ഗർബ കഴിഞ്ഞ് രാത്രി വൈകി വീട്ടിലെത്തിയ വനിതാ യാത്രക്കാരിക്ക് വാതിൽ പൂട്ടിയതിനാൽ ഒറ്റയ്ക്ക് നിൽക്കേണ്ടി വന്നു. എന്നാൽ, ബുക്ക് ചെയ്ത റാപ്പിഡോ ഡ്രൈവർ അവരെ തനിച്ചാക്കി പോകാതെ, സുഹൃത്തുക്കൾ എത്തുന്നതുവരെ സുരക്ഷ ഉറപ്പാക്കി കൂടെ നിന്നു.
നമ്മുടെ ചുറ്റും ദയയുടെയും സ്നേഹത്തിന്‍റെയും പ്രവൃത്തികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച് കൊണ്ട്, ഹൃദയസ്പർശിയായ ഒരു സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. രാത്രിയിൽ ഒറ്റയ്ക്കായി പോയ ഒരു വനിതാ യാത്രക്കാരിക്ക് അവരുടെ സുഹൃത്തുക്കൾ എത്തുന്നതുവരെ ഒരു റാപ്പിഡോ ഡ്രൈവർ കൂട്ടുനിന്ന സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടുന്നത്,
ഡ്രൈവറുടെ കരുതൽ
ഗർബ പരിപാടി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങിയെത്തിയ യുവതി ബുക്ക് ചെയ്തത് ഒരു റാപ്പിഡോ റൈഡ് ആയിരുന്നു. വീട്ടിലെത്തിയപ്പോൾ വാതിൽ പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്ന് യുവതി മനസ്സിലാക്കി. ഇതറിഞ്ഞ ഡ്രൈവർ അവരെ അവിടെ ഇറക്കി വിട്ട് പോകുന്നതിന് പകരം അവരുടെ സുരക്ഷയിൽ ആശങ്കപ്പെട്ട്, ഒപ്പം താമസിക്കുന്ന സുഹൃത്തുക്കൾ എത്തുന്നതുവരെ കൂട്ടിരുന്നു. ഈ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. "ഗർബ രാത്രി കഴിഞ്ഞു വൈകി മടങ്ങിയെത്തിയ യുവതിയെ സഹായിക്കാൻ റാപ്പിഡോ റൈഡർ കൂടെ നിന്നു" എന്ന തലക്കെട്ടോടെ @upscworldofficial എന്ന അക്കൗണ്ടിൽ ഈ വീഡിയോ റീപോസ്റ്റ് ചെയ്തിട്ടുണ്ട്.
അഭിനന്ദനം
നിരവധി ആളുകൾ ഈ വീഡിയോ കാണുകയും ഡ്രൈവറുടെ നല്ല മനസ്സിനെ അഭിനന്ദിക്കുകയും ചെയ്തു. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. തന്‍റെ കടമകൾക്കപ്പുറം മറ്റുള്ളവരെ ശ്രദ്ധിക്കുന്ന ഇങ്ങനെയുള്ളവരെ ദൈവം അനുഗ്രഹിക്കട്ടെയെന്നായിരുന്നു ഒരാൾ കുറിച്ചത്. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുള്ള ആരോടും എനിക്ക് വലിയ ബഹുമാനമുണ്ട് എന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്. അദ്ദേഹത്തെ വളർത്തി വലുതാക്കിയ മാതാപിതാക്കൾക്കാണ് ഇതിന്‍റെ ക്രെഡിറ്റെന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം. നഗരങ്ങളിലെ സ്ത്രീ സുരക്ഷ പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ, മാതൃകാപരവുമായ ഈ പ്രവൃത്തി സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റി. സമാനമായ സഹാനുഭൂതിയുള്ള പ്രവൃത്തികൾക്ക് ഇത് പ്രചോദനമാകുമെന്ന് നെറ്റിസൻസ് പ്രതീക്ഷ പ്രകടിപ്പിച്ചു.


