2019  ഓഗസ്റ്റ് 5 -ന് ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു കശ്മീരിന്റെ വിശിഷ്ടപദവി ഇല്ലാതായ ശേഷം, തീവ്രവാദസംഘങ്ങളിൽ നിന്ന് പ്രതികാരനടപടികളുണ്ടായേക്കും എന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വളരെ കർശനമായ നിയന്ത്രണങ്ങളിലൂടെ താഴ്വര കടന്നുപോയത്. രാജ്യത്തിൻറെ മറ്റുഭാഗങ്ങളിലുള്ളവർക്ക് കിട്ടിയിരുന്ന പ്രാഥമികമായ സൗകര്യങ്ങളിൽ പലതും കഴിഞ്ഞ കുറെ മാസങ്ങളായി കശ്മീരികൾക്ക് നിഷേധിക്കപ്പെട്ടിരുന്നു. അവ ഒന്നൊന്നായി പുനഃസ്ഥാപിക്കപ്പെട്ട്, താഴ്വര പതിയെ സ്വാഭാവികതയിലേക്ക് തിരികെ വന്നുകൊണ്ടിരിക്കെ, തീവ്രവാദികളും പതിയെ അവരുടെ മടകളിൽ നിന്ന് പുറത്തിറങ്ങിയിരിക്കുകയാണ്. 

ഇത്തവണ പക്ഷേ, അവർ തങ്ങളുടെ ശൈലി ഒന്ന് മാറ്റിപ്പിടിച്ചിട്ടുണ്ട്. മുൻ‌കൂർ പ്ലാൻ ചെയ്ത IED ബ്ലാസ്റ്റുകളിൽ ഒറ്റയടിക്ക് മിലിട്ടറി കേന്ദ്രങ്ങളെ ആക്രമിക്കുക എന്ന താരതമ്യേന റിസ്ക് കൂടിയ, ആൾനാശമുണ്ടായേക്കാവുന്ന ചാവേർ ആക്രമണങ്ങൾക്കു പകരം, ഒളികേന്ദ്രങ്ങളിൽ നിന്ന് താത്കാലികമായി പുറത്തിറങ്ങി വന്ന്, സാധാരണക്കാരായ ഇതരസംസ്ഥാന തൊഴിലാളികളെയും, കച്ചവടക്കാരെയും മറ്റും വധിച്ച് തിരികെ കാടുകയറുന്ന ഗറില്ലാ യുദ്ധമുറയാണ് അവർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇത് താഴ്വരയിൽ വീണ്ടും അശാന്തി  പടർത്തിയിരിക്കുകയാണ്.

ബിഹാർ, ബംഗാൾ, ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങി പല സംസ്ഥാനങ്ങളിൽ നിന്നായി കശ്മീരിലേക്ക് കുടിയേറി തലമുറകളായി അവിടെ പാർത്തുപോരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് കശ്മീരിന്റെ ജീവനാഡികൾ. എണ്ണയിട്ടയന്ത്രം പോലെ ഈ സ്റ്റേറ്റിനെ ചലിപ്പിക്കുന്നതിൽ അവർക്കുളള പങ്ക് ചെറുതല്ല. അതുകൊണ്ടുതന്നെ അവർക്കിടയിൽ ഭീതി പടർത്തി അവരെ മൊത്തം നാട്ടിൽ നിന്ന് തുരത്തിയാൽ കശ്മീർ നിശ്ചലമാകും എന്ന് തീവ്രവാദികൾക്ക് നന്നായറിയാം. അതുകൊണ്ടുതന്നെയാണ് അവർ ഇങ്ങനെ നിസ്സഹായരും നിരായുധരും സർവോപരി പരമദരിദ്രരുമായ തൊഴിലാളികളെത്തന്നെ ലക്ഷ്യമിട്ടിരിക്കുന്നത്. അവരെ എളുപ്പത്തിൽ കൊന്നു തള്ളാമെന്നും, പകരം ചോദിക്കാൻ ആരും വരില്ലെന്നും ഈ ഭീകരവാദികൾക്ക് നന്നായറിയാം.

ഒക്ടോബർ 14-ന്  കശ്മീരിലെ ഷോപ്പിയാനിലെ ഷിർമലിൽ വെച്ച് കൊല്ലപ്പെട്ടത് കശ്മീരിൽ നിന്നുള്ള ട്രക്ക് ഡ്രൈവറായ  ശരീഫ് ഖാനായിരുന്നു. കശ്മീരി ആപ്പിൾ ശേഖരിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകാനായി ട്രിപ്പുവന്നതായിരുന്നു രാജസ്ഥാൻ സ്വദേശിയായ ശരീഫ് ഖാൻ. ട്രക്കിനുകുറുകെ മറ്റൊരു വണ്ടി കൊണ്ടുവന്നിട്ട് തീവ്രവാദികൾ അദ്ദേഹത്തെ വിളിച്ചിറക്കി വെടിവെച്ചു കൊല്ലുകയായിരുന്നു. അതിനുശേഷം ട്രക്കിന് അവർ തീയിടുകയും ചെയ്തു. ഈ സംഭവം നടന്ന് 48 മണിക്കൂറിനകം തന്നെ പുൽവാമയിലെ സെഹാമ ഗ്രാമത്തിലുള്ള ഒരു ഇഷ്ടികക്കളത്തിൽ ജോലിചെയ്തിരുന്ന സേഥി കുമാർ സാഗർ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു. സാഗറിന്റെ അച്ഛനാണ് കശ്മീരിലെ ഇഷ്ടികക്കളങ്ങളിൽ ഒന്നിൽ തൊഴിൽ നീതി ആദ്യമായി ഇവിടെ വന്നെത്തിയത്. അച്ഛന്റെ ചുവടുപിടിച്ച് ഉദരപൂരണാർത്ഥം മകനും വന്നെത്തുകയായിരുന്നു. സാഗർ വെടിയേറ്റുമരിച്ചതോടെ ആ കുടുംബത്തിന്റെ ഏക വരുമാനമാർഗവും നിലച്ചു. അതേ ദിവസം പഞ്ചാബിൽ നിന്നുള്ള ആപ്പിൾ കച്ചവടക്കാരനായ ചരൺജിത് സിംഗിനെ ഷോപ്പിയാനിൽ വെച്ച് തീവ്രവാദികൾ വെടിവെച്ചുകൊന്നു. സഹായിക്ക് ഗുരുതരമായ പരിക്കുകളേറ്റു. കഴിഞ്ഞ 24-ന് ഇല്യാസ് ഖാൻ എന്ന അൽവാർ സ്വദേശിയായ മറ്റൊരു ട്രക്ക് ഡ്രൈവർ കൂടി കാശ്മീരിൽ ഭീകരവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സഹായി പഞ്ചാബ് സ്വദേശി ജീവന് ഗുരുതരമായ പരിക്കേറ്റു. അങ്ങനെ ആകെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ കാശ്മീരിൽ കൊല്ലപ്പെട്ടത് നാല് ഇതരസംസ്ഥാനക്കാരാണ്.

കശ്മീരിലെ പല കച്ചവടങ്ങളുടെയും നടത്തിപ്പുകാർ തദ്ദേശവാസികൾ തന്നെയാണെങ്കിലും വിദഗ്ധ തൊഴിലാളികൾ പലരും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ വന്നുപാർക്കുന്നവരാണ്.ഇത്തരത്തിൽ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടാകാൻ തുടങ്ങിയതോടെ അവർ കൂട്ടത്തോടെ കശ്മീരിൽ നിന്ന് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ബിജ്‌നോറിൽ നിന്നുള്ള വിദഗ്ധരായ മുടിവെട്ടുകാർ സ്ഥലം വിട്ടതോടെ താഴ്വരയിലെ ഒരുവിധം കൊള്ളാവുന്ന ബാർബർ ഷോപ്പുകൾക്കെല്ലാം ഷട്ടർ വീണിരുന്നു.  

പുൽവാമയിലെ സ്റ്റാർ ഇഷ്ടിക ഫാക്ടറിയിൽ 140-ലധികം ബിഹാറി തൊഴിലാളികളാണുള്ളത്. പലരും രണ്ടുതലമുറയായി കശ്മീരി സ്ഥിരതാമസമായവരാണ്. നാട്ടിലെ ദാരിദ്ര്യത്തിൽ നിന്ന് മോചനം തേടി ഇവിടെയെത്തിപ്പെട്ട അവരിൽ പലരും ഇവിടെ സാമാന്യം നല്ലൊരു ജീവിതം തന്നെ കെട്ടിപ്പടുത്തവരാണ്. രണ്ടു ബീഹാറി തൊഴിലാളികൾ ആഞ്ഞുപിടിച്ചാൽ ദിവസം 2000 കട്ടയെങ്കിലും ചുട്ടെടുക്കും. അത്രയുമായാൽ ചുരുങ്ങിയത് 700 രൂപയെങ്കിലും ഒരാളുടെ പോക്കറ്റിൽ കൂലിയായി വരും. നാട്ടിൽ ഇതേ പണിയെടുത്താൽ കിറ്റുകൾ ഇതിന്റെ മൂന്നിലൊന്നാണ് എന്നോർക്കുമ്പോൾ ബിഹാറിൽ നിന്ന് വന്നെത്തുന്നവർക്ക് കശ്മീർ ഒരു മിനി ഗൾഫ് തന്നെയാണ്. സുഖദമായ കാലാവസ്ഥയും ബിഹാറികളെ കശ്മീരിലേക്ക് ആകർഷിക്കാറുണ്ട്. ശൈത്യകാലത്ത് ഇഷ്ടിക ഉണങ്ങില്ല എന്നതുകൊണ്ട് വേനൽക്കാലമാണ് ഇഷ്ടിക ചുടുന്ന സീസൺ. ആ ആറുമാസം ജോലിചെയ്താൽ അവർക്ക് വർഷം മുഴുവൻ അരിവാങ്ങാനുള്ള കാശുകിട്ടും. കശ്മീരികൾക്ക് ബിഹാറികളെക്കാൾ കൂടുതൽ കൂലി നൽകണം, പണിയും കുറച്ചേ എടുപ്പിക്കാനാകൂ. അതുകൊണ്ട് ഇവിടുത്തെ സംരംഭകർക്കും പുറംനാട്ടിൽ നിന്നുള്ള തൊഴിലാളികളെയാണ് പ്രിയം.

പുൽവാമയിലും പരിസരങ്ങളിലുമായി നടന്നുകൊണ്ടിരിക്കുന്ന തുടർച്ചയായ ആക്രമണങ്ങൾകാരണം ഇക്കുറി കാശ്മീരിൽ കടുത്ത തൊഴിലാളി ദാരിദ്ര്യമാണ്. കഴിഞ്ഞ തവണ പീക്ക് സീസണിൽ 12,000 ഇതര സംസ്ഥാന തൊഴിലാളികൾ പുൽവാമയിലെ ഉണ്ടായിരുന്നേടത്ത് ഇക്കുറിയുള്ളത് വെറും 1,100 പേർ മാത്രമാണ്. ഷോപിയാനിൽ കഴിഞ്ഞ കൊല്ലം ആപ്പിൾ തോട്ടങ്ങളിലെ പണികൾ ചെയ്യാൻ വേണ്ടി 5000ലധികം പേർ വന്നിരുന്നേടത്ത് ഇക്കൊല്ലം അത് 3500 ആയി കുറഞ്ഞു.

കഴിഞ്ഞ കൊല്ലം വരെയും ഷോപിയാനിലെ ഗ്രാമഗ്രാമാന്തരങ്ങളിലെ ആപ്പിൾ തോട്ടങ്ങളിൽ ചെന്ന് നേരിട്ട് അപ്പോൾ ശേഖരിച്ചിരുന്നു മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ള പഴവ്യാപാരികൾ. എന്നാൽ ഇത്തവണത്തെ സംഭവങ്ങൾക്കു ശേഷം പോലീസ് അതിന് വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ആറു കളക്ഷൻ പോയന്റുകൾ ഉണ്ട്. കൃഷിക്കാർ തങ്ങളുടെ ആപ്പിളുകൾ അവിടെയെത്തിച്ച് വ്യാപാരികൾക്ക് കൈമാറണം. ഈ അധികച്ചെലവ് കൃഷിക്കാർക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. തീവ്രവാദികളെ ഭയന്ന് മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ആപ്പിൾ ട്രക്കുകൾ ഇപ്പോൾ കോൺവോയ് ആയിട്ടാണ് സഞ്ചരിക്കുന്നത്. 


സംസ്ഥാനകേന്ദ്ര സർക്കാരുകൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്നും തങ്ങളുടെ ജീവനും ഉപജീവനത്തിനും വെല്ലുവിളിയായിക്കൊണ്ടിരിക്കുന്ന ഈ തീവ്രവാദിശല്യത്തിന് ഉടൻ ഒരു പരിഹാരമുണ്ടാക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് കശ്മീരിലെ സംരംഭകരും, കച്ചവടക്കാരും ഒക്കെ.