നഗരത്തിലെ റോഡുകളിലൂടെ ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങളുടെ അനന്തമായ നിര കാണിക്കുന്ന ഒരു വീഡിയോയും ഇവർ പങ്കുവെച്ചിട്ടുണ്ട്.

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് വളരെ പ്രശസ്തമാണ്. കാരണം ഓരോ ദിവസവും ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി പോസ്റ്റുകളാണ് സാമൂഹിക മാധ്യമങ്ങളിൽ കാണാറുള്ളത്. കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട ഏറെ രസകരമായ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയുണ്ടായി. ബംഗളൂരു നിവാസികളായ വ്ലോഗർമാരുടെതായിരുന്നു ഈ പോസ്റ്റ്.

ഞങ്ങൾ എയർപോർട്ടിൽ കൊണ്ടുചെന്നാക്കിയ ഞങ്ങളുടെ കൂട്ടുകാരൻ ദുബായിലെത്തിയെന്നും എന്നാൽ തങ്ങൾ ഇപ്പോഴും ബംഗളൂരു നഗരത്തിലെ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി കിടക്കുകയാണ് എന്നുമായിരുന്നു ഇവരുടെ പോസ്റ്റ്.

വ്ലോഗർമാരായ പ്രിയങ്കയും ഇന്ദ്രയാനിയും പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെ പരിഹസിച്ചുകൊണ്ട് ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്. ദുബായിലേക്ക് പോകാനായി ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു സുഹൃത്തിനെ കൊണ്ട് ചെന്നാക്കിയിട്ട് മടങ്ങി വരുന്ന വഴിയാണെന്നും പക്ഷേ ആ സുഹൃത്ത് ദുബായിലെത്തിയിട്ടും തങ്ങൾക്ക് ഇതുവരെയും വീട്ടിലെത്താൻ കഴിഞ്ഞിട്ടില്ല എന്നുമാണ് ഇവർ വീഡിയോയിൽ പറയുന്നത്.

നഗരത്തിലെ റോഡുകളിലൂടെ ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങളുടെ അനന്തമായ നിര കാണിക്കുന്ന ഒരു വീഡിയോയും ഇവർ പങ്കുവെച്ചിട്ടുണ്ട്. ബംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കുമായി ദിവസേന പോരാട്ടത്തിൽ ഏർപ്പെടുന്ന നിരവധി ആളുകളുടെ ശ്രദ്ധ ഈ പോസ്റ്റ് ആകർഷിച്ചു കഴിഞ്ഞു. നഗരത്തിലെ നിരന്തരമായ ഗതാഗതക്കുരുക്കിൽ കുടുങ്ങിപ്പോയതിന്റെ കഥകൾ ഉപയോക്താക്കൾ പങ്കുവെച്ചതോടെ പോസ്റ്റ് വൈറലായി.

View post on Instagram

സമാനമായ അവസ്ഥ തങ്ങൾക്കും ഉണ്ടായിട്ടുണ്ടെന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു. ഒരു യുവാവ് കുറിച്ചത് ഡൽഹിക്ക് പോകാനായി തന്നെ എയർപോർട്ടിൽ ഇറക്കിയ മാതാപിതാക്കൾ തിരികെ വീട്ടിലെത്തിയത് താൻ ഡൽഹിയിൽ എത്തി കഴിഞ്ഞിട്ടാണെന്നായിരുന്നു. മറ്റൊരാൾ കുറിച്ചത്, ഒരിക്കൽ, മാലിയിൽ നിന്ന് യാത്ര ചെയ്യുമ്പോൾ, എന്റെ ചെക്ക്-ഇൻ പൂർത്തിയാക്കിയ ഉടൻ ഞാൻ എന്റെ സുഹൃത്തിനെ വിളിച്ചു. അവൾ അതേ സമയത്ത് തന്നെ അവളുടെ സ്ഥലത്ത് നിന്ന് പുറപ്പെട്ടു. ഞാൻ ബാംഗ്ലൂരിൽ എത്തി, എന്റെ ബാഗുകൾ എടുത്ത് പുറത്തേക്കിറങ്ങി. പക്ഷേ അവൾ അപ്പോഴും എയർപോർട്ടിൽ എത്താനാകാതെ ഗതാഗതക്കുരുക്കിൽ കുടുങ്ങി കിടക്കുകയായിരുന്നു എന്നാണ്.

അതേസമയം തന്നെ പോസ്റ്റിനെതിരെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. ബെംഗളൂരു നഗരത്തെ മോശമായി ചിത്രീകരിക്കാൻ നടത്തുന്ന ബോധപൂർവ്വമായ നീക്കങ്ങളുടെ ഭാഗമാണ് ഈ പോസ്റ്റ് എന്നായിരുന്നു വിമർശകർ അഭിപ്രായപ്പെട്ടത്.