Asianet News MalayalamAsianet News Malayalam

വിജയ ബാങ്കിലെ ഗുമസ്തനിൽ നിന്ന് ബെംഗളൂരുവിലെ വിറപ്പിച്ച ഭായിയിലേക്ക്, മുത്തപ്പാ റായിയുടെ അധോലോക ജീവിതം

ഒരു റേഞ്ച് റോവർ, രണ്ട ലാൻഡ് ക്രൂയിസറുകൾ, ഒരു മിനികൂപ്പർ, രണ്ടു മെഴ്സിഡസ് ബെൻസ്, ഒരു ഓഡി  എന്നിങ്ങനെ പതിനൊന്ന് ലക്ഷ്വറി കാറുകളാണ് ആഡംബര കാർ ഭ്രമക്കാരനായിരുന്ന മുത്തപ്പയുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത്. 

from clerk in vijaya bank to don of bengaluru, curious case of Muthappa Rai
Author
Bengaluru, First Published Aug 12, 2020, 2:45 PM IST

കഴിഞ്ഞ ദിവസം ബംഗളുരുവിലെ കുപ്രസിദ്ധ ഗ്യാങ്സ്റ്റർ ആയ മുത്തപ്പാ റായിയുടെ രണ്ടാമത്തെ ഭാര്യ, അദ്ദേഹത്തിന്റെ ആദ്യ ഭാര്യയിലുള്ള രണ്ടുമക്കൾക്കെതിരെ മുത്തപ്പയുടെ സ്വത്തിൽ തനിക്കും മൂന്നിലൊന്ന് അവകാശമുണ്ട് എന്നുകാണിച്ച് കോടതിയിൽ കേസിനുപോയി. മൂന്നുപതിറ്റാണ്ടു കാലം ബംഗളുരുവിലെ കിടുകിടാ വിറപ്പിച്ചിരുന്ന ഒരു അധോലോക നായകൻ, കഴിഞ്ഞ പത്തുവർഷത്തോളം നഗരത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തന്റെ ജീവിതം ഉഴിഞ്ഞിട്ടിരുന്ന സോഷ്യൽ ആക്ടിവിസ്റ്റ് എന്നിങ്ങനെ രണ്ടു മുഖങ്ങളുണ്ടായിരുന്നു, രണ്ടു ചരിത്രങ്ങൾ ഉണ്ടായിരുന്നു മുത്തപ്പാ റായി എന്ന അറുപത്തെട്ടുകാരന്. അതുകൊണ്ടുതന്നെ, മരിക്കാൻ നേരത്തേക്ക് നിയമസാധുതയുള്ള കോടിക്കണക്കിനു സ്വത്തുക്കൾ ഈ ഭൂമിയിൽ വിട്ടിട്ടാണ് ഈ അധോലോക നായകൻ ഇഹലോകവാസം വെടിഞ്ഞത്. മരിക്കും മുമ്പ് വില്പത്രമൊന്നും എഴുതിയിരുന്നില്ല മുത്തപ്പ റായി. അതോടെ, 2016 -ൽ മരണപ്പെട്ട ആദ്യഭാര്യയിൽ മുത്തപ്പക്ക് ഉണ്ടായിരുന്ന റിക്കി, റോക്കി എന്നിങ്ങനെ രണ്ടു മക്കളും, ആദ്യഭാര്യ രേഖയുടെ മരണാനന്തരം മുത്തപ്പ വിവാഹം കഴിച്ചിരുന്ന രണ്ടാം ഭാര്യ അനുരാധയും തമ്മിൽ വലിയൊരു നിയമ പോരാട്ടത്തിന് കളമൊരുങ്ങി. 

 

from clerk in vijaya bank to don of bengaluru, curious case of Muthappa Rai

 

കർണാടകത്തിൽ അങ്ങോളമിങ്ങോളമായി മുത്തപ്പാ റായിക്ക് ഉണ്ടായിരുന്ന സ്വത്തുവകകളുടെ വിവരം കൊടുക്കാൻ ഒരു കന്നഡ പത്രം ചെലവിട്ടത് ഒരു പേജ് മുഴുവനാണ്. ആ പേജിൽ ഒതുങ്ങുന്നതിലധികം സ്വത്തുക്കളുണ്ടായിരുന്നു റായിക്കെന്നാണ് പറയപ്പെടുന്നത്. ബെംഗളൂരു മുതൽ മൈസൂർ വരെ. മാണ്ട്യ മുതൽ ഷിമോഗ വരെ പല പല പ്രോപ്പർട്ടികൾ മുത്തപ്പക്ക് ഉണ്ടായിരുന്നു. ചിലത് നെൽപ്പാടങ്ങൾ ആണെങ്കിൽ ചിലത് ഇൻഡസ്ട്രിയൽ പ്ലോട്ടുകൾ, മറ്റു ചിലത് വീടുകൾ, പിന്നെ ചില ഫ്ലാറ്റുകൾ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രോപ്പർട്ടികളുടെ ഉടമയായിരുന്നു മരിച്ച മുത്തപ്പ. അതിനു പുറമെ എണ്ണമറ്റ ഷെയറുകളും ഇക്വിറ്റി നിക്ഷേപങ്ങളും മുത്തപ്പക്ക് വേറെയും ഉണ്ടായിരുന്നു. മുത്തപ്പയുടെ ആറു ബാങ്ക് അക്കൗണ്ടുകളിലും പണം കുമിഞ്ഞു കൂടി കിടക്കുകയാണ്. ഒരു റേഞ്ച് റോവർ, രണ്ട ലാൻഡ് ക്രൂയിസറുകൾ, ഒരു മിനികൂപ്പർ, രണ്ടു മെഴ്സിഡസ് ബെൻസ്, ഒരു ഓഡി  എന്നിങ്ങനെ പതിനൊന്ന് ലക്ഷ്വറി കാറുകളാണ് ആഡംബര കാർ ഭ്രമക്കാരനായിരുന്ന മുത്തപ്പയുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത്. 

 

from clerk in vijaya bank to don of bengaluru, curious case of Muthappa Rai

 

2020 മെയ് 15 -നായിരുന്നു ബ്രെയിൻ ട്യൂമർ മൂർച്ഛിച്ച് മുത്തപ്പ മരണപ്പെട്ടത്. ജനുവരിയിൽ തന്റെ കൊട്ടാരസദൃശമായ മാളികയിൽ ഒരു പത്രസമ്മേളനം നടത്തിയ മുത്തപ്പ പറഞ്ഞു നിർത്തിയത് ഇങ്ങനെയായിരുന്നു," ഞാൻ ഒരാളെയും ഭയപ്പെടാതെയാണ് ഇത്രനാളും ജീവിച്ചത്. തൊട്ടടുത്തെത്തി നിൽക്കെയാണ് എന്നറിയാം, എനിക്ക് മരണത്തെയും പേടിയില്ല." മുത്തപ്പ റായ് പൊതുജനമധ്യത്തിൽ പറഞ്ഞ അവസാന വാക്കുകളായിരുന്നു അത്. 

വിജയ ബാങ്കിലെ ഒരു സാധാരണ ക്ലർക്ക് എങ്ങനെയാണ് ഗ്യാങ്സ്റ്റർ ആകുന്നത്?

മംഗലാപുരത്തിനടുത്തുള്ള പുട്ടൂരിൽ തുളു ബ്രാഹ്മണ ദമ്പതികളായ നെട്ടാല നാരായണ റായി, സുശീല റായി ദമ്പതികളുടെ മകനായി ജനിച്ച മുത്തപ്പ, കൊമേഴ്സിൽ ബിരുദം നേടിയ ശേഷം എഴുപതുകളിൽ വിജയാ ബാങ്കിൽ ക്ലർക്കായിട്ടാണ് തന്റെ ജീവിതം തുടങ്ങുന്നത്. എന്നാൽ, സർക്കാർ ജോലിക്കൊപ്പം മുത്തപ്പ സമാന്തരമായി ബംഗളൂരിലെ ബ്രിഗേഡ് റോഡിൽ 'ഒമർ ഖയ്യാം' എന്ന പേരിൽ ഒരു ബാർ ആൻഡ് കാബറെയും നടത്തിയിരുന്നു. നഗരത്തിലെ അധോലോക സംഘങ്ങൾ ആ ബാറിന്റെ നടത്തിപ്പിന് ഭീഷണിയായപ്പോൾ, തന്റെ ബിസിനസ് സംരക്ഷിക്കാൻ വേണ്ടി ആയുധമെടുത്താൻ മുത്തപ്പാ റായി അധോലോക നായകനായി മാറിയത് എന്നാണ് ബെംഗളൂരുവിൽ പ്രചരിക്കുന്ന കഥ. 

 

from clerk in vijaya bank to don of bengaluru, curious case of Muthappa Rai

 

എഴുപതുകളിലെ ബെംഗളൂരു അധോലോകം നിയന്ത്രിച്ചിരുന്നത് അന്നത്തെ കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദേവരാജ് ഉർസിന്റെ മരുമകനായ എംഡി നടരാജ് ആയിരുന്നു. മുഖ്യമന്ത്രിയുടെ മകൾ നാഗരത്നയുമായി പ്രേമവിവാഹിതനായിരുന്ന നടരാജിന്റെ പുറമേക്കുള്ള മേൽവിലാസം ഒരു രാഷ്ട്രീയ നേതാവിന്റേതായിരുന്നു എങ്കിലും, അയാൾ ബംഗളുരുവിലെ തെരുവുകളിൽ നിന്ന് കൈപിടിച്ചുയർത്തിയ ഒരു തെരുവുഗുണ്ട എംപി ജയരാജ് അയാളുടെ അധോലോക ഗ്യാങ്ങിന്റെ ക്രിമിനൽ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചു. 1974 -ലാണ് നടരാജും ജയരാജും കൂടി കോൺഗ്രസിലെ യൂത്ത് വിങ് എന്നമട്ടിൽ 'ഇന്ദിരാ ബ്രിഗേഡ്' എന്നൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നത്. ജയരാജ് ആയിരുന്നു അതിന്റെ ബെംഗളൂരു ചാപ്റ്റർ പ്രസിഡന്റ്. അന്നത്തെ കർണാടക രാഷ്ട്രീയത്തെ ഉരുക്കുമുഷ്ടികൊണ്ട് നിയന്ത്രിച്ചിരുന്ന ഉന്നത ജാതിക്കാരായ രാഷ്ട്രീയ എതിരാളികളെയും മറ്റു ബിസിനസ് ടൈക്കൂണുകളെയും തന്റെ ചൊൽപ്പടിക്ക് നിർത്താൻ, ആവശ്യമുള്ളപ്പോൾ അടിച്ചമർത്താൻ ഇങ്ങനെ ഒരു ബ്രിഗേഡിന്റെ ആവശ്യമുണ്ടായിരുന്നു നടരാജിന്. എംപി ജയരാനെക്കൂടാതെ കോഠ്‌വാള്‍ രാമചന്ദ്ര, ഓയിൽ കുമാർ എന്നീ ഗുണ്ടകളും അന്ന് ബെംഗളൂരു പട്ടണത്തിൽ സജീവമായിരുന്നു. 

 

from clerk in vijaya bank to don of bengaluru, curious case of Muthappa Rai

എംപി ജയരാജ് , ഓയിൽ കുമാർ , കോഠ്‌വാള്‍ രാമചന്ദ്ര

അന്ന് പക്ഷേ,  മുത്തപ്പ റായി മംഗളുരു കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. ബെംഗളൂരു അധോലോകവുമായി മുത്തപ്പക്ക് വിശേഷിച്ച് ഒരു ബന്ധവും ഉണ്ടായിരുന്നില്ല.  കോഠ്‌വാള്‍ രാമചന്ദ്ര തന്റെ സഹോദരനെ ഉപദ്രവിച്ച് പരിക്കേൽപ്പിച്ചപ്പോൾ, അതിനു പക വീട്ടാൻ വേണ്ടിയാണ് മുത്തപ്പ റായി ബെംഗളൂരു അധോലോകവുമായി ചെന്ന് കൊമ്പുകോർക്കുന്നത്. അതിനു ശേഷം, ബെംഗളൂരു അധോലോകത്തിന്റെ സീനിൽ ഉണ്ടായിരുന്ന മുത്തപ്പാ റായി, 1989 -ൽ നടന്ന എംപി ജയരാജിന്റെ കൊലപാതകത്തോടെയാണ് ബെംഗളൂരു അധോലോകത്തിന്റെ സെന്റർ സ്റ്റേജിലേക്ക് പ്രവേശിക്കുന്നത്.

 മൈസൂരു ജയിൽ പരിസരത്തു വെച്ച് ജയരാജനെതിരെ മുത്തപ്പ റായിയുടെ സംഘത്തിന്റെ ആദ്യ വധശ്രമം നടന്നു എങ്കിലും, വെട്ടാൻ വന്നവരെ തൊഴിച്ചു വീഴ്ത്തി ജയരാജ് ജയിൽ കോമ്പൗണ്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. മുത്തപ്പ റായി അധികം താമസിയാതെ അടുത്ത ആക്രമണം നടത്താൻ പ്ലാനിട്ടു. ഇത്തവണ മൈസുരുവിലെ തന്നെ കൃഷ്ണ രാജേന്ദ്ര ആശുപത്രിയിലെ ജയിൽ വാർഡിനുള്ളിൽ വെച്ചായിരുന്നു. എന്നാൽ, കഴിഞ്ഞ ആക്രമണത്തിനു ശേഷം തയ്യാറെടുത്ത് തന്നെയാണ്  ജയരാജും ഇരുന്നത്. അയാളുടെ കിടക്കയ്ക്ക് ചുവട്ടിൽ നാടൻ ബോംബുകൾ നിറച്ച ഒരു സഞ്ചി ഉണ്ടായിരുന്നു. ചിറ്റൂരിലുള്ള നക്സലൈറ്റ് സുഹൃത്തുക്കളിൽ നിന്നാണ് ജയരാജൻ ആ പ്രത്യാക്രമണത്തിന് വേണ്ട ബോംബുകൾ കിട്ടിയത്. അങ്ങനെ രണ്ടാമത്തെ ആക്രമണവും പരാജയപ്പെട്ടു. അത് മുത്തപ്പ റായിയുടെ അപമാനഭാരം ഏറ്റി.  1989 -ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച ജയരാജ് ചിഹ്നമായി തെരഞ്ഞെടുത്തത് 'കടുവ'യായിരുന്നു. വിചാരണക്കാലയളവിൽ ജയിലിലായിരുന്നു ജയരാജ് എങ്കിലും, പ്രചാരണത്തിനായി പതിനഞ്ച് ദിവസത്തെ ജാമ്യം അനുവദിക്കപ്പെട്ട അയാൾ പുറത്തിറങ്ങി.   

അടുത്ത ആക്രമണത്തിന്റെ പ്ലാൻ മുത്തപ്പ നേരിട്ടായിരുന്നു. അമർ ആൽവാ എന്ന വിദ്യാർത്ഥിയൂണിയൻ നേതാവ് വഴിയും മുംബൈ അധോലോകത്തു നിന്നും ഒക്കെയായി നിരവധി ഷൂട്ടർമാർ ആ അവസാനത്തെ ഓപ്പറേഷന് തയ്യാറെടുത്തു. പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ പോവുന്ന വഴി ലാൽ ബാഗ് ചൗക്കിൽ വെച്ച് ജയരാജിനെ തീർക്കാം എന്നായിരുന്നു പ്ലാൻ. അതുപ്രകാരം ലാൽ ബാഗ് ചൗക്കിൽ എത്തിയപ്പോൾ റായിയുടെ സംഘത്തിലെ ഒരു ഫിയറ്റ് കാർ ജയരാജിന്റെ അംബാസഡറിന്റെ കുറുകെ വന്നു വഴി ബ്ലോക്ക് ചെയ്തു. ഇരുവശങ്ങളിലും ഓരോ മോട്ടോർ ബൈക്കുകൾ വന്നു നിന്നു. ജയരാജിന്റെ കാറിനു റിവേഴ്‌സ് ചെയ്യാനുള്ള വഴി ഒരു അംബാസിഡറും കേറി തടഞ്ഞു. നാലുവശങ്ങളിൽ നിന്നും വെടിയുണ്ടകളുടെ പ്രവാഹമായിരുന്നു പിന്നെ. ജയരാജിന്റെ സഹോദരൻ ഉമേഷ് ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ. പിൻ സീറ്റിലായിരുന്നു ജയരാജും അഭിഭാഷകനും ഇരുന്നത്. ജയരാജിനെ ലക്ഷ്യമാക്കി വെടിയുണ്ടകൾ തുരുതുരാ പുറപ്പെട്ടു. ജയരാജും വക്കീലും അവിടെ വെച്ചുതന്നെ കൊല്ലപ്പെട്ടു. വെടിയുണ്ടകൾ ജയരാജിനെ മാത്രം ലക്ഷ്യമിട്ടായിരുന്നു പുറപ്പെട്ടത് എന്നതിനാൽ ഉമേഷ് മാത്രം ജീവനോടെ രക്ഷപ്പെട്ടു. അതുവരെ ബെംഗളൂരുവിലെ വിറപ്പിച്ച ജയരാജ്  കരുതിക്കൂട്ടിയുള്ള ഒരാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്ത കേട്ടാണ് അടുത്ത പ്രഭാതത്തിൽ ബെംഗളൂരു നഗരം ഉറക്കമുണർന്നത്. 

പിന്നീടങ്ങോട്ട് ബെംഗളൂരു നഗരത്തിൽ ഒരേയൊരു ഡോൺ മാത്രമേ ഉണ്ടായിരുന്നുള്ളു. മുത്തപ്പ റായി. മുത്തപ്പയുടെ അപ്രമാദിത്തത്തിന് എതിരു നിന്ന അമർ ആൽവാ, ഓയിൽ കുമാർ, ശരദ് ഷെട്ടി എന്നിവർ അയാളുടെ തോക്കിനിരയായി. അന്നത്തെ മറ്റൊരു ഗ്യാങ്സ്റ്റർ ആയ ശ്രീധറിനെ  വധിക്കാനും മുത്തപ്പ റായി ശ്രമിച്ചുവെങ്കിലും അത് പരാജയപെട്ടു. ശ്രീധർ പിന്നീട് നന്നായി, അഗ്നി എന്നൊരു ടാബ്ലോയിഡ് പത്രം നടത്താൻ തുടങ്ങി. സ്വജീവനു ഭീഷണിയുണ്ടായതോടെ റായി ആദ്യം മുംബൈയിലേക്കും, പിന്നെ ദുബൈയിലേക്കും സ്ഥലം വിട്ടു. 2002 -ൽ മുത്തപ്പ റായി  ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ടു. കുറച്ചുവർഷം സെൻട്രൽ ജയിലിൽ ചെലവിട്ട ശേഷം, ശേഷിച്ച കേസുകളിൽ നിന്നൊക്കെ കുറ്റവിമുക്തനാക്കപ്പെട്ട് മുത്തപ്പ റായി ജയിൽ മോചിതനായി. 

 

from clerk in vijaya bank to don of bengaluru, curious case of Muthappa Rai

 

2008 -ൽ മുത്തപ്പ റായി ജയ കർണാടക എന്ന പേരിൽ ഒരു സാമൂഹിക സേവന സംഘടന തുടങ്ങി. അതിന്റെ ബാനറിൽ ജീവകാരുണിക പ്രവർത്തനങ്ങൾ നടത്താൻ തുടങ്ങി. 2020 ജനുവരിയിൽ തനിക്ക് കാൻസർ ബാധയുണ്ടെന്ന് സ്ഥിരീകരിച്ച  മുത്തപ്പ റായി കഴിഞ്ഞ മെയ് മാസത്തിൽ മരണപ്പെട്ടു. രാംഗോപാൽ വർമ്മ മുത്തപ്പ റായിയുടെ ജീവിതം പ്രമേയമാക്കി ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു എങ്കിലും പിന്നീട് എന്തുകൊണ്ടോ ആ പദ്ധതി നടപ്പിലാവുകയുണ്ടായില്ല. 

 

അച്ഛന്റെ ഇച്ഛ പ്രകാരം, അവസാനകാലം വരെയും ആ ബംഗ്ളാവിൽ അദ്ദേഹത്തെ പരിചരിച്ച സേവകർ ഓരോരുത്തർക്കും മൂന്നു ലക്ഷം രൂപയും, ഓരോ പ്ലോട്ടും വീതം നൽകും എന്ന് മക്കൾ അറിയിച്ചു. എന്തായാലും, തല്ക്കാലം മുത്തപ്പാ റായിയുടെ സ്വത്തുക്കളെല്ലാം തന്നെ സിവിൽ കേസിൽ പെട്ട് കിടക്കുന്ന സാഹചര്യത്തിൽ, കേസിൽ ഒരു വിധി വന്നാലേ ആ തീരുമാനവും നടപ്പിലാക്കാൻ സാധ്യതയുള്ളൂ. 

 

Follow Us:
Download App:
  • android
  • ios