എല്ലാവർക്കും ഓരോരോ കഴിവുകളുണ്ടാകും. എന്നാൽ, ചിലരുടെ കഴിവുകൾ ആർക്കും അനുകരിക്കാൻ സാധിക്കാത്തതായിരിക്കും. ഉയരങ്ങളെ സ്നേഹിക്കുന്ന അലൈൻ റോബർട്ടും, ഇതുപോലെ ആർക്കും അനുകരിക്കാൻ സാധികാത്ത ഒരു കഴിവിനുടമയാണ്. അദ്ദേഹത്തിന്‍റെ ഉയരങ്ങളോടുള്ള അഭിനിവേശം ഒരുപക്ഷേ, ഒരു മനുഷ്യനും ചെയ്യാൻ കഴിയാത്ത ഒരു സാഹസികതക്ക് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു. ഒരു സ്പൈഡർമാനെ പോലെ അംബരചുംബികളായ കെട്ടിങ്ങളുടെ ഭിത്തികളിൽ സ്വന്തം കൈ ഉപയോഗിച്ച് കയറാൻ അദ്ദേഹത്തിന് സാധിക്കും. റോബെർട്ടിന്‍റെ കഴിവുകണ്ട് അത്ഭുതപ്പെട്ടുപോയ ജനങ്ങൾ അദ്ദേഹത്തെ ഫ്രഞ്ച് സ്‌പൈഡർമാൻ എന്ന് വിളിക്കാൻ തുടങ്ങി.

റോബർട്ട്  സാമൂഹ്യ പ്രശ്‍നങ്ങൾക്കെതിരെ ശബ്‌ദമുയർത്താൻ തന്‍റെ വിശേഷപ്പെട്ട കഴിവിനെ ഉപയോഗിക്കുകയാണ്. കഴിഞ്ഞദിവസം അതിന്‍റെ ഭാഗമായി അദ്ദേഹം പാരീസിലെ 48 നിലകളുള്ള ടൂർ ടോട്ടലിലാണ് കയറിയത്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്‍റെ പെൻഷൻ പരിഷ്‍കരണ പദ്ധതികൾക്കെതിരെ പണിമുടക്കുന്ന തൊഴിലാളികൾക്ക് പിന്തുണ പ്രകടിപ്പിക്കാനാണ് അദ്ദേഹം ഈ അതിസാഹസികകാര്യം ചെയ്‍തത്.  ഫ്രഞ്ച് തലസ്ഥാനത്തെ ബിസിനസ്സ് ജില്ലയായ ലാ ഡിഫൻസിൽ സ്ഥിതിചെയ്യുന്ന 187 മീറ്റർ (613 അടി) ഉയരമുള്ള ഗോപുരത്തിന്‍റെ മുകളിലെത്തിയ റോബർട്ട് രണ്ട് കൈകളും വീശികാണിച്ചു.

“ഞാൻ എന്‍റെ പ്രശസ്‍തി അർത്ഥവത്തായ ഒരു കാര്യത്തിനായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. പെൻഷൻ പരിഷ്‍കരണ പദ്ധതികളിൽ താൻ വളരെയധികം ആശങ്കാകുലനായിരുന്നു” എന്ന് അദ്ദേഹം പറഞ്ഞു. അരമണിക്കൂറിലാണ് അദ്ദേഹം തന്‍റെ കയറ്റം പൂർത്തിയാക്കിയത്. ഒമ്പതാം തവണയാണ് റോബർട്ട് ആ  കെട്ടിടത്തിൽ കയറുന്നത്.

റോബർട്ട് പലപ്പോഴും അനുവാദമില്ലാതെ ഇങ്ങനെ കെട്ടിടങ്ങള്‍ കയറുകയും, നിരവധി തവണ അറസ്റ്റുചെയ്യപ്പെടുകയും ചെയ്‍തിട്ടുണ്ട്. സാൻ ഫ്രാൻസിസ്കോയിലെ ഗോൾഡൻ ഗേറ്റ് പാലവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയും ഉൾപ്പെടെ നൂറിലധികം കെട്ടിടങ്ങളില്‍ റോബർട്ട് കയറിയിട്ടുണ്ട്.