ഇതാ തന്റെ തോട്ടത്തിലെ 2,300 മാവുകളില്‍ നിന്നുള്ള മാമ്പഴങ്ങള്‍ അഞ്ച് പൈസ പോലും വാങ്ങാതെ ആവശ്യക്കാര്‍ക്ക് നല്‍കുന്ന ഒരു കര്‍ഷകന്‍! മാങ്ങ കൃഷി ചെയ്യുന്ന കര്‍ഷകനായി മാറുമെന്ന് ബ്രെയ്ന്‍ ബര്‍ട്ടന്‍ ഒരിക്കലും കരുതിയതല്ല. പക്ഷേ, ആസ്‌ട്രേലിയയിലെ ലെയ്ക്ക് ബാര കോട്ടേജ് ഇദ്ദേഹം സ്വന്തമാക്കിയപ്പോള്‍ മാവിന്‍തോപ്പ് കൊണ്ടുനിറഞ്ഞ മനോഹരമായ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. 2018 -ല്‍ വിളവെടുത്ത മാങ്ങകള്‍ മുഴുവന്‍ ഇദ്ദേഹം പാവങ്ങള്‍ക്കും ആവശ്യക്കാര്‍ക്കും ദാനമായി നല്‍കി. 

ഇപ്പോള്‍ വരള്‍ച്ച ബാധിച്ച പ്രദേശങ്ങളിലേക്ക് മാങ്ങകള്‍ കയറ്റി അയക്കാനാണ് ഇദ്ദേഹത്തിന്റെ പദ്ധതി. ചിന്‍ചില, റോമ, മിച്ചെല്‍ എന്നിവിടങ്ങളിലെല്ലാം വരള്‍ച്ചയാല്‍ വലയുന്ന സാധാരണക്കാരുണ്ട്. ബര്‍ട്ടന്‍ തന്റെ ഈ ചെറിയ പ്രവൃത്തിയിലൂടെ തനിക്ക് ചുറ്റുമുള്ള കഷ്ടപ്പെടുന്നവര്‍ക്ക് അല്‍പം ആശ്വാസവും പ്രതീക്ഷയും നല്‍കാമെന്നാണ് കരുതുന്നത്.

'മിക്കവാറും എല്ലാ വര്‍ഷങ്ങളിലും ഞാന്‍ ഇത് ചെയ്യാറുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മറ്റുള്ള ആവശ്യക്കാര്‍ക്കും ഏതു നിമിഷവും എന്റെ തോട്ടത്തിലെ മാങ്ങകള്‍ പറിച്ചെടുക്കാം. പണം വാങ്ങാറില്ല' ബര്‍ട്ടണ്‍ പറയുന്നു.

2018 -ല്‍ മാങ്ങകള്‍ കൂടുതല്‍ വാങ്ങാന്‍ വന്നത് പ്രായമുള്ള ആളുകളായിരുന്നു. കഴിഞ്ഞ വര്‍ഷം ശക്തമായ കാറ്റില്‍ മാങ്ങകള്‍ നശിച്ചുപോയെങ്കിലും ഈ വര്‍ഷം കൂടുതല്‍ മാങ്ങകള്‍ പറിച്ചെടുക്കാന്‍ പാകമായി നില്‍പ്പുണ്ടെന്ന് ബര്‍ട്ടണ്‍ സൂചിപ്പിക്കുന്നു. 'ഞാന്‍ ഒരിക്കലും ഒരു കര്‍ഷകന്‍ ആയിരുന്നില്ല. എന്നാല്‍, ഇവിടെയുള്ള കര്‍ഷകരാണ് എന്നെ കൃഷിരീതികള്‍ പഠിപ്പിച്ചത്. ഞാന്‍ പട്ടണത്തില്‍ നിന്ന് വന്നയാളായിരുന്നു. ഇവര്‍ എന്നെ കൃഷിഭൂമി ഒരുക്കാനും കന്നുകാലികളെ വളര്‍ത്താനുമൊക്കെ പഠിപ്പിച്ചു.' ബര്‍ട്ടന്‍ പറയുന്നു.

തീപ്പൊള്ളലേറ്റ് ദുരിതമനുഭവിക്കുന്ന തന്റെ സംസ്ഥാനത്തിനുള്ളിലുള്ളവര്‍ക്കും മാമ്പഴങ്ങള്‍ എത്തിച്ചുകൊടുക്കാനുള്ള ശ്രമത്തെക്കുറിച്ച് ആലോചിച്ചതായിരുന്നു ബര്‍ട്ടന്‍. പക്ഷേ, മാമ്പഴത്തിനുള്ളില്‍ കേടുവരുത്തുന്ന ഈച്ചകളെ മറ്റുള്ള സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാതിരിക്കാനായി ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ക്വീന്‍സ് ലാന്‍ഡിലുള്ള ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്നവരോട് അദ്ദേഹം തന്റെ തോട്ടത്തിലെ മാമ്പഴങ്ങള്‍ പറിച്ചെടുക്കാനും ആവശ്യക്കാരിലെത്തിക്കാനും പറഞ്ഞുകഴിഞ്ഞു. പാവങ്ങളെ സഹായിക്കാനുള്ള ബര്‍ട്ടന്റെ ഉദ്യമത്തിന് പലരും പിന്തുണ പ്രഖ്യാപിക്കുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. മാങ്ങകള്‍ പഴുത്ത് താഴെ വീണ് നശിക്കുന്നത് കണ്ടപ്പോളാണ് ഇത് തടയാന്‍ തനിക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് ബര്‍ട്ടന്‍ ചിന്തിച്ചത്. 'പിക്ക് യുവര്‍ ഓണ്‍ മാങ്കോ' ഓഫര്‍ ആണ് ഇദ്ദേഹം നല്‍കിയത്. ഇദ്ദേഹം ചെറിയൊരു പരസ്യം ബുള്ളറ്റിനില്‍ നല്‍കിയപ്പോള്‍ അഭൂതപൂര്‍വമായ പ്രതികരണം ആവശ്യക്കാരില്‍ നിന്നുണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ല. ഇദ്ദേഹത്തിന്റെ ഫോണ്‍ മുഴുവന്‍ സമയവും ബെല്ലടിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ ഫെയ്‌സ്ബുക്ക് വഴിയും ധാരാളം ആവശ്യക്കാരുടെ മെസ്സേജുകള്‍ ലഭിക്കുന്നു. ആനിമല്‍ വെല്‍ഫെയര്‍ വൊളണ്ടിയേഴ്‌സും കമ്മ്യൂണിറ്റി വര്‍ക്കേഴ്‌സുമാണ് ഇദ്ദേഹത്തിന്റെ തോട്ടത്തിലെ 2,300 മാവുകളില്‍ നിന്നും മാങ്ങകള്‍ പറിച്ചെടുത്തത്.

'ഇവിടെ ഒറ്റപ്പെട്ട് ജീവിക്കുന്ന ധാരാളം അമ്മമാരും കുഞ്ഞുങ്ങളുമുണ്ട്. അവരൊന്നും ഇതിന് മുമ്പ് ഒരു മാങ്ങാക്കഷ്‍ണം പോലും കഴിക്കാത്തവരാണ്. അവര്‍ക്ക് എന്റെ തോട്ടത്തിലെ മാങ്ങകള്‍ ലഭിച്ചപ്പോള്‍ 'മാങ്കോ മാന്‍' എന്ന് വിളിച്ച് നന്ദി പറയുകയായിരുന്നു' ബര്‍ട്ടന്‍ പറയുന്നു. വലിയ പണം കൊടുത്ത് മാങ്ങകള്‍ വാങ്ങിക്കഴിക്കാന്‍ കഴിയാത്ത പ്രായമായ അവശതയുള്ള ആളുകള്‍ക്കായി പലരും മാങ്ങകള്‍ പറിച്ചെടുത്ത് കൊണ്ടുപോകുന്നു.

മഴക്കെടുതി മൂലം നശിപ്പിക്കപ്പെടുന്ന പഴങ്ങള്‍

ടണ്‍ കണക്കിന് തക്കാളിയും പൈനാപ്പിളും മഴ കാരണം നശിച്ചുപോയത് ആസ്‌ട്രേലിയയിലെ കര്‍ഷകര്‍ക്ക് വലിയ ഷോക്ക് ആയിരുന്നു. ഏറ്റവും നല്ല പഴങ്ങള്‍ മാത്രം പറിച്ചെടുക്കുകയും മറ്റുള്ള കേടുവന്നതും ചീത്ത മണമുള്ളതുമായ പഴങ്ങള്‍ കണ്ടെത്തി ഒഴിവാക്കുകയും ചെയ്യുകയായിരുന്നു ഇവര്‍.

കെന്‍സിങ്ടണ്‍ പ്രൈഡ് എന്നാണ് ഈ മാങ്ങകള്‍ അറിയപ്പെടുന്നത്. ഇതിന്റെ പുറംതൊലിയില്‍ മങ്ങല്‍ വന്നാല്‍ മാങ്ങകളെ ബി-ഗ്രേഡ് ആക്കി വിലയിരുത്തും. ബര്‍ട്ടന്റെ മാവിന്‍തോപ്പിലെ മാങ്ങകള്‍ വാങ്ങാനായി കമ്പനികളും താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും അവരുമായുള്ള കോണ്‍ട്രാക്റ്റ് ഇദ്ദേഹത്തിന് സംതൃപ്തി നല്‍കുന്നില്ല. ആളുകള്‍ ബര്‍ട്ടന്റെ വീട്ടിലെത്തി താഴെ വീണുകിടക്കുന്ന മാങ്ങകള്‍ പെറുക്കി ചട്ട്ണിയുണ്ടാക്കാനും മറ്റുമായി കൊണ്ടുപോകുന്നത് ഇദ്ദേഹം മാനസിക സംതൃപ്തിയോടെ ആസ്വദിക്കുകയാണ്. മനുഷ്യ സ്‌നേഹിയും കായ്കനികളെയും ഫലവൃക്ഷങ്ങളെയും സ്‌നേഹിക്കുന്ന ഇദ്ദേഹം മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാണ്.