Asianet News MalayalamAsianet News Malayalam

ഫ്രിഡ കാഹ്ലോ: വരയിലെ നിലവിളി, ഒച്ച, മുദ്രാവാക്യങ്ങള്‍...

ഒരിക്കലും ഏതിലെങ്കിലുമൊന്നില്‍ എഴുതിയോ പറഞ്ഞോ തീര്‍ക്കാവുന്ന ഒരാളല്ല ഫ്രിഡ. എവിടെ തുടങ്ങുമെന്നോ എങ്ങനെ വിശേഷിപ്പിക്കുമെന്നോ എന്നൊന്നും പറയാനാവാത്ത വണ്ണം അവര്‍ കടലുപോലെ പരന്നു കിടക്കുകയും, വേരുകള്‍ പോലെ പിണഞ്ഞു പിണഞ്ഞുപോവുകയും ചെയ്തു. 

frida kahlo life and paintings
Author
Thiruvananthapuram, First Published Jul 13, 2019, 4:32 PM IST

'നിക്കന്ന് നാല് വയസ്സായിരുന്നു (ശരിക്കും അഞ്ച് വയസ്സ്) പ്രായം... എന്‍റെ സ്വന്തം കണ്ണുകള്‍ കൊണ്ട് ആ ദിവസങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിരുന്നു' മെക്സിക്കന്‍ വിപ്ലവത്തിലെ ആ  'ട്രാജിക് ടെന്‍ ഡേയ്സി'നെ കുറിച്ച് ഫ്രിഡ കാഹ്ലോ എന്ന ചിത്രകാരി സ്വന്തം ഡയറിയിലെഴുതിയതാണ്. ഞാനും പുതിയ മെക്സിക്കോയും പിറന്നത് ഒരേ സമയത്താണ് എന്നാണ് ഫ്രിഡ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ പുതിയ മെക്സിക്കോയെക്കാള്‍ മൂന്ന് വയസ്സിന് മൂത്തതായിരുന്നു ഫ്രിഡ കാഹ്ലോ എന്ന ലോകപ്രശസ്ത ചിത്രകാരി. 1907 ജൂലൈ ആറിനാണ് ജനനം, മെക്സിക്കോയിലെ കോയകാനില്‍... 1954 ജൂലൈ 11 -ന് തന്‍റെ നാല്‍പ്പത്തിയേഴാമത്തെ വയസ്സില്‍ അവര്‍ മരണമടയുകയും ചെയ്തു. എന്നാല്‍, എക്കാലവും തന്നെ ഈ ലോകത്ത് അടയാളപ്പെടുത്താനുള്ളതെല്ലാം ചുരുങ്ങിയ കാലം കൊണ്ടുതന്നെ അവര്‍ വരച്ചുവെച്ചിരുന്നു.

'എന്‍റെ അമ്മ വിപ്ലവകാരികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുന്നത് ഞാന്‍ കണ്ടിരുന്നു, തെരുവിലെ വെടിയൊച്ചകള്‍ എന്‍റെ കാതുകള്‍ കേട്ടിരുന്നു...' കമ്മ്യൂണിസ്റ്റ് അനുഭാവമുള്ള ഫ്രിഡ തന്‍റെ കമ്മ്യൂണിസ്റ്റ് അനുഭാവം ഒരിക്കലും മറച്ചുവെച്ചിരുന്നില്ല. പക്ഷെ, ഫ്രിഡയെ വിപ്ലവകാരിയായി അടയാളപ്പെടുത്തിയത് അവരുടെ ഈ അനുഭാവമോ പ്രവര്‍ത്തനങ്ങളോ മാത്രമല്ല, മറിച്ച് വരയും ജീവിതരീതിയും കൂടിയാണ് എന്ന് പറയാതിരിക്കാനാവില്ല. എന്നേക്കുമായി ഒരു സ്ത്രീ ആര്‍ട്ടിന്‍റെ ലോകത്തേക്ക് തന്നെത്തന്നെ വലിച്ചിടുകയായിരുന്നു, പിന്നീട്, അതില്‍ അവര്‍ ജീവിക്കുകയും മരിക്കുകയും ഉയിര്‍ക്കുകയും ചെയ്തു... 

അപകടവും തുടര്‍ന്നുള്ള വരയും

പ്രൈമറി സ്കൂള്‍ പൂര്‍ത്തിയാക്കിയ ശേഷം 1922 -ലാണ് ഫ്രിഡ Escuela Nacional Preparatoria (National Preparatory School) ചേരുന്നത്. 2000 വിദ്യാര്‍ത്ഥികളില്‍ 35 പെണ്‍കുട്ടികളിലൊരാളായി അവിടെ പഠിക്കാന്‍ ചേര്‍ന്നു അവളും. Los Cachuchas എന്ന പൊളിറ്റിക്കല്‍ ഗ്രൂപ്പിലെ അംഗമായിരുന്നു ഫ്രിഡ. ഒമ്പതംഗങ്ങളുള്ള ഗ്രൂപ്പിലെ സജീവസാന്നിധ്യം. അരാജകത്വത്തിന്‍റെ വഴിയായിരുന്നു സംഘത്തിന്... അതില്‍ പഠനവും വരയും വായനയും ചര്‍ച്ചയും കലഹവും എല്ലാം നടന്നു. പഠിച്ചിരുന്നുവെങ്കിലും ഇല്ലെങ്കിലും അവരിലെല്ലാവരും അവരവരുടെ മേഖലയില്‍ ശോഭിച്ചു. അതിലേറ്റവും അറിയപ്പെട്ടത് ഫ്രിഡ തന്നെ.

1925 സപ്തംബര്‍ 17 -ന് സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരും വഴിയാണ് ഫ്രിഡയെ എന്നേക്കുമായി പ്രശ്നത്തിലാക്കിയ ആ ബസപകടം നടക്കുന്നത്. ഫ്രിഡ മാത്രമല്ല അവളുടെ ബോയ്ഫ്രണ്ട് അലക്സാണ്ട്രോ ഗോമസ് അരിയാസും ആ ബസില്‍ കൂടെയുണ്ടായിരുന്നു. ഒരു ട്രാമുമായി അവരുടെ ബസ് കൂട്ടിയിടിച്ചു. പലരും തല്‍ക്ഷണം മരിച്ചു. ഗുരുതരമായ പല പരിക്കുകളോടെ അവള്‍ ചികിത്സയിലായി. ആദ്യം കണ്ടപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് പോലും അവളുടെ ജീവന്‍ തിരികെ കിട്ടുമോയെന്ന കാര്യത്തില്‍ അവര്‍ക്ക് ഉറപ്പില്ല എന്നായിരുന്നു. ആ അപകടം ഫ്രിഡയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു. മൂന്ന് മാസം അനങ്ങാന്‍ പോലുമാവാതെ കട്ടിലില്‍ത്തന്നെ കിടന്നു ഫ്രിഡ. എന്നേക്കുമായി നടുവിന് അസുഖം ബാധിച്ചു. ഈ അപകടമാണ് തന്നെ ഒരു ചിത്രകാരിയാക്കിയിട്ടുണ്ടാവുക എന്ന് ഇടക്കെങ്കിലും ഫ്രിഡ പറയുകയുണ്ടായി. 

frida kahlo life and paintings

ഫ്രിഡയുടെ അച്ഛന് വരയോട് എന്നും വല്ലാത്ത സ്നേഹമുണ്ടായിരുന്നു. ഫോട്ടോഗ്രാഫറായിരുന്ന അദ്ദേഹത്തിന്‍റെ സ്റ്റുഡിയോയുടെ മൂലയില്‍ എപ്പോഴും ഒരു ഓയില്‍ പെയിന്‍റിന്‍റെ ബോക്സ് കിടന്നു... പലവട്ടം കണ്ണുടക്കിയെങ്കിലും, നോക്കിനോക്കിയിരുന്നുവെങ്കിലും ഒരിക്കല്‍ പോലും അച്ഛനോട് ആ പെയിന്‍റുകള്‍ ചോദിച്ചേയില്ലവള്‍. പക്ഷെ, രോഗബാധിതയായ സമയത്ത് അവള്‍ അച്ഛനോട്  മടിച്ചുമടിച്ചാണെങ്കിലും ആ ബോക്സ് ചോദിക്കുക തന്നെ ചെയ്തു. 

'പ്രിയപ്പെട്ട കളിപ്പാട്ടം മറ്റൊരാള്‍ക്ക് നല്‍കുന്നത് പോലെ അച്ഛന്‍ അത് തനിക്ക് തന്നു' എന്നാണ് ഫ്രിഡ അതിനേക്കുറിച്ച് പറയാറ്. അതുവെച്ച് വരച്ചു തുടങ്ങി ഫ്രിഡ... അമ്മയവള്‍ക്ക് കാര്‍പെന്‍ററെ വിളിച്ചുവരുത്തി ഒരു ബോര്‍ഡുണ്ടാക്കിക്കൊടുത്തു, ബെഡ്ഡില്‍ കിടന്നു തന്നെ വരക്കാന്‍ പാകത്തിനൊന്ന്. കാലാകാലത്തോളം, ലോകം കലയെ ഓര്‍ക്കുന്നിടത്തോളം കാലം അടയാളപ്പെടുത്താനുള്ള സൃഷ്ടികളിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു അത്. കണ്ട ലോകം, കട്ടിലിലായ ലോകം, ഇതിനെല്ലാം അപ്പുറത്ത് തന്‍റെ ആന്തരിക സംഘര്‍ഷങ്ങളുടെ ലോകം... ഈ ലോകങ്ങളില്‍ നിന്ന് ഫ്രിഡ വരച്ച ആ ചിത്രങ്ങള്‍ ഒറ്റനോട്ടത്തില്‍ തന്നെ സര്‍റിയല്‍ എന്ന് ലോകം പറഞ്ഞവയായിരുന്നു. 

1940 -ല്‍ മെക്സിക്കാനോയിലെ Galeria de Arte -യില്‍ നടന്ന ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ ഓഫ് സര്‍റിയലിസത്തില്‍ ദ ടു ഫ്രിഡാസ് (The Two Fridas), ദ വൗണ്ടഡ് ടേബിള്‍ (The Wounded Table) എന്നീ രണ്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സര്‍റിയലിസ്റ്റായിരുന്ന ആന്ദ്രെ ബ്രെട്ടണ്‍, ഫ്രിഡയെ സര്‍റിയലിസ്റ്റ് എന്നായിരുന്നു വിളിച്ചിരുന്നത്. എന്നാല്‍, തുടക്കത്തില്‍ തന്നെ അതിനെ തള്ളിക്കളഞ്ഞിരുന്നു ഫ്രിഡ. 'ഞാന്‍ വരക്കുന്നതൊന്നും തന്നെ സ്വപ്നങ്ങളല്ല, തന്‍റെ തന്നെ യാഥാര്‍ത്ഥ്യങ്ങളേയാണ്' എന്നാണ് തന്‍റെ വരകളെ കുറിച്ച് അന്ന് ഫ്രിഡ പറഞ്ഞത്. 

റിവേരയെ കണ്ടുമുട്ടുന്നു

 1927 ആകുമ്പോഴേക്കും ഏറെക്കുറെ സാധാരണജീവിതം നയിക്കാവുന്ന അവസ്ഥയിലെത്തിയിരുന്നു ഫ്രിഡ. അതിനുശേഷം അവള്‍ തന്‍റെ പഴയ സുഹൃത്തുക്കളെയൊക്കെ കാണാനും അവരുമായി ബന്ധപ്പെടാനും ശ്രമിക്കുന്നുണ്ട്. പിന്നീടാണ് തന്‍റെ ചിത്രങ്ങളെയും വരകളെയും കുറിച്ചുള്ള അഭിപ്രായമറിയാനായി ഫ്രിഡ, റിവേരയെ കാണാന്‍ ചെല്ലുന്നത്. എന്നേക്കുമായുള്ളൊരാത്മബന്ധത്തിന്‍റെ തുടക്കമായിരുന്നു ആ കണ്ടുമുട്ടല്‍. ചിത്രകാരനും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനുമായിരുന്ന റിവേരയുടെ ചിത്രങ്ങള്‍ അന്നുതന്നെ പ്രസിദ്ധമായിരുന്നു. ഫ്രിഡയുടെ ചിത്രങ്ങള്‍ കണ്ടമാത്രയില്‍ത്തന്നെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ആ കാന്‍വാസില്‍ തെളിഞ്ഞിരുന്നത് അതിശക്തമായ ആവിഷ്കാരങ്ങളാണ് എന്ന് അദ്ദേഹം അപ്പോള്‍ തന്നെ വിലയിരുത്തി. 'അതില്‍ ഒരാളുടെ ആത്മാവിഷ്കാരമുണ്ട്, ജീവിതമുണ്ട്, അനുഭവമുണ്ട്, അതിന് സംവദിക്കാനാകുന്നുണ്ട്. അത് വരച്ച പെണ്‍കുട്ടി ചിത്രകലയിലെവിടെയെങ്കിലും അടയാളപ്പെടു'മെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു. 

റിവേര, ഫ്രിഡയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി. അവളുടെ വരകളില്‍ അഭിപ്രായം പറഞ്ഞു, ശ്രദ്ധ നല്‍കി. 1928 -ല്‍ അവള്‍ മെക്സിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. തന്‍റെ സഖാക്കളോടൊപ്പം പ്രവര്‍ത്തനങ്ങളിലെ സാന്നിധ്യമായി. അതിനിടെ 1929 ഓഗസ്റ്റ് 21 -ന് ഫ്രിഡയും റിവേരയും തമ്മിലുള്ള വിവാഹം കഴിഞ്ഞു. ഫ്രിഡയേക്കാള്‍ 21 വയസ്സിന് മൂത്തതായിരുന്നു റിവേര. നേരത്തെ തന്നെ വിവാഹിതനുമായിരുന്നു. ഫ്രിഡയുടെ അമ്മയുടെ എതിര്‍പ്പോടെയായിരുന്നു ആ വിവാഹം.

frida kahlo life and paintings

പ്രണയത്തിനും രതിക്കും വരകള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം തന്നെ പയ്യപ്പയ്യെ അവര്‍ തമ്മില്‍ ചില അസ്വാരസ്യങ്ങളും ഉടലെടുത്തിരുന്നു. അമേരിക്കയില്‍ മെക്സിക്കന്‍ നവോത്ഥാനത്തിനും കലയ്ക്കും പ്രാധാന്യം കിട്ടിയിരുന്നത് റിവേരയെ സന്തോഷിപ്പിച്ചിരുന്നു. ജോലിക്കായി അവിടേക്കുള്ള യാത്രയും താമസവും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. എന്നാല്‍, അമേരിക്കയിലെ ജീവിതം ഫ്രിഡയെ ഒട്ടും സന്തോഷിപ്പിച്ചിരുന്നില്ല. അവളെപ്പോഴും മെക്സിക്കോയെ സ്നേഹിച്ചു. അമേരിക്കന്‍ മുതലാളിത്തത്തെ അവള്‍ തുറന്നെതിര്‍ക്കുന്നുണ്ട്. അത് ആ അസ്വാരസ്യം കൂടാനിടയായി. 

വിവാഹത്തിന് മുമ്പും പിമ്പും റിവേരയക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍, തന്‍റെ സഹോദരിയുമായി റിവേരയ്ക്ക് ബന്ധമുണ്ടെന്ന് തിരിച്ചറിയേണ്ടി വന്നത് ഫ്രിഡയെ ഭ്രാന്ത് പിടിപ്പിച്ചു. റിവേരയുടെ രണ്ട് പെയിന്‍റിംഗുകള്‍ക്ക് മോഡലായിരുന്നു ഫ്രിഡയുടെ സഹോദരി. അങ്ങനെയാവണം അത് അടുപ്പമായി മാറുന്നത്. ഏതായാലും ഫ്രിഡ വിവാഹമോചനത്തിന് ശ്രമിച്ചു. മാനസികമായുള്ള തകര്‍ച്ചയെ മറികടക്കാനായി തന്‍റെ രണ്ട് കൂട്ടുകാരികള്‍ക്കൊപ്പം ന്യൂയോര്‍ക്കിലേക്ക് പോയി ഫ്രിഡ. അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും ഭ്രാന്തന്‍ ദിവസങ്ങളുടെ ആവര്‍ത്തനങ്ങളായിരുന്നു ആ കാലം. റിവേരയുമായി പിരിഞ്ഞ് ഒരുമാസമായപ്പോഴാണ് ഫ്രിഡ തന്‍റെ മുടി മുറിച്ചു കളയുന്നത്. മുടിയില്ലാത്ത അയഞ്ഞ ഷര്‍ട്ടും പാന്‍റും സ്യൂട്ടും (പരമ്പരാഗത മെക്സിക്കന്‍ വസ്ത്രം) ധരിച്ച തന്‍റെ രൂപം അവള്‍ പെയിന്‍റ് ചെയ്തു. ഒരു കയ്യില്‍ കത്രികയുണ്ടായിരുന്നു, നിലത്ത് മുറിച്ചെറിഞ്ഞ മുടികളും. ചതിക്കപ്പെട്ടതിന്‍റെ വേദന, വേര്‍പിരിയേണ്ടി വന്നതിന്‍റെ വിങ്ങല്‍ എന്നതിനുമപ്പുറം ഫ്രിഡ സ്വയം തിരിച്ചറിഞ്ഞ, സ്വാതന്ത്ര്യം നേടിയ കാലം എന്നാണ് ലോകം ആ പെയിന്‍റിങ്ങിലൂടെ അവളെ വിളിച്ചത്.

frida kahlo life and paintings

1940 -ല്‍ ഫ്രിഡയും റിവേരയും വീണ്ടും വിവാഹിതരായി എങ്കിലും വേറിട്ടുതന്നെയാണ് താമസിച്ചിരുന്നത്. അവള്‍ക്കൊപ്പം അവളുടെ പ്രിയപ്പെട്ട പക്ഷികളും മൃഗങ്ങളുമുണ്ടായിരുന്നു. അതിനുശേഷമുള്ള അവളുടെ വരകളിലും ജീവിതത്തിലും കുറച്ചുകൂടി ശാന്തതയും പ്രസന്നതയും കൈവന്നു.  

വരയും പ്രണയവും രതിയും വേദനയും

ഒരിക്കലും ഏതിലെങ്കിലുമൊന്നില്‍ എഴുതിയോ പറഞ്ഞോ തീര്‍ക്കാവുന്ന ഒരാളല്ല ഫ്രിഡ. എവിടെ തുടങ്ങുമെന്നോ എങ്ങനെ വിശേഷിപ്പിക്കുമെന്നോ എന്നൊന്നും പറയാനാവാത്ത വണ്ണം അവര്‍ കടലുപോലെ പരന്നു കിടക്കുകയും, വേരുകള്‍ പോലെ പിണഞ്ഞു പിണഞ്ഞുപോവുകയും ചെയ്തു. പറഞ്ഞു നിര്‍ത്താമെന്ന് കരുതുമ്പോഴൊക്കെ ഇതുമാത്രമല്ല, ഇതുമാത്രമല്ല ഞാന്‍ എന്ന് അപൂര്‍ണമായി കിടന്നു അവര്‍. 

ഹെന്‍റി ഫോര്‍ഡ് ഹോസ്പിറ്റല്‍ (Henry Ford Hospital -1932), ദ ടു ഫ്രിഡാസ് (The Two Fridas -1933), മൈ ഗ്രാന്‍ഡ് പാരന്‍റ്സ് മൈ പാരന്‍റ്സ് ആന്‍ഡ് ഐ - ഫാമിലി ട്രീ (MY GRANDPARENTS, MY PARENTS, AND I -FAMILY TREE -1936), സെല്‍ഫ് പോര്‍ട്രെയിറ്റ് വിത്ത് ക്രോപ്പ്ഡ് ഹെയര്‍ (SELF PORTRAIT WITH CROPPED HAIR -1940), റൂട്ട്സ് (Roots -1943), ദ ബ്രോക്കണ്‍ കോളം (The Broken Column -1944), വിത്തൗട്ട് ഹോപ്പ് (WITHOUT HOPE -1945), ദ വൗണ്ടഡ് ഡീര്‍ (THE WOUNDED DEER -1946) എന്നിവയെല്ലാം ഫ്രിദയുടെ പ്രധാന പെയിന്‍റിങ്ങുകളാണ്. 

frida kahlo life and paintings

frida kahlo life and paintings

വേദനയും ആത്മസംഘര്‍ഷങ്ങളുമായിരുന്നു ഫ്രിഡയിലെക്കാലത്തും നിലനിന്നിരുന്നത്. അവരുടെ എല്ലാ പെയിന്‍റിങ്ങുകളുടേയും ഭാവവും അതായിരുന്നു. ദ ബ്രോക്കണ്‍ കോളം, ഹെന്‍‍റി ഫോര്‍ഡ് ഹോസ്പിറ്റല്‍, പോര്‍ട്രെയിറ്റ് വിത്ത് ക്രോപ്പ്ഡ് ഹെയര്‍ എന്നിവയിലെല്ലാം അത് വ്യക്തമാണ്. പലതരം പീഡകളിലൂടെ കടന്നുപോയതാണ് ഫ്രിദയുടെ മനസ്സും ശരീരവും. രോഗം കൊണ്ടും, ആത്മസംഘര്‍ഷം കൊണ്ടും അവ എല്ലാക്കാലത്തും വേദനയനുഭവിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് അമ്മയാവാനുള്ള സാധ്യതയിനിയില്ലായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെങ്കിലും ഗര്‍ഭിണിയാവുകയും അത് അലസുകയും ചെയ്തു. അതുപോലും വരയായി മാറി. 'ഞാനെന്നെ വരയ്ക്കുന്നത് എനിക്കേറ്റവും അടുത്തറിയാവുന്നത് എന്നെയാണ് എന്നതുകൊണ്ടാണ്' എന്നാണ് അവരെപ്പോഴും പറഞ്ഞത്. ഞാന്‍ എന്നതുകൊണ്ട് അവരെപ്പോഴും വരയിലൂടെ സംവദിക്കാന്‍ ശ്രമിച്ചത് 'ഞാനെന്ന സ്ത്രീ' യെയാണ്. 

ആണും പെണ്ണുമായി അനേകം പ്രണയങ്ങള്‍, രതിയും ഉന്മാദവും, കൊടും വേദനയും, രക്തം കൊണ്ട് വരച്ച മുറിവുള്ള ചിത്രങ്ങളുമായി ഫ്രിഡ കാഹ്ലോ എന്ന സ്ത്രീ ജീവിച്ചു. അതിലെ ആത്മദര്‍ശനങ്ങളെല്ലാം അവരുടെ വരയില്‍ സൂക്ഷ്മമായി നോക്കിയാല്‍ കാണാനുമാവും. ഫ്രിഡ ഒറ്റയ്ക്ക് നിന്നു, എപ്പോഴും... വരകള്‍ എക്കാലത്തേക്കുമായി അതിന് സാക്ഷിയായി നിലകൊണ്ടു. 
 

Follow Us:
Download App:
  • android
  • ios