Asianet News MalayalamAsianet News Malayalam

കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് രാസഷണ്ഡീകരണം, ഇനിയാരും ഈ തെറ്റാവർത്തിക്കരുതേ എന്ന് പ്രതികളുടെ ഏറ്റുപറച്ചിൽ

ഒരു കുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന് 15 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് മറാട്ട് എന്ന തടവുകാരൻ. തനിക്ക് ഇതുവരെ മൂന്ന് കാസ്ട്രേഷൻ കുത്തിവയ്പ്പുകൾ എടുത്തിട്ടുണ്ടെന്നും, അത് തന്റെ ശരീരത്തെ പ്രതികൂലമായി ബാധിച്ചുവെന്നും അയാൾ പറഞ്ഞു.

forced castration among pedophiles
Author
Kazakhstan, First Published Aug 9, 2021, 5:02 PM IST

ബാലപീഡകർക്കെതിരെ കസാക്കിസ്ഥാൻ കടുത്ത നിയമനടപടികൾക്ക് തുടക്കമിട്ടിരിക്കയാണ്. കുട്ടികളെ ബലാത്സംഗം ചെയ്ത, ലൈംഗികമായി പീഡിപ്പിച്ച കുറ്റവാളികളെ രാസഷണ്ഡീകരണത്തിന് വിധേയമാക്കുന്ന പുതിയ നിയമം 2018 -ൽ പ്രാബല്യത്തിൽ വന്നു. അതിൻപ്രകാരം നിരവധി ബാലപീഡകർ നിലവിൽ ജയിലുകളിൽ രാസഷണ്ഡീകരണത്തിന് (കെമിക്കൽ കാസ്‌ട്രേഷൻ) വിധേയരാകുന്നു. അത്തരം കുറ്റങ്ങൾ ഇനി ആരും ചെയ്യാതിരിക്കാനായി അധികാരികൾ ആ കുറ്റവാളികളുടെ പ്രതികരണങ്ങൾ ഒരു അഭിമുഖം വഴി പുറത്ത് വിട്ടിരിക്കയാണ്. പലരും തങ്ങൾ ചെയ്ത തെറ്റിനെ കുറിച്ച് പശ്ചാത്തപിക്കുകയും, ആരും തങ്ങളുടെ വഴിയേ സഞ്ചരിക്കരുതെന്ന് വിലപിക്കുകയും ചെയ്യുന്നു.  

പതിവ് കുത്തിവയ്പ്പുകളിലൂടെയാണ് രാസഷണ്ഡീകരണം നടത്തുന്നത്. കുറ്റവാളികളുടെ ജയിൽ ശിക്ഷ അവസാനിച്ചതിനുശേഷവും ഇത് തുടരും. "ഇത് എന്റെ ശരീരത്തിന് ഹാനികരമാണെന്ന് എനിക്കറിയാം. ഭാവിയിൽ അത് എന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും എനിക്കറിയാം" പ്രതികളിൽ ഒരാൾ അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോൾ തനിക്ക് ശരിക്കും കുറ്റബോധമുണ്ടെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഒരു കുറ്റവാളി ഇങ്ങനെ അപേക്ഷിച്ചു: "എന്റെ അനുഭവം കണ്ടില്ലേ. നിങ്ങൾ ആരും അത്തരം ഭയാനകമായ കുറ്റങ്ങൾ ചെയ്യരുതെന്ന് ഞാൻ അപേക്ഷിക്കുന്നു. എനിക്ക് രാസഷണ്ഡീകരണം നിർദ്ദേശിച്ചവരോട് ഒരപേക്ഷയുണ്ട്. എന്നെ വെറുതെ വിട്ടുകൂടെ? ഞാൻ ഇപ്പോഴും വളരെ ചെറുപ്പമാണ്.”

ഒരു കുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന് 15 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് മറാട്ട് എന്ന തടവുകാരൻ. തനിക്ക് ഇതുവരെ മൂന്ന് കാസ്ട്രേഷൻ കുത്തിവയ്പ്പുകൾ എടുത്തിട്ടുണ്ടെന്നും, അത് തന്റെ ശരീരത്തെ പ്രതികൂലമായി ബാധിച്ചുവെന്നും അയാൾ പറഞ്ഞു. "എനിക്ക് ഒരു ലൈംഗിക ജീവിതം ആവശ്യമാണ്. എന്തിനാണ് എന്നെ കാസ്‌ട്രേറ്റ് ചെയ്യുന്നത്? ഞാൻ തെറ്റ് ചെയ്തുവെന്ന് സമ്മതിക്കുന്നു. പക്ഷേ എനിക്ക് ഇനിയും ജീവിക്കണം. എനിക്ക് ഇപ്പോഴും കുടുംബവും കുട്ടികളും ഉണ്ട്.”

ഈ കടുത്ത സമീപനം കാരണം കുട്ടികൾക്കെതിരായ ആക്രമണങ്ങളിൽ 15 ശതമാനം ഇടിവുണ്ടായതായി രാജ്യം അവകാശപ്പെടുന്നു. കസാഖിസ്ഥാനിലെ ആദ്യ കാസ്ട്രേഷനുകൾക്ക് ശേഷം, ഒരാൾ പറഞ്ഞു, "എനിക്ക് നല്ല വേദനയുണ്ട്. ഇത് അവിശ്വസനീയമാംവിധം ബുദ്ധിമുട്ടാണ്. എന്റെ ശത്രുവിന് പോലും ഈ ഗതിയുണ്ടാകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു." ഇത് വളരെ പ്രാകൃതമായ നടപടിക്രമമാണെന്നും, ഇത് നിരോധിക്കണമെന്നും അയാൾ കൂട്ടിച്ചേർത്തു. പീഡനകാർക്കെതിരെ കടുത്ത സമീപനമാണ് കസാഖിസ്ഥാൻ കൈക്കൊണ്ടിരിക്കുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ബാലപീഡകരുടെ ചിത്രങ്ങളും പേരും വിലാസവും രാജ്യം പ്രസിദ്ധീകരിക്കുന്നു. അതേസമയം നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിന് ശേഷം ശിക്ഷിക്കപ്പെട്ടവർക്ക് മാത്രമേ കാസ്ട്രേഷൻ നിയമങ്ങൾ ബാധകമാകൂ.

രാസഷണ്ഡീകരണത്തിന് ചില ഗുരുതരമായ പാർശ്വഫലങ്ങളുണ്ട്. ഒരാളുടെ ലൈംഗികശേഷി മരുന്നുകൾ ഉപയോഗിച്ച് കുറയ്ക്കുന്ന രീതിയാണ് ഇത്. ഇത് ഒറ്റത്തവണ ചികിത്സയല്ല, ഡോക്ടർമാർ മരുന്നുകൾ കുത്തിവയ്ക്കുകയോ ചർമ്മത്തിന് താഴെ സ്ഥാപിക്കുകയോ ചെയ്യുന്നു. മരുന്നിനെയും ഡോസിനെയും ആശ്രയിച്ച്, ഇത് മാസത്തിലൊരിക്കൽ ആവർത്തിക്കണം. വിറയൽ, ക്ഷീണം തുടങ്ങിയ പാർശ്വഫലങ്ങൾ ഇതിനുണ്ടാകാം. ഇതിനുപുറമെ ദീർഘകാല പാർശ്വഫലങ്ങളായ എല്ലുതേയ്മാനം, ഗ്ലൂക്കോസ് കുറയുന്ന അവസ്ഥ, വിഷാദം, വന്ധ്യത, വിളർച്ച, പേശികളുടെ ബലക്കുറവ്, ശരീരഭാര കുറവ് എന്നിവയും ഉണ്ടാകുന്നു.  

Follow Us:
Download App:
  • android
  • ios