Asianet News MalayalamAsianet News Malayalam

അനാട്ടമി ക്ലാസിൽ കീറിമുറിക്കാനായി സുഹൃത്തിന്റെ ശവശരീരം, അപ്രതീക്ഷിത കാഴ്ചയിൽ ഞെട്ടിത്തരിച്ച് വിദ്യാർത്ഥി

നൈജീരിയയിലെ നിലവിലെ നിയമം അനുസരിച്ച് സർക്കാർ മോർച്ചറികളിൽ ആരും അവകാശപ്പെടാത്ത മൃതദേഹങ്ങളാണ് മെഡിക്കൽ കോളേജിലേക്ക് കൈമാറുന്നത്. 

friends dead body in anatomy class
Author
Nigeria, First Published Aug 3, 2021, 11:32 AM IST

നൈജീരിയയിലെ ഒരു മെഡിക്കൽ വിദ്യാർത്ഥിയാണ് എനിയ എഗ്ബി. ഒരു ദിവസം അനാട്ടമി ക്ലാസിൽ തനിക്ക് പഠിക്കാനായി മുന്നിൽ കൊണ്ടുവച്ച ശവശരീരം കണ്ടു ഞെട്ടിപ്പോയി അദ്ദേഹം. ഉറക്കെ കരഞ്ഞുകൊണ്ട് എനിയ പുറത്തേയ്ക്ക് ഓടി. ശവശരീരം കണ്ടിട്ടുള്ള ഭയം കൊണ്ടല്ല, മറിച്ച് കീറിമുറിക്കേണ്ടി വരുന്നത് ചങ്കുപോലെ കൊണ്ടുനടന്ന സ്വന്തം സുഹൃത്തിന്റെ ശരീരമാണല്ലോ എന്നോർത്തായിരുന്നു അത്. 

ഡിവൈൻ എന്നാണ് സുഹൃത്തിന്റെ പേര്. ഡിവൈനെയും മൂന്ന് സുഹൃത്തുക്കളെയും രാത്രിയിൽ വീട്ടിലേയ്ക്ക് മടങ്ങും വഴി സുരക്ഷാ ഏജന്റുമാർ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിന് ശേഷം അവനെ കുറിച്ചുള്ള ഒരു വിവരവും കുടുംബത്തിന് ലഭിച്ചില്ല. വീട്ടുകാർ അവനെ കാണാതെ പൊലീസ്‌ സ്റ്റേഷനുകൾ കയറി ഇറങ്ങുകയായിരുന്നു. ഏഴ് വർഷമായി അവന്റെ കൂടെ നടന്ന സുഹൃത്ത് മരിച്ചുവെന്നതും, ഇതുപോലെ ഒരു ശവശരീരമായി തന്റെ മുന്നിൽ എത്തുമെന്നതും എനിയ ഒരിക്കലും ചിന്തിച്ചിരുന്നില്ല.

ഒരു തെറ്റും ചെയ്യാത്ത അവൻ എങ്ങനെ ഈ അവസ്ഥയിലായെന്ന് എനിയ അത്ഭുതപ്പെട്ടു. എനിയയെ ആശ്വസിപ്പിച്ച് കൊണ്ട് അവന്റെ മറ്റൊരു സുഹൃത്തായ ഒയിഫോ അനയും കൂടെ തന്നെ ഉണ്ടായിരുന്നു. "ഇവിടെ വരുന്ന മിക്ക ശവശരീരങ്ങളിലും വെടിയുണ്ടകൾ കാണാം. എന്നാൽ അവരെല്ലാം കുറ്റവാളികളായിരിക്കില്ലെന്ന് ഇപ്പോൾ  മനസിലാകുന്നു" അന പറഞ്ഞു. അന്ന് കാലത്ത് മെഡിക്കൽ കോളേജിൽ രക്തം പുരണ്ട മൃതദേഹങ്ങൾ നിറച്ച ഒരു പൊലീസ് വാൻ കയറിവരുന്നത് കണ്ടത് അവൾ ഓർമ്മിച്ചു. എന്നിരുന്നാലും അവന് എന്താണ് സംഭവിച്ചത്? എങ്ങനെ അവന്റെ ശരീരത്തിൽ വെണ്ടിയുണ്ടകൾ തുളഞ്ഞു എന്നീ ചോദ്യങ്ങൾ എനിയയെ അലട്ടി.

നൈജീരിയയിലെ നിലവിലെ നിയമം അനുസരിച്ച് സർക്കാർ മോർച്ചറികളിൽ ആരും അവകാശപ്പെടാത്ത മൃതദേഹങ്ങളാണ് മെഡിക്കൽ കോളേജിലേക്ക് കൈമാറുന്നത്. വധശിക്ഷ നടപ്പാക്കപ്പെട്ട കുറ്റവാളികളുടെ ശവശരീരങ്ങളും കൈമാറാറുണ്ട്. എന്നിരുന്നാലും 2007 -ടെ വധശിക്ഷ നിർത്തലാക്കിയിരുന്നു. നൈജീരിയൻ മെഡിക്കൽ കോളേജിൽ അനാട്ടമിക്കായി ഉപയോഗിക്കുന്ന 90 ശതമാനത്തിൽ കൂടുതൽ മൃതദേഹങ്ങളും വെടിയേറ്റ് കൊല്ലപ്പെട്ട കുറ്റവാളികളുടെതാണ് എന്നാണ് മെഡിക്കൽ ജേർണൽ ക്ലിനിക്കൽ അനാട്ടമിയിലെ 2011 -ലെ ഒരു ഗവേഷണം പറയുന്നത്. അവരിൽ കൂടുതലും 20 നും 40 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ്. കൂടാതെ നാലിൽ മൂന്ന് പേരും താഴെ തട്ടിലുള്ളവരാണ്.  

അവിടെ എത്തുന്നത് ക്രിമിനലുകളാണ് എന്ന് സർക്കാർ പറയുമ്പോഴും ഡിവൈനെ പോലുള്ള ചെറുപ്പക്കാർ എങ്ങനെ അക്കൂട്ടത്തിൽ അവിടെ എത്തിപ്പെടുന്നു? അതറിയണമെങ്കിൽ അവിടത്തെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കണം.  തെക്കൻ സംസ്ഥാനമായ ഡെൽറ്റയിൽ പോലീസിന്റെ സ്പെഷ്യൽ ആന്റി റോബറി സ്ക്വാഡ് (സാർസ്) ഒരു യുവാവിനെ വെടിവെച്ചുകൊല്ലുകയും അതിനെതിരെ #എൻഡ്‌സാർസ്‌ എന്ന പേരിൽ വൻ പ്രതിഷേധമുയരുകയും ചെയ്തിരുന്നു. തുടർന്ന് സർക്കാർ കഴിഞ്ഞ വർഷം, പൊലീസ് അഴിച്ചുവിടുന്ന ക്രൂരതകളെക്കുറിച്ച് അന്വേഷിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ ജുഡീഷ്യൽ അന്വേഷണ പാനലുകളെ നിയമിച്ചു. മിക്ക കേസുകളിലും വെടിവെച്ചിടുന്നത് ആയുധധാരികളായ കവർച്ചക്കാരെയാണ് എന്നാണ് പൊലീസിന്റെ വാദം. അതേസമയം അനാട്ടമി ലാബുകളോ മോർച്ചറികളോ പൊലീസ് ഈ മൃതദേഹം കൊണ്ടുവന്ന് തള്ളുന്നു എന്ന് പറയുന്നത് വെറും കഴമ്പില്ലാത്ത ആരോപണമാണെന്ന് പൊലീസ് വക്താവ് ഫ്രാങ്ക് എംബ പറഞ്ഞു.

എന്നാൽ എനുഗു സംസ്ഥാനത്തെ ജുഡീഷ്യൽ പാനലിൽ രേഖാമൂലം സമർപ്പിച്ച സാക്ഷ്യപത്രത്തിൽ, 36 -കാരനായ ചേത നമണി ഇത്തരം രീതിയിൽ മരണപ്പെട്ട മൃതദേഹങ്ങൾ കൊണ്ടുതള്ളാൻ താൻ പൊലീസിനെ സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞു. 2009 ൽ കസ്റ്റഡിയിൽ വധിക്കപ്പെട്ടവരുടെ മൃതദേഹങ്ങൾ നീക്കം ചെയ്യാൻ സുരക്ഷാ ഏജന്റുമാരെ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. ഒരു രാത്രിയിൽ, മൂന്ന് ശവശരീരങ്ങൾ ഒരു വാനിൽ കയറ്റാൻ അദ്ദേഹത്തോട് പൊലീസ് ആവശ്യപ്പെട്ടതായും, അത് താൻ അടുത്തുള്ള യൂണിവേഴ്സിറ്റി ഓഫ് നൈജീരിയ ടീച്ചിംഗ് ഹോസ്പിറ്റലിൽ കൊണ്ടിറക്കിയതും അയാൾ തുറന്ന് പറഞ്ഞു. ഇത്തരം നിരവധി കേസുകളാണ് അവിടെ ഉണ്ടാകുന്നത്. ആ ശവശരീരങ്ങൾ ഏതെങ്കിലും മോർച്ചറിയിൽ ആരാലും കീറിമുറിക്കപ്പെടുമ്പോൾ, കുടുംബം ഇതൊന്നുമറിയാതെ തന്റെ പ്രിയപ്പെട്ടവർക്കായി കാത്തിരിക്കുന്നു. 

Follow Us:
Download App:
  • android
  • ios