''മൂന്ന് തവണ അവരെന്നെ ഒരു ഇരുണ്ട സെല്ലിലേക്ക് കൊണ്ടുപോയി. അവിടെമുഖംമൂടി ധരിച്ച  മൂന്ന് പുരുഷന്മാര്‍ എന്നെ ബലാത്സംഗം ചെയ്യുകയും, വൈദ്യുത ലാത്തി രഹസ്യഭാഗത്ത് തുളച്ചുകയറ്റുകയും ചെയ്തു. ഞങ്ങള്‍ അവര്‍ക്ക് വെറും കളിപ്പാട്ടമായിരുന്നു. മരിക്കണം എന്നാരും ആഗ്രഹിക്കുന്ന അവസ്ഥ. എന്നാല്‍, അതിനു കഴിയാത്ത നിസ്സഹായത.'' ചൈനയില്‍നിന്നും രക്ഷപ്പെട്ട് അമേരിക്കയില്‍ കഴിയുന്ന തുര്‍സുനെ സിയാവുദ്ദീന്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറയുന്നു. 

 

 

ഉയിഗൂര്‍ മുസ്‌ലിം വിഭാഗത്തില്‍ പെട്ട സ്ത്രീകളെ ചൈനീസ് ഭരണകൂടം നിര്‍ബന്ധിത വന്ധ്യകരണത്തിനും ജനസംഖ്യാ നിയന്ത്രണത്തിനും വിധേയമാക്കുന്നതായി അന്വേഷണ റിപ്പോര്‍ട്ട്. ചൈനയില്‍നിന്നും രക്ഷപ്പെട്ട് വിദേശരാജ്യങ്ങളില്‍ കഴിയുന്ന സ്ത്രീകളുമായി സംസാരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മറ്റു പ്രവിശ്യകളില്‍ ജനസംഖ്യ കൂട്ടാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുന്ന ചൈനീസ് സര്‍ക്കാര്‍ ഉയിഗൂര്‍ മുസ്‌ലിം വിഭാഗക്കാരും ന്യൂനപക്ഷ മുസ്‌ലിംകളും തിങ്ങിനിറഞ്ഞ വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാംഗ് പ്രവിശ്യയില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് വധ്യംകരിക്കുന്നതിന്റെ തെളിവുകളാണ് ടൈംസ് പുറത്തുവിട്ടത്. കാലങ്ങളായി കടുത്ത വംശീയ വിവേചനവും ഭരണകൂട അടിച്ചമര്‍ത്തലും പീഡനവും നടക്കുന്ന സിന്‍ജിയാംഗ് പ്രവിശ്യയില്‍ വംശഹത്യയാണ് നടക്കുന്നതെന്ന മനുഷ്യാവകാശ സംഘടനകളുടെ ആരോപണം ശരിവെക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. 

ജനസംഖ്യയുടെ കളി

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ചൈന. രാജ്യത്തെ ഉയര്‍ന്ന് വരുന്ന ജനസംഖ്യ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 1979 -ലാണ് 'ഒരു കുടുംബത്തില്‍ ഒരു കുട്ടി' എന്ന നയം ചൈന നടപ്പിലാക്കുന്നത്. അതുപ്രകാരം ഒന്നില്‍ കൂടുതല്‍ കുട്ടികളുണ്ടായാല്‍ കനത്ത പിഴയാണ് ചുമത്തിയിരുന്നത്. നിയമം പാലിക്കാത്ത വ്യക്തിയ്ക്ക് ജോലി പോലും നഷ്ടമാവുന്ന അവസ്ഥയായിരുന്നു. 

എന്നാല്‍ കാലം കടന്നപ്പോള്‍ ജനനനിരക്ക് കുത്തനെ ഇടിയുകയും ആ നയത്തിന്റെ പിഴവ് ബോധ്യപ്പെടുകയും ചെയ്തതോടെ ചൈന 2016 ജനുവരിയില്‍ 'ഒരു കുടുംബത്തില്‍ രണ്ട് കുട്ടികള്‍' എന്ന നയം കൊണ്ടുവന്നു.  രാജ്യത്തിന്റെ സാമ്പത്തിക സാമൂഹ്യ പുരോഗതിയെ ബാധിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് പഴയ നയത്തെ പൊളിച്ചെഴുതാന്‍ ചൈന ഒരുങ്ങിയത്. 

ഇന്ന് ജനസംഖ്യ കൂട്ടാനുള്ള ബോധവത്കരണമാണ് സര്‍ക്കാര്‍ നടത്തുന്നത്. ജനസംഖ്യാപരമായ പ്രതിസന്ധി ഒഴിവാക്കാന്‍ ചൈനയുടെ പല ഭാഗങ്ങളിലും അധികൃതര്‍ സ്ത്രീകളെ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ പ്രോത്സാഹിപ്പിക്കുന്നു.

സിന്‍ജിയാങ് എന്ന ജയിലറ

എന്നാല്‍, ഉയിഗൂര്‍ മുസ്‌ലിം വിഭാഗക്കാര്‍ താമസിക്കുന്ന സിന്‍ജിയാങ് മേഖലയില്‍ സ്ഥിതി നേരെ മറിച്ചാണ്. കൂടുതല്‍ കുട്ടികള്‍ ഉണ്ടാകാന്‍ രാജ്യത്ത് ബോധവത്കരണം നടത്തുന്ന ചൈന അവിടെയുള്ള മുസ്ലിം വംശീയ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാ വര്‍ധനവ് തടയാനാണ് ശ്രമിക്കുന്നത്. അതിനു പല കാരണങ്ങളുണ്ട്. ചൈനയിലെ ഭൂരിപക്ഷ ഹാന്‍ വിഭാഗവും ന്യൂനപക്ഷ ഉയിഗൂര്‍ മുസ്‌ലിം വിഭാഗവുമായുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള വംശീയ പ്രശ്‌നങ്ങളാണ് അതില്‍ പ്രധാനം. ഉയിഗൂര്‍ വിഭാഗക്കാരെ വരത്തന്‍മാരായാണ് ഹാന്‍ വിഭാഗം കരുതുന്നത്. രണ്ടാം തരം പൗരന്‍മാരാണ് ഉയിഗൂറുകള്‍ എന്ന ഹാന്‍ വിഭാഗത്തിന്റെ ധാരണകളാണ് മുഖ്യധാരാ സമൂഹം സ്വാംശീകരിച്ചത്. 

വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള സിന്‍ജിയാംങ്് പ്രവിശ്യയോട് കാലങ്ങളായി പുലര്‍ത്തുന്ന ഇരട്ടത്താപ്പും വികസന മുരടിപ്പും പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കി. ഇതിനെതിരായി പ്രവിശ്യയില്‍ നടന്ന  ആദ്യ കാല പ്രതിഷേധങ്ങള്‍ ചൈനീസ് ഭരണകൂടം അടിച്ചമര്‍ത്തുകയായിരുന്നു. സായുധ സംഘര്‍ഷവും കലാപവും ഉയിഗൂര്‍ കൂട്ടക്കൊലകളുമായിരുന്നു പരിണിത ഫലം. 

ചൈനയുടെ ആഭ്യന്തര സുരക്ഷിതത്വത്തിന് ഭീഷണിയാണ് ഇവിടത്തെ മുസ്‌ലിം ഗ്രൂപ്പുകളെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. ഭീകരവാദത്തിനെതിരായ പോരാട്ടം ഉയിഗൂര്‍ വിഭാഗങ്ങളെ അടിച്ചമര്‍ത്തുന്നതിലാണ് കലാശിച്ചത്. വര്‍ഷങ്ങളായി ഇവിടെ, ഉയിഗൂര്‍ മുസ്‌ലിം ജനവിഭാഗങ്ങള്‍ അതിക്രൂരമായ വംശീയ അടിച്ചമര്‍ത്തലുകളിലാണ് കഴിയുന്നത്. ലക്ഷക്കണക്കിന് മുസ്‌ലിം വിഭാഗക്കാരാണ് രഹസ്യവും പരസ്യവുമായി പ്രവര്‍ത്തിക്കുന്ന ജയിലറകളില്‍ കഴിയുന്നത്. മുസ്‌ലിം വീടുകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിയോഗിക്കുന്ന ഒരാളെ നിര്‍ബന്ധമായി താമസിപ്പിക്കണമെന്ന ക്രൂരനിയമവും കടുത്ത നിരീക്ഷണവും ജയിലറകളുമെല്ലാം ചേര്‍ന്ന്, വലിയ മനുഷ്യാവകാശ പ്രശ്‌നമായിത് വളര്‍ന്നിരിക്കുന്നു.  

ഇതിന്റെയൊക്കെ തുടര്‍ച്ചയായാണ് മുസ്‌ലിം ജനസംഖ്യ കുറയ്ക്കുന്നതിനായി നിര്‍ബന്ധിത വന്ധ്യംകരണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. ഒരു കുട്ടി മാത്രമുള്ളവരെ പോലും നിര്‍ബന്ധിച്ച് വന്ധ്യംകരിക്കുകയാണ് സര്‍ക്കാര്‍. അതിനു തയ്യാറല്ലാത്തവരെ ജയിലിലടക്കുകയാണ് ചെയ്യുന്നത്. ഈ ജയിലുകളില്‍ ഉയിഗൂര്‍ സ്ത്രീകള്‍ ബലാല്‍സംഗമടക്കമുള്ള ഭീഷണികള്‍ നേരിടുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

 

 

പ്രസവം ഇവിടെ കുറ്റമാണ് 

നിര്‍ബന്ധിതമായി ആരെയും വന്ധ്യകരണം നടത്തുന്നില്ലെന്ന് അധികൃതര്‍ പറയുമ്പോഴും, നിരവധി മുസ്ലിം സ്ത്രീകളുടെ അനുഭവം വിവരിച്ചുകൊണ്ട് അത് നുണയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്.  രാജ്യത്തെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളും, സര്‍ക്കാര്‍ അറിയിപ്പുകളും, സര്‍ക്കാര്‍ വക മാധ്യമ റിപ്പോര്‍ട്ടുകളും ടൈംസ് ഉദ്ധരിക്കുന്നു. ഗര്‍ഭനിരോധ മാര്‍ഗങ്ങള്‍ ഉപയോഗിക്കാനോ വന്ധ്യകരണത്തിനോ ഉയിഗുര്‍ സ്ത്രീകളെ നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇതിന് തയ്യാറാകാത്ത സ്ത്രീകള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. കൂടുതല്‍ കുട്ടികളുള്ളവരോ അല്ലെങ്കില്‍ ഗര്‍ഭനിരോധന നടപടിക്രമങ്ങള്‍ നിരസിക്കുകയോ ചെയ്യുന്നവര്‍ക്ക് കനത്ത പിഴയോ തടങ്കല്‍ ജീവിതമോ ആണ് നേരിടേണ്ടി വരിക. ഈ തടങ്കല്‍ പാളയങ്ങളില്‍ സ്ത്രീകള്‍ പലപ്പോഴും ബലാത്സംഗത്തിനും, കൊടും പീഡനങ്ങള്‍ക്കും വിധേയമാകുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇവിടെ പലതരം മരുന്നുകള്‍ നല്‍കി സ്ത്രീകളെ ആര്‍ത്തവവിരാമത്തിന് വിധേയമാക്കുന്നതായി ഉയിഗൂര്‍ സ്ത്രീകള്‍ വെളിപ്പെടുത്തുന്നു. 

മേഖലയിലെ ജനനനിരക്കില്‍ കഴിഞ്ഞ കുറേ നാളുകളായി വലിയ കുറവാണ് കാണിക്കുന്നത്. ഇത് ദീര്‍ഘകാല ജനന നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയതിന്റെ ഫലമായാണ് എന്നാണ് സര്‍ക്കാരിന്റെ വാദം. ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ പൂര്‍ണമായും വ്യക്തികളുടെ സ്വാതന്ത്ര്യമാണ് എന്നാണ് സിന്‍ജിയാങ് സര്‍ക്കാര്‍ വക്താവ് സൂ ഗുക്‌സിയാങ് മാര്‍ച്ചില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഒരു ഏജന്‍സിയും, അതില്‍ ഇടപെടുന്നില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ വാസ്തവം അതല്ല എന്നാണ് ഇവിടത്തെ സ്ത്രീകള്‍ പറയുന്നത്. 

തടവറയിലെ ലൈംഗിക പീഡനങ്ങള്‍

സര്‍ക്കാര്‍ ഉത്തരവുകള്‍ നിരസിച്ചാല്‍ ചെന്നെത്തുന്നത് പ്രദേശത്തെ തടങ്കല്‍പ്പാളയങ്ങളിലായിരിക്കും. അവിടെ സ്ത്രീകള്‍ ചോദ്യം ചെയ്യലിന് വിധേയരാകും. പലപ്പോഴും സ്ഥിരമായി വന്ധ്യകരണ ഗുളികകള്‍ കഴിപ്പിക്കും. ആര്‍ത്തവ വിരാമത്തിനുള്ള കുത്തിവയ്പ്പുകളും നടത്തും.  അത്തരത്തില്‍ തടങ്കല്‍കേന്ദ്രത്തില്‍ പീഡനം അനുഭവിക്കേണ്ടി വന്ന തുര്‍സുനെ സിയാവുദിന്‍ എന്ന സ്ത്രീയുടെ ഉദാഹരണം റിപ്പോര്‍ട്ടില്‍ എടുത്തുകാണിക്കുന്നു. 10 മാസത്തോളം അവരെ തടവിലിട്ടു. ''മൂന്ന് തവണ അവരെന്നെ ഒരു ഇരുണ്ട സെല്ലിലേക്ക് കൊണ്ടുപോയി. അവിടെമുഖംമൂടി ധരിച്ച  മൂന്ന് പുരുഷന്മാര്‍ എന്നെ ബലാത്സംഗം ചെയ്യുകയും, വൈദ്യുത ലാത്തി രഹസ്യഭാഗത്ത് തുളച്ചുകയറ്റുകയും ചെയ്തു. ഞങ്ങള്‍ അവര്‍ക്ക് വെറും കളിപ്പാട്ടമായിരുന്നു. മരിക്കണം എന്നാരും ആഗ്രഹിക്കുന്ന അവസ്ഥ. എന്നാല്‍, അതിനു കഴിയാത്ത നിസ്സഹായത.'' ചൈനയില്‍നിന്നും രക്ഷപ്പെട്ട് അമേരിക്കയില്‍ കഴിയുന്ന തുര്‍സുനെ സിയാവുദ്ദീന്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറയുന്നു. 

ഈ ആരോപണങ്ങളെല്ലാം ചൈനീസ് സര്‍ക്കാര്‍ ശക്തമായി നിഷേധിക്കുന്നുവെങ്കിലും, സിന്‍ജിയാങ്ങിലെ വന്ധ്യംകരണ നിരക്ക് 2015 -നും 2018 -നും ഇടയില്‍ ഏതാണ്ട് ആറിരട്ടിയായി ഉയര്‍ന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ പ്രദേശത്തെ ജനനനിരക്കില്‍ വന്‍തോതിലുള്ള ഇടിവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യവ്യാപകമായി വധ്യംകരണ മാര്‍ഗങ്ങളുടെ ഉപയോഗം കുറഞ്ഞപ്പോള്‍, സിന്‍ജിയാങ്ങില്‍ അതിന്റെ ഉപയോഗം വര്‍ദ്ധിച്ചു. ഗര്‍ഭനിരോധന പദ്ധതികള്‍ കൂടുതല്‍ ശക്തമായി തന്നെ തുടരുകയായിരുന്നു എന്നതിന്റെ തെളിവാണ് ഇത്.  ജനനനിരക്ക്, ജനന നിയന്ത്രണ ഉപയോഗം എന്നിവയെക്കുറിച്ചുള്ള വാര്‍ഷിക ഡാറ്റയും 2019 ലെ ജനന നിയന്ത്രണ ഉപയോഗവുമായി ബന്ധപ്പെട്ട കണക്കുകളും സര്‍ക്കാര്‍ തടഞ്ഞുവെച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.