒന്നാണ്. ഒരുകൂട്ടം ഇറ്റാലിയന്‍ നാവികരാണ് ഒരു മത്സ്യത്തെ കണ്ട് അമ്പരന്നു പോയത്. കാരണം വേറെയൊന്നുമല്ല, ആ മത്സ്യത്തിന് പന്നിയുടെ മുഖവും സ്രാവിന്‍റെ ഉടലുമാണ്. 

ഏതായാലും ജീവിയെ കണ്ട നാവികര്‍ക്ക് ഒരേ സമയം അത്ഭുതവും രസവും തോന്നി. ഇറ്റാലിയൻ ദ്വീപായ എൽബയിലെ പോർട്ടോഫെറായോ പട്ടണത്തിലുള്ള ഡാർസേന മെഡിസിയയിൽ നങ്കൂരമിട്ടിരിക്കുന്ന നാവികസേനയുടെ കപ്പലിലെ ജീവനക്കാരാണ് വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന ഈ അസാധാരണ ജീവിയെ കണ്ടത്. വെള്ളത്തിൽ നിന്നും ഈ വിചിത്രമായ ജീവിയെ പുറത്തെടുക്കാൻ അവർ വേഗത്തിൽ നീങ്ങി. അടുത്തെത്തിയപ്പോള്‍ അത് ഒരു സ്രാവിന്റെ ശരീരം പോലെ കാണപ്പെടുന്ന പന്നിയുടെ മുഖമുള്ള മത്സ്യമാണ് എന്ന് ഒന്നുകൂടി വ്യക്തമായി. 

സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, ഈ ജീവിയെക്കുറിച്ച് അറിയാവുന്ന ആളുകൾ ഇത് യഥാർത്ഥത്തിൽ ഒരു പരുക്കൻ സ്രാവാണെന്ന് പരാമർശിച്ചു. ഓക്സിനോട്ടസ് സെൻട്രീന എന്നാണ് അതിന്‍റെ പേര്. സാധാരണയായി തിരമാലകൾക്ക് 700 മീറ്റർ താഴെയാണ് ഇത് വസിക്കുന്നത്. അതിനാലാവാം അധികം ആളുകളുടെ ശ്രദ്ധയില്‍ ഇത് പെടാതെ പോവുന്നത്. ഏതായാലും ട്വിറ്ററില്‍ ഈ മത്സ്യത്തിന്‍റെ ചിത്രം പങ്കുവച്ചതോടെ നിരവധി പേരാണ് ഇതിന് രസകരമായ കമന്‍റുകളുമായി എത്തിയിരിക്കുന്നത്. അതുപോലെ തന്നെ അപൂര്‍വമായതായതുകൊണ്ട് അവയെ കടലില്‍ തന്നെ വിടണം എന്നും ആളുകള്‍ പറയുന്നുണ്ട്. 

കടലിനടിയിൽ ജീവിക്കുന്നതായിട്ട് പോലും നിലവിൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയില്‍ ഇവയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇത് വംശനാശഭീഷണി നേരിടുന്നുണ്ടെങ്കിലും, ചില സന്ദർഭങ്ങളിൽ ഇതിനെ കാണാറുണ്ട് എന്ന് പ്രദേശവാസികൾ പറയുന്നു.

Follow Us:
Download App:
  • android
  • ios