ഏറെ ജനശ്രദ്ധയാകർഷിക്കുന്ന ഒരു പ്രക്രിയയാണ് കെട്ടിടം തകർക്കൽ. അംബരചുംബിയായ ഒരു ബഹുനിലക്കെട്ടിടം നിമിഷനേരം കൊണ്ട് വെറുമൊരു കോൺക്രീറ്റ് കൂനയായി മാറുന്ന കാഴ്ച ഏറെ വിസ്മയകരമാണ്. അങ്ങനെ പല തകർക്കലുകളും നമ്മൾ വിഡിയോയിൽ കണ്ടിട്ടുണ്ട്. ഇത്രയധികം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചിട്ടും, സമീപത്തുള്ള ഒരു കെട്ടിടത്തിനും ഒരു പോറൽ പോലും പറ്റാതെ, തകർക്കാൻ അവിടെ കൂടിയിരിക്കുന്നവർക്ക് ഒരപകടവും വരുത്താതെ ആ കെട്ടിടങ്ങൾ പൊളിഞ്ഞുവീഴും. വളരെ കൃത്യമായ പ്ലാനിങ് വേണ്ടൊരു അതി സങ്കീർണ്ണമായ പ്രക്രിയയാണ് കെട്ടിടം തകർക്കുന്നതിൽ ഉള്ളത്. കൺട്രോൾഡ് ഇംപ്ലോഷൻ എന്നത് പല ഘടകങ്ങളും ഒരുപോലെ വിജയം കൈവരിക്കുമ്പോൾ മാത്രം, ആകാശം മുട്ടെ പണിതുയർത്തിയ പടുകൂറ്റൻ കെട്ടിടങ്ങൾ നിമിഷനേരം കൊണ്ട് തകർന്നു തരിപ്പണമാകുന്ന ഒരു പ്രൊഫഷണൽ സാങ്കേതികവിദ്യയാണ്. കാണുമ്പോൾ ഏറെ ലളിതമെന്നു തോന്നിക്കും എങ്കിലും അതത്ര എളുപ്പമല്ല. നൂറുകണക്കിനുപേരുടെ ഏറെ നാളത്തെ പരിശ്രമങ്ങൾ അതിനു പിന്നിലുണ്ട്. ആ പരിശ്രമങ്ങൾ ഒന്നുപോലും അസ്ഥാനത്തല്ല എന്നുറപ്പിക്കുന്ന ചില വിദഗ്ധരുടെ അവസാന നിമിഷം വരെയുള്ള കൃത്യമായ പരിശോധനകളും.  

എന്നാൽ, ചിലപ്പോൾ, അപൂർവം ചിലപ്പോൾ, ആ പ്രക്രിയ പാളിപ്പോയ ചരിത്രവുമുണ്ട്. ചിലപ്പോൾ ചില സ്ഫോടകവസ്തുക്കൾ വേണ്ടപോലെ പൊട്ടാതെ വന്ന്, മറ്റുചിലപ്പോൾ പ്രതീക്ഷിച്ചതിന് വിരുദ്ധമായ ദിശയിലേക്ക് കെട്ടിടം മറിഞ്ഞു വീണ്.  നൂറിൽ തൊണ്ണൂറ്റഞ്ചു പ്രാവശ്യവും വിജയം കണ്ടിട്ടുള്ള ഈ ഡെമോളിഷൻ അഥവാ കെട്ടിടം പൊളിക്കുക എന്ന പ്രക്രിയ പാളിപ്പോയ അഞ്ച് അവസരങ്ങളെപ്പറ്റി. ഏറെ പ്രസിദ്ധമായ ആ അഞ്ചു കെട്ടിടം പൊളികളെപ്പറ്റി. കെട്ടിടം തകർക്കുന്നതിന് ഇരുനൂറു മീറ്റർ ചുറ്റളവിലേക്ക് ആരെയും പ്രവേശിപ്പിക്കാത്തത് എന്തുകൊണ്ടാണ് എന്നത് ചീറ്റിപ്പോയ ഈ അഞ്ചു കെട്ടിടം പൊളിക്കലുകൾ നമ്മെ ബോധ്യപ്പെടുത്തും. 

1.പോൺടിയാക് സിൽവർഡോം, ഡിട്രോയിറ്റ്‌(2018) : 1975-ൽ  നിർമിക്കപ്പെട്ട പോൺടിയാക് സിൽവർഡോം പണിതുയർത്തിയ കാലത്തെ എഞ്ചിനീയറിങ് അത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കപ്പെട്ടിരുന്ന നിർമിതിയായിരുന്നു. 1990 -കളിൽ ആ കെട്ടിടം ഡെട്രോയിറ്റിനെ ബാധിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതീകമായി മാറി. 2006-ൽ അത് അടക്കപ്പെട്ടു. പിന്നീട് വീണ്ടും ഒരിക്കൽ അത് തുറന്നു പ്രവർത്തിച്ചു എങ്കിലും, 2013 -ൽ അത് വീണ്ടും അടച്ചു. 2017-ൽ സിൽവർഡോം പൊളിക്കാനുള്ള തീരുമാനം വന്നു. അക്കൊല്ലം നടന്ന തകർക്കൽ പ്രക്രിയ ദയനീയമായി പരാജയപ്പെട്ടു. പൊട്ടിക്കാൻ ഉദ്ദേശിച്ചിരുന്നതിന്റെ ആകെ പത്തു ശതമാനം സ്ഫോടകവസ്തുക്കൾ മാത്രമേ ഡിറ്റണേറ്റ് ചെയ്യപ്പെട്ടുള്ളു എന്നതായിരുന്നു ആ പരാജയത്തിന്റെ കാരണം. കോൺട്രാക്ടർ പിന്നീട് ആ പരാജയത്തിന് കാരണമായി ചൂണ്ടിക്കാണിച്ചത് സ്ഫോടകവസ്തുക്കളുടെ ട്രിഗറിങ് സർക്യൂട്ടിൽ വന്ന തകരാറുകളാണ്. 

 

2. സ്‌കോട്ട്ലൻഡ് റെഡ് റോഡ്സ് ഹൈ റൈസസ്(2015) : സ്കോട്ട്ലണ്ടിലെ ഈ ആറു ബഹുനിലക്കെട്ടിടങ്ങൾ ഒന്നിച്ച് ഇംപ്ലോഡ് ചെയ്യാൻ വേണ്ടി ശ്രമിച്ച കോൺട്രാക്ടർക്ക് ആദ്യശ്രമത്തിൽ നാലെണ്ണം മാത്രമാണ് തകർത്തിടാനായത്. രണ്ടു ബഹുനിലക്കെട്ടിടങ്ങൾ പാതിവഴിയിൽ തകർന്ന് അങ്ങനെതന്നെ നിന്നുപോയി. ആ രണ്ടു കെട്ടിടങ്ങളിൽ ഉപയോഗിച്ചിരുന്ന സ്റ്റീൽ കമ്പികൾ മറ്റു നാലു കെട്ടിടങ്ങളുടേതിനേക്കാൾ രണ്ടിരട്ടി ശക്തമായിരുന്നു എന്നതാണ് ആ പരാജയത്തിന് കാരണം എന്ന് മനസ്സിലാക്കാൻ മാസങ്ങൾ നീണ്ട അന്വേഷണം തന്നെ വേണ്ടിവന്നു അന്ന്.  

 

3. ലിസൗ, ചൈന (2009) : ഇത് കെട്ടിടം പൊളിക്കലുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നാണ്. തകർക്കാൻ തുടങ്ങിയ കെട്ടിടം പൊളിഞ്ഞു വീഴുന്നതിനു പകരം രണ്ടായി മുറിഞ്ഞ് ഒരു ഭാഗം ഒരു വശത്തേക്ക് വീണുപോയി. ബാക്കിയുള്ള ഭാഗങ്ങൾ ക്രെയിനും മറ്റും ഉപയോഗിച്ച് തൊഴിലാളികൾക്ക് പിന്നീട് ചെറിയ കഷ്ണങ്ങളായി മുറിച്ച് തകർക്കേണ്ടി വന്നു. 

 

4. ലാസ് വെഗാസ് ക്ലാരിയൻ ഹോട്ടൽ (2015) : ചൂതാട്ടത്തിന് പ്രസിദ്ധമാണ് ലാസ് വെഗാസ്. അവിടം കൺട്രോൾഡ് ഇംപ്ലോഷനുകൾക്കും പ്രസിദ്ധമാണ്. കാരണം, അവിടത്തെ ഹോട്ടലുകൾ കുറെ പഴയതാകുമ്പോൾ പിന്നെ അതിന്റെ പഴയ സ്ട്രക്ച്ചർ നിലനിർത്തിക്കൊണ്ട് പുതുക്കിപ്പണിയുന്നതിലും എളുപ്പം ഒറ്റയടിക്ക് സ്ഫോടനത്തിലൂടെ തകർത്ത ശേഷം വീണ്ടും ആദ്യം മുതൽ പണിഞ്ഞു തുടങ്ങുന്നത്. 12 ന ലകളുള്ള ക്ലാരിയൻ ഹോട്ടൽ പൊളിക്കാൻ വേണ്ടി തീരുമാനിച്ചപ്പോൾ, അതിനായി ആ കെട്ടിടത്തിൽ ഡ്രിൽ ചെയ്തു നിറച്ചത് 2200 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ്. ആ ഹോട്ടലിന്റെ എലിവേറ്റർ ഷാഫ്റ്റ് പൊളിക്കൽ പ്രക്രിയയെ പാതിവഴി നിർത്തി. അത് പൊളിയാൻ വിസമ്മതിച്ചു. പിന്നീട് അതിനെ റെക്കിങ് ബോൾ എന്ന ഭീമൻ ഇരുമ്പു ഗോളം കൊണ്ട് തകർക്കേണ്ടി വന്നു. 

 

5. കാലിഫോർണിയ പവർ പ്ലാന്റ് തകർക്കൽ(2015) : കെട്ടിടം പൊളിക്കലിൽ കാര്യമായ ബാധയൊന്നും വന്നില്ലെങ്കിലും, ആ സംഭവം കാണാൻ വേണ്ടി വല്ലാതെ അടുത്തേക്ക് ചെന്നുനിന്ന ഒരു കാഴ്ചക്കാരന്റെ കാലിലേക്ക് കെട്ടിടത്തിൽ നിന്ന് ഒരു ലോഹച്ചീള് തെറിച്ചു വന്നു കൊണ്ടു. ഒടുവിൽ അയാളുടെ ഒരു കാൽ ആംപ്യൂട്ടെറ്റ് ചെയ്തു കളയേണ്ടി വന്നു. 

കെട്ടിടം തകർക്കലിലെ പരാജയങ്ങൾ നമ്മളെ പഠിപ്പിക്കുന്നതെന്ത് ?

കൃത്യമായ രീതിയിൽ ചെയ്യുന്ന കെട്ടിടം പൊളിക്കലുകളിൽ, പൊളിക്കേണ്ട കെട്ടിടത്തിൽ നിന്ന് എന്തെങ്കിലും ഭാഗങ്ങൾ തെറിച്ചു വീഴാൻ സാധ്യതയുള്ള പരമാവധി ദൂരം ആരും കയറാതെ, എക്സ്ക്ലൂഷൻ സോണായി ഒഴിപ്പിച്ച് സൂക്ഷിക്കും. തകർക്കേണ്ട കെട്ടിടം എങ്ങനെ വേണം തകർന്നു വീഴാൻ എന്നത് തീരുമാനിക്കാൻ ഡെമോളിഷൻ വിദഗ്ധർ നിരവധി ആഴ്ചകൾ വരെ എടുത്തേക്കാം. ഈ പൊളിക്കൽ പ്രക്രിയകൾ ഏറെ പണച്ചെലവുള്ളതാണ്. ഏറെ പ്ലാനിങ് ആവശ്യമുള്ളതും. അതുകൊണ്ട്, ഏറ്റവും പ്രൊഫഷണലായ ഒരു സ്ഥാപനത്തെ തന്നെ വേണം ഈ പ്രക്രിയ വിശ്വസിച്ച് ഏൽപ്പിക്കാൻ. എത്രതന്നെ പ്ലാനിങ്ങോടെ ഈ നിയന്ത്രിത സ്‌ഫോടനങ്ങൾ നടത്തിയാലും, നേർത്തൊരു ശതമാനം സാധ്യത, പ്ലാനിങ്ങിന് വിരുദ്ധമായി കാര്യങ്ങൾ നടക്കാനുമുണ്ട് എന്നത് മനസ്സിൽ കാണണം. അതും പ്രതീക്ഷിച്ചുകൊണ്ടുള്ള തയ്യാറെടുപ്പുകളും, മുൻകരുതലുകളും അതോടൊപ്പം തന്നെ എടുക്കേണ്ടതുണ്ട് എന്നാണ് അപൂർവമായി സംഭവിച്ചിട്ടുള്ള ഈ പരാജയങ്ങൾ നമ്മളെ പഠിപ്പിക്കുന്നത്.