മിലാനിൽ നിന്ന് ലണ്ടനിലേക്കുള്ള റയാനെയർ വിമാനത്തിൽ ഒരു യാത്രക്കാരൻ സഹയാത്രികന്റെ പാസ്പോർട്ട് കീറി കഴിക്കുകയും ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്യുകയും ചെയ്തു. ഇതേത്തുടർന്നുണ്ടായ സംഘർഷം കാരണം വിമാനം പാരീസിൽ അടിയന്തരമായി ഇറക്കി.    

റ്റലിയിലെ മിലാനിൽ നിന്ന് യുകെയിലെ ലണ്ടനിലേക്കുള്ള വിമാനത്തിൽ അസാധാരണമായ സംഭവങ്ങൾ. ഇറ്റലിയിൽ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെ സഹയാത്രക്കാരന്‍ തന്‍റെ പാസ്പോര്‍ട്ടിന്‍റെ പേജുകൾ കീറി കഴിച്ചെന്നും പിന്നാലെ അത് വിമാനത്തിന്‍റെ ടോയ്ലറ്റിലിട്ട് ഫ്ലഷ് ചെയ്തെന്നും ഒരു യാത്രക്കാരന്‍ ആരോപിച്ചു. ഇരുവരും തമ്മിലുള്ള സംഘര്‍ഷം വിമാനത്തിലെ മറ്റ് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. ഇതോടെ വിമാനം തിരിച്ച് ഇറക്കുകയും യാത്രക്കാരെ ഇരുവരെയും അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

അസാധാരണ സംഭവം

ഇറ്റലിയിലെ മിലാനിൽ നിന്ന് യുകെയിലെ ലണ്ടനിലേക്ക് പറന്ന റയാനെയർ വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം പറന്നുയർന്ന് ഏതാണ്ട് 15 മിനിറ്റുകൾക്ക് ശേഷം സീറ്റ് ബെല്‍റ്റുകൾ മാറ്റാനുള്ള അറിയിപ്പിന് പിന്നാലെയായിരുന്നും സംഭവം. വിമാനത്തിന്‍റെ മുൻവശത്ത് നിന്നും വിചിത്രമായി ശബ്ദങ്ങൾ കേട്ടെന്നും പിന്നാലെ ഒരാൾ വിമാനത്തിന്‍റെ പിന്നിലേക്ക് ഓടി ടോയ്ലറ്റില്‍ കയറി വാതിലടയ്ക്കുകയായിരുന്നെന്നും വിമാനയാത്രക്കാരില്‍ ചിലര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നാലെ മുന്നിലെ ഒരു യാത്രക്കാരന്‍ തന്‍റെ പാസ്പോര്‍ട്ട് സഹയാത്രക്കാന്‍ കീറി അതിലെ പേജുകൾ കഴിച്ചെന്നും ബാക്കി പാസ്പോർട്ട് ടോയ്ലറ്റില്‍ ഫ്ലഷ് ചെയ്യുകയായിരുന്നെന്നും ആരോപിച്ചു. ടോയ്ലറ്റില്‍ കയറിയ ആൾ വാതില്‍ തുറക്കാന്‍ കൂട്ടാക്കാത്തതോടെ വിമാനം അടിയന്തരമായി പാരീസിലിറക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

യാത്രക്കാര്‍ അറസ്റ്റിൽ

വിമാനം പാരീസില്‍ ഇറങ്ങിയതിന് പിന്നാലെ ഫ്രഞ്ച് അധികൃതർ വിമാനത്തിൽ കയറുകയും രണ്ട് യാത്രക്കാരെയും അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. യാത്രക്കാരുടെ സാധനങ്ങൾ ഫ്രഞ്ച് വിമാനത്താവള അധികൃർ വിശദമായി പരിശോധിച്ചു. പിന്നീട് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം തിരികെ ലണ്ടനിലേക്ക് പറന്നതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം സംഭവം റയാനെയർ ജീവനക്കാര്‍ കൃത്യമായി കൈകാര്യം ചെയ്തെന്ന് യാത്രക്കാര്‍ മാധ്യമങ്ങളോട് പറ‌‌ഞ്ഞു. അതേസമയം അറസ്റ്റിലായ യാത്രക്കാര്‍ എന്തിനാണ് വിചിത്രമായി രീതിയിൽ പെരുമാറിയതെന്ന് വ്യക്തമല്ല. യാത്രക്കാരിൽ നിന്നും പിഴ ഇടാക്കുമോയെന്നും വിമാന അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.