സ്വന്തം ശവമടക്ക് നടത്താന്‍ ജീവിതത്തില്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍, ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലെ  ഹ്യൂവോണ്‍ ഹീലിംഗ് സെന്ററില്‍ നമുക്ക് സൗജന്യമായി ഈ സൗകര്യം കിട്ടും. 

സ്വന്തം ശവമടക്ക് നടത്താന്‍ ജീവിതത്തില്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍, ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലെ ഹ്യൂവോണ്‍ ഹീലിംഗ് സെന്ററില്‍ നമുക്ക് സൗജന്യമായി ഈ സൗകര്യം കിട്ടും. അവിടെ ചെന്ന്, ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം ശവസംസ്‌കാര ചടങ്ങ് നടത്തി ഈ തത്വത്തെ ജീവിതത്തില്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണ് ദക്ഷിണ കൊറിയക്കാര്‍. 

ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാതെ കടന്ന് വരുന്ന ഒരു അതിഥിയാണ് മരണം എന്ന് പൊതുവെ നമ്മള്‍ പറയാറുണ്ട്. മരണമെന്ന വാക്ക് പോലും നമ്മെ വല്ലാതെ അസ്വസ്ഥമാക്കും. മരണം ഒരു യാഥാര്‍ഥ്യമാണ് എന്ന് ഉള്‍കൊള്ളാന്‍ നമുക്ക് കഴിയാറില്ല എന്നതാണ് വാസ്തവം. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും നിന്നുപോകാവുന്ന ഒരു മിടിപ്പ് മാത്രമാണ് നമ്മള്‍ എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ് ജീവിതത്തിന്റെ സൗന്ദര്യവും, മാധുര്യവും നമ്മള്‍ കൂടുതല്‍ അടുത്തറിയുന്നത്. ഏത് പ്രശ്നവും മരണത്തിലും വലുതല്ല എന്ന തിരിച്ചറിവ് ഉണ്ടാകുന്നത്, ജീവിതത്തെ കൂടുതല്‍ ആവേശത്തോടെ വാരിപ്പുണരുന്നത്.

സ്വന്തം ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ജീവിതത്തിന്റെ അവസാനത്തില്‍ എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് ചില ഉള്‍ക്കാഴ്ചകള്‍ ലഭിക്കുന്നു എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ''നിങ്ങള്‍ മരണത്തെക്കുറിച്ച് ബോധവാന്മാരായിക്കഴിഞ്ഞാല്‍, ജീവിതത്തെ ഒരു പുതിയ കാഴ്ചപ്പാടിലൂടെ സമീപിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു,'' അതില്‍ പങ്കെടുത്ത 75-കാരനായ ചോ ജെയ്-ഹീ പറഞ്ഞു.

വിചിത്രമെന്ന് തോന്നുമെങ്കിലും, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ആത്മഹത്യ നിരക്കുള്ള ഇവിടെ ഇത് ഏറെ പ്രയോജനകരമാണ്.

ശവസംസ്‌കാര ചടങ്ങില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഫോട്ടോയെടുത്താണ് ഇത് ആരംഭിക്കുന്നത്. ആ ഫോട്ടോയ്ക്ക് നമ്മള്‍ തന്നെ പോസ് ചെയ്യണം. ആ ചടങ്ങിന് ശേഷം ഇരുണ്ടതും ഇടുങ്ങിയതുമായ ഒരു ഗോവണി കയറി മങ്ങിയ വെളിച്ചമുള്ള ഒരു മുറിയിലേയ്ക്ക് പോവണം. അവിടെ ശവപ്പെട്ടികള്‍ നിരത്തി വച്ചിരിക്കുന്നത് കാണാം. 

തുടര്‍ന്ന് പുതുവസ്ത്രങ്ങള്‍ ധരിച്ച് പ്രിയപ്പെട്ടവര്‍ക്കുള്ള വില്‍പ്പത്രം എഴുതുന്നു. അവരോട് അവസാനമായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതും എഴുതാം. ചിലര്‍ അത് ഉറക്കെ വായിക്കും. താന്‍ ഒരിക്കലും ഒരു നല്ല മകളായിരുന്നില്ല എന്നും, ഞാന്‍ നിന്നെ ഒരുപാട് വേദനിപ്പിച്ചു എന്നുമുള്ള അവസാനം വാചകങ്ങള്‍ പലരും അവിടെ കണ്ണീരോടെ ഉറക്കെ വായിക്കും. ആ ചടങ്ങിന് ശേഷം വെളിച്ചം അണയും, ആളുകള്‍ നിശ്ശബ്ദരായി തങ്ങള്‍ക്കുള്ള ശവപ്പെട്ടികളില്‍ കിടക്കും. 

അടുത്ത 10 മിനിറ്റ് അവര്‍ സ്വന്തം ശവപ്പെട്ടിയിലാണ്. ആ ഇരുട്ടിലും നിശ്ശബ്ദതയിലും ഓരോരുത്തരും സ്വന്തം മരണനിമിഷങ്ങള്‍ അറിയുന്നു എന്നാണ് സങ്കല്‍പ്പം. ശവപ്പെട്ടിക്കുള്ളിലെ ആ 10 മിനിറ്റ് ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. തങ്ങളുടെ പ്രശ്‌നങ്ങളെ മറ്റൊരു തലത്തില്‍ നോക്കിക്കാണാനും, ജീവിതത്തില്‍ ഉണ്ടായ സൗഭാഗ്യങ്ങളെ തിരിച്ചയറിയാനും ഇതിന് ശേഷം കൂടുതല്‍ ആളുകള്‍ക്കും കഴിയുന്നു എന്നാണ് പറയുന്നത്. ഈ അനുഭവം ആളുകളെ അവരുടെ ജീവിതത്തെ വിലമതിക്കാനും, പ്രശ്‌നങ്ങളെ കൂടുതല്‍ ക്ഷമയോടെ കൈകാര്യം ചെയ്യാനും, കുടുംബവുമായും സുഹൃത്തുക്കളുമായും അനുരഞ്ജനത്തിലാവാനും പ്രാപ്തരാക്കുന്നു. 

10 മിനിറ്റ് കഴിയുമ്പോള്‍ ലൈറ്റുകള്‍ വീണ്ടും തെളിയുകയും, ശവപ്പെട്ടി തുറക്കപ്പെടുകയും ചെയ്യുന്നു. ശവപ്പെട്ടിയില്‍ കഴിഞ്ഞ സമയം മനസ്സില്‍ വല്ലാത്തൊരു ശാന്തതയാണ് അനുഭവപ്പെടുന്നതെന്ന് പങ്കെടുത്തവരില്‍ പലരും സാക്ഷ്യപ്പെടുത്തുന്നു.

''ഇതിന് ശേഷം ജീവിതത്തിലെ എല്ലാ മോശം അനുഭവങ്ങളും, പരാതികളും പിന്നില്‍ ഉപേക്ഷിച്ച് പുതിയ ഒരു ജീവിതം ആരംഭിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. നിങ്ങള്‍ അവിടെ പുനര്‍ജനിക്കുന്നു,'ഹ്യുവോണ്‍ പ്രോഗ്രാമിന്റെ ഡയറക്ടര്‍ ജിയോംഗ് യോങ്-മുന്‍ പറഞ്ഞു.

 എല്ലാവരും വ്യത്യസ്ത കാരണങ്ങളെക്കൊണ്ടാണ് കേന്ദ്രത്തില്‍ ഒത്തുകൂടുന്നതെങ്കിലും, ഒടുവില്‍ എല്ലാവരിലും ഒരേ ഉള്‍കാഴ്ചയാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറയുന്നു. ജീവിതം വിലപ്പെട്ടതാണെന്നും, മരണം ഒരു നിഴല്‍ പോലെ നമ്മുടെ കൂടെയുണ്ടെന്നും ആളുകള്‍ തിരിച്ചറിയുന്നു. 

2012 ല്‍ കേന്ദ്രം തുറന്നതിനുശേഷം 24,000 ത്തിലധികം ആളുകള്‍ സ്വന്തം ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയിട്ടുണ്ട്. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളെ പോലും വിലമതിക്കാനും, ഇന്നില്‍ ജീവിക്കാനും ആളുകളെ ഇത് സഹായിക്കുന്നു എന്ന് ഡയരക്ടര്‍ ജിയോംഗ് പറഞ്ഞു.