ദില്ലിയിൽ കെജ്‌രിവാളിനെ വിജയിപ്പിച്ച ഘടകങ്ങളിൽ ഒന്ന് അദ്ദേഹം ജനങ്ങൾക്ക് വെച്ചുനീട്ടിയ ചില പദ്ധതികളായിരുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 'ഫ്രീ ലൈഫ് ലൈൻ ഇലക്ട്രിസിറ്റി' പദ്ധതി. അത് ദില്ലിയിലെ ഏറ്റവും ചുരുങ്ങിയ അളവിൽ വൈദ്യുതി ഉപയോഗിക്കുന്ന വീടുകളിലേക്ക് സൗജന്യമായി വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടിയുള്ളതായിരുന്നു. സ്‌കീം ഇങ്ങനെയായിരുന്നു - 200 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകൾക്ക് കറന്റുബിൽ പൂർണ്ണമായും ഒഴിവാക്കി നൽകുക. 201 മുതൽ 400 വരെ യൂണിറ്റ് ഉപഭോഗമുള്ള വീടുകൾക്ക് നിലവിലുള്ള നിരക്കിന്റെ 50 ശതമാനം സർക്കാർ സബ്‌സിഡി അനുവദിക്കും. ഇവിടെ ഉയരുന്ന ഒരു ചോദ്യമുണ്ട്. കെജ്‌രിവാൾ ദില്ലിയിൽ ചെയ്തുകാണിച്ച 'ഈ ഇലക്ട്രിസിറ്റി ബിൽ മാജിക്', ഇവിടെ നമ്മുടെ കേരളത്തിലും സാധ്യമാണോ? 200  യൂണിറ്റിൽ താഴെയുള്ളവർക്ക് കറണ്ട് ബിൽ അടക്കേണ്ട എന്നുപറയാനുള്ള ഭാഗ്യം നമ്മുടെ വൈദ്യുതി മന്ത്രി എംഎം മണിക്ക് എന്നെങ്കിലും ഉണ്ടാകുമോ? അതിനുള്ള ഉത്തരം കിട്ടണമെങ്കിൽ, ദില്ലിയിൽ കെജ്‌രിവാൾ ഈ പദ്ധതി എങ്ങനെയാണ് നടപ്പിലാക്കിയത് എന്നറിയണം. അതിന് ചില കണക്കുകൾ പരിശോധിക്കേണ്ടി വരും.

സർക്കാരിന്റെ തന്നെ ഡാറ്റ അനുസരിച്ച് ദില്ലിയിൽ 0-200 യൂണിറ്റിനിടയിൽ വൈദ്യുതി ഉപഭോഗമുള്ള 26 ലക്ഷം കൺസ്യൂമർമാർ ഉണ്ട്. 201-400 റേഞ്ചിലും കാണും ഏകദേശം 14 ലക്ഷത്തോളം പേർ. ഇതൊരു കൃത്യമായ കണക്കല്ല, കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം വൈദ്യുതിയുടെ ഉപഭോഗത്തെ സാരമായി ബാധിക്കുന്ന ഒരു നഗരമാണ് ദില്ലി. എന്നിരുന്നാലും ശരാശരി കണക്കുകൾ ഇതൊക്കെത്തന്നെ എന്ന് പരിഗണിക്കാം. 2019 -ൽ കെജ്‌രിവാൾ പ്രഖ്യാപിച്ച പുതിയ പദ്ധതി വരും മുമ്പുതന്നെ ദില്ലിയിൽ 201-400 റേഞ്ചിലുള്ള 50 % സബ്‌സിഡി ഉണ്ടായിരുന്നു. 60,000 കോടിയുടെ ദില്ലി ബജറ്റിൽ ഏകദേശം 1800 കോടിയോളം രൂപ ഈ സബ്‌സിഡിക്ക് വേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നത്. പുതിയ സബ്‌സിഡി ജനങ്ങൾക്ക് നൽകുന്ന ലാഭത്തെ മറ്റു പ്രധാനനഗരങ്ങളിൽ നിരക്കുമായി താരതമ്യം ചെയ്തുകൊണ്ടാണ് കെജ്‌രിവാൾ അവതരിപ്പിച്ചത്. ഇതേ 200 യൂണിറ്റ് വൈദ്യുതിക്ക് മുംബൈയിലെ വില 1400 രൂപയാണ്. ഗുരുഗ്രാമിൽ 910 ആണ്. നോയിഡയിൽ 1310 ആണ്. ദില്ലിയിൽ ഇപ്പോൾ തികച്ചും സൗജന്യവും. ഈ താരതമ്യം ജനങ്ങൾക്ക് സബ്‌സിഡിയുടെ വലിപ്പം എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായകമായി.

തുടർച്ചയായ അഞ്ചാം വർഷവും സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ വർദ്ധനവുണ്ടാകില്ല എന്ന് മുഖ്യമന്ത്രി കെജ്‌രിവാൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ പദ്ധതിയും അദ്ദേഹം ജനങ്ങൾക്കുമുന്നിൽ വെച്ചത്. തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടമൊക്കെ നിലവിൽ വരുന്നതിനു മുമ്പായി 2019 ഓഗസ്റ്റിൽ ആയിരുന്നു വളരെ കണക്കുകൂട്ടിയുള്ള ഈ പദ്ധതി പ്രഖ്യാപനം. എന്തായാലും പ്രതീക്ഷിച്ച പോലെത്തന്നെ, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഒരു 'ഗിമ്മിക്' മാത്രമാണ് ഈ നിരക്കിളവ് എന്ന് ശത്രുക്കളൊക്കെ പറഞ്ഞുനടന്നു. മെട്രോയിൽ സ്ത്രീകൾക്ക് യാത്രാ സൗജന്യം പ്രഖ്യാപിച്ചപ്പോൾ തന്നെ സുപ്രീം കോടതിയുടെ ഒരു ശാസന ആം ആദ്മി പാർട്ടി സർക്കാരിനെ തേടിയെത്തിയിരുന്നു. "നിങ്ങളിങ്ങനെ വാരിക്കോരി സൗജന്യം കൊടുക്കാൻ തുടങ്ങിയാൽ ഞങ്ങൾക്ക് ഇടപെടേണ്ടി വരും" എന്നാണ് സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് മിശ്ര പറഞ്ഞത്. എന്നാൽ, പദ്ധതിയെ അനുകൂലിക്കുന്നവർ പറയുന്നത്, മാറുന്ന കാലത്ത് വൈദ്യുതി എന്നത് ഒരു പൗരന്റെ മൗലികാവകാശം എന്ന നിലയിലേക്ക് ഉയർത്തപ്പെട്ട ഒന്നാണ്. അത് സൗജന്യമായിത്തന്നെ നൽകുന്ന കാലം വിദൂരമല്ല എന്നാണ്. എന്നാലും 1800 കോടി രൂപ വർഷാവർഷം സർക്കാരിന് ബാധ്യതയുണ്ടാക്കുന്ന ഒരു പദ്ധതി, സാമ്പത്തികമായി നടത്തി വിജയിപ്പിക്കുന്നത് എങ്ങനെയാണ്?  

ഇങ്ങനെ ഒരു പദ്ധതി വരുമ്പോൾ അതിന്റെ ഗുണഭോക്താക്കൾ സ്വാഭാവികമായും ദില്ലിയിലെ സാധാരണക്കാർ തന്നെയായിരിക്കും. കെജ്‌രിവാൾ അവകാശപ്പെടുന്നത് ദില്ലിനിവാസികളിൽ മൂന്നിലൊന്നു പേരും ഈ പദ്ധതിയുടെ കീഴിൽ വരുമെന്നാണ്. വൈദ്യുതിയുടെ ഉപഭോഗം ഏറ്റവും കുറഞ്ഞിരിക്കുന്ന തണുപ്പുകാലത്ത് അത് എഴുപതു ശതമാനത്തോളം വന്നേക്കാം. ഈ പദ്ധതി വരുന്നതോടെ ഗാർഹികാവശ്യത്തിനുള്ള വൈദ്യുതി ഏറ്റവും കുറഞ്ഞ നിരക്കിന് നൽകുന്ന സംസ്ഥാനവും ദില്ലി തന്നെ ആയിരിക്കും. ഒരു താരതമ്യം പറഞ്ഞാൽ, 2013 -ലെ നിരക്ക് പ്രകാരം , 2 കിലോവാട്ടിൽ താഴെ ലോഡുള്ള ഒരു ഉപഭോക്താവ്, 2013 -ൽ 180 യൂണിറ്റിന് കൊടുത്തിരുന്ന, കഴിഞ്ഞ വർഷം 250 യൂണിറ്റിന് കൊടുത്തിരുന്ന അതേ കാശുകൊടുത്താൽ ഇനി 350 യൂണിറ്റ് വൈദ്യുതി കിട്ടും.

വൈദ്യുതി വിതരണത്തിൽ ക്രോസ്സ് സബ്‌സിഡി എന്നൊരു സംജ്ഞയുണ്ട്. കൂടുതൽ ഉപഭോഗമുള്ള കസ്റ്റമേഴ്‌സിനെ കൂടിയ നിരക്കിൽ ചാർജ്ജ് ചെയ്തുകൊണ്ട്, കുറഞ്ഞ ഉപഭോഗമുള്ളവർക്ക് നിരക്കിളവുകൾ നല്കുന്നതിനെയാണ് ക്രോസ് സബ്‌സിഡി എന്നുപറയുന്നത്. ദില്ലിയിലും, അത്തരത്തിൽ ഒരു പ്രവർത്തനരീതിയാണ് അവലംബിച്ചിട്ടുള്ളത്. അടുത്തിടെ പുറത്തിറക്കിയ 2020 -ലെ വൈദ്യുതി താരിഫുകളുടെ പട്ടികയിൽ വീണ്ടും വ്യാവസായികാവശ്യത്തിനുള്ള വൈദ്യുതിയുടെ നിരക്കുകൾ കൂട്ടിയിട്ടുണ്ട്. ആനുപാതികമായി ഗാർഹിക വൈദ്യുതിയുടെ നിരക്ക് കുറച്ചിട്ടുമുണ്ട്. DERC പുറത്തിറക്കിയ ഈ താരിഫ് ഷെഡ്യൂളിൽ, ഇൻഡസ്ട്രിയൽ പവറിന്റെ ഫിക്സഡ് താരിഫ് 250 രൂപ/കിലോവോൾട്ട് ആംപിയർ/ മാസം ആണ്. എനർജി ചാർജുകൾ 7.25 രൂപയിൽ നിന്ന് 50 പൈസ വർധിപ്പിച്ച് 7.75 ആക്കിയിട്ടുണ്ട്. പൊതു സൗകര്യങ്ങൾ ഒരുക്കുന്നവർക്കുള്ള നിരക്ക് ഇനിമുതൽ യൂണിറ്റൊന്നിന്‌ 6.25 രൂപയും, ഹോർഡിങ്ങുകൾക്ക് 8.50 രൂപയുമാണ്. രണ്ടിലും ഏകദേശം 6 ശതമാനത്തിന്റെ വർദ്ധനവ് വന്നിട്ടുണ്ട്. ദില്ലിയിലെ ഡൊമസ്റ്റിക് പവർ സപ്ലൈ ചാർജ്ജ് രണ്ടു നിരക്കുകൾ കൂടിയതാണ്. കണക്ടഡ് ലോഡിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സ്ഥിരം ചാർജ്ജും പിന്നെ ഉപഭോഗത്തിനനുസരിച്ചുള്ള ഒരു പ്രതിയൂണിറ്റ് നിരക്കും. രണ്ടു കിലോവാട്ടിൽ താഴെ ലോഡുള്ള കണക്ഷന് 20 രൂപ, 2-5  കിലോവാട്ട് റേഞ്ചിൽ ലോഡുള്ളതിന് 50 രൂപ പ്രതി കിലോവാട്ട്, 5-15 കിലോവാട്ട് റേഞ്ചിൽ ലോഡുള്ളതിന് 100 രൂപ പ്രതി കിലോവാട്ട്  എന്നിങ്ങനെയായിരുന്നു മുമ്പ് നിരക്കുകളിൽ. കഴിഞ്ഞ വർഷം ഇത് യഥാക്രമം, 125, 140,175 എന്നിങ്ങനെയാക്കി വർധിപ്പിച്ചത് പിന്നീട്  പ്രതിപക്ഷ പ്രക്ഷോഭത്തെ തുടർന്ന് വേണ്ടെന്നു വെക്കുകയായിരുന്നു. 200-400, 400-800 എന്നീ സ്ലാബുകളിൽ ഉപഭോഗമുള്ളവർക്ക് ദില്ലിയിൽ യഥാക്രമം 4.5, 5.5 എന്നിങ്ങനെയാണ്.

കമേഴ്‌സ്യൽ, ഇൻഡസ്ട്രിയൽ നിരക്കുകളിൽ ഈ വർധനവിന്റെ അനുരണനങ്ങൾ അവർ വൈദ്യുതിയുടെ ഉപഭോഗം കുറയ്ക്കുന്നതിലേക്ക് നയിച്ചേക്കാം. അവരെ ചെലവുകുറഞ്ഞ മറ്റു വൈദ്യുതി ഉത്പാദനമാർഗ്ഗങ്ങൾ അവലംബിക്കാൻ പ്രേരിപ്പിച്ചേക്കാം. വൈദ്യുതി നിരക്കുകൾ ക്രമാതീതമായി വർധിച്ചാൽ അവർ തങ്ങളുടെ പ്ലാന്റുകൾ കുറഞ്ഞ നിരക്കിൽ വ്യാവസായിക വൈദ്യുതി നൽകുന്ന മറ്റു സംസ്ഥാനങ്ങളിലേക്ക് പറിച്ചു നട്ടേക്കാം. അത് ദില്ലിയിൽ നിന്ന് നിക്ഷേപങ്ങളുടെ ഒഴിഞ്ഞുപോക്കിനുവരെ കാരണമാകാം. വൈദ്യുതി വിതരണ രംഗം വലിയതോതിൽ സ്വകാര്യവത്കരണങ്ങൾക്ക് വിധേയമാക്കപ്പെടുന്ന ഈ കാലത്ത് കെജ്‌രിവാളിന്റെ ഈ ജനപ്രിയ സംരംഭം എത്രകാലത്തേക്ക് നിലനിർത്തിക്കൊണ്ടു പോകാനാകും എന്ന കാര്യത്തിൽ സംശയമുണ്ട്.

വൈദ്യുതി ഉത്പാദിപ്പിക്കയും, വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനികൾക്കുമേൽ ഈ പുതിയ പദ്ധതി രണ്ടുതരത്തിലാണ് സ്വാധീനം ചെലുത്തുക. ഒന്ന്, നിരക്കിൽ വരുന്ന കുറവ് കൂടുതൽ വൈദ്യുതി ഉപയോഗിക്കാൻ ഒരു ഭാഗം കൺസ്യൂമർമാരെ പ്രേരിപ്പിച്ചേക്കും. നിരക്കിളവ് കൊണ്ട് ഉണ്ടാകുന്ന ഈ അധിക ഉപഭോഗം ഇപ്പോൾ തന്നെ 24x7 മുടങ്ങാതെ വൈദ്യുതിയെത്തിക്കാൻ പണിപ്പെടുന്ന ഗ്രിഡിന്റെ മേൽ അനാവശ്യമായ അധിക ലോഡ് അടിച്ചേൽപ്പിച്ചേക്കാം. എന്നാൽ, അതേസമയം, ഇപ്പോൾ 200 യൂണിറ്റിന് ഏതാനും യൂണിറ്റ് മാത്രം മുകളിൽ കിടക്കുന്ന കൺസ്യൂമർമാർ ആകട്ടെ തങ്ങളുടെ ഉപഭോഗം ചുരുക്കി, ഈ സബ്‌സിഡിയുടെ ഗുണഭോക്താക്കളാകാൻ പരിശ്രമിച്ചെന്നിരിക്കും. അതുപോലെ തന്നെ 400 യൂണിറ്റിന്റെ മുകളിൽ കിടക്കുന്നവരും. ഇങ്ങനെ ഉണ്ടാകാൻ ഇടയുള്ള വൈദ്യുതി ഉപഭോഗത്തിലെ കുറവ്, നേരത്തെ പറഞ്ഞ വർദ്ധനവിനെ ഇല്ലാതാക്കുകയും, തട്ടിക്കിഴിച്ചാൽ ഉപഭോഗം ഫലത്തിൽ കുറയ്ക്കാനും  ആണ് സാധ്യത എന്ന് ഈ വൈദ്യുതി വിതരണ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

സ്വകാര്യ വൈദ്യുതി വിതരണക്കമ്പനികൾക്ക് ആശങ്കപ്പെടാൻ മറ്റൊരു കാരണം കൂടിയുണ്ട്. അത് ഇത്തരത്തിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് പ്രഖ്യാപിക്കപ്പെടുന്ന സബ്‌സിഡികൾക്ക് സമയനുസൃതമായി പണം അനുവദിച്ചു നൽകാനുള്ള ഗവൺമെന്റുകളുടെ വിമുഖതയാണ്. പലപ്പോഴും കോടിക്കണക്കിന് രൂപ ഈ കണക്കിൽ വർഷങ്ങളോളം സർക്കാരുകൾ പിടിച്ചുവെക്കും. അത് സ്വകാര്യ വൈദ്യുതി വിതരണ കമ്പനികളെ ചിലപ്പോൾ പ്രതിസന്ധിയിൽ ആക്കാറുണ്ട്. ഈ കാര്യത്തിൽ ഒരു ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) സംവിധാനം കൊണ്ടുവരുന്നത് വിതരണ കമ്പനികൾക്ക് ഈ സബ്‌സിഡി തുകകൾ സമയനുസൃതമായി സർക്കാരിൽ നിന്ന് വന്നുചേരുന്നുണ്ട് എന്നുറപ്പിക്കാൻ സഹായിച്ചേക്കും. ബില്ലുകൾ സമയത് അടക്കുന്നതിൽ ഉപഭോക്താക്കൾ വരുത്തുന്ന വീഴ്ച തന്നെ പലപ്പോഴും വൈദ്യുതി വിതരണ കമ്പനികൾക്ക് കനത്ത നഷ്ടങ്ങൾ സമ്മാനിക്കാറുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിലെ വൈദ്യുതി വിതരണ കമ്പനികൾ എല്ലാം കൂടി വൈദ്യുതോത്പാദന സ്ഥാപനങ്ങൾക്ക് കൊടുത്തു തീർക്കാനുള്ള തുക 73,425 കോടി രൂപയാണ്.

എന്നാൽ കെജ്‌രിവാൾ മേൽപ്പറഞ്ഞ ആരോപണങ്ങളെഎല്ലാം ചെറുക്കാൻ വേണ്ടി പറയുന്ന ഒരു കാര്യം, കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ദില്ലിയിലെ വൈദ്യുതി വിതരണ കമ്പനികൾ കൈവരിച്ചിരിക്കുന്ന സാമ്പത്തികവും, സാങ്കേതികവുമായ മുന്നേറ്റമാണ്. വൈദ്യുതി വിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പരിഷ്കരണം കാരണം വിതരണത്തിനുള്ള ഊർജ്ജനഷ്ടം വലിയൊരളവുവരെ കുറയ്ക്കാൻ കമ്പനികൾക്ക് സാധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് വൈദ്യുതിവിതരണ നഷ്ടം 17 ശതമാനത്തിൽ നിന്ന് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ 8 ശതമാനത്തിലേക്ക് കുറച്ചു കൊണ്ടുവരാൻ റിലയൻസ് ഉടമസ്ഥതയിലുള്ള BRPL എന്ന വൈദ്യുതി വിതരണ സ്ഥാപനത്തിനായിട്ടുണ്ട്. ദില്ലിയിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങൾക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞ വിതരണ നഷ്ടമാണുള്ളത്. ഇങ്ങനെ നഷ്ടം കുറച്ചതിലുള്ള ലാഭം സബ്‌സിഡിയുടെ രൂപത്തിൽ ജനങ്ങൾക്ക് കൈമാറി പിടിച്ചു നിൽക്കാനാകും എന്നാണ് കെജ്‌രിവാൾ കരുതുന്നത്.

ദില്ലി പോലൊരു വളരെ ചെറിയ സംസ്ഥാനത്ത്, വൈദ്യുതി വിതരണത്തിന്റെ ഒരു ജനപ്രിയ മോഡൽ, കുറച്ച് പണിപ്പെട്ടാണെങ്കിലും വിജയിപ്പിച്ചെടുക്കാം. എന്നാൽ വലിയ സംസ്ഥാനങ്ങൾക്ക്, വിശിഷ്യാ ഭൂമിശാസ്ത്രപരമായ പരിമിതിയുള്ള ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനങ്ങൾക്ക് ഇത്തരത്തിലുള്ള പദ്ധതികളെക്കുറിച്ച് ആലോചിക്കാൻ പോലും പ്രയാസമാകും. എന്നാൽ, ഇങ്ങനെ ഒരു പദ്ധതിയെ മുൻനിർത്തി ഒരു തെരഞ്ഞെടുപ്പ് തന്നെ കെജ്‌രിവാൾ വിജയിച്ചു കാണിക്കുമ്പോൾ, അത് സൃഷ്ടിക്കുന്ന പ്രലോഭനത്തിൽ നിന്ന് എങ്ങനെയാണ് ഭരണത്തുടർച്ച ആഗ്രഹിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ നേതാക്കൾക്ക് ഒഴിഞ്ഞു നിൽക്കാനാവുക?