മക്കളുടെ പ്രതിരോധശേഷിയും സ്വഭാവ ഗുണവും കൂട്ടാന്‍ അച്ഛനും മക്കളും നടന്നത് 800 കിലോമീറ്റര്‍ ദൂരം,
തെക്കൻ ചൈനയിൽ നിന്നുള്ള ഒരു മനുഷ്യൻ തന്‍റെ രണ്ട് കുട്ടികളോടൊപ്പം അവരുടെ സ്വഭാവവും പ്രതിരോധശേഷിയും ശക്തിപ്പെടുത്തുന്നതിനായി 800 കിലോമീറ്റർ നടത്തം പൂർത്തിയാക്കിയെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വു എന്നറിയപ്പെടുന്ന പിതാവ് ജൂലൈ 17 -ന് ഷെൻഷെനിലെ ബാവോൻ ജില്ലയിൽ നിന്ന് തന്‍റെ 10 വയസ്സുള്ള മകളെയും 8 വയസ്സുള്ള മകനെയും കൂട്ടി തന്‍റെ യാത്ര ആരംഭിച്ചു. ഹുനാൻ പ്രവിശ്യയിലെ ചാങ്‌ഷയിൽ ഓഗസ്റ്റ് 17 -ന് അവർ ഒരു മാസം നീണ്ടുനിന്ന ട്രെക്കിംഗ് അവര്‍ പൂർത്തിയാക്കി.
ഒരു ഡ്രൈവിംഗ് സ്കൂളിലെ ജീവനക്കാരനാണ് വു. അവിടുത്തെ തിരക്കേറിയ ജോലി സമയം കാരണം തനിക്ക് കുട്ടികളോടൊപ്പം വളരെ കുറച്ച് സമയം മാത്രമേ ചെലവഴിക്കാൻ കഴിഞ്ഞിരുന്നുള്ളൂ എന്നാണ് വു പറയുന്നത്. അതിനാലാണ് ഇത്തരത്തിലൊരു യാത്ര ആസൂത്രണം ചെയ്തതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. രണ്ട് വർഷം മുമ്പ്, സമാനമായ ഒരു യാത്രയിൽ അവരെ കൊണ്ടുപോകാൻ അദ്ദേഹം പദ്ധതിയിട്ടിരുന്നു, പക്ഷേ, കുട്ടികൾ വളരെ ചെറുപ്പമായതിനാൽ അത് മാറ്റിവച്ചു. എന്നാൽ ഈ വർഷം അദ്ദേഹം അത് നടപ്പിലാക്കിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഈ യാത്ര തന്‍റെ മക്കളെ സ്ഥിരോത്സാഹവും അവർ ആരംഭിക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കാനുള്ള ശീലവും പഠിപ്പിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും വു വ്യക്തമാക്കി.
യാത്രയിലുടനീളം, വു 10 കിലോഗ്രാം ഭാരമുള്ള ഒരു ബാക്ക്പാക്കും, ഓരോ കുട്ടിയും 5 കിലോഗ്രാം ഭാരമുള്ള ഒരു ബാഗും പുറത്ത് തൂക്കിയിരുന്നു. ദിവസവും കുറഞ്ഞത് 23 കിലോമീറ്ററെങ്കിലും ഇവർ നടക്കുമായിരുന്നെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. കുട്ടികൾക്ക് ക്ഷീണം തോന്നുമ്പോൾ, അവർ തന്നെക്കാൾ ശക്തരാണെന്ന് പറഞ്ഞ് കൊണ്ട് വു അവരെ പ്രോത്സാഹിപ്പിച്ച് കൊണ്ടിരുന്നു, അത് അവരെ യാത്ര തുടരാൻ പ്രേരിപ്പിച്ചു. ദീർഘ നടത്തത്തിനിടെ കുട്ടികൾക്ക് പരിക്കുകളൊന്നും സംഭവിച്ചില്ലെങ്കിലും, മിസ്റ്റർ വുവിന്‍റെ കാലിൽ പൊള്ളലേറ്റെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
സാമ്പത്തിക ഉത്തരവാദിത്തം പഠിപ്പിക്കാൻ അദ്ദേഹം കുട്ടികൾക്ക് ഒരു ദൈനംദിന ചെലവ് പരിധി നിശ്ചയിച്ചു, അതിൽ കൂടുതലായാൽ, അവരുടെ പോക്കറ്റ് മണിയിൽ നിന്ന് നൽകേണ്ടി വരുമെന്നും അദ്ദേഹം കുട്ടിളെ ഓർമ്മപ്പെടുത്തി. ഓഗസ്റ്റ് 17 -ന് പുലർച്ചെ 1:30 ന് അച്ഛനും മക്കളും അവരുടെ ലക്ഷ്യസ്ഥാനത്തെത്തി. യാത്രയുടെ തുടക്കത്തിൽ ചെറിയ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് കുട്ടികളിൽ നല്ല മാറ്റങ്ങൾ കണ്ടുവെന്നാണ് വു കൂട്ടിച്ചേര്‍ക്കുന്നത്.


