എട്ടു പൊലീസുകാരെ വെടിവെച്ചു കൊന്ന, അറുപതിലധികം ക്രിമിനൽ കേസുകളിലെ പ്രതിയായിരുന്ന, തലയ്ക്ക് സർക്കാർ അഞ്ചുലക്ഷം രൂപ വിലയിട്ടിരുന്ന വികാസ് ദുബെ എന്ന കുപ്രസിദ്ധ ഗുണ്ടാത്തലവനെ ഉത്തർപ്രദേശ് പൊലീസ് ഇന്നലെ എൻകൗണ്ടറിലൂടെ വകവരുത്തി. ഉജ്ജയിനിൽ നിന്ന് കാൺപൂരിലേക്ക് കൊണ്ടുവരികയായിരുന്ന എസ്ടിഎഫ് വാഹനവ്യൂഹത്തിന്റെ ഒരു വാഹനം നേരിട്ട അപകടത്തിനിടെ രക്ഷപെടാൻ ശ്രമിച്ച ദുബെ അടുത്തിരുന്ന പോലീസുകാരന്റെ  തോക്ക് തട്ടിയെടുത്ത് തങ്ങൾക്കു നേരെ വെടിവെക്കാൻ നോക്കി എന്നും, പ്രത്യാക്രമണത്തിൽ ദുബെ കൊല്ലപ്പെട്ടു എന്നുമാണ് പൊലീസ് ഭാഷ്യം. ഇതൊരു വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണ് എന്ന വിമർശനവുമായി മനുഷ്യാവകാശ പ്രവർത്തകരും സജീവമാണ്. 

എൻകൗണ്ടർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പൊലീസിന്റെ  ഈ 'ഇൻസ്റ്റന്റ് ജസ്റ്റിസ് ' നടപടികൾ ഇതിനു മുമ്പും വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇതിനു മുമ്പ് ഇന്ത്യയിൽ നടന്നിട്ടുള്ള അഞ്ച് വിവാദാസ്പദ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളെക്കുറിച്ചാണ് ഇനി.

ഇസ്രത് ജഹാൻ കേസ് 

മുംബൈ സ്വദേശിയായ ഇസ്രത് ജഹാൻ എന്ന പത്തൊമ്പതുവയസ്സുകാരി, ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് പിള്ള, അംജദ്‌അലി അക്ബറലി റാണാ, സീഷാൻ ജോഹർ എന്നിങ്ങനെ നാലുപേരെയാണ് ഈ എൻകൗണ്ടറിൽ ഗുജറാത്ത് പൊലീസ് വധിച്ചത്. 2004 ജൂൺ 15 -ന് അഹമ്മദാബാദിന്റെ അതിർത്തിപ്രദേശങ്ങളിൽ ഒന്നിൽ വെച്ചായിരുന്നു ഈ എൻകൗണ്ടർ നടന്നത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ പ്ലാനിട്ടെത്തിയ ഭീകരരെയാണ് തങ്ങൾ വധിച്ചത് എന്നായിരുന്നു ഗുജറാത്ത് ഭീകരവിരുദ്ധ സേനയുടെ അവകാശവാദം. 

 

 

ഈ സംഭവം അന്വേഷിക്കാൻ ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം(SIT) ഈ എൻകൗണ്ടർ ഒരു വ്യാജ ഏറ്റുമുട്ടൽ കൊല ആയിരുന്നു എന്ന് കണ്ടെത്തി. ഈ കേസ് അതിനുശേഷം സിബിഐക്ക് കൈമാറപ്പെട്ടു. സിബിഐ അതിന്റെ ആദ്യത്തെ ചാർജ് ഷീറ്റ് സമർപ്പിച്ചത് 2013 -ൽ ആയിരുന്നു. ഐപിഎസ് ഓഫീസർമാരായ PP പാണ്ഡെ, വൻസാര, ജി എൽ ജിൻഡാൽ തുടങ്ങിയ ഏഴു ഗുജറാത്ത് പൊലീസ് ഓഫീസർമാർക്കെതിരെ അന്ന് കുറ്റപത്രം സമർപ്പിക്കപ്പെട്ടു. അവക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ടു. വൻസാര പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു. 

സൊഹ്രാബുദ്ദിൻ കേസ് 

2005 നവംബർ 23 -ന് ഹൈദരാബാദിൽ നിന്ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കുള്ള ബസ്, യാത്രാ മദ്ധ്യേ ഗുജറാത്ത് ആന്റി ടെററിസ്റ്റ് ഫോഴ്‌സ് സംഘം തടഞ്ഞു നിർത്തി അറിയപ്പെടുന്ന ക്രിമിനൽ ആയിരുന്ന സൊഹ്രാബുദ്ദിൻ ഷേഖിനെ കസ്റ്റഡിയിൽ എടുത്തു. ഭാര്യ കൗസർബിയോട് ബസ്സിലേക്ക് തിരികെപ്പോകാൻ പറഞ്ഞെങ്കിലും അവർ ഭർത്താവില്ലാതെ തിരികെ പോകില്ലെന്ന് വാശിപിടിക്കുകയായിരുന്നു. മൂന്നു ദിവസങ്ങൾക്കു ശേഷം സൊഹ്റാബുദ്ദീൻ ഷേക്കിനെ അഹമ്മദാബാദിൽ വെച്ച് ഗുജറാത്ത് ATS എൻകൗണ്ടറിലൂടെ കൊന്നു. ഏറെക്കാലത്തേക്ക് കൗസർബിയുടെ വിവരം ഒന്നുമില്ലായിരുന്നു എങ്കിലും പിന്നീട് അവരെയും കൊന്നിരുന്നു എന്നും ശരീരം കത്തിച്ചുകളയുകയാണുണ്ടായത് എന്നും ATS കോടതിയെ ബോധിപ്പിച്ചിരുന്നു. 

കേസിൽ സിബിഐ അന്വേഷണമുണ്ടായി. പ്രസിദ്ധ ഫോറൻസിക് വിദഗ്ധനായ ടിഡി ഡോഗ്രയാണ് ഈ കേസിൽ സിബിഐയെ സഹായിച്ചത്.  അമിത് ഷാ, വൻസാര, ദിനേശ് എം എൻ, അഭയ് ചുദാസമ എന്നിങ്ങനെ പലർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചു എങ്കിലും അമിത് ഷാ അടക്കമുള്ള പലരും പിന്നീട് കുറ്റവിമുക്തി നേടി. രാജസ്ഥാനിലെ മാർബിൾ മുതലാളിമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്ന സൊഹ്റാബുദ്ദീനെ കൊള്ളാൻ വേണ്ടി ഒരു മാർബിൾ കച്ചവടക്കാരൻ ഗുജറാത്ത് ATS -ന് പത്തുകോടി കൈക്കൂലി നൽകിയാണ് ഈ കൃത്യം ചെയ്യിച്ചതെന്ന നിഗമനത്തിലാണ് അന്ന് സിബിഐ എത്തിച്ചേർന്നത്.

ലഖൻ ഭയ്യാ കേസ് 

റാം നാരായൺ ഗുപ്ത അഥവാ ലഖൻ ഭയ്യാ ചോട്ടാ രാജന്റെ അടുത്ത ഒരു അനുയായി ആയിരുന്നു. ഇയാളെ മുംബൈ പൊലീസ് പൊലീസാണ് 2006  നവംബർ 1 -ന് എൻകൗണ്ടർ  ചെയ്തുകളഞ്ഞത്. ഇതിനെതിരെ ഇയാളുടെ കുടുംബം കോടതിയിൽ പരാതി നൽകിയതിന് ശേഷം അന്വേഷണമുണ്ടായി. കേസ് അന്വേഷിച്ച കോടതി 13 പോലീസുകാർ അടക്കം 21 പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മുംബൈ പൊലീസിന്റെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റുകളായ പ്രദീപ് ശർമ്മ, പ്രദീപ് സൂര്യവംശി, ദിലീപ് പാലാണ്ടെ, താനാജി ദേശായി തുടങ്ങി പലർക്കെതിരെയും അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു അന്ന്. ആദ്യം ശിക്ഷിക്കപ്പെട്ട പലരും മേൽക്കോടതികളിൽ കുറ്റവിമുക്തരാകുന്നതും ഈ കേസിൽ കണ്ടു. ഈ കേസിലെ ഒരേയൊരു ദൃക്‌സാക്ഷിയായിരുന്ന അനിൽ ഭേഡയും പിന്നീട് എൻകൗണ്ടർ ചെയ്യപ്പെട്ടു. 

വാറങ്കൽ എൻകൗണ്ടർ കേസ് 

2008 ഡിസംബർ 10 -നാണ് സ്‌കൂട്ടറിൽ വരികയായിരുന്ന പ്രണിത എന്ന ഇരുപതുകാരിക്കും സഹപാഠി സ്വപ്നികയ്ക്കും മേൽ  എതിരെ ബൈക്കിൽ ട്രിപ്പിൾ അടിച്ചുവന്ന മൂന്നു യുവാക്കൾ ആസിഡ് ഒഴിച്ചത്. സ്വപ്നിക പരിക്കുകൾ അതിജീവിച്ചില്ല. ആക്രമണമുണ്ടായി മൂന്നു ദിവസത്തിനുള്ളിൽ ശ്രീനിവാസ്, സഞ്ജയ്, ഹരികൃഷ്ണ എന്നീ മൂന്നു യുവാക്കളെയും പിടികൂടിയ തെലങ്കാന പൊലീസ് അവരെ എൻകൗണ്ടർ ചെയ്ത് കൊന്നുകളഞ്ഞു. അന്ന് പൊലീസ് വാദിച്ചത് ഈ യുവാക്കൾ നാടൻ തോക്കുപയോഗിച്ച് തങ്ങളെ ആക്രമിച്ചു എന്നാണ്. അന്ന് വ്യാജ ഏറ്റുമുട്ടൽ കൊല ആരോപണം നേരിട്ട കമ്മീഷണർ വിസി സജ്ജനാർ തന്നെയാണ് പിന്നീട് ഹൈദരാബാദ് കേസിലും എൻകൗണ്ടർ ആരോപണത്തിന് വിധേയനായത്. 

 

ഹൈദരാബാദ് എൻകൗണ്ടർ കേസ് 

2019 നവംബർ 28 -നാണ് കത്തിക്കരിഞ്ഞ നിലയിൽ ഒരു വെറ്ററിനറി സർജന്റെ മൃതദേഹം ഷംഷാബാദിലെ ഒരു പാലത്തിന്റെ ചുവട്ടിൽ നിന്ന് കണ്ടെടുത്തത്. തലേ ദിവസം ഡോക്ടറെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത്, കൊന്ന ശേഷം മൃതദേഹം പാലത്തിനടിയിലിട്ട് കത്തിക്കുകയാണുണ്ടായത്. നാലുപേരെയും നവംബർ 29 -നുതന്നെ അറസ്റ്റു ചെയ്ത പൊലീസ് അവരെ തെളിവെടുപ്പിനെന്ന പേരിൽ മൃതദേഹം കണ്ടെടുത്ത അതേ പാലത്തിന്റെ ചുവട്ടിൽ കൊണ്ടുവന്ന് എൻകൗണ്ടറിലൂടെ വധിക്കുകയായിരുന്നു. ആ നാലുപേരും തെളിവെടുപ്പിനിടയിൽ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു എന്നും പൊലീസിന് അവരെ വെടിവെച്ചു കൊല്ലേണ്ടി വരികയായിരുന്നു എന്നുമാണ് അന്ന് കമ്മീഷണർ വിസി സജ്ജനാർ പറഞ്ഞത്. ഈ എൻകൗണ്ടറും വ്യാജമായിരുന്നു എന്ന ആക്ഷേപം ഉയർന്നതിനെത്തുടർന്ന് ഒരു കമ്മീഷൻ കേസ് അന്വേഷിച്ചിരുന്നു. അതിന്റെ റിപ്പോർട്ട് ഇതുവരെ സമർപ്പിക്കപ്പെട്ടിട്ടില്ല.