മഹാരാഷ്ട്രയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്നുവരുന്ന രാഷ്ട്രീയതിരനാടകങ്ങൾക്കിടയിൽ ഒരു പ്രസ് കോൺഫറൻസ് നടത്തേണ്ടി വന്നപ്പോൾ ശരദ് പവാർ എന്ന നാഷണലിസ്റ്റ്‌ കോൺഗ്രസ് പാർട്ടി നേതാവ്, തന്റെ എംഎൽഎമാരെ 'കൂറുമാറ്റനിരോധനനിയമം എന്നൊരു നിയമമുണ്ട് എന്ന കാര്യം മറന്നുപോകരുത്' എന്നോർമ്മിപ്പിച്ചിരുന്നു.

രായ്ക്കുരാമാനം കളംമാറ്റിച്ചവിട്ടിയ അജിത് പവാറും വഞ്ചനയുടെ കയ്പ്പറിഞ്ഞ ശരദ് പവാറും ഒരുപോലെ അവകാശപ്പെടുന്നത്, വേണ്ടത്ര എംഎൽഎമാർ തങ്ങളുടെ കൂടെയുണ്ടെന്നാണ്. എന്താണ് യഥാർത്ഥത്തിലുള്ള കണക്കുകളെന്ന് ആർക്കും വേണ്ടത്ര നിശ്ചയമില്ല. അത് ഒരു ഫ്ലോർ ടെസ്റ്റ് നടന്നാൽ തന്നെയേ ഓൺ ദ റെക്കോർഡ് വെളിപ്പെടൂ. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപിക്ക് 105 എംഎൽഎമാരും എൻസിപിക്ക് 54 എംഎൽഎമാരുമാണ് ഉണ്ടായിരുന്നത്. സർക്കാരുണ്ടാക്കാൻ വേണ്ടതോ, ചുരുങ്ങിയത് 145 എംഎൽഎമാരുടെ പിന്തുണയും. അതായത് ബിജെപിക്ക് ചുരുങ്ങിയത് 40 പേരെയെങ്കിലും ചാടിച്ചുകൊണ്ടുവന്നേ പറ്റൂ.

"മാർക്കറ്റിൽ എംഎൽഎമാർ നിരവധിയുണ്ട്. ചിലർ മറുകണ്ടം ചാടാൻ ആഞ്ഞു നിൽക്കയാണ്. ചിലർക്ക് നേരിയ ആശയക്കുഴപ്പമുണ്ട്." ബിജെപി നേതാവ് നാരായൺ റാണെയുടെ വാക്കുകളാണിത്. 'മാർക്കറ്റിൽ' എന്നാണ് റാണെ പ്രയോഗിച്ച പദം. മാർക്കറ്റ് അഥവാ വിപണിയിൽ എല്ലാം നിയന്ത്രിക്കുന്നത് പണം എന്ന ഒരേയൊരു സ്വാധീനമാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ, റിസോർട്ടുകൾ കേന്ദ്രീകരിച്ച് ഇന്ന് വളരെ സ്വാഭാവികമായി നടക്കുന്ന ഒരു ജനാധിപത്യരാഷ്ട്രീയ പ്രക്രിയയായി 'കുതിരക്കച്ചവടം' എന്നത് മാറിയിരിക്കുന്നു. വർത്തമാനകാലജനാധിപത്യത്തിന്റെ മറ്റു നാല് സ്തംഭങ്ങളേക്കാളുമൊക്കെ ഉയർന്നു നിൽക്കുന്ന, മറ്റു നാലുസ്തംഭങ്ങളിൽ നിന്നും ഭാരം നീക്കി, എല്ലാം സ്വന്തം ചുമലിൽ ഏറ്റി നിൽക്കുന്ന ഒരു ഫിഫ്ത്ത് പില്ലർ ഓഫ് ഡെമോക്രസി ആയി റിസോർട്ട്  മാറിക്കഴിഞ്ഞിരിക്കുന്നു. അതിന് വിലങ്ങുതടിയായി നിൽക്കുന്ന ഒരേയൊരു ഘടകമാണ്, 1985 മാർച്ച് 1 -ന്  നിലവിൽ വന്ന കൂറുമാറ്റ നിരോധന നിയമം.

എന്താണീ കൂറുമാറ്റ നിരോധന നിയമം?

'ആയാറാം ഗയാറാം' എന്ന പ്രയോഗം ഇന്ത്യൻ രാഷ്ട്രീയത്തിന് സമ്മാനിച്ച ഒരു രാഷ്ട്രീയ നേതാവുണ്ട്. ഒരുപക്ഷേ, കൂറുമാറ്റം എന്ന പ്രക്രിയയുടെ ഏറ്റവും നല്ല ഉദാഹരണവും അദ്ദേഹം തന്നെയാകും. പേര് ഗയാ ലാൽ. ഈ സംഭവം നടക്കുന്നത് 1967 -ലാണ്. പഞ്ചാബ് സംസ്ഥാനത്തിൽ നിന്നും ഹരിയാന എന്ന പുതിയൊരു സംസ്ഥാനം അടർത്തിയെടുത്തിട്ട് മാസങ്ങൾ പിന്നിടുന്നതേയുള്ളൂ. ആകെ കലുഷിതമായ ആ രാഷ്ട്രീയ സാഹചര്യത്തിൽ  രണ്ടാഴ്‍ചകൊണ്ട് മൂന്നു തവണ പാർട്ടി മാറിക്കളഞ്ഞു ഗയാ ലാൽ.

1967 -ൽ ഹരിയാനയിലെ  ഹസൻപൂർ (ഹോഡൽ) മണ്ഡലത്തിൽനിന്ന‌് നിയമസഭയിലെത്തിയ സ്വതന്ത്ര അംഗമായിരുന്നു ഗയാലാൽ. അദ്ദേഹം, ഒറ്റദിവസം കൊണ്ട് മൂന്നുപാർട്ടി‌ക‌ളിലേക്ക‌് കൂറുമാറിക്കളഞ്ഞു അന്ന്. കോൺഗ്രസ‌ുകാരനായിട്ടായിരുന്നു ഗയാലാലിന്റെ തുടക്കം. മുനിസിപ്പൽ വൈസ‌് ചെയർമാനായിരുന്നു ആദ്യം. 1967 -ലെ തെരഞ്ഞെടുപ്പിൽ ഹസ്സൻപൂരിൽ നിന്ന് പാർട്ടി ടിക്കറ്റ‌് കൊടുക്കാഞ്ഞതിൽ പ്രതിഷേധിച്ച്   സ്വതന്ത്രനായി മൽസരിച്ച ഗയാലാൽ വിജയിച്ചു. എന്നാൽ ഒരേയൊരു നിബന്ധനയുടെ പുറത്ത് ഗയാലാൽ കോൺഗ്രസിന‌് പിന്തുണ പ്രഖ്യാപിച്ചു. തനിക്ക‌് ടിക്കറ്റ‌്  നിഷേധിച്ച പണ്ഡിത‌് ഭഗവത‌് ദയാൽ ശർമയെ മുഖ്യമന്ത്രിയാക്കരുത് എന്നതായിരുന്നു ആ നിബന്ധന. അത് അംഗീകരിച്ച കോൺഗ്രസ്, ചൗധരി ചാന്ദ‌് റാമിനെയാണ‌് മുഖ്യമന്ത്രിയാക്കുക എന്ന‌് ഗയാ ലാലിന് വാക്കുനല്കി. എന്നാൽ രാഷ്ട്രീയ കരുനീക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിയായത‌് ഭഗവത‌് ദയാൽ തന്നെ. അതോടെ വഞ്ചിതനായ ഗയാലാൽ കോൺഗ്രസിനുള്ള പിന്തുണ പിൻവലിച്ചു. വിശ്വാസവോട്ടെടുപ്പ് നടന്നപ്പോൾ ഗയാ റാം പാലം വലിച്ചു. സർക്കാർ വീണു.

16 സ്വ‌തന്ത്രർ ചേർന്ന‌് രൂപീകരിച്ച നവീൻ ഹരിയാണ പാർടിയും കോൺഗ്രസിലെ ഒരു ഡസനോളം വിമത എംഎൽഎമാരും ചേർന്ന‌് രൂപീകരിച്ച ഹരിയാണ കോൺഗ്രസും ചേർന്ന് യുനൈറ്റഡ‌് ഫ്രണ്ടിന‌് രൂപം നൽകി. ഗയാലാലും ഇതിന്റെ ഭാഗമായി. എന്നാൽ അവിടെയും മന്ത്രിസ്ഥാനം കൊടുക്കാതെ ഗയാ റാം തഴയപ്പെട്ടു. അങ്ങനെ വന്നപ്പോൾ അദ്ദേഹം വീണ്ടും കോൺഗ്രസിലേക്ക‌് തന്നെ മടങ്ങി. വെറും മണിക്കൂറുകൾക്കുള്ളിലായിരുന്നു ഈ കൂറുമാറ്റങ്ങൾ.

ഇങ്ങനെ ഗയാ റാം നടത്തിയ തുടർച്ചയായ കൂടുവിട്ടുകൂടുമാറ്റങ്ങൾ കണ്ടമ്പരന്ന, അന്ന‌് യുനൈറ്റഡ‌് ഫ്രണ്ട‌് മുഖ്യമന്ത്രിയായിരുന്ന റാവു ബീരേന്ദ്രസിങാണ‌് 'ആയാ റാം ഗയാ റാം' എന്ന ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തപ്പെട്ട ആ സുവിദിതമായ പ്രയോഗം ആദ്യമായി നടത്തുന്നത്. എന്നാൽ,  ഇതേ റാവു ബീരേന്ദ്രസിങ‌ിന്റെ മകൻ റാവു ഇന്ദ്രജിത‌് സിങ‌് കോൺഗ്രസിൽനിന്ന‌് ബിജെപിയിലേക്ക‌് കൂറുമാറി  എംപിയും നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗവുമായി എന്നതും ഗയാലാലിന്റെ മകനായ ഉദയ‌്സിങ്ങും  കോൺഗ്രസിലേക്ക‌് മാറിയതിന‌് പിൽക്കാലത്ത് നടപ്പിലാക്കപ്പെട്ട കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി നേരിട്ടു എന്നതും ശ്രദ്ധേയമാണ്. എന്തായാലും, അന്നുമുതൽ കൂറുമാറ്റങ്ങളെപ്പറ്റി പറയുമ്പോൾ പൊതുജനം ആദ്യം പറയുന്ന പ്രയോഗങ്ങളിൽ ഒന്നായി, "ആയാറാം... ഗയാറാം..." മാറി.

ഇങ്ങനെ 'രാഷ്ട്രീയ ട്രപ്പീസുകളി' നടത്തുന്നവർക്ക് തടയിടാൻ വേണ്ടിയാണ് 1985 -ലെ 52 -ാം ഭരണഘടനാ ഭേദഗതി ബിൽ പ്രകാരം, ഭരണഘടനയുടെ പത്താം അനുബന്ധത്തിൽ (10th Schedule) ചേർത്ത 'കൂറുമാറ്റ നിരോധന നിയമം' അഥവാ Anti Defection Law. അങ്ങനൊരു നിയമം വരാനുണ്ടായ സാഹചര്യമിതാണ്. ഒരു സുപ്രഭാതത്തിൽ അവതരിപ്പിക്കപ്പെട്ടതല്ല ആ ബിൽ. അതിനുള്ള വിത്തുകൾ പാകപ്പെടുന്നത് 1967-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്ന കാലത്താണ്. സമ്മിശ്രമായ ഒരു തെരഞ്ഞെടുപ്പുഫലമായിരുനു കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം.ഗവണ്മെന്റ് രൂപീകരിച്ചോ എന്ന് ചോദിച്ചാൽ രൂപീകരിച്ചു. എന്നാൽ, ലോക്സഭയിലെ അംഗബലം 361 -ൽ നിന്ന് 283 ആയി ഇടിഞ്ഞിരുന്നു. അക്കൊല്ലം തന്നെ, കോൺഗ്രസ് ഭരിച്ച പല സംസ്ഥാനങ്ങളിലും രാഷ്ട്രീയ പ്രതിസന്ധിയുണ്ടായി. എംഎൽഎമാരുടെ കൂറുമാറ്റം കാരണം ഭരണം നഷ്ടപ്പെട്ടത് ഏഴിടത്താണ്. ഈ സാഹചര്യത്തിൽ, വെങ്കടസുബ്ബയ്യ എന്ന മുതിർന്ന കോൺഗ്രസ് എംപി, ഈ 'രായ്ക്കുരാമാനം പാളയം വിട്ടു പാളയം കേറുന്ന' പരിപാടിക്ക് ഒരു തടയിടാൻ വേണ്ടി ഒരു നിയമം കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി. ഈ വിഷയത്തിൽ ലോക്സഭയിൽ കൊണ്ടുപിടിച്ച ചർച്ചകൾ നടന്നു. ഈ നീക്കത്തെ പ്രതിപക്ഷം 'സേവ് കോൺഗ്രസ്' മുന്നേറ്റമെന്ന് വിളിച്ചു കളിയാക്കി.

എതിർപ്പുകൾക്കും പരിഹാസങ്ങൾക്കും ഇടയിലും ഈ വിഷയത്തെപ്പറ്റി ആലോചിക്കാൻ ഒരു സമിതി രൂപീകരിക്കപ്പെട്ടു. അന്നത്തെ ആഭ്യന്തരമന്ത്രി വൈ ബി ചവാൻ ആയിരുന്നു അതിന്റെ അധ്യക്ഷൻ. ഈ പാനൽ ആണ് കൂറുമാറ്റം എന്ന വാക്കിനെ നിർവ്വചിക്കാൻ ശ്രമിച്ചത്. പാർട്ടിപക്ഷം വെടിഞ്ഞുകൊണ്ടുള്ള ഒരു തീരുമാനത്തിലേക്ക് പാർട്ടി ചിഹ്നത്തിൽ ജനപിന്തുണതേടി സഭയിലെത്തിയ പാർട്ടി അംഗം എത്തിച്ചേർന്നാൽ അത് കൂറുമാറ്റമാകും എന്ന് നിർവചനമായി. പാർട്ടിയിൽ ഭൂരിപക്ഷവും അങ്ങനെയൊരു തീരുമാനത്തിലെത്തിയാൽ മാത്രം അതങ്ങനെയാവില്ല എന്നൊരു ഒഴിവും (exception) അതിലുണ്ടായിരുന്നു. സമിതി നടത്തിയ വളരെ പ്രസക്തമായ ഒരു നിരീക്ഷണം ഇതായിരുന്നു,"സ്ഥാനമോഹമാണ്, രാഷ്ട്രീയത്തിലെ കൂറുമാറ്റങ്ങൾക്കു പിന്നിലെ ചാലകശക്തി. ഇപ്പോൾ നടന്നിരിക്കുന്ന കൂറുമാറ്റങ്ങളുടെ ഭാഗമായ 220 എംഎൽഎമാരിൽ 116 പേർക്കും, അവരുടെ പാലംവലി കൊണ്ട് രൂപീകരിക്കപ്പെട്ട സർക്കാരുകളിൽ മന്ത്രിസ്ഥാനം നൽകപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് അതിനുള്ള തെളിവ്. രാജി വെച്ച് തെരഞ്ഞെടുപ്പിൽ ഒറ്റക്കുനിന്ന് ജയിച്ചു വരും വരെയോ, അല്ലെങ്കിൽ ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കോ മന്ത്രിപദത്തിലേറുന്നതിൽ നിന്ന് കൂറുമാറുന്ന എംഎൽഎ/എംപിമാരെ വിലക്കണം എന്ന് സമിതി നിർദേശിച്ചു. കഴിയുന്നതും ചെറിയ മന്ത്രിസഭകൾ രൂപീകരിക്കാനും ഈ സമിതി നിർദേശിച്ചു.

നിയമം കൊണ്ടുവരാനുള്ള ശ്രമങ്ങൾ രണ്ടുവട്ടം നടന്നു. ആദ്യത്തെ പരിശ്രമം 1973 -ലെ ഇന്ദിരാ ഗാന്ധി സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന ഉമാശങ്കർ ദീക്ഷിതാണ് നടത്തിയത്. രണ്ടാം വട്ടം 1978 -ൽ മൊറാർജി ദേശായിയുടെ ജനതാ സർക്കാരിലെ നിയമ, നീതിന്യായ വകുപ്പുമത്രി ശാന്തി ഭൂഷണും. രണ്ടിനും വേണ്ടത്ര പിന്തുണ ലോക്സഭയിൽ കിട്ടിയില്ല. ഒന്നിൽ പിഴച്ചാൽ മൂന്നെന്നാണല്ലോ. ഇന്ദിരാഗാന്ധിയുടെ വധത്തിനു ശേഷം 1985 -ൽ സർവകാല റെക്കോർഡ് ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ കോൺഗ്രസ് 1985 -ൽ തങ്ങളുടെ മൃഗീയഭൂരിപക്ഷം മുതലെടുത്ത് അനുഷ്ഠിച്ച ആദ്യത്തെ സൽക്കർമ്മമായിരുന്നു ഈ നിയമം.

ഭരണഘടനയുടെ പത്താം അനുബന്ധം

രാജീവ് ഗാന്ധി സർക്കാരിലെ നിയമവകുപ്പുമന്ത്രിയായ അശോക് കുമാർ സെൻ ആണ് ഈ നിയമത്തിന്റെ കരട് തയാറാക്കിയത്. ബാരിസ്റ്ററായി സേവനമനുഷ്ഠിച്ച ശേഷം രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം ജവഹർലാൽ നെഹ്‌റു മന്ത്രിസഭയിലും അംഗമായിരുന്നു. ആ ബില്ലിൽ ഇങ്ങനെ ചില പരാമർശങ്ങൾ ഉണ്ടായിരുന്നു, "രാഷ്ട്രീയ കൂറുമാറ്റങ്ങൾ ദേശീയതലത്തിൽ സ്വാധീനം ചെലുത്തുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. നിയന്ത്രിച്ചില്ല എങ്കിൽ ജനാധിപത്യത്തിന്റെയും, അതിനെ നിലനിർത്തുന്ന അടിസ്ഥാനതത്വങ്ങളുടെയും അടിവേരറുക്കുന്ന ഒന്നായി അത് വളർന്നുവരും."

ഭരണഘടനയിൽ പത്താമത് ഒരു അനുബന്ധം എഴുതിച്ചേർത്ത ആ ഭേദഗതി, പ്രധാനമായും ചെയ്തത് മൂന്നു കാര്യങ്ങളാണ്.

ഒന്ന്, കൂറുമാറുന്നവർക്ക് സഭയ്ക്ക് അകത്തും പുറത്തും അവർ നടത്തിയ ജനാധിപത്യവിരുദ്ധ പ്രവൃത്തികൾക്ക് വിലക്കുകൾ കൊണ്ടുവരിക. വിപ്പ് ലംഘിച്ച് വോട്ടുചെയ്യുക എന്ന സഭയ്ക്ക് അകത്തെ വിരുദ്ധതയും, പാർട്ടിക്കെതിരെ പ്രസംഗിക്കുക, പ്രസ്താവനകൾ പുറപ്പെടുവിക്കുക എന്ന സഭയ്ക്ക് പുറത്തെ വിരുദ്ധതയും അതോടെ ശിക്ഷാർഹമായി.

രണ്ട്, പിളർപ്പ്, ലയനം. ഈ രണ്ട് സ്വാഭാവികരാഷ്ട്രീയ പ്രക്രിയകൾക്കും വേണ്ട സംരക്ഷണം നൽകി. അതായത് പാർട്ടി എംഎൽഎ/എംപിമാരിൽ മൂന്നിലൊന്നിലധികം പേരും പാർട്ടിയുടെ തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ ആ പ്രവൃത്തിയെ 'പിളർപ്പ്' എന്ന് കണക്കാക്കപ്പെടും. മൂന്നിൽ രണ്ടു ഭാഗം അംഗങ്ങൾ ഒരു പാർട്ടിവിട്ട്  മറ്റൊന്നിൽ ചേർന്നാൽ ആ പ്രക്രിയ 'ലയന'മെന്നും അംഗീകരിക്കപ്പെടും. അവരണ്ടും ജനാധിപത്യപ്രക്രിയയുടെ ഭാഗമായിക്കണ്ട്, കൂറുമാറ്റനിരോധനനിയമത്തിന്റെ തുടർനടപടികളിൽ നിന്ന് പരിരക്ഷിക്കപ്പെടും.

മൂന്ന്, ഏത് സഭയിലാണോ ഈ നിയമത്തിന്റെ ബലത്തിൽ നടപടി എടുക്കുന്നത് ആ സഭയുടെ പരമാധികാരിയെ, സ്പീക്കറെ, ഇക്കാര്യത്തിലെ അവസാനവാക്കായി ചുമതലപ്പെടുത്തി. കൂറുമാറ്റം ശ്രദ്ധയിൽ പെട്ടാൽ സ്പീക്കർ അത് തെരഞ്ഞെടുപ്പുകമ്മീഷനെ അറിയിക്കണം. കമ്മീഷൻ പ്രസ്തുത നോട്ടീസിന്മേൽ കുറ്റാരോപിതർക്കെതിരെ ചട്ടപ്പടി നടപടിയെടുക്കും.

ബിൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട കാലത്ത് ഏറെ കലുഷിതമായ ചർച്ചകൾക്ക് കാരണമായി. ഇത് ജനപ്രതിനിധികളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാകുമെന്ന് പരക്കെ വിമർശനമുയർന്നു. മധു ദന്തവതെ അടക്കമുള്ള സോഷ്യലിസ്റ്റ് നേതാക്കൾ പോലും നടപ്പിൽ വന്നാൽ സ്പീക്കറുടെ ഓഫീസിന് അനാവശ്യമായ പ്രാമാണ്യം നൽകുമെന്ന് ആരോപിച്ചുകൊണ്ട് ഈ നിയമത്തെ എതിർത്തു. സുപ്രീം കോടതിയും സ്പീക്കർക്കുതന്നെയാണ് കൂറുമാറ്റത്തിൽ കാര്യത്തിൽ അന്തിമാധികാരം എന്ന് വിധിച്ചെങ്കിലും, അതും കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാഹചര്യം നിലനിർത്തി.

2003 -ലെ ഭേദഗതിയും അതിജീവനതന്ത്രങ്ങളും

2003 -ലാണ് കൂറുമാറ്റനിരോധന നിയമത്തിലെ അവസാനത്തെ ഭേദഗതിയുണ്ടാകുന്നത്. പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ആണ് പ്രസ്തുതനിയമത്തിലെ ചില പോരായ്മകൾ പരിഹരിക്കാനെന്നപേരിൽ ഒരു ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കുന്നത്. അന്ന് പ്രണബ് മുഖർജിയുടെ നേതൃത്വത്തിലുള്ള ഒരു പാർലമെന്ററി കമ്മിറ്റി ഈ വിഷയത്തിൽ പഠനങ്ങൾ നടത്തി. പിളർപ്പിനെ സംരക്ഷിക്കുന്ന മൂന്നിലൊന്ന് എന്ന നിയമത്തിലെ വ്യവസ്ഥയുടെ ആനുകൂല്യം മുതലെടുത്തുകൊണ്ട് നിരവധി പാർട്ടികൾ പിളർത്തപ്പെട്ടു എന്നും, അതുകൊണ്ടുതന്നെ കൂറുമാറ്റം എന്ന രാഷ്ട്രീയ അപചയത്തെ പ്രതിരോധിക്കാനുള്ള പരിശ്രമങ്ങൾ പരാജയപ്പെടുന്നു എന്നുമായിരുന്നു മുഖർജി കമ്മിറ്റിയുടെ നിരീക്ഷണം. മന്ത്രിമാരുടെ എണ്ണം നിയന്ത്രിക്കണം എന്ന വൈബി ചവാൻ കമ്മിറ്റിയുടെ നിർദേശവും കണക്കിലെടുക്കപ്പെട്ടു. ഈ സമിതിയുടെ നിർദേശപ്രകാരം അക്കൊല്ലം മൂന്നിലൊന്ന് അംഗങ്ങളുണ്ടെങ്കിൽ പിളർപ്പായി അംഗീകരിക്കണം എന്ന നിയമത്തിലെ വ്യവസ്ഥ നീക്കം ചെയ്യപ്പെട്ടു.

പിളർപ്പിനുള്ള പരിരക്ഷ ഇല്ലാതെയായപ്പോൾ ആ ചില്ലറ ഇടപാടൊക്കെ നിർത്തി ഹോൾസെയിൽ ആയി ചെറിയ പാർട്ടികളുടെ മൂന്നിൽ രണ്ടും അടർത്തിയെടുത്ത് തങ്ങളിൽ ലയിപ്പിച്ചുകൊണ്ട് രാഷ്ട്രീയനേതാക്കൾ കൂറുമാറ്റനിരോധന നിയമത്തെ അതിജീവിക്കാൻ ശ്രമിച്ചു. കൂറുമാറുന്നതിനു പകരം, എംഎൽഎ/എംപി സ്ഥാനം രാജിവെച്ചുകൊണ്ട് സഭകളുടെ സന്തുലനം തെറ്റിക്കാനും അങ്ങനെ ചെയ്യുമ്പോഴും കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യത വരാതെ കാക്കാനും ശ്രമങ്ങളുണ്ടായി. മന്ത്രിസഭയിലെ സ്ലോട്ടുകളുടെ എണ്ണം കുറഞ്ഞതോടെ പാർലമെന്ററി സെക്രട്ടറിമാരുടെ എണ്ണം കൂടിവന്നു. നിയമം നടപ്പിലാക്കേണ്ട സ്പീക്കർമാർ തന്നെ തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്തുകൊണ്ട് പല സംസ്ഥാനങ്ങളിലെയും ഭരണമാറ്റങ്ങളുടെ ചുക്കാൻ പിടിക്കുന്ന അവസ്ഥവന്നു.

മഹാരാഷ്ട്രയിൽ സംഗതി എവിടെച്ചെന്നവസാനിക്കും 

ബിജെപിയുടെ കൂടെ ചേർന്ന് മന്ത്രിസഭയുണ്ടാക്കാൻ തീരുമാനിച്ച, മഹാരാഷ്ട്ര  ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത അജിത് പവാർ, ആ തീരുമാനം കൈക്കൊള്ളുമ്പോൾ എൻസിപി എന്ന പാർട്ടിയുടെ നിയമസഭാകക്ഷി നേതാവാണ്. പാർട്ടിയിൽ ഇപ്പോൾ അനഭിമതനായി എങ്കിലും, തീരുമാനമെടുത്തതിന്റെ പിറ്റേന്ന്‌ തന്നെ ആ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടു എങ്കിലും, പ്രസ്തുത തീരുമാനം കൈക്കൊണ്ട സമയത്ത് പവാർ ആ സ്ഥാനം നൽകിയ അധികാരത്തിൻമേലാണ് അതുചെയ്തത് എന്നതുകൊണ്ട് സാങ്കേതികമായെങ്കിലും, എൻസിപി ബിജെപിയുമായി ചേർന്ന്  എന്നുതന്നെ പറയേണ്ടി വരും. ഇനി അവിശ്വാസപ്രമേയം വരുമ്പോൾ മാത്രമാണ്, വിപ്പ് ലംഘിച്ചതിന്റെ പേരിൽ അജിത് പവാറിനുമേൽ കൂറുമാറ്റനിരോധന നിയമത്തിന്റെ വകുപ്പുകൾ ബാധകമാകൂ. അതുവരെ, എൻസിപിയുടെ എംഎൽഎമാരെ സ്വാധീനിച്ചുകൊണ്ട് തന്റെ പക്ഷത്തെ, പാർട്ടിയുടെ ഔദ്യോഗിക പക്ഷമെന്ന് മാറ്റിയെടുക്കാനുള്ള സാവകാശം അദ്ദേഹത്തിനുണ്ട്. കൂറുമാറ്റ നിരോധനനിയമത്തിനെ എങ്ങനെ ഫലപ്രദമായി മറികടക്കാം എന്ന് നമ്മൾ കർണാടകത്തിൽ കണ്ടുകഴിഞ്ഞു. മഹാരാഷ്ട്രയിൽ വിഷയം ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ, ഇനിയും എന്തൊക്കെ പുതിയ നൂൽപ്പഴുതുകൾ തെളിഞ്ഞു വരും എന്ന് കാത്തിരുന്നുതന്നെ കാണാം.