ആത്മഹത്യാപരമായ നിലപാടുകൾ, അത് വ്യക്തിപരമായാലും കൂട്ടത്തോടെയുള്ളതായാലും തികച്ചും നിർഭാഗ്യകരമാണ്. അവ കൃത്യമായ ഇടപെടലുകളോടെ ചെറുക്കപ്പെടേണ്ടതുമാണ്. എന്നാൽ, ചരിത്രത്തിൽ ഒറ്റയ്ക്കും സംഘം ചേർന്നുമുള്ള ആത്മഹത്യാപ്രവണതകളുടെ നിരവധി ഉദാഹരണങ്ങളുണ്ട്. ചരിത്രത്താളുകളിൽ അവ ഏറെ ചോരചിന്തിയിട്ടുമുണ്ട്. അവയില്‍ ചിലത്:

ആത്മാഹുതി എന്ന പ്രക്രിയക്ക് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മായൻ സംസ്കാരത്തിൽ ഇക്സ്റ്റാബ് എന്നൊരു ദേവതയുണ്ടായിരുന്നു. ആ ദേവതയുടെ മാടിവിളിക്കലിൽ മയങ്ങി ഒരു മുഴം കയറിന്റെ പ്രലോഭനത്തിലേറുന്നവർ നേരെ സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യപ്പെടും എന്നായിരുന്നു അന്നത്തെ സങ്കൽപം. പണ്ടുമുതൽക്ക് തന്നെ, ആത്മഹത്യയെ  സ്വന്തം സംസ്കാരത്തിന്റെ ഭാഗമാക്കിയ  രാജ്യം ജപ്പാനാണ്. അവിടെ സെപ്പുക്കു അഥവാ ഹരാകിരി എന്നറിയപ്പെടുന്ന ഒരു ആത്മഹത്യാരീതിയുണ്ടായിരുന്നു. ജാപ്പനീസ് സമുറായി വാൾ കൊണ്ട് വയർ കീറിപ്പൊളിച്ചുകൊണ്ടാണ് അവർ സ്വന്തം ജീവനെടുത്തിരുന്നത്. 1180 -ലാണ് ആദ്യമായി ഒരു സെപ്പുക്കു നടന്നതായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടത്. അത് താമസിയാതെ ബുഷിഡോ എന്ന അവരുടെ സമുറായി അഭിമാനസംഹിതയുടെ ഭാഗമായി. പിടിക്കപ്പെടും എന്നുറപ്പായാൽ സമുറായി യോദ്ധാക്കൾ അവരുടെ മാനംകാക്കാൻ വേണ്ടി ചെയ്തുപോന്നിരുന്നതാണ് ഏറെ അക്രമാസക്തമായ ഈ ആത്മഹത്യാരീതി. 1873 വരെ വധശിക്ഷയ്ക്ക് ബദലായി കുറ്റവാളികൾക്ക് സെപ്പുക്കു അനുഷ്ഠിക്കാനുള്ള അനുമതിയുണ്ടായിരുന്നു. ആ വർഷം അത് നിരോധിക്കപ്പെട്ടു. എന്നാലും, അത് ഇന്നും അനധികൃതമായി ജപ്പാനിൽ നടക്കുന്നുണ്ട്. പരാജയപ്പെട്ട ഒരു പട്ടാള അട്ടിമറിയെത്തുടർന്ന് 1970 -ൽ യുകിയോ മിഷിമ നടത്തിയ സെപ്പുക്കു തന്നെ ഉദാഹരണം.  

'സെപുക്കു, ജിഗായി '

ആത്മഹത്യയുടെ കാര്യത്തിൽ ജപ്പാനിൽ ലിംഗസമത്വം ഇല്ലായിരുന്നു എന്ന പരാതിക്ക് വകുപ്പില്ല. കാരണം, സ്ത്രീകൾക്കുവേണ്ടി മറ്റൊരു ആത്മഹത്യാരീതി തന്നെ അവിടെ നിലവിലുണ്ടായിരുന്നു. പേര്, ജിഗായി. യുദ്ധസമാനമായ സാഹചര്യങ്ങളിൽ പിടിക്കപ്പെടും അല്ലെങ്കിൽ ബലാത്സംഗം ചെയ്യപ്പെട്ടേക്കും എന്ന് തോന്നിയാൽ അന്നൊക്കെ ജപ്പാനിലെ സ്ത്രീകൾ ഈ മാർഗം അവലംബിച്ച് മരണത്തെ പുല്കിയിരുന്നു. വയർ വെട്ടിക്കീറിയുള്ള സേപ്പുക്കുവിന് പകരം കഴുത്തിലെ പ്രധാനപ്പെട്ട ഒരു ഞരമ്പ് മുറിച്ചു കളഞ്ഞുകൊണ്ടുള്ള താരതമ്യേന വേദന കുറഞ്ഞ മാർഗമാണ് ജിഗായി. കഴുത്തു മുറിക്കുമ്പോൾ കിടന്നു പിടച്ച് ആകെ ചോരപ്രളയമാകാതിരിക്കാൻ വേണ്ടി അവർ തങ്ങളുടെ കാൽമുട്ടുകൾ കൂട്ടിക്കെട്ടുമായിരുന്നു. 

രണ്ടാം ലോകമഹായുദ്ധത്തിനിടയിലെ ജപ്പാൻകാരുടെ ആത്മഹത്യാഭ്രമത്തിന് ഏറ്റവും നല്ല ഉദാഹരണം ജാപ്പനീസ് വ്യോമസേനയുടെ 'കാമിക്കാസേ' ചാവേർ പോർവിമാനങ്ങളുടെ സ്‌ക്വാഡ് ആയിരുന്നു. കാമിക്കാസേ എന്ന പദത്തിനർത്ഥം 'ദൈവത്തിങ്കൽനിന്ന് പുറപ്പെടുന്ന കാറ്റ്" എന്നാണ്. സ്ഫോടകവസ്തുക്കൾ നിറച്ച പോർവിമാനങ്ങൾ യുദ്ധക്കപ്പലുകളും ജനവാസ കേന്ദ്രങ്ങളിലും മറ്റും ഇടിച്ചിറക്കുക എന്നതായിരുന്നു ആക്രമണ രീതി. യുദ്ധത്തിന് ചാവേറായി പുറപ്പെടുന്നതിലുള്ള ജാപ്പനീസ് ഭ്രമം രണ്ടാം ലോകമഹായുദ്ധത്തിൽ പലവിധത്തിൽ ദൃശ്യമായിരുന്നു. 'കടൽക്കുലുക്കം' ചാവേർബോട്ടുകൾ, 'കടൽവ്യാളി' എന്നറിയപ്പെട്ടിരുന്ന ചാവേർ മുങ്ങിക്കപ്പലുകൾ, ശത്രുക്കളുടെ കപ്പലുകളുടെ അടിവശത്ത് മുങ്ങാങ്കുഴിയിട്ടുചെന്നു മൈനുകൾ സ്ഥാപിക്കാൻ നിയുക്തരായിരുന്ന ക്രൗച്ചിങ് ഡ്രാഗൺസ് എന്നറിയപ്പെട്ടിരുന്ന ചാവേർ മുങ്ങൽ വിദഗ്ധർ, അല്ലെങ്കിൽ സ്വർഗ്ഗാരോഹകർ എന്നറിയപ്പെട്ടിരുന്ന 'മാൻഡ് ടോർപിഡോകൾ' തുടങ്ങിയ പലതുമുണ്ടായിരുന്നു അന്ന് ജപ്പാൻ സൈന്യത്തിൽ ആത്മഹത്യാ സംഘങ്ങളായി. ഈ സംഘങ്ങളിൽ ചേർന്ന് മിഷനുകൾക്ക് പുറപ്പെട്ടുപോയിരുന്ന ആരും തന്നെ ജീവനോടെ രക്ഷപ്പെടാൻ ശ്രമിക്കുക പോലും ചെയ്തിരുന്നില്ല എന്നതാണ് വാസ്തവം. 


'ജപ്പാനിലെ കാമികാസേ പൈലറ്റുമാർ '

എന്നാൽ യുദ്ധകാലത്തെ ആത്മഹത്യാത്വരയുടെ ഉത്ഭവം അന്വേഷിച്ചു ചെന്നാൽ എത്തിനിൽക്കുക റോമൻ അധിനിവേശ കാലഘട്ടത്തിലാണ്. ബിസി 102 -ൽ ട്യൂട്ടോണിക് സൈന്യത്തിലെ സ്ത്രീകൾ റോമൻ അധിനിവേശത്തിൽ കീഴടക്കപ്പെടും എന്നുറപ്പായതോടെ കൂട്ടത്തോടെ ആത്മഹത്യചെയ്ത ചരിത്രമുണ്ട്. എഡി 73 -ൽ മസദ എന്നുപേരുള്ള ഒരു യഹൂദസമൂഹത്തിലെ 960 പേർ, യുദ്ധത്തിൽ തോൽവി ഉറപ്പായതോടെ ഭാര്യമാരെയും കുഞ്ഞുങ്ങളെയും കൊന്ന് ജീവനൊടുക്കിയിരുന്നു.

1906 -ൽ ഇന്തോനേഷ്യയിലെ ബാലിയിൽ ഡച്ച് അധിനിവേശത്തെ ചെറുത്തുനിന്ന പുപ്പുത്താൻ ഗോത്രക്കാർ ആദ്യം ഡച്ചുകാരുടെ വെടിയുണ്ടകളാൽ മരണം വരിക്കുകയും, ഒടുവിൽ അവരുടെ ഉണ്ടകൾ തീർന്നുപോയപ്പോൾ പരസ്പരം വാളിന് വെട്ടി മരണം വരിക്കുകയും ചെയ്തുകളഞ്ഞു. 1945 മെയ് ഒന്നാം തീയതി, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ റെഡ് ആർമി ജർമനിയുടെ അധിനിവേശം നടത്തിയ വേളയിൽ ഡെമ്മിൻ എന്ന പട്ടണത്തിലെ ആയിരത്തോളം ജർമൻ പൗരന്മാർ കൂട്ടത്തോടെ ആത്മഹത്യ ചെയ്തുകളഞ്ഞതും ചരിത്രത്തിന്റെ ഭാഗമാണ്.

'തനു പൊട്ടിത്തെറിക്കുന്നതിനു തൊട്ടുമുമ്പ് '

ശ്രീലങ്കയിലെ തമിഴ് സിംഹള പോരാട്ടങ്ങൾക്കിടെ തമിഴ പുലികളും ചാവേറാക്രമണങ്ങൾ നിരന്തരം സംഘടിപ്പിച്ചു പോന്നിരുന്നു. അത്തരത്തിൽ ഒരു ചാവേർ ബോംബർ ആയ തനുവാണ് ശ്രീപെരുംപുത്തൂരിൽ സ്വയം പൊട്ടിത്തെറിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ വധിച്ചത്. അഥവാ പിടിക്കപ്പെട്ടാൽ, കസ്റ്റഡിയിലെടുക്കും മുമ്പുതന്നെ ആത്മഹത്യ ചെയ്യാൻ വേണ്ടി കഴുത്തിൽ സയനൈഡ് ഗുളികകളുമായി നടക്കുന്നവരായിരുന്നു അന്നത്തെ പുലികൾ. 1980 -2000 കാലയളവിൽ 168 ചാവേർ ബോംബാക്രമണങ്ങൾ നടന്നിട്ടുണ്ട് എന്നാണ് കണക്ക്. റഷ്യയിൽ സാർ ചക്രവർത്തിയെ കൊന്നുകൊണ്ട് തുടങ്ങിയ ചാവേർ ആക്രമണങ്ങൾ ഇന്നുവരെ ഏകദേശം 72 ,000 പേരുടെയെങ്കിലും ജീവൻ അപഹരിച്ചിട്ടുണ്ട് എന്നാണ് കണക്ക്. ലോകത്ത് നടന്നിട്ടുള്ള ചാവേർ ആക്രമണങ്ങളുടെ 90 ശതമാനവും നടത്തിയിട്ടുള്ളത് പുരുഷന്മാരാണ്. അതിലെ ഇരകളും അത്രതന്നെ ശതമാനം പുരുഷന്മാർ തന്നെ. നാലുവയസ്സു മുതൽ 72 വയസ്സുവരെയുള്ളവർ വിശ്വാസങ്ങളുടെയും ദേശസ്നേഹത്തിന്റെയുമൊക്കെ പേരിൽ അറിഞ്ഞോ അറിയാതെയോ ഉള്ള ആത്മാഹത്യാപരമായ ആക്രമണങ്ങൾക്ക് ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. 

ഇന്ത്യയിൽ രജപുത്രർക്കിടയിലും ജൗഹർ എന്നുപേരായ ഒരു ആത്മഹത്യാരീതി നിലവിലുണ്ടായിരുന്നു. യുദ്ധത്തിൽ പിടിക്കപ്പെടും എന്നുറപ്പായാൽ ദേഹത്ത് എണ്ണയൊഴിച്ച് തീകൊളുത്തി മരിക്കുകയായിരുന്നു പതിവ്. അതുപോലെ ആത്മഹത്യാപരമായ ഒരു നടപടിയായിരുന്നു ഭർത്താവിന്റെ മരണശേഷം സ്ത്രീകൾ അനുഷ്ഠിച്ചിരുന്ന അഥവാ അനുഷ്ഠിക്കാൻ നിര്‍ബന്ധിതരായിരുന്ന ഉടന്തടിച്ചാട്ടം അഥവാ സതി. മുഗൾ രാജാവായ അക്ബറിന്റേയും പിന്നീട് ബ്രിട്ടീഷ് ഭരണാധികാരികളുടെയും, രാജാറാം മോഹൻറോയുടെയും ഒക്കെ ശ്രമഫലമായി അത് നിരോധിക്കപ്പെടുകയുണ്ടായി. 

ഈയടുത്ത കാലത്തും അന്ധവിശ്വാസികളുടെ കൂട്ടങ്ങൾ(cult) ഇത്തരത്തിലുള്ള കൂട്ട ആത്മഹത്യകൾക്ക് വഴിവെച്ചിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് കാലിഫോർണിയക്കടുത്തുള്ള സാന്റാഫേ എന്ന സ്ഥലത്തെ ഹെവൻസ് ഗേറ്റ് എന്ന കൾട്ട്. 1997 മാർച്ചിൽ ഒരുമിച്ച് ആത്മാഹുതി ചെയ്തത് അതിലെ 39 സജീവാംഗങ്ങളാണ്. അന്ന് ആശുപത്രിയിലെത്തിച്ച് ജീവൻ കഷ്ടിച്ച് രക്ഷിച്ചെടുത്ത രണ്ടു പേരാകട്ടെ, അടുത്ത ഒരു വർഷത്തിനുള്ളിൽ തന്നെ വീണ്ടും ശ്രമിച്ച് മരണമടയുകയുണ്ടായി. ഇങ്ങനെ മരിച്ചാൽ സ്വർഗത്തിൽ ചെല്ലുമെന്നുള്ള വിശ്വാസമായിരുന്നു അവരുടെ നടപടിക്ക് പിന്നിൽ.  

ഹെവൻസ് ഗേറ്റ് പോലുള്ള മറ്റൊരു കൾട്ട് ആയിരുന്നു 'ദി ഓർഡർ ഓഫ് ദ സോളാർ ടെമ്പിൾ' എന്നത്. ഫ്രാൻസ്, സ്വിറ്റ്‌സർലൻഡ്, കാനഡ എന്നിവിടങ്ങളിലാണ് ഈ കൾട്ടിൽ വിശ്വസിച്ചിരുന്നവർ ഉണ്ടായിരുന്നത്. 1994 -97 കാലയളവിൽ ഈ കള്‍ട്ടിൽ വിശ്വസിച്ചിരുന്ന 74 പേരാണ് ആത്മഹത്യ ചെയ്തത്. അവർ ഓരോരുത്തരും എഴുതിവെച്ചിരുന്ന ആത്മഹത്യാക്കുറിപ്പുകളിൽ അവകാശപ്പെട്ടിരുന്നത്, മരണാനന്തരം അവരുടെ ആത്മാക്കൾ സിറിയസ് സോളാർ സിസ്റ്റത്തിലേക്ക് ചേക്കേറും എന്നാണ്.

'ജോൺസ് ടൗണിലെ മൃതദേഹങ്ങൾ'

ഈ കണക്കിൽ ഏറ്റവും വലിയ കൂട്ട ആത്മഹത്യ നടന്നത് ഗയാനയിലെ ജോൺസ്‌ ടൗണിലാണ്. അവിടെ ജെയിംസ് വാറൻ ജോൺസ്‌ സ്ഥാപിച്ചിരുന്ന പീപ്പിൾസ് ടെമ്പിൾ എന്ന പ്രസ്ഥാനത്തിൽ ആയിരക്കണക്കിന് വിശ്വാസികളുണ്ടായിരുന്നു. 1978 നവംബർ 18 -ന് ജോൺസ്ടൗണിൽ നടന്ന 'ദ വൈറ്റ് നൈറ്റ്' എന്ന പരിപാടിയിൽ അവിടെ സയനൈഡ് കലക്കിയ കൂൾ ഡ്രിങ്ക് കുടിച്ച് കൂട്ട ആത്മഹത്യ ചെയ്തത്, അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ നിർബന്ധിതരായത് ആയിരത്തോളം വിശ്വാസികളാണ്. കുട്ടികളെ ഡ്രിങ്ക് കുടിപ്പിച്ച് അച്ഛനമ്മമാരും കുടിക്കുകയായിരുന്നു. ഇതൊക്കെ നടപ്പിലാക്കിയ പീപ്പിൾസ് ഐലൻഡ് സ്ഥാപകനായ ജെയിംസ് ജോൺസ് റിവോൾവർ കൊണ്ട് നെറ്റിയിൽ വെടിവെച്ച് തന്റെ ജീവനൊടുക്കുകയായിരുന്നു.