Asianet News MalayalamAsianet News Malayalam

അന്ന് ഇംഗ്ലീഷ് അധ്യാപകന്‍; ഇന്ന്  യന്ത്രത്തോക്കേന്തിയ താലിബാന്‍ കമാന്‍ഡര്‍

ഇംഗ്ലീഷ് അധ്യാപകനായിരുന്നു അസദ് മസൂദ് ഖിസ്ഥാനി. കാബൂള്‍ സര്‍വകലാശാലയില്‍ നിന്ന് നിയമവും പൊളിറ്റിക്കല്‍ സയന്‍സും പഠിച്ചയാളാണ് താനെന്നാണ് ഒരു പ്രാദേശിക ചാനലിനോട് ഇയാള്‍ പറയുന്നത്. 
 

From english teacher to taliban commander
Author
Kabul, First Published Aug 18, 2021, 1:36 PM IST

താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചതോടെ, ലോകമാധ്യമങ്ങള്‍ അവര്‍ക്കു പിന്നാലെയാണ്. താലിബാനാവട്ടെ മാധ്യമങ്ങള്‍ക്ക് പിന്നാലെയും. അഫ്ഗാനിലെ പുതിയ മാറ്റമാണ് മാധ്യമങ്ങള്‍ക്ക് വിഷയമെങ്കില്‍, തങ്ങള്‍ പഴയ താലിബാനല്ല എന്നും പറഞ്ഞ് ലോകത്തിനുമുന്നിലുള്ള തങ്ങളുടെ പ്രതിച്ഛായ മാറ്റുകയാണ് താലിബാന്റെ ലക്ഷ്യം. അടിമുടി സ്ത്രീവിരുദ്ധമായ നിലപാടുകള്‍ മയപ്പെടുത്തി എന്ന് ലോകത്തിനു മുന്നില്‍ തെളിയിക്കാനാണ് അവരുടെ ശ്രമം. അതിനവര്‍ മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്. 

എന്നാല്‍, ഇരുകൂട്ടരും ഇക്കാര്യത്തില്‍ അനുഭവിക്കുന്ന വലിയ പ്രശ്‌നം ഭാഷയാണ്. പഷ്തൂണ്‍ വിഭാഗത്തില്‍ പെടുന്ന താലിബാന്‍കാരില്‍ ഏറെയും സ്വന്തം ഭാഷകള്‍ മുറുകെ പിടിക്കുന്നവരാണ്. ഇംഗ്ലീഷ് പ്രാവീണ്യമുള്ളവര്‍ കുറവ്. ഇതിനാല്‍, ഇംഗ്ലീഷ് അറിയുന്ന താലിബാന്‍കാര്‍ക്ക് ഡിമാന്റാണ്. അങ്ങനെയാണ്, കാബൂളിലെ താലിബാന്‍ കൂട്ടങ്ങള്‍ക്കിടയില്‍നിന്നും അസദ് മസൂദ് ഖിസ്ഥാനി എന്നൊരാള്‍ വാര്‍ത്തയില്‍ നിറഞ്ഞത്. പല മാധ്യമപ്രവര്‍ത്തകരോടും താലിബാന്റെ നിലപാടുകള്‍ പറയുന്ന നിലയിലേക്ക് ഇയാള്‍ മാറിക്കഴിഞ്ഞു. 

 

 

കഴിഞ്ഞ ദിവസം, സിഎന്‍എന്‍ പുറത്തിറക്കിയ ഒരു വീഡിയോയിലുള്ളത് അസദ് മസൂദ് ഖിസ്ഥാനിയാണ്. താലിബാന്‍ കമാന്‍ഡര്‍ എന്ന നിലയില്‍ ക്യാമറയ്ക്കു മുന്നില്‍ സംസാരിക്കുന്ന ഇയാളോട്, താലിബാന്റെ സ്ത്രീകളാടുള്ള നിലപാട്  ആരായുകയായിരുന്നു സി എന്‍ എന്‍ ചാനലിന്റെ ചീഫ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടര്‍ ക്ലാരിസ വാര്‍ഡ്. തങ്ങള്‍ക്ക് സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് എതിരല്ലെന്നും മറ്റും ഇയാള്‍ പറയുന്നതാണ് പിന്നീട് വാര്‍ത്തയായി മാറിയത്. 

ആരാണ്, അസദ് എന്ന് വ്യക്തമാക്കുന്ന മറ്റൊരു വീഡിയോ ക്ലിപ്പും സോഷ്യല്‍ മീഡിയയില്‍ കാണാം. ട്വിറ്ററിലാണ് താലിബാന്‍ ആയി മാറിയ ഇംഗ്ലീഷ് അധ്യാപകന്‍ എന്ന അടിക്കുറിപ്പോടെ ഈ വീഡിയോ പ്രചരിക്കുന്നത്. 

 

 

അതെ, ഇംഗ്ലീഷ് അധ്യാപകനായിരുന്നു അസദ് മസൂദ് ഖിസ്ഥാനി. കാബൂള്‍ സര്‍വകലാശാലയില്‍ നിന്ന് നിയമവും പൊളിറ്റിക്കല്‍ സയന്‍സും പഠിച്ചയാളാണ് താനെന്നാണ് ഒരു പ്രാദേശിക ചാനലിനോട് ഇയാള്‍ പറയുന്നത്. 

താന്‍ മുമ്പ് ഇംഗ്ലീഷ് അധ്യാപകനായിരുന്നു എന്ന് അസദ് അഭിമുഖത്തില്‍ പറയുന്നു. നിയമവും പൊളിറ്റിക്കല്‍ സയന്‍സും ഇന്റര്‍നാഷണല്‍ റിലേഷന്‍സും പഠിച്ചിട്ടുണ്ടെന്നും അസദ് കൂട്ടിച്ചേര്‍ക്കുന്നു. ''ദൈവം അനുഗ്രഹിച്ചാല്‍ കാബൂളിലെ കോളേജുകളില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സും, ഇംഗ്ലീഷും  പഠിപ്പിക്കുമെന്നാണ്'' താന്‍ കരുതുന്നതെന്നും അസദ് പറയുന്നു. പഷ്‌തോ, അറബി ഭാഷകളും നന്നായി സംസാരിക്കാനാവുമെന്നും അഭിമുഖത്തില്‍ ഇയാള്‍ പറയുന്നു. 

അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങാന്‍ അയാള്‍ അഫ്ഗാന്‍ പ്രവാസികളോട് ആവശ്യപ്പെടുന്നതും അഭിമുഖത്തില്‍ കാണാം. പ്രവാസികള്‍ ഇപ്പോള്‍ മടങ്ങിവരാന്‍ തല്പരരാണോ എന്നറിയില്ലെങ്കിലും, ഈ സ്ഥിതി അതേപടി തുടരുകയാണെങ്കില്‍ അഫ്ഗാനിലേക്ക് നിരവധി പേര്‍ മടങ്ങുമെന്ന്ാണ് ഇയാള്‍ ക്യാമറയ്ക്കു മുന്നില്‍ പറയുന്നത്.

അതിനിടെ, അമേരിക്കന്‍ പ്രൊജക്ടില്‍ തനിക്കൊപ്പം ജോലിചെയ്തിരുന്ന ആളാണ് ഇയാളെന്നാണ് ഒരു സഹപ്രവര്‍ത്തക ട്വീറ്റ് ചെയ്തതത്. ഇയാള്‍ തന്റെ പഴയ സഹപ്രവര്‍ത്തകനാണ് എന്നാണ് ഫെറെഷത അബ്ബാസി എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ പറയുന്നത്. അമേരിക്കന്‍ ധനസഹായത്തോടെയുള്ള പ്രൊജക്ടുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന  സ്ഥാപനത്തിലെ തന്റെ സഹപ്രവര്‍ത്തകനായിരുന്നു ഇയാളെന്നാണ് ട്വീറ്റില്‍ പറയുന്നത്. 'ഉറപ്പായും ഇയാള്‍ അമേരിക്കന്‍ സഹായം കൈപ്പറ്റിയിട്ടുണ്ട്'-ട്വീറ്റ് വിശദീകരിക്കുന്നു.

Follow Us:
Download App:
  • android
  • ios