രാജ്യത്തിൻറെ തലസ്ഥാന നഗരത്തിൽ നടക്കുന്ന ലഹളകളിൽ ദില്ലി പൊലീസിന്റെ റോൾ എന്താണ്? അതൊരു വലിയ ചോദ്യമാണ്. ശരിക്കുള്ള ചോദ്യം വേറൊന്നാണ്. ലഹളകൾ പൊട്ടിപ്പുറപ്പെടും മുമ്പ് അതിനു പിന്നിലെ ഗൂഢാലോചനകൾ പൊളിക്കാനും, കലാപങ്ങൾക്ക് പദ്ധതിയിടുന്നവരെ മുന്നേകൂട്ടി അറസ്റ്റുചെയ്ത്, അങ്ങനെ നടക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യേണ്ട പൊലീസ്, ക്രമസമാധാനനില കൈവിട്ടു പോയി എന്നറിയുന്ന അവസരത്തിലെങ്കിലും ശക്തമായ നടപടികൾ സ്വീകരിച്ച് അക്രമികളെ അഴിഞ്ഞാടാൻ വിടാതിരിക്കേണ്ടേ? കയ്യിൽ സ്റ്റമ്പും ബാറ്റും ഹോക്കിസ്റ്റിക്കും ഇരുമ്പുവടികളുമായി കലാപകാരികൾ നിരത്തിലിറങ്ങിയപ്പോൾ ദില്ലി പൊലീസ് കയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നു. പലയിടത്തും ജയ് ശ്രീരാം വിളികൾക്കൊപ്പം അക്രമികൾ വളരെ അഭിമാനത്തോടെ പറയുന്നത് കേൾക്കാമായിരുന്നു, " ഹിന്ദു ഭായിയോം, പുലീസ് ഹമാരെ സാഥ് ഹേ..." എന്ന്. അതായത് " പൊലീസ് നമുക്കൊപ്പമാണ്" എന്ന്. 

ഇപ്പോൾ ഉയർന്നുവരുന്ന മുഖ്യ ആരോപണം ഇതാണ്. പൗരത്വ പ്രതിഷേധത്തിനെതിരായി അക്രമങ്ങൾ അഴിച്ചുവിടുന്നവർക്ക് വേണ്ട ഒത്താശ ചെയ്യുകയാണ് ദില്ലി പൊലീസ്. ഇതേപ്പറ്റി മാധ്യമങ്ങൾ പലകുറി ദില്ലി പൊലീസിംലെ ഉന്നതാധികാരികളോട് ചോദ്യങ്ങൾ പലതും ചോദിച്ചെങ്കിലും ഒരു മറുപടിയും വന്നില്ല. എന്നാൽ, ഈ അക്രമങ്ങൾ ഒക്കെ നേരിൽ കാണുന്ന ജനങ്ങളിൽ പലരും അവരുടെ കയ്യിലുള്ള വളരെ ശക്തമായ ഒരു ആയുധം, മൊബൈൽ കാമറ, പുറത്തെടുക്കുകയും തങ്ങളുടെ കണ്മുന്നിൽ നടക്കുന്ന അനീതികളിൽ പലതും റെക്കോർഡ് ചെയ്യുകയുമുണ്ടായി. അപ്പോൾ അവശേഷിക്കുന്ന ചോദ്യം ഇതാണ്, " സത്യത്തിൽ ആർക്കൊപ്പമാണ് ദില്ലി പൊലീസ്? " ഈ സംശയം ബലപ്പെടുത്തുന്ന തരത്തിലുള്ള  അഞ്ചു വീഡിയോകളിലൂടെ.

ആദ്യ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത് സുപ്രസിദ്ധ ടിവി ജേർണലിസ്റ്റായ ബർഖാ ദത്ത് ആണ്. അവർ തന്റെ ട്വീറ്റിൽ കുറിച്ചതിങ്ങനെ," ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടപ്പെട്ട പൊലീസ് കോൺസ്റ്റബിളിനോടും അദ്ദേഹത്തെപ്പോലെ സത്യസന്ധരായ മറ്റുദ്യോഗസ്ഥരോടും ഉള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് പറയട്ടെ, ഇന്നലെ വന്ന ഈ വീഡിയോ നോക്കൂ. ജനക്കൂട്ടം കല്ലേറ് നടത്തുമ്പോൾ കയ്യും കെട്ടി നോക്കി നിൽക്കുകമാത്രമാണ് പൊലീസ് ചെയ്യുന്നത്. എന്നുമാത്രമല്ല, കലാപകാരികൾക്കൊപ്പം ചേർന്നാണ് അവർ നീങ്ങുന്നതും..."

 


രണ്ടാമത്തെ വീഡിയോ ദില്ലിയിലെ കോൺഗ്രസ് സേവാദൾ പ്രവർത്തകനായ അർജുൻ ട്വീറ്റ് ചെയ്തതാണ്. ഈ വീഡിയോ ദില്ലിയിലെ കദംപുരി നിവാസിയായ ഏതോ ഒരാൾ റിക്കോർഡ് ചെയ്തതാണ്. ഈ വീഡിയോയിൽ കലാപകാരികളോട് തോളോട് തോൾ ചേർന്ന് ഒറ്റ സൈന്യം പോലെ ആർത്തുവിളിച്ച് ഓടിച്ചെല്ലുന്ന പൊലീസിനെ കാണാം. "പോലീസും ബജ്‌റംഗ് ദളും ഒന്നിച്ച് കദംപുരിയിൽ മാർച്ച് ചെയ്യുന്നു..." എന്ന് പറയുന്നത് വീഡിയോയുടെ വോയ്‌സ് ഓവറിൽ വ്യക്തമായി കേൾക്കുകയും ചെയ്യാം."
 


മൂന്നാമത്തെ വീഡിയോ താരിഖ് അൻവർ ട്വീറ്റ് ചെയ്തതാണ്. ഈ വീഡിയോ നിറച്ച് അസഭ്യവർഷമാണ്. വളരെ ആശങ്കാജനകമായ പലതും ഇതിൽ പറഞ്ഞുകേൾക്കാം. " പൊലീസിന്റെ നിറഞ്ഞ പിന്തുണ നമുക്ക് കിട്ടുന്നുണ്ട് ഹിന്ദു സഹോദരങ്ങളേ. ദില്ലി പൊലീസിന് അകമഴിഞ്ഞ നന്ദി..." എന്നൊക്കെ മുസ്ലീങ്ങൾക്കെതിരെ അസഭ്യവർഷം നടത്തുന്നതിനിടെ ഈ വർഗീയവാദിയായ യുവാവ് പറയുന്നത് കേൾക്കാം .
 


അതേ വീഡിയോയുടെ കുറേക്കൂടി നീണ്ട വേർഷൻ കാരവൻ പോർട്ടൽ കറസ്‌പോണ്ടന്റ് വിനോദ് കെ ജോസ് ട്വീറ്റ് ചെയ്തിരുന്നു ഇന്നലെ. ആ ട്വീറ്റിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ,"അധികാരികൾക്ക് തെറ്റുപറ്റി. ട്രംപ് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നോളും എന്നാണ് അവർ കരുതിയത്. ഇല്ല. അവരുടെ കൂട്ടത്തിൽ തന്നെ പലർക്കും കലാപത്തിന്റെ ലഹരി തലയ്ക്കു പിടിച്ച് മത്തായി അവർ തങ്ങളുടെ വീരകൃത്യങ്ങൾ പലതും വീഡിയോ എടുത്ത് മാധ്യമങ്ങളിൽ വൈറലാക്കുന്നുണ്ട്. നോക്കൂ..."
 


അടുത്ത വീഡിയോ മുസ്ലിം മിറർ പത്രത്തിലെ ഖുശ്‌ബു ഖാൻ ട്വീറ്റ് ചെയ്തതാണ്. കല്ലേറ് നടത്താൻ വേണ്ടി കല്ലുകൾ തിരഞ്ഞ് പിടിച്ച് ഒരു ഷീറ്റിൽ ശേഖരിക്കുകയാണ് ഈ വീഡിയോയിൽ കലാപകാരികൾ. അത് നോക്കി നിൽക്കുക മാത്രമല്ല ദില്ലി പൊലീസിലെ ഒരു കോൺസ്റ്റബിൾ ചെയ്യുന്നത്. നല്ല കല്ലുകൾ നിലത്തുകിടക്കുന്നത് ലാത്തി കൊണ്ട് ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട് അയാൾ.
 


കലാപങ്ങളിൽ മരണം 13 കഴിഞ്ഞ് മുകളിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ ഇടയുണ്ട്. അതിനുള്ള ഒരു പ്രധാന കാരണം ദില്ലി പൊലീസിന്റെ ഭാഗത്തു നിന്നുള്ള ഈ നിഷ്ക്രിയത്വവും, അതുപോലെ തന്നെ കലാപകാരികളോട് കൈകോർത്തു പിടിച്ചുകൊണ്ട് കലാപത്തെ പിന്തുണയ്ക്കുന്ന മനോഭാവവുമാണെന്ന് ഈ വീഡിയോകൾ നിസ്സംശയം തെളിയിക്കുന്നുണ്ട്.